ലോകത്ത് കാരുണ്യവും സഹവർത്തിത്വവും കൂടി വരുന്നത് നാം ശ്രദ്ധിക്കാത്തതെന്ത്! എപ്പോഴും പോരായ്മകളും സങ്കടവും എടുത്തു പറയുവാനും തുടച്ചു മിനുക്കി പ്രദർശിപ്പിക്കുവാനുമുള്ള ത്വരയുണ്ട് നമുക്ക്. എന്നാലും ചില സത്യങ്ങൾ മറന്നുകൂടാ.
ശത്രുവിന്റെ / സഹോദരന്റെ നെഞ്ചു പിളർന്നു പ്രാണൻ വേർപെടുന്ന വിഹ്വലതയിൽ പിടക്കുന്ന ചൂടുള്ള ഹൃദയം ആദിദൈവങ്ങൾക്ക് കാഴ്ച വെച്ചിരുന്ന ഗോത്രവർഗ്ഗങ്ങളിൽനിന്നും എത്ര സംസ്കരിക്കപ്പെട്ടു, മാനവീയമാക്കപ്പെട്ടു ഇന്നത്തെ മനുഷ്യർ!
ഇന്ന് കാലില്ലാത്തവരെ, കണ്ണില്ലാത്തവരെ, ഗർഭപാത്രമില്ലാത്തവളെപ്പോലും ചേർത്തുനിർത്തി നെടുവീർപ്പുകൾ തുടച്ചെടുക്കുന്നുണ്ട് പൊതുസമൂഹം. ഡിസേബിൾഡ് എന്നത് differently abled ഉം ദേവാംഗ് എന്നുമാകുമ്പോൾ നാം റബ്ബറെടുത്തു മായ്ച്ചു തിരുത്തിയെഴുതിയത് നല്ലപോലെ മുറിഞ്ഞു വേദന കിനിഞ്ഞിരുന്ന ഒരു ചരിത്രമാണ്. വേദനയെ നാം ചരിത്രമാക്കി മാറ്റി!
ഇന്ന് ഓട്ടിസവും മറ്റു മാനസിക വിദ്യാഭ്യാസ-സാമൂഹിക ബലഹീനതകളുമായി വളരുന്ന കുട്ടികൾക്ക് കിട്ടുന്ന ശ്രദ്ധയും പരിഗണനയും അഭിനന്ദനീയമാണ്. സംസ്കാരത്തിന്റെ പുതു പരിഷ്കാരങ്ങൾ എത്താത്ത വിഭാഗങ്ങൾ ലോകമെമ്പാടും കാണും. എന്നാലും തുടക്കമായല്ലോ. നാം മുന്നേറുന്നുണ്ടല്ലോ. ആൾക്കാർക്ക് ബോധം വരുന്നുണ്ട്.
എല്ലാവരെയും ഒരേ അച്ചിൽ അളന്നിട്ട് അച്ചിലൊതുങ്ങാത്തവ വെട്ടിക്കളയുന്ന ഒരിടത്തായിരുന്നു മാനസിക-ശാരീരിക വ്യത്യാസങ്ങളുള്ളവർ ഇത്രനാളും നൊന്തു ജീവിച്ചത്. അവഹേളനവും അവഗണനയും അടിച്ചമർത്തലും എന്നുമക്കൂട്ടർക്കും അവരുടെ വേണ്ടപ്പെട്ടവർക്കും കയ്പ്പിന്റെയും എരുവിന്റെയും അദ്ധ്യായങ്ങളേകി. പ്രതിഭകൾക്കു പോലും അച്ചിലിട്ട് അളന്നു മുറിച്ചെടുത്ത് രക്തമിറ്റുന്ന വ്യക്തിത്വവുമായി ശ്വാസം കിട്ടാതെ ജീവിക്കേണ്ടി വന്നു.
'സാധാരണത്വം' എന്ന ആത്യന്തികമായ യോഗ്യതാ പരീക്ഷയിൽ സമൂഹത്തിന്റെ പ്രതീക്ഷകൾക്കനുസരിച്ച് പ്രവർത്തിയ്ക്കാൻ നിർബന്ധിതരായവരിൽ പലരും തളർന്നു ഭ്രാന്തായതും നരകിച്ചു നിലംപരിശായതും അറിഞ്ഞിട്ടില്ലേ?
ഒരു പൊടിയ്ക്ക് വ്യത്യസ്തരായ കുട്ടികളെ കാണുമ്പോൾ ഇവർ എന്റേതാണെന്നും ഇവരുടെ ഭാഗത്തു നിന്നും ലോകത്തെ പ്രതിരോധിക്കേണ്ടത് ഞാനാണെന്നും തോന്നും. അങ്ങേയറ്റം വ്യത്യസ്തരായവർ പ്രത്യേക പരിഗണനകൾക്കകത്തു വരുമ്പോൾ ചെറിയ ചെറിയ വ്യത്യാസങ്ങൾ മാത്രമുള്ളവർ സന്തുലനത്തിനും നിലനിൽപ്പിനുമായി കഷ്ടപ്പെടുന്നു. അങ്ങനെയുള്ളവരെ കാണുമ്പോൾ പെട്ടെന്ന് നമ്മിൽ ഒരു വളർച്ച ഉണ്ടാകുന്നുണ്ട്. മിടിക്കുന്ന ശത്രുഹൃദയത്തിന്റെ ചൂടുള്ള നനവിൽ നിന്ന് എത്രയോ കാതം മാറി ഒരു പുഞ്ചിരിയോടെ തോളോട് തോൾ ചേർന്ന് നിൽക്കുന്നതിന്റെ ഊഷ്മളത സംവേദിക്കാൻ വേണ്ടുന്ന ഒരറിവ് നാം നേടിയിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ