2019 ഫെബ്രുവരി 4, തിങ്കളാഴ്‌ച

കുറിഞ്ഞി

മീശയുരുമ്മി, മൂക്കുരുമ്മി, തോളുരുമ്മി, വയറുരുമ്മി, കാലുരുമ്മി, വാലറ്റംവരെയുരുമ്മി വീണ്ടും തിരിഞ്ഞ് മീശയുമായി തേടിവന്ന്, കാലുകളെത്തന്നെ ചുറ്റുന്ന കുറുഞ്ഞി..
അടുക്കളയിലും ഉമ്മറത്തും പൂമുഖത്തും മിറ്റത്തും..
ഇല്ലിപ്പടി കടന്ന് അപ്പുറം പോകുന്നതു വരെ പിന്തുടർന്ന്, പടിയ്ക്കിപ്പുറം ഒരു യാത്രാമൊഴി പോലും ഒരിയ്ക്കലും കിട്ടാത്ത കുഞ്ഞിക്കുറുഞ്ഞി.

ഒരു മാത്രയെങ്കിലും കുനിഞ്ഞ് ഓമനിച്ചില്ലെങ്കിലും പരാതിയില്ലാതെ,
ഒരേ ധ്വനിയിൽ ശബ്ദംകൊണ്ടൊരു നിഴൽ തീർത്ത് ഇടയ്ക്കുകാൽ കുടഞ്ഞാലും അറിഞ്ഞോ അറിയാതെയോ ചവിട്ടിയാലും പിന്തിരിയാതെ..

ഒരു നോട്ടത്തിനായി, തലോടലിനായി, സൗഹൃദത്തിനായി കടന്നുപോകുന്ന കാലടികളെയെല്ലാം പിന്തുടരുന്ന റോഡരികിലെ നായ്ക്കുട്ടികൾ..
ശതപുത്രലാഭമെന്ന അനുഗ്രഹം സഫലമാക്കാനായി മാത്രം പിറന്നപോലെ എത്രയോ എത്രയോ എണ്ണം..

വീട്ടുകാരോടെല്ലാം യാത്രപറഞ്ഞിറങ്ങുമ്പോൾ വാവ ഈമ്പിക്കുതിർത്ത റസ്കിന്റെ സുഗന്ധമോർത്ത് തൊഴുത്തിനകത്തെ ഇരുട്ടിൽ നിന്നും സാകൂതം പിന്തുടരുന്ന കന്നുകുട്ടിയുടെ മൃഗനയനങ്ങൾ..

ആരെയൊക്കെ അവഗണിച്ചിരിയ്ക്കുന്നു നമ്മൾ!!

ഒറ്റയ്ക്കായിപ്പോകുന്ന, ആരുമില്ലെന്നു തോന്നിപ്പോകുന്ന സങ്കടവേളകളിലെങ്കിലും ഒരു മനുഷ്യായുസ്സിൽ കണ്ടുതീർത്ത ഉണ്ടക്കണ്ണുകളും കേട്ട പിൻവിളികളും മൗനയാചനകളുമോർമ്മവരുമോ !!

അവഗണിയ്ക്കപ്പെടാനുള്ള യോഗ്യത എല്ലാവർക്കുമുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ