നീണ്ട യാത്രയ്ക്കൊടുവിൽ നഗരത്തിലെത്താൻ ഒരു മണിക്കൂർ കൂടി ഉള്ളപ്പോഴാണ് മൂത്രശങ്ക കലശലായത്. ശങ്കയൊന്നുമല്ല, ഉറപ്പാണ്. ഒരു തമല കിണറ്റുവെള്ളമാണേ സത്യം.
വേലിയും പടിയും തോട്ടവും മിറ്റവുമൊന്നുമില്ലാത്ത കന്നഡ ഗ്രാമമാണ്. ഇരുവശവും ഏതോ ഘോഷയാത്ര കാണാനെന്നോണം ഉത്സാഹത്തോടെ റോഡിലേയ്ക്കിറങ്ങി നിൽക്കുന്ന വീടുകൾ. സമയം പാതിരാ കഴിഞ്ഞു. കാറിന്റെ ഹെഡ് ലൈറ്റിൽ നിരത്തിന് ഓരം ചേർന്ന് ധൃതിയിൽ നടക്കുന്നൊരു മധ്യവയസ്കനെ കണ്ടു. തണുപ്പിനെ തടുക്കാൻ ഇട്ടിരിക്കുന്ന കോട്ട് കീറി വെളുത്ത ജുബ്ബ പുറത്തു കാണാം. അസമയത്ത് ഊരുവഴിയിൽ പ്രത്യക്ഷപ്പെട്ട വാഹനം ഏതെന്നു പോലും തിരിഞ്ഞു നോക്കാതെ അയാൾ ധൃതിപ്പെട്ട് നടന്നു. അയാളെ കടന്നുപോയിട്ടും ഇയാൾ എവിടുന്നായിരിക്കും ഈ നേരത്ത് എങ്ങോട്ടായിരിക്കും വെളിച്ചത്തിനു മുഖം തരാത്തതെന്ത് എന്ന ചോദ്യങ്ങളൊക്കെ കാറിനുള്ളിൽ കുറച്ചുനേരം തങ്ങിനിന്നു. പ്രധാനപാത അറ്റകുറ്റപ്പണികൾ കാരണം ദുർഘടം പിടിച്ചതാകയാൽ ഗ്രാമപാതയിലൂടെ വരികയായിരുന്നു ഞങ്ങൾ. ഊരുവഴിയിൽ കാർ നിർത്തിയാൽ പുറത്തിറങ്ങുക നായ്ക്കൂട്ടത്തിനു നടുവിലേയ്ക്കായിരിക്കും. പാതിരാവിൽ വിശ്രമമില്ലാതെ പട്രോളിംഗ് നടത്തുന്ന ശ്വാനസേനകളുടെ കർമ്മമണ്ഡലങ്ങളൊഴിവാക്കി ഇരുവശവും നോക്കെത്താദൂരം പാടമായ ഒരിടത്ത് വണ്ടി നിന്നു.
പെണ്ണുങ്ങളുടെ മൂത്രസഞ്ചിയിൽ തടഞ്ഞു നിർത്തപ്പെട്ട അവലക്ഷണം പിടിച്ച മൂത്രത്തിന് ഒരഭിപ്രായസ്വാതന്ത്ര്യവും ഇല്ലാത്ത നാടാണ്. പെൺരക്തത്തിൽ നിന്ന് അരിച്ചെടുത്ത ഉപ്പുവെള്ളം വീണു നനയാൻ യോഗമില്ലാതെപോയ തൊട്ടാവാടികളും പാർത്തീനിയങ്ങളും കാലംതാണ്ടുന്ന കാലഘട്ടമാണ്. അവയോട് കരുണ കാട്ടാനാണ് പാതിരാത്രി പാടത്തിനു നടുവിൽ പാലം പോലെ നീണ്ടു കിടക്കുന്ന പാതയോരത്ത് പരിണതപാത്രവുമായി ഞാൻ ഇറങ്ങിയത്.
അടുത്തകാലത്തെങ്ങും അനുഭവിയ്ക്കേണ്ടി വന്നിട്ടില്ലാത്ത സുഖത്തിന് നന്ദി പറയാൻ സ്വർഗ്ഗത്തിലേയ്ക്കു കണ്ണുയർത്തിയതാണ് കൂട്ടരേ... ആ..ഹാ... കരിനീല മാനത്ത് നിറയേ താരകങ്ങളും ഒരർദ്ധ ചന്ദ്രനും കനമില്ലാതെ പൊങ്ങിപ്പോകുന്ന ഒന്നുരണ്ട് സുതാര്യ മേഘങ്ങളും. നഗരത്തിലെ ചെമ്പിച്ച ധൂമാനം മാത്രം കണ്ടു ശീലമായ നയനങ്ങൾ
മിഴിച്ചു ഞാൻ നോക്കിപ്പോയി. പൂവട്ടക തട്ടി മറിഞ്ഞോ! നനഞ്ഞ മിറ്റത്ത് ചിതറിക്കിടക്കുന്ന ഒരു കൊട്ട പവിഴമല്ലിയുടെ ബാല്യകാലസ്മൃതികളും ഗന്ധവുമെല്ലാം ഒരു നിമിഷം കൊണ്ട് മനം കവിഞ്ഞു. (വെയിലത്തും മഴയത്തും നിലാവത്തും ടോർച്ചിൽ വെട്ടത്തിൽ പോലും പവിഴമല്ലി നിറഞ്ഞ മിറ്റം തന്നെയാണ് ലോകത്തെ ഏറ്റവും സുന്ദരമായ മിറ്റം) ഏതൊരു പ്ലാനറ്റേറിയത്തെക്കാളും വിശാലമായി, കൈനീട്ടിച്ചാടിയാൽ തൊടാമെന്നപോലെ കുനിഞ്ഞു നിൽക്കുന്ന ധാരാളിയായ ആകാശം. നാട്ടിൽ മേഘം പുതച്ചു കിടക്കുന്നതിനാൽ ജൂലൈമാനം കാണാത്തതിനാലാകുമോ! ഞാനിതുവരെ കണ്ടിട്ടില്ലാത്ത നക്ഷത്ര വിതാനം. മൊത്തം ക്ഷീരപഥവും നഗ്നനേത്രങ്ങളാൽ കാണാൻ കഴിഞ്ഞാലെന്നവണ്ണം പല വലിപ്പത്തിലും നിറത്തിലും എണ്ണമറ്റ നക്ഷത്രങ്ങൾ. മുല്ലയും പവിഴമല്ലിയും ശംഖുപുഷ്പവും ലില്ലിയുമെല്ലാം ഇറുത്തിട്ട മിറ്റത്തെ പൊങ്ങൻ വെള്ളപ്പരപ്പു പോലെ. കടലാസുതോണികളായി പതിയെ നീങ്ങുന്ന മേഘങ്ങളും.
ഓർമ്മകൾക്കെന്തു സുഗന്ധം.. എന്നാത്മാവിൻ നഷ്ട സുഗന്ധം..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ