2018 ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

NOTA

ഇത്തവണ ഈ പടുകുഴിയിൽ ഒറ്റയടിക്ക് വീണതല്ല. ദിവസങ്ങളായി പതിയെപ്പതിയെ മുങ്ങിയും പൊങ്ങിയും പിന്നെയങ്ങ് കമ്പ്ലീറ്റ് മുങ്ങി. അപകർഷതയുടെ, ആത്മഹത്യാ ചിന്തയുടെ കാലങ്ങളായി എനിക്ക് പരിചയമുള്ള അതേ കുഴി. അക്കമിട്ട് അണിനിരത്താൻ ഒരുപാടുണ്ട് എനിക്ക് കാരണങ്ങൾ. കേൾക്കുന്നവർക്ക് നിസാരമെന്നു തോന്നാമെങ്കിലും ഒന്നും നിസ്സാരമാക്കി കളയാൻ ജീവിതകാലമത്രയും ശ്രമിച്ചിട്ടും ഇന്നും എനിക്ക് പറ്റുന്നില്ല.
പ്രളയം, കഷ്ടപ്പെടുന്ന മനുഷ്യർ, എല്ലാം നഷ്ടപ്പെട്ടവർ, അവരുടെ ശബ്ദങ്ങളും ചിത്രങ്ങളും തരുന്ന ടിവി, ഇതിനിടയ്ക്ക് തമ്മിൽ തല്ലുന്നവർ, അന്യമതസ്ഥരെ, മറ്റു പാർട്ടിക്കാരെ, മറുദേശക്കാരെ മനുഷ്യരായി കരുതാതെ അസഭ്യം വിളിച്ചുപറയുന്നവർ, വ്യത്യസ്തമായി ചിന്തിക്കുന്നവരെയെല്ലാം ബുദ്ധിഹീനർ എന്നവഹേളിക്കുന്നവർ, ഒരിടത്ത് പൈസയ്ക്കായി മുറവിളി, അണിയറയിൽ പങ്കുവെക്കൽ, ഒഴിഞ്ഞ കൈകളുമായി അഭയാർത്ഥികൾ; ഇവയുടെ കൂടെ എന്റേതായ ചില വേദനകൾ... ഉപേക്ഷിച്ച ജോലി, പെറ്റനാടിനാൽ ഉപേക്ഷിക്കപ്പെട്ട ഞാൻ, ഇല്ലാത്ത ശമ്പളം, വായിക്കാത്ത ബുക്കുകൾ, എഴുത്തുകാരി ആവണമെന്ന ഒരു വിദൂര സ്വപ്നം, ഒന്നും പ്രവർത്തിയ്ക്കാത്ത പകലുകൾ, ഉറക്കമില്ലാത്ത രാത്രികൾ...

ഇന്നാള് പി ടി എസ് ഡി (ദുരന്താനന്തര മാനസികവൈകല്യം) യെപ്പറ്റി ഒരു ലേഖനം ഇംഗ്ലീഷിൽ നിന്നും തർജ്ജിമ ചെയ്തെഴുതിയിരുന്നു. എഴുതുമ്പോൾ ഞാൻ തിരിച്ചറിയുകയായിരുന്നു - അതിലെ ഓരോ ലക്ഷണങ്ങളിലൂടെയും ഞാൻ കടന്നുവന്ന ജീവിത ഘട്ടങ്ങൾ. ഇന്നും മോചനം നേടിയിട്ടില്ലാത്ത ആ വൈകല്യമാവാം എന്നെ ഈ കുഴിയിൽ ഇടയ്ക്കിടയ്ക്ക് തള്ളിയിടുന്നത്.

ഗ്രൂപ്പിലെ വഴക്കും ചെറുതല്ലാത്ത മുറിവേൽപ്പിച്ചു. അയ്യേ! ഇതുപോലും താങ്ങാനുള്ള കഴിവില്ലേ... ഇതിനോട് ചേർത്ത് വായിക്കേണ്ട ഒരുപാടുണ്ട് എൻറെയുള്ളിൽ. 18 വയസ്സ് മുതൽ വോട്ട് ചെയ്തതെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക്. പിന്നീട്  ആരെയും വിശ്വാസമില്ലാത്തതിനാൽ വോട്ട് ബഹിഷ്കരിച്ച ഒരു തെരഞ്ഞെടുപ്പ് കാലം വീണ്ടും എന്നിൽ അപകർഷത നിറച്ചു. പിന്നൊരിക്കൽ പ്രീതം ഗൗഡയുടെ ( ഹാസനിൽ ) പ്രസംഗവും പ്രവർത്തനവും കണ്ടു ബിജെപിക്ക് വോട്ടു ചെയ്തു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരുപാട് സങ്കടത്തോടെ NOTA കുത്തി തിരിച്ചുവരുമ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ കരയുകയായിരുന്നു. അന്നും രണ്ടാഴ്ച പടുകുഴിയിൽ വീണു കിടന്നു.

ഇക്കഴിഞ്ഞ ദിവസം സാഗരയിലുള്ള ശ്രീധരാശ്രമത്തിൽ പോയിരുന്നു. അവിടെ വലിയൊരു ഗോശാല യുണ്ട് ; ഒരുപാട് പശുക്കളും. അവിടവിടായി ഫളക്സിൽ ഓരോരോ പശുക്കളുടെ ഫോട്ടോയും അതിനുതാഴെ അവയുടെ പേരും. പേരിനു മുന്നിൽ ഗോമാതാ എന്നെഴുതിവെച്ചിരിക്കുന്നു. ഗോശാലയ്ക്കുള്ളിൽ വൃത്തിയുള്ള ചുറ്റുപാടിൽ സുഖമായി കിടക്കുന്ന നൂറുകണക്കിനു പശുക്കൾ. ഇതുവരെ കാണാത്ത പല ജാതികളിൽപ്പെട്ട അതിശയിപ്പിക്കുന്ന പശു കളക്ഷൻ. പക്ഷേ, കിടാങ്ങൾ അടുത്തില്ല. നേരത്തിനു പുല്ലും  ഭക്ഷണവും കൊടുത്ത്, കാലത്തിനു പ്രസവിപ്പിച്ച്, കിടാങ്ങളെ വേർപെടുത്തി വളർത്തി, കറവയന്ത്രം പാൽ എടുക്കുമ്പോൾ പശു എങ്ങനെ മാതാവാകും! അതൊരു പാലുല്പാദന യന്ത്രം മാത്രമല്ലേ, മാതാവെന്നു കരുതുന്നെങ്കിൽ കുട്ടികളെ അകറ്റാമോ എന്നെല്ലാം ഞാൻ ഘോരഘോരം  ഒറ്റയ്ക്കു വാദിച്ചുകൊണ്ടിരുന്നു. ജീവിതത്തിൽ ഇന്നേവരെ  മാംസാഹാരം കഴിച്ചിട്ടില്ല.  അൽപ്പം  വിവേചനബുദ്ധിയുള്ള ഏതൊരു മൃഗത്തയും പീഡിപ്പിക്കുന്നതിൽ എതിർപ്പുണ്ട്. മനുഷ്യർ മാംസാഹാരം കഴിക്കുന്നതിൽ  എനിക്ക് യാതൊരു വിയോജിപ്പുമില്ല. എനിക്ക് ശീലമില്ലാത്തതിനാൽ കഴിയില്ലെന്ന് മാത്രം.

ബുദ്ധിയുള്ളവർ എന്ന് ഞാൻ കരുതുന്ന ചിലർ ഫെയ്സ്ബുക്കിലൂടെ ചില നേതാക്കളെ മഹത്വവത്കരിച്ച് വാനോളം പൊക്കി കാണിച്ചപ്പോൾ പരിതാപകരം എന്ന് തോന്നി. പിന്നീട് ഒരാളെഴുതിയത് വായിച്ചു - നിഷ്പക്ഷമതികളാണ് ജനാധിപത്യത്തിലെ ഏറ്റവും വലിയ ശാപം എന്ന്! ജനാധിപത്യ ദ്രോഹികൾ ആണ് അവരെന്ന്! അതിൻറെ അർത്ഥം എനിക്ക് മനസ്സിലായില്ല. തമ്മിൽ ഭേദം എന്ന് എടുത്തു കാണിക്കാൻ ഓരോ നിയോജക മണ്ഡലത്തിലും ഒരു തൊമ്മൻ പോലും ഇല്ലെങ്കിൽ നമ്മളെന്തു ചെയ്യും?

ഇന്ന്, തികച്ചും ശൂന്യമായ ജീവിതത്തിനും മനസ്സിനും മുന്നിൽ ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം പരതുമ്പോൾ തോന്നി- രാഷ്ട്രീയമാണെങ്കിലും മതപരമാണെങ്കിലും ചില അന്ധവിശ്വാസങ്ങൾ നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുമെന്ന്. അവനവനിൽ വിശ്വാസമില്ലാത്തവർക്ക് ഒരു ആത്മീയഗുരുവോ രാഷ്ട്രീയ ഗുരുവോ ഉണ്ടെങ്കിൽ ജീവിക്കാൻ പ്രേരണയായിരിക്കും. പൊട്ടയാണെങ്കിലും എനിക്കും ഒരു രാഷ്ട്രീയം വേണം എന്നു തോന്നിയ ദിവസം. എന്നിട്ട് ഞാൻ അതിനെ അന്ധമായി വിശ്വസിക്കുകയും വേണം. ഹഹഹ... നിങ്ങളെല്ലാവരും ഇങ്ങനെതന്നെ വേണം. അല്ലെങ്കിൽ കുഴപ്പമാണ്.

ജോലി രാജി വെച്ചിട്ട് സമയം സാർത്ഥകമായി വിനിയോഗിയ്ക്കുന്നില്ല എന്ന കുറ്റബോധം എന്നെ വിഴുങ്ങാൻ നിൽക്കുന്നു. ഒന്നും എഴുതാൻ വരുന്നില്ല. എഴുത്തുകാരിയാവണമെന്ന എൻറെ ആഗ്രഹത്തിന് കൂട്ടുനിന്ന കുടുംബത്തിനെ സന്തോഷിപ്പിക്കാൻ പോലും എൻറെ കയ്യിൽ ഒന്നുമില്ല. അങ്ങോട്ട് ആത്മഹത്യ ചെയ്താലോ എന്നു ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് ജോളി ജോസഫിന്റെ ഫോൺ: ആലുവയിൽ നിന്നാണ്. ഞങ്ങൾ അയച്ച 75 കിലോയോളം പാഴ്സൽ അവിടെ കിട്ടിയെന്ന് ഉപയോഗിച്ച വസ്ത്രങ്ങളാണ്. അതിനദ്ദേഹം നന്ദി പറയുന്നു! അവിടെ റൂട്ട് ലെവലിൽ അഹോരാത്രം പ്രവർത്തിക്കുന്ന അദ്ദേഹം പഴന്തുണി അയച്ചുകൊടുത്ത എന്നോട് നന്ദി പറയുന്നു! എനിക്ക് എന്താണ് പറയേണ്ടതെന്ന് നിശ്ചയമില്ലാതായി. അടുക്കളയ്ക്കപ്പുറത്തെ കൂട്ടുകാരി സോണിയാണ് അഡ്രെസ് തന്നതെന്നു പറഞ്ഞപ്പോൾ അവളുടെ പ്രവർത്തനങ്ങളെ പുകഴ്ത്തി ഉത്സാഹത്തോടെ അദ്ദേഹം സംസാരിച്ചു. എനിയ്ക്കും വരണമെന്നുണ്ട് (പ്രവർത്തിയ്ക്കാൻ ) എന്നു പറഞ്ഞപ്പോൾ  എന്നുവേണമെങ്കിലും വന്നുകൊള്ളൂ, ഞാനിവിടെ ഞങ്ങളുടെ പ്രവർത്തനങ്ങളെല്ലാം കാണിച്ചുതരാമെന്ന്  അദ്ദേഹം പറഞ്ഞു. വയ്യാതെ കിടക്കുന്ന അമ്മ കല്യാണം കഴിച്ച് അയച്ച മകളെ ശുശ്രൂഷിക്കാൻ വിളിക്കുന്നതുപോലെ കേരളമെന്നെ വിളിയ്ക്കുകയാണെന്ന് ഞാനെങ്ങനെ പറയാനാണ്? അന്യഭാഷക്കാരൻ കെട്ടി, അന്യനാട്ടിൽ കഴിയുന്ന പെണ്ണുങ്ങളെല്ലാം എന്നെപ്പോലെയാണോ ചിന്തിക്കുന്നതെന്ന് എനിക്കറിഞ്ഞുകൂടാ. അനാഥത്വത്തിന്റെ വേദന ഞാൻ എഴുതുന്ന ഓരോ മലയാളം അക്ഷരത്തിലും പുരണ്ടിരിക്കുന്നു. കേരളം എൻറെ സ്വർഗ്ഗരാജ്യമാണ്; എൻറെ വാഗ്ദത്ത ഭൂമിയാണ്. 'ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി' എന്ന് ഞാൻ ചങ്ക് പൊട്ടുന്ന വേദനയോടെ ഒരായിരം വട്ടം പാടിയ എൻറെ കിനാശ്ശേരി യാണ്...
എനിയ്ക്കു ചാവണ്ട. 73 വയസ്സുള്ള തൃശൂർകാരി അമ്മയ്ക്ക്, മക്കളുപേക്ഷിച്ച സഹോദരിയെപ്പോറ്റാൻ ജീവിയ്ക്കണമെങ്കിൽ എനിയ്ക്കും ജീവിയ്ക്കണം... ഒരു കുമ്പിൾ കൈരളി കോരിക്കുടിയ്ക്കാൻ, പകർന്നു കൊടുക്കാൻ... പൊട്ടക്കിണറ്റിൽ കിടക്കുന്ന ആത്മവിശ്വാസത്തെ ആകാശത്തമ്പിളിയോളമെറിഞ്ഞെത്തിയ്ക്കാൻ പാതാളക്കരണ്ടി തെരയട്ടെ. സോണിയ്ക്കും ജോളിയ്ക്കും നന്ദി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ