തസ്ലീമ നസ്റിന്റെ 'ഫ്രഞ്ച് ലവർ' ഒരുപാട് പ്രതീക്ഷകളോടെയാണ് വായിച്ചു തുടങ്ങിയത്. പാശ്ചാത്യരുടെ ജീവിതരീതികളെപ്പറ്റി അറിയാനാഗ്രഹിയ്ക്കുന്നവരെ കുറച്ചൊന്ന് തൃപ്തിപ്പെടുത്താനുതകും ഈ പുസ്തകം.
ധനികനായ റെസ്റ്റോറൻറ് ഉടമ കിഷൻ ലാലിന്റെ ഭാര്യയായി പാരിസിൽ എത്തുന്ന നീലാഞ്ജന മണ്ടലിൽ നിന്നാണ് കഥ തുടങ്ങുന്നത്. കൽക്കത്തയിലെ വീട്ടിൽനിന്ന് ഒരു രക്ഷപ്പെടൽ മാത്രമായിരുന്നു അവൾക്ക് വിവാഹം. താമസിയാതെ ഒരു സാധാരണ ഇന്ത്യൻ ഭാര്യയുടെ ജീവിതത്തിൽനിന്നും കിഷൻ ലാലിൽനിന്നും അവൾ രക്ഷപ്പെടുന്നു. ഭർത്താവിന്റെ ചൂഷണത്തിനെതിരെ പ്രതിഷേധിച്ച നീലാഞ്ജനയിലെ സ്ത്രീ അവളുടെ രക്ഷകയുടെ രൂപത്തിലെത്തിയ ലെസ്ബിയനായ ഡാനിയെല്ലെയുടെ ശാരീരിക ചൂഷണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിയ്ക്കുന്നതായി കാണുന്നില്ല.
കാൻസർ ബാധിച്ച് മരിക്കുന്ന അമ്മയോടുള്ള തീവ്രസ്നേഹം ഒരുപാട് താളുകളിൽ വിവരിയ്ക്കുന്നുണ്ടെങ്കിലും നഷ്ടപ്പെട്ടതിനോടുള്ള ഗൃഹാതുരതയും സ്വയം വിവാഹിതയാകുംവരെ അമ്മയെ മനസ്സിലാക്കാൻ ശ്രമിച്ചില്ല എന്ന കുറ്റബോധവുമല്ലേ അതിൽ ഏറിയപങ്കും എന്ന സംശയം വായനക്കാർക്ക് തോന്നിയേയ്ക്കാം. അമ്മ സമ്മാനിച്ചിട്ടു പോയ വലിയ സമ്പത്തും സുന്ദരനായൊരു ഫ്രഞ്ച് കാമുകനുമായി ഉല്ലാസത്തോടെ ചെലവിടുന്ന കുറച്ചാഴ്ചകൾ... ഇന്ന് എന്ന യാഥാർത്ഥ്യത്തോടൊപ്പം നാളെ എന്ന ഒരു സത്യമുണ്ട് എന്ന് ഓർമ്മിയ്ക്കാത്ത ഭ്രാന്തമായ ധൂർത്തിന്റെ ദിനങ്ങൾ... ലോഭമില്ലാത്ത കാമവും കാമത്തിലൊതുങ്ങുന്ന പ്രണയവും ധാരാളിയുടെ പണപ്പെട്ടിയും ഒരുമിച്ചൊടുങ്ങുന്നിടത്ത് നോവലും അവസാനിയ്ക്കുന്നു. നാളെയെക്കുറിച്ച് ഏറെയൊന്നും പറയാനോ പ്രതീക്ഷിയ്ക്കാനോ ഇല്ലാതെ.
പാശ്ചാത്യമായവയെയെല്ലാം സ്നേഹിക്കുകയും ഭാരതീയമായവയെയെല്ലാം അന്ധമായി വിമർശിയ്ക്കുകയും ചെയ്യുന്നവരുടെ കണ്ണുതുറപ്പിയ്ക്കുന്ന ചില ഘടകങ്ങളുണ്ട് നോവലിൽ അങ്ങോളമിങ്ങോളം. ഇന്ത്യയിൽ ബന്ധുക്കളും സ്നേഹിതരും നമ്മുടെ ഇഷ്ടാനിഷ്ടങ്ങളിലേക്ക് ചോദ്യങ്ങളെറിയുന്നവരെങ്കിലും ദുഃഖങ്ങളിലും ഒറ്റപ്പെടലിലും സ്വകാര്യതയുടെ വേലികളില്ലാതെ നമ്മിലേക്ക് നീളുന്ന കരുതലിന്റെ നോട്ടങ്ങൾ വിലപ്പെട്ടവയാണ് എന്ന നീല മനസ്സിലാക്കുന്നുണ്ട്.
ദേശ-ഭാഷാവ്യത്യാസമെന്യേ കവിതകളെയും കവികളെയും സ്നേഹാദരങ്ങളോടെ വീക്ഷിക്കുന്നവളെങ്കിലും നീല ബംഗാളി കവിതകളുടെ മഹത്വം ഉയർത്തിക്കാട്ടി ഇതാണ് ഭാരതം എന്ന് ഊറ്റം കൊള്ളുന്നു. താനും തന്റെ ഇരുണ്ട തൊലിയും ദരിദ്രവും അവികസിതവുമായ രാഷ്ട്രത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന ബോധം നീലയിൽ എപ്പോഴുമുണ്ട്. അതിലെ അപകർഷത മറയ്ക്കാനോ, ആത്മാഭിമാനം പ്രദർശിപ്പിക്കാനോ, അതോ, തന്റെ യൂറോപ്യൻ കൂട്ടുകാരനെ സന്തോഷിപ്പിയ്ക്കാനോ- എന്തിനോ വേണ്ടി വെറുതെ തിളക്കുന്ന സാമ്പാർ എന്നപോലെയാണ് അവൾ പണം ധൂർത്തടിയ്ക്കുന്നത്.
സ്വതന്ത്രചിന്തയും ഫെമിനിസവും കൊൽക്കത്തയിലെയും പാരീസിലെയും സംസ്കാരങ്ങളിലെ വൈരുദ്ധ്യവും ഒക്കെ പ്രതിപാദിയ്ക്കപ്പെടുന്നുണ്ടെങ്കിലും വായനക്കാരന്റെ മനസ്സിനെ പിടിച്ചുലയ്ക്കാൻ തക്കവണ്ണം ഒരു ചോദ്യമോ ഉത്തരമോ തരാത്ത പുസ്തകം.
ഇന്ത്യൻ ഭാര്യയുടെ ജീവിതവും സംസ്കാരത്തിന്റെ വേലിക്കെട്ടും വെറുത്ത നീലാഞ്ജന ഫ്രഞ്ചുകാരന്റെ ഭാര്യയായി ജീവിച്ചാലും പെണ്ണിന് ഇതേ അവസ്ഥയാണെന്നു മനസ്സിലാക്കുന്നു. യൂറോപ്പിലെ ജീവിതത്തിൽ ഭാരതീയ ആചാരങ്ങളുടെ മൂഢതയിൽ നിന്നും മുക്തിനേടാമെങ്കിലും യൂറോപ്യൻ ആചാരങ്ങളിൽ നിന്നും വിട്ടു നിൽക്കുന്ന ഒരു സാമൂഹിക ജീവിതം ബുദ്ധിമുട്ടാണെന്ന് നീലാഞ്ജന മനസ്സിലാക്കുന്നു. ഒന്നിന് പകരം മറ്റൊന്ന് എന്ന നിവൃത്തികേടിലും ചുറ്റുമുള്ളവരെ വേദനിപ്പിയ്ക്കാതിരിയ്ക്കാനും ഒറ്റപ്പെടാതിരിയ്ക്കാനുമായി യൂറോപ്യൻ ആചാരങ്ങൾ അനുസരിയ്ക്കേണ്ടി വരുന്നുണ്ട് അവൾക്ക്.
വ്യക്തിസ്വാതന്ത്ര്യത്തിന്റെ അങ്ങേയറ്റമെത്തി, ബാലിശമായ സ്വാർത്ഥത മാത്രമാണ് പാശ്ചാത്യ സംസ്കാരത്തിന്റെ കാമ്പ് എന്ന നിലാഞ്ചന തിരിച്ചറിയുന്നു. ഇന്ത്യൻ സംസ്കാരത്തെയും ആചാരങ്ങളെയും വെറുക്കുന്ന അവൾതന്നെ പാരീസിൽ സുഹൃത്തുക്കൾക്കിടയിലും കുടുംബബന്ധങ്ങളിലും ഓരോരുത്തരും നിർമ്മിച്ചെടുക്കുന്ന പ്രൈവസി എന്ന കനത്ത മതിൽക്കെട്ടിനു പുറത്ത് പകച്ചുനിൽക്കുന്നുണ്ട്. തികച്ചും തന്നിഷ്ടക്കാരിയായതിനാലാവണം എങ്ങനെ ജീവിച്ചാലും ചോദ്യം ചെയ്യപ്പെടാത്ത സ്വാതന്ത്ര്യം (എന്ന അരാജകത്വത്തെ) അവൾ ഇഷ്ടപ്പെടുന്നുണ്ട്.
നായികയുടെ വ്യക്തിത്വത്തോടും കാഴ്ചപ്പാടിനോടും മിക്കപ്പോഴും യോജിക്കാൻ എനിയ്ക്ക് കഴിഞ്ഞില്ല. സമൂഹത്തിലെ എല്ലാത്തരം നിയമങ്ങളെയും പ്രതിരോധിക്കുന്നു എന്നതുമാത്രമാണ് നീലയുടെ വ്യക്തിത്വമായി എനിക്കനുഭവപ്പെട്ടത്. (നാർസിസ്റ്റുകളെ ഇഷ്ടപ്പെടുന്നവരുണ്ടോ?) ഏറ്റവും സ്വാർത്ഥമതിയാണെങ്കിലും ആത്മഹത്യ ചെയ്യുന്നില്ല എന്നത് ജീവിതത്തെ അവൾ സ്നേഹിക്കുന്നു എന്നതായി വരച്ചുകാട്ടാൻ തസ്ലീമക്ക് കഴിഞ്ഞിട്ടില്ല.
തസ്ലിമ എന്ന എഴുത്തുകാരിയോടു സ്നേഹവും അവരുടെ ചില പുസ്തകങ്ങളോട് ആരാധനയും തോന്നിയിട്ടുണ്ടെങ്കിലും ഫ്രഞ്ച് ലവറിലെ നായികയേയോ നായികയ്ക്ക് ചുറ്റും മാത്രം വിന്യസിച്ച ഈ നോവലിനെയോ സന്തോഷത്തോടെ സ്വീകരിയ്ക്കാൻ എനിയ്ക്കായില്ല- ഒരുപക്ഷേ, അച്ചടക്കരാഹിത്യം, അരാജകത്വം എന്നിവയോട് എനിയ്ക്കുള്ള കലിപ്പ് കൊണ്ടാവാം.
നോവലെഴുതി വിൽക്കാതെ ജീവിയ്ക്കാൻ കഴിയില്ല എന്നൊരു നിവൃത്തികേടുകൊണ്ട് എഴുതിയുണ്ടാക്കിയ ഒരു കഥയായിരിയ്ക്കാം ഇത്. നോവലിന്റെ പാതിയും കഴിഞ്ഞ് പ്രത്യക്ഷപ്പെടുന്ന ഫ്രഞ്ച് ലവറുമായി നീലയ്ക്കുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന തീക്ഷണമായ പ്രണയത്തെ വരികൾക്കിടയിൽ വരച്ചുകാട്ടാൻ തസ്ലീമയ്ക്കായില്ല. പുസ്തകത്തിന്റെ അന്ത്യത്തോടടുക്കുമ്പോൾപോലും ഓരോ പേജിലും ഞാൻ പ്രണയത്തെ തിരയുകയായിരുന്നു. നീലയും ബെനോയിറ്റുമായുള്ള ലൈംഗികവേഴ്ചകളുടെ സൂക്ഷ്മാംശങ്ങൾ ഇത്രയും വിവരിച്ചത് വായനക്കാരെയും കച്ചവടം കണക്കുകൂട്ടുന്ന പ്രസാധകരെയും ആകർഷിക്കാൻ മാത്രമാണോ എന്നു തോന്നിപ്പോയി. എഴുത്തുകാരിയെപ്പോലെ ശക്തയായൊരു സ്വത്വത്തെ നായികയിൽ പ്രതീക്ഷിച്ചുള്ള ഒരന്വേഷണമായിരുന്നു ഇവിടെ വായന. നീലയെ ശക്തയാക്കാൻ തസ്ലീമയ്ക്കിനി വരികളൊന്നും ബാക്കിയില്ലെന്ന അമർഷം പുസ്തകത്തിന്റെ അവസാന പുടത്തിൽ എനിയ്ക്കനുഭവപ്പെട്ടു. സർഗാത്മകതയുടെ ശമ്പളമായിക്കിട്ടിയ അനിശ്ചിതമായ അഭയാർത്ഥിത്വം എഴുത്തുകാരിയിൽ സൃഷ്ടിച്ച നിഷ്ചേതനയുടെ പ്രതിബിംബമായിരിയ്ക്കാം നീലാഞ്ജന.
Written by Prasanna Janardhan
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ