കഴുതകളുടെ ഗ്രാമത്തിൽ ചിലർ മാത്രം കുതിരകളായി മാറിയിരുന്നു. കഴുതകൾ വയലുകളിൽ അദ്ധ്വാനിച്ചും ഭാരം ചുമന്നും കുതിരകൾക്ക് ദാസ്യപ്പണി ചെയ്തും ജീവിച്ചുപോന്നു. സ്വർഗ്ഗത്തിൽനിന്ന് നേരിട്ടിടപെട്ട് കുതിരകളാക്കി മാറ്റപ്പെട്ടവരെ അവരെന്നും ഭയഭക്തിബഹുമാനത്തോടെ വീക്ഷിച്ചു. എന്നാൽ കഴുതകളുടെ പ്രാർത്ഥനകളും തപസ്സും കാരണമാണ് സ്വർഗ്ഗം കുതിരകളെ സൃഷ്ടിച്ചതെന്ന് കുതിരകളും കഴുതകളും മറന്നുപോയിരുന്നു. കുതിരകൾക്ക് പിറന്ന കുഞ്ഞുങ്ങളെല്ലാം കുതിരകളായിത്തന്നെ വളരാൻ തെരഞ്ഞെടുക്കപ്പെടുകയും കുതിരകൾക്കായുള്ള പ്രാർത്ഥനാ യോഗങ്ങളിൽ മാത്രം കഴുതകൾക്കു ക്ഷണം ലഭിക്കുകയും ചെയ്തുവന്നു. വിളനിലങ്ങളിൽ മേഞ്ഞു നടന്ന കുതിരകൾ അമിതമായി ഭക്ഷിക്കുകയും അവരുടെ ധാന്യപ്പുരകൾ നിറയ്ക്കുകയും മിച്ചം വന്നവ പോലും നശിപ്പിക്കുകയും ചെയ്തു. അയിത്തത്താലും ഭക്തിയാലും മാറിനിന്നിരുന്ന കഴുതകളിൽ ചിലർ മുറവിളികൂട്ടുകയും ആത്മഹത്യ ചെയ്യുകയും ചെയ്തെങ്കിലും പ്രാർത്ഥനാ യോഗങ്ങളിൽ മുറപ്രകാരം പങ്കെടുത്തു കുതിരകൾക്കായി സ്വർഗ്ഗത്തോട് ഇരന്നു. കുതിരകൾ തങ്ങളുടെ കുതിരത്വം നഷ്ടപ്പെടാതിരിക്കാനായി യാഗങ്ങൾ നടത്തി. കുതിരകൾക്കായി ബലിയാകാൻ മുന്നോട്ടുവന്ന ഭക്തകഴുതകൾ ഒരിക്കൽപോലും കുതിരകളായി മാറിയില്ലെങ്കിലും കഴുതകൾ അദ്ധ്വാനിക്കുകയും വിളവ് കുതിരകൾക്ക് എത്തിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്തു. കിട്ടുന്നതു മുഴുവൻ തനിയെ തിന്നണമെന്നതരം വാശിയുള്ള കുതിരകൾ കുതിരക്കൂട്ടങ്ങളിൽ ആശങ്കയുണർത്തി. തങ്ങളുടെ അദ്ധ്വാനഫലം കുതിരകൾ പങ്കിട്ടെടുക്കണമോ, അതോ; വഴക്കടിച്ചു വിജയിച്ച ചില കുതിരകൾ മാത്രം തിന്നണമോ എന്നോർത്തു കുഴഞ്ഞ കഴുതകൾ കുതിരകളുടെ നന്മയ്ക്കുവേണ്ടി വേണ്ടി പ്രാർത്ഥനകളോടെ അദ്ധ്വാനത്തിൽ മുഴുകി.
കഴുതകൾ വെറും കഴുതകളായതിനാലാണ് ഈ ബോറടിപ്പിക്കുന്ന കഥ നീണ്ടുനീണ്ടു പോകുന്നതെന്ന് തിരിച്ചറിവുണ്ടായതിനാൽ കഥയിവിടെ നിർത്തുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ