2019 ജൂലൈ 1, തിങ്കളാഴ്‌ച

പാലിനും കനലിനും നന്ദി

പാലൂട്ടി വളർത്തൽ..
അതു ചെയ്തവരെല്ലാം അമ്മയാണ്. പാലൂട്ടിയാൽ വളരുന്നത് ശരീരമാണ്. മനസ്സും ബുദ്ധിയും ബോധവും വളർത്തിയത് കനലും കാഞ്ഞിരവുമൂട്ടിയവരാണ്. അവരെല്ലാം അച്ഛന്മാരാകുന്നു. അവർക്കെല്ലാം എന്റെ എഴുത്തിലേക്ക് സ്വാഗതമുണ്ട്. ഇനിയും കനൽലൂട്ടാനിരിയ്ക്കുന്നവരോടു പോലും ഇപ്പോൾ കൃതജ്ഞത തോന്നുന്നുണ്ട്. ഉരുക്കുകൊണ്ടൊരു വായും ഇഷ്ടിക പടുത്തൊരു അന്നനാളവും വജ്രം കൊണ്ടാമാശയവും പണിയാൻ നിങ്ങളെന്നെ സഹായിയ്ക്കയല്ലേ? വെളിപാടിന്റെ തന്മാത്രകളെ രക്തത്തിലേയ്ക്ക് ആഗിരണം ചെയ്യാനും കലകളിലേയ്ക്കു സ്വാംശീകരിയ്ക്കുവാനും പ്രാപ്തയാക്കുന്നതല്ലേ? പൊരുതിത്തളരുമ്പോൾ ഈ പുകയുന്ന കാലുകളും പൊള്ളുന്ന കൈകളും മുക്കി തണുപ്പിക്കാൻ അമ്മമാരൊഴുകുന്ന അനുഗ്രഹീതമായ ഭൂമികയാണ് എൻേറതും. പാലിനും കനലിനും കാഞ്ഞിരത്തിനും നന്ദി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ