പണ്ടൊരു കാലം..
അകലെ നിന്നും അടുത്തു വരുന്ന ഒരു പീയാം പീയാം കാലൊച്ച വീണ്ടും അകന്നകന്ന് അനശ്വരതയിൽ ലയിക്കുന്നത് ഉച്ചമയക്കങ്ങൾക്ക് എനിക്കു കൂട്ടുകിടന്ന തലയിണകളെ ഉപ്പുവെള്ളം കുടിപ്പിച്ചിട്ടുണ്ട്.
പീപ്പിയുള്ളൊരു കുഞ്ഞിച്ചെരിപ്പിന് ആദ്യമാശിക്കുന്നത് അച്ഛനമ്മമാരാണ്. കട്ടിൽവക്കത്തോ ഉമ്മറപ്പടിയിലോ പിടിച്ച് ഒരു കുഞ്ഞടിവെയ്ക്കാൻ പണിപ്പെടുന്ന കുഞ്ഞുവാവക്ക് ചെരിപ്പൊരു കളിപ്പാട്ടം മാത്രം. അതുവരെ ഭാരമറിഞ്ഞിട്ടില്ലാത്ത ഉരുണ്ടു തുടുത്ത കാലടികൾ വെച്ച് വാവ വളരുന്നത് അച്ഛനമ്മമാരുടെയും വീട്ടുകാരുടെയും പ്രതീക്ഷകളുടെ മാനത്തേയ്ക്കാണ്. പീപ്പിയുള്ള ചെരിപ്പ് ആദ്യമിടുന്നത് വീട്ടിനകത്താണ്. ചെരുപ്പിഷ്ടപ്പെടണം. തഴക്കമാകണം. പിന്നെ ടാറ്റാ പോകണം.
അങ്ങനെയിരിയ്ക്കുമ്പോൾ ഒരു ചെരുപ്പിന്റെ പീപ്പി വീണു പോകും. അപ്പോൾ കുഞ്ഞുനടത്തത്തിന് പുതിയൊരു താളമാകും. ഒരു പാദം മിണ്ടാത്ത ആ പദത്തിൽത്തന്നെ അടിവെച്ചടിവെച്ചുള്ള നടപ്പ് ഓട്ടമായിത്തീർന്നിട്ടുണ്ടാകും- ഒരു സിനിമാ ഗാനത്തിലെന്നപോലെ.
പൂക്കളുള്ള കരയുന്ന ഷൂവും ആദ്യബ്രഷും മാവിലാദ്യമെറിഞ്ഞ കല്ലുമൊന്നും ഓർത്തു വെച്ചില്ലെങ്കിലും പല്ലുതേപ്പിയ്ക്കാൻ എന്ന വ്യാജേന അതിരു ലംഘിച്ച് അതിക്രമിച്ചകത്തു കടന്ന് വായ്ക്കകം പരതിയപ്പോൾ നാലു കുഞ്ഞിപ്പല്ലുകൾ വച്ചു കിട്ടിയ ആദ്യത്തെ കടി എല്ലാവർക്കുമോർമ്മ കാണും. ഒച്ച വെച്ചാൽ കടി മുറുകുകയേ ഉള്ളൂ. ചൂണ്ടുവിരലിനിരുവശത്തും ചാലു കീറിയതുപോലെഴുതിവെച്ച ഓർമ്മക്കുറിപ്പുകൾ മറക്കാനാകുമോ!?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ