ദുരന്താനന്തര മാനസിക സമ്മർദ്ദ വൈകല്യം. Post- traumatic stress disorder (PTSD)
ഒരു ഭയപ്പെടുത്തുന്ന സംഭവം കാണുകയോ അനുഭവിക്കുകയോ വഴി ഉണ്ടാകുന്ന മാനസികാരോഗ്യ പ്രശ്നമാണ് ദുരന്താനന്തര മാനസികസമ്മർദ്ദ വൈകല്യം. (PTSD) ഫ്ലാഷ് ബാക്ക് ഓർമ്മകൾ, ദുസ്വപ്നങ്ങൾ, കടുത്ത ഉദ്വേഗം, സംഭവത്തെപ്പറ്റിയുള്ള നിയന്ത്രണാതീത ചിന്തകൾ എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ദുരന്താനുഭവങ്ങളിലൂടെ കടന്നുപോകുന്ന മിക്ക ആളുകൾക്കും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും സമരസപ്പെടുത്താനും താത്കാലിക ബുദ്ധിമുട്ട് ഉണ്ടാകാമെങ്കിലും സമയം കടന്നു പോകെ മിക്കവരും ഇതിൽ നിന്നും സ്വയംമുക്തരാകാറുണ്ട്. എന്നാൽ രോഗലക്ഷണങ്ങൾ അതിക്രമിക്കുന്ന ചുരുക്കം ചിലരിൽ ഇത് ദൈനംദിന ജീവിതത്തിന്റെ താളം തെറ്റിച്ചു മാസങ്ങളോളവും വർഷങ്ങളോളവും PTSD യായി നിലനിൽക്കാം.
രോഗലക്ഷണങ്ങൾ കുറയ്ക്കുവാനും ജീവിതനില മെച്ചപ്പെടുത്തുവാനും PTSD പ്രശ്നമുള്ളവർക്ക് ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്.
ലക്ഷണങ്ങൾ
ദുരന്താനന്തര മാനസികസമ്മർദ്ദ വൈകല്യ ലക്ഷണങ്ങൾ ദുരന്താനുഭവത്തിന് ഒരുമാസത്തിനകം ആരംഭിക്കാമെങ്കിലും ചിലരിൽ വർഷങ്ങളോളം ലക്ഷണങ്ങൾ പ്രകടമാകാതെയുമിരിക്കാം. വ്യക്തിബന്ധങ്ങളിലും സാമൂഹ്യ കർമ്മ രംഗങ്ങളിലും ഈ ലക്ഷണങ്ങൾ കാര്യമായ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. നിങ്ങളുടെ സ്വാഭാവിക ദൈനംദിന ജീവിതത്തിനും പ്രവർത്തനത്തിനും വിഘാതമേൽപ്പിക്കാൻ PTSD ലക്ഷണങ്ങൾക്കു സാധിക്കും.
PTSD ലക്ഷണങ്ങളെ നാലായി തരം തിരിക്കാം:
അനാവശ്യമായി അതിക്രമിക്കുന്ന ഓർമ്മകൾ, ഉപേക്ഷ,
നെഗറ്റീവ് ചിന്തകളും മ്ലാനതയും, ശാരീരിക വൈകാരിക പ്രതികരണങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ.
കാലക്രമേണയും വ്യക്തികൾക്കനുസരിച്ചും ലക്ഷണങ്ങളിൽ മാറ്റമുണ്ടാകാം.
അനാവശ്യമായ അതിക്രമിക്കുന്ന ചിന്തകൾ -intrusive memories.
ലക്ഷണങ്ങൾ:
-ദുരന്തത്തിന്റെ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്ന അനാവശ്യ വിഷാദ ഓർമ്മകൾ.
-ഫ്ലാഷ് ബാക്കുകൾ (ദുരന്തം വീണ്ടും സംഭവിച്ചുകൊണ്ടിരിക്കുന്നത് പോലുള്ള മാനസികാവസ്ഥയിൽ ജീവിക്കുക)
-ദുരന്താനുഭവത്തെപ്പറ്റിയുള്ള അസ്വസ്ഥജനകമായ ദുസ്വപ്നങ്ങൾ.
-കഠിനമായ വൈകാരിക ക്ലേശങ്ങളോ ശാരീരികാവസ്ഥകളോ ദുരന്താനുഭവത്തെക്കുറിച്ചുള്ള ഓർമകളിൽ വ്യക്തിയെ വീണ്ടും കൊണ്ടെത്തിക്കുന്ന അവസ്ഥ.
ഉപേക്ഷ -avoidance.
ലക്ഷണങ്ങൾ:
-ദുരന്താനുഭവത്തെപ്പറ്റിയുള്ള ചിന്തകളും സംസാരവും വ്യക്തി ഒഴിവാക്കുന്നു.
-ദുരന്തത്തെ ഓർമിപ്പിക്കുന്ന വ്യക്തികളെയും സ്ഥലങ്ങളെയും പ്രവർത്തികളെയും വ്യക്തി ഒഴിവാക്കുന്നു.
നെഗറ്റീവ് ചിന്തകളും മ്ലാനതയും -negative changes in thinking and mood.
ലക്ഷണങ്ങൾ:
-വ്യക്തിക്ക് തന്നെപ്പറ്റിയോ, മറ്റുള്ളവരെപ്പറ്റിയോ ലോകത്തിനെപ്പറ്റിയോ ഉള്ള നെഗറ്റീവ് ചിന്തകൾ.
-ഭാവിയെപ്പറ്റി പ്രതീക്ഷ ഇല്ലായ്മ.
-ഓർമ്മക്കുറവ്, ദുരന്താനുഭവത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട സംഭവങ്ങൾ പോലും മറന്നേയ്ക്കാം.
-അടുത്ത വ്യക്തിബന്ധങ്ങൾ നിലനിർത്തുവാനുള്ള ബുദ്ധിമുട്ട്.
-കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഉള്ള അകൽച്ച.
-മുൻപ് ഇഷ്ടത്തോടെ ആസ്വദിച്ചിരുന്ന പ്രവർത്തികളിൽ താൽപര്യക്കുറവ്.
- സകാരാത്മക വികാരങ്ങളെ (positive emotions) അനുഭവിക്കാനുള്ള ബുദ്ധിമുട്ട്.
-വൈകാരിക മരവിപ്പ് അനുഭവപ്പെടൽ.
ശാരീരിക വൈകാരിക പ്രതികരണങ്ങളിലുള്ള മാറ്റങ്ങൾ - changes in physical and emotional reactions (arousal symptoms)
ലക്ഷണങ്ങൾ :
-പെട്ടെന്നുണ്ടാകുന്ന ഞെട്ടൽ, ഭയം.
-എപ്പോഴും അപകടത്തിൽ എന്നപോലെ ജാഗ്രതയിലായിരിക്കൽ.
-അമിതമദ്യപാനം, അമിത വേഗതയിലുള്ള ഡ്രൈവിങ് തുടങ്ങി ആത്മനാശത്തിനുള്ള ത്വര.
-ഉറക്കപ്രശ്നങ്ങൾ.
-മനസ് ഏകാഗ്രമാക്കാനുള്ള ബുദ്ധിമുട്ട്.
-അസ്വസ്ഥത, കോപാവേശം, ആക്രമണോത്സുകത.
-അതിയായ കുറ്റബോധം, നാണക്കേട്.
ആറ് വയസ്സും അതിൽ താഴെയുമുള്ള കുട്ടികളിലെ ലക്ഷണങ്ങൾ:
-ദുരന്താനുഭവങ്ങൾ സന്നിവേശിപ്പിച്ചുള്ള കളികളിൽ വീണ്ടും വീണ്ടും ഏർപ്പെടുക.
-ദുരന്താനുഭവങ്ങൾ ഉൾപ്പെടുന്നവയും അല്ലാത്തവയുമായ ഭീകര സ്വപ്നങ്ങൾ.
ലക്ഷണങ്ങളുടെ തീവ്രത:
പ്രകടമാക്കുന്ന ലക്ഷണങ്ങളിൽ കാലക്രമേണ മാറ്റങ്ങൾ വരാം. സ്വാഭാവിക ജീവിത സമ്മർദങ്ങളിലോ ദുരന്തത്തിന്റെ ഓർമ്മയുളവാകുമ്പോഴോ വ്യക്തി കൂടുതലായി PTSD ലക്ഷണങ്ങൾ പ്രകടിപ്പിച്ചേക്കാം. ഉദാഹരണത്തിന് ടിവിയിലോ വാർത്താപത്രങ്ങളിലോ കാണുന്ന വെള്ളക്കെട്ടിന്റെ ചിത്രങ്ങൾ മാസങ്ങൾക്കു ശേഷവും നിങ്ങളെ വീണ്ടും കടുത്തPTSD ലക്ഷണങ്ങളിലേക്ക് തള്ളി വിട്ടേക്കാം.
ഡോക്ടറെ കാണേണ്ടതെപ്പോൾ?
ദുരന്താനുഭവത്തെപ്പറ്റി അസ്വാസ്ഥ്യജനകമായ ഓർമ്മകൾ ഒരു മാസത്തിനു ശേഷവും നിങ്ങളിൽ നിലനിൽക്കുന്നുവെങ്കിൽ, അവ തീക്ഷ്ണമാണെങ്കിൽ, സാധാരണ ജീവിതം പുനസ്ഥാപിക്കാൻ നിങ്ങൾക്കു കഴിയുന്നില്ലെന്ന തോന്നലുണ്ടെങ്കിൽ നിങ്ങളൊരു ഡോക്ടറേയോ, മാനസികാരോഗ്യ വിദഗ്ധനെയോ കാണേണ്ടത് അത്യാവശ്യമാണ്. PTSDലക്ഷണങ്ങൾ അധികരിക്കാതിരിക്കാൻ എത്രയും പെട്ടെന്ന് ലഭിക്കുന്ന ചികിത്സ സഹായിക്കും.
നിങ്ങൾക്ക് ആത്മഹത്യാ ചിന്തകൾ ഉണ്ടെങ്കിൽ:
നിങ്ങൾക്കോ, നിങ്ങൾ അറിയുന്നവർക്കോ
ആത്മഹത്യാ ചിന്തകൾ ഉണ്ടെങ്കിൽ താഴെ പറയുന്ന സ്രോതസ്സുകളിൽ നിന്ന് സഹായം തേടേണ്ടതാണ്.
-വീട്ടുകാർ
-അടുത്ത സുഹൃത്തുക്കൾ
-സമൂഹത്തിൽ നിങ്ങൾക്ക് വിശ്വാസമുള്ള ആത്മീയ, രാഷ്ട്രീയ വ്യക്തിത്വങ്ങൾ
-ഡോക്ടർ
-മാനസികാരോഗ്യ വിദഗ്ധൻ
-ആത്മഹത്യ ഹോട്ട് ലൈനിലെ പരിശീലനം സിദ്ധിച്ച കൗൺസിലർ
മൈത്രി (കൊച്ചി) ഫോൺ നമ്പർ 91-484-2540530
(10am to 7pm on all days)
ഇന്ത്യൻ ആത്മഹത്യ ഹോട്ട് ലൈൻ നമ്പർ +91-78930-78930
Mayoclinic വെബ്സൈറ്റിൽ നിന്നും 2018ൽ വിവർത്തനം ചെയ്തത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ