2019 ജൂലൈ 2, ചൊവ്വാഴ്ച

ഭാഷയുടെ സദാചാരം

സമൂഹത്തിന്റെ, വീടിന്റെ, ഭാഷയുടെ സദാചാരം പഠിക്കുന്നതിനും മുൻപേ ജനിതകത്താൽ ഞാനൊരു പെണ്ണായിരുന്നു!! അച്ഛനും അമ്മയും ഏട്ടനും ഉള്ള വീട്ടിലെ പെണ്ണിന്റെ ഭാഷപോലും പരിശുദ്ധയായി കുലീനയായി സിനിമയിലെ നായകന്റെ പെങ്ങളും മകളുമെന്നപോലെ സൗന്ദര്യത്തിലും നിഷ്കളങ്കതയിലും തളയ്ക്കപ്പെട്ടു. അംഗവിഹീനമായ ഭാഷയ്ക്കുപോലും വ്രതശുദ്ധിയുടെ പരിവേഷമുണ്ട്. മുലയെന്നും യോനിയെന്നുമൊക്കെ ആദ്യമായി ഉച്ചരിച്ച അറപ്പു മാറാതെ ചുണ്ടിനിടയിൽത്തന്നെ പറ്റി നിന്നു. താലി കണ്ടു പതറാത്ത കാമുകൻ പോലും ചുണ്ടിൽ പറ്റിയ വാക്കുകളുടെ അസാധാരണത്വത്തിലേക്ക് അപരിചിതമെന്ന് ഉറ്റുനോക്കി.

മുല, മുലക്കണ്ണ്, യോനി, തുട, ചന്തി.. ഭാഷയിലെ ഈ വാക്കുകൾ എഴുത്തിൽപ്പോലും ഏറെ ഉപയോഗിച്ചത് അവർ മാത്രമാണ്. പെണ്ണുങ്ങളല്ലാത്തവർ. ഈ വാക്കുകളുപയോഗിക്കേണ്ടിടത്ത് പെണ്ണുങ്ങളുടെ പെന്നിടറുകയും ചുണ്ടുകൾ പശയാലെന്നപോലെ ഒട്ടിപ്പിടിക്കുകയും ചെയ്തുവന്നു. അംഗവിഹീനമല്ലാത്ത പെൺശരീരത്തെ ധൈര്യത്തോടെ വാക്കുകളിലെത്തിച്ച പെണ്ണുങ്ങളാകട്ടെ എന്നെന്നേക്കും പിഴച്ചവരായിത്തീരുകയും ചെയ്തു.

സ്വന്തം ശരീര ഭാഗങ്ങളെ മാതൃഭാഷയിൽ പറയാനറയ്ക്കുന്ന പെണ്ണുങ്ങളെ, നിങ്ങളുടെ കൂടെയാണ് ഞാനും. ആ വക വാക്കുകളെല്ലാം തറവാട്ടിൽ പിറന്ന പെണ്ണുങ്ങൾക്കു പറ്റിയതല്ല. അതൊക്കെ ആണുങ്ങൾ മാത്രം ഉച്ചരിച്ചോട്ടെ. അത്ര നിർബന്ധമുള്ള സമയത്ത് സ്തനമെന്നും നിതംബമെന്നും സംസ്കൃതീകരിച്ചു പറഞ്ഞാൽ  സംസ്കാരം കൂടും. ഇംഗ്ലീഷീകരിച്ചു പറഞ്ഞാൽ നിലവാരം കൂടും. ചിലപ്പോൾ മലയാളം  മോശമാണ്, വൃത്തികേടാണ്, തരംതാണതാണ്. പറയുന്നത് ആ ശരീരഭാഗങ്ങളുടെ ഉടമകളാണെങ്കിൽ.. സ്ത്രീകളാണെങ്കിൽ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ