യാത്രാവിവരണം🤔🙄😏
യാത്ര തുടങ്ങിയത് പ്രാർത്ഥനയോടെയായിരുന്നു. ജാനുക്കുട്ടി ബസ്സ്റ്റാൻഡിൽ എന്റടുത്തിരുന്നും ആദിത്യണ്ണനും തങ്കിമ്മയും അമ്മമ്മേടെ വീട്ടിലിരുന്നും പ്രാർത്ഥിച്ചത് ഹർത്താലും വഴിതടയലും കാരണം ഞങ്ങൾക്ക് ബസ് കിട്ടരുതേയെന്നും യാത്ര മാറ്റിവെയ്ക്കണേയെന്നുമാണ്. ഞാൻ പ്രാർത്ഥിച്ചത് ബസ് എത്രയും പെട്ടെന്ന് വരണേയെന്നും വഴിയിലൊന്നും തടയപ്പെടാതെ നാടുകാണി കടന്നുകിട്ടണേയെന്നും.
മൊബൈലിൽ ടോം ആൻഡ് ജെറി കാണാൻ അനുവദിക്കാത്തത്ര നേരം തീവ്രമായ യാതനകളിലൂടെ ഞാൻ കടന്നുപോയി. ഇടിയും തൊഴിയും ദേഷ്യവും വാശിയുമൊക്കെ പുരോഗമിയ്ക്കുമ്പോൾ പിറുപിറുക്കലിന്റെ മർമ്മരം പശ്ചാത്തലസംഗീതമൊരുക്കി. ജീവിതത്തിലാദ്യമായി അവൾ സ്വന്തം സ്കൂളിനെ തള്ളിപ്പറഞ്ഞു! കരുണയോ കുറ്റബോധമോ ഇല്ലാതെ അതിനെ ചീത്തവിളിച്ചു! കുറ്റങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞു!
ആദിത്യണ്ണന്റേം തങ്കിമ്മേടേം കൂടെ കളിച്ചിട്ട് അവൾ മതിയായിട്ടുണ്ടായിരുന്നില്ല. ബസ് കിട്ടിയോ എന്നന്വേഷിയ്ക്കാൻ വീട്ടിൽനിന്നു ഫോൺ വന്നു. വിവരം പറഞ്ഞതിനുശേഷം ഫോണിൽ കുട്ടികൾ തമ്മിൽ സംസാരിച്ചു. എങ്ങനെയെങ്കിലും അമ്മയെ പറഞ്ഞുതിരിപ്പിച്ച് ഒരു ഓട്ടോ പിടിച്ചു മടങ്ങിവരാൻ ആദിത്യണ്ണനും തങ്കിമ്മയും ഒറ്റക്കെട്ടായി ആഹ്വാനംചെയ്യുന്നു.. അമ്മയോടു പറഞ്ഞു നോക്കി, അതിനുപുറമേ കുറേ ബുദ്ധിമുട്ടിച്ചും ഉപദ്രവിച്ചും നോക്കിയെങ്കിലും മനസ്സു മാറുന്നില്ലല്ലോ എന്നു പരിതപിയ്ക്കുന്നു ജാനുക്കുട്ടി..
എങ്ങനെയൊക്കെയോ രണ്ടുമണിക്കൂറോളം കഴിഞ്ഞുപോയി. മൂന്നു പിഞ്ചുനിഷ്കുകളുടെ കൂട്ടപ്രാർത്ഥന നിരാകരിച്ച ദൈവം എന്നെയനുഗ്രഹിച്ചു! ബസ് അയച്ചുതന്നു.
നന്നായി പഴുത്ത ഒരു പടല പഴം വെച്ച തുണിസഞ്ചിയ്ക്കുമേൽ തലവെച്ച് എന്റെ മടിയിലേയ്ക്ക് ചാഞ്ഞതും അവളുറങ്ങിപ്പോയി. ചുരമല്ലേ, വളവല്ലേ, ബസ്സല്ലേ എന്നെല്ലാമോർത്ത് രണ്ടുമൂന്നു മണിക്കൂർ പഴത്തിനൊപ്പം ഞെരുങ്ങുന്ന മനസ്സുമായി ഞാനിരുന്നു. വിഷഭയം വേണ്ടാത്ത തൊടിയിലെ മധുരമൂറും പൂവൻപഴമാണ്.
ഉറക്കം കഴിഞ്ഞും ചമ്മന്തി തേച്ചു ചുരുട്ടിയ ദോശ തിന്നു കഴിഞ്ഞും പിന്നെയും ബസ് വഴികൾ ബാക്കി.. ഞാനെന്റെ സ്ഥിരം മോട്ടിവേഷണൽ സ്പീച്ച് പ്രയോഗിച്ചുനോക്കി. മൈസൂർ കഴിഞ്ഞു. പുറത്തേയ്ക്കു നോക്കി വിഷണ്ണയായി ജാനുക്കുട്ടി പറയാണ്..
'ശരിക്കും ഞാൻ അമ്മമ്മേടെ വീട്ടിലും ആദിത്യണ്ണനും തങ്കിമ്മേം നമ്മുടെ വീട്ടിലുമാണ് ജനിയ്ക്കേണ്ടിയിരുന്നത്' എന്ന്. അങ്ങനെ പറഞ്ഞതെന്തേ എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു
'നമ്മടെ വീട്ടിൽ ഷട്ടിൽകോക്ക് കളിക്കാൻ രണ്ടാളുണ്ടെങ്കിൽ പാകമായിരുന്നു. അവര് രണ്ടാളും ഇവിടെ ജനിച്ചാൽ എല്ലാം ശരിയാകുമായിരുന്നു' എന്ന്.
രണ്ടു കവിളത്തും നെറ്റിയിലും ഉമ്മ കൊടുത്തു നെറ്റികൾ കൂട്ടിമുട്ടിച്ച് അവളെ സ്നേഹിച്ചു കൊണ്ടിരിയ്ക്കുമ്പോഴാണ് മുന്നിലെ സീറ്റിൽ എണീറ്റുനിന്നൊരുത്തി ഞങ്ങളെ നോക്കിയത്. ചുരുണ്ട മുടിയും തിളങ്ങുന്ന കണ്ണുകളും ടൈഗർ ബിസ്കറ്റിന്റെ കളറുമുള്ള ഒരു കുഞ്ഞിപ്പെണ്ണ്.. ഞാൻ ജാനുക്കുട്ടിയെ ഉമ്മവെയ്ക്കുന്നത് കണ്ട് അവൾക്ക് നാണം വന്നു. അതുകണ്ട് ഇഷ്ടപ്പെട്ട ഞാൻ തലങ്ങും വിലങ്ങും ഒരുപാട് ഉമ്മവെച്ച്. മലകൾക്കപ്പുറത്ത് സൂര്യനസ്തമിയ്ക്കും പോലെ നാണംകൊണ്ട് തുടുത്ത കൊച്ചുമുഖം സീറ്റിനപ്പുറത്തേയ്ക്കു താണുപോയി. താമസിയാതെ അതേ ദിക്കിൽ ഒന്നൂടെ സൂര്യനുദിച്ചു. ഞാൻ വീണ്ടും ഉമ്മവെച്ചു നിറച്ചു. ഞങ്ങളൊരുപാട് ഉദയാസ്തമയങ്ങൾ കണ്ടു. നാണം മാറി. സൗഹൃദം പിറന്നു. അടുത്തിരിയ്ക്കുന്ന അവളുടെ അമ്മയെ ഉമ്മ വെയ്ക്കാൻ ഞാനവളോടാവശ്യപ്പെട്ടു. അമ്മയ്ക്ക് കുഞ്ഞാവയുണ്ടെന്നാണ് അവൾ മറുപടി പറഞ്ഞത്!
ചുരുണ്ടതലമുടി മുഖത്തിനു ചുറ്റും അനുസരണയില്ലാതെ വീണുകിടക്കുന്നത് അവളെ സുന്ദരിയാക്കി. അവളോടൊപ്പം ചാഞ്ചാടുന്ന ആ ബ്രൗൺ സ്പ്രിങ്ങുകൾ അവളുടെ പ്രസരിപ്പിന്റെ പരിവേഷം കൂട്ടി. അവളോട് കളിയ്ക്കാൻ ചെന്നപ്പോൾ നിങ്ങൾ കളിയ്ക്ക്; ഞാൻ പഠിപ്പിച്ചുതരാമെന്ന് എച്ച് ആർ സ്കിൽ ട്രെയിനർ ആയി അവൾ ഉത്തരവാദിത്തമേറ്റെടുത്തു. തുടർന്ന് ആ അഭിനവ നഴ്സറി ടീച്ചർ ഞങ്ങളെ പരിശീലിപ്പിച്ചു.
" അക്കെ ബാ ബാ ബാ
അക്കെ സൂ സൂ സൂ
അക്കെ ബാ
അക്കെ സൂ
കൊക്കൊകോള പെപ്സി"
കൈകൾ മടക്കിയും ചുരുട്ടിയും തമ്മിലടിച്ചും ഒടുവിൽ തംസ് അപ്പ് ചെയ്തു പരസ്പരം കോർത്ത് തള്ളവിരലിൽ ചുണ്ടിൽ മുട്ടിച്ചു ഉറിഞ്ചി പെപ്സി കുടിയ്ക്കുന്നതുവരെ പഠിപ്പിച്ചു. നിർദ്ദേശങ്ങളും ആജ്ഞകളും നിരാകരണങ്ങളും താക്കീതും ഒക്കെ പ്രതീക്ഷിച്ചാൽ മതി കുഞ്ഞുവായിൽനിന്ന്. തുറിച്ചുനോട്ടവുമുണ്ട്. കാരണം അവളുടെ ടീച്ചർമാർ അപേക്ഷിയ്ക്കാറില്ല.
നല്ല ബുദ്ധിയും വകതിരിവും അവൾ കാണിച്ചെങ്കിലും ഉച്ചാരണം വിചിത്രമായിരുന്നു. മൂന്നു വയസു കഴിഞ്ഞു കാണും. പേര് രസിതയെന്നോ രക്ഷിതയെന്നോ ആയിരിയ്ക്കണം. അനിയന്റെ പേര് ചോദിച്ചപ്പോൾ അവൾക്കറിയില്ലെന്നും മനസ്സിലായി. തിരിഞ്ഞ് അമ്മയോടും അജ്ജിയോടും ചോദിച്ചുവന്ന് അവൾ 'ചന്ത' (ചന്തം) എന്നും 'ഛന്ദസ്' എന്നും പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോൾ വീണ്ടും സീറ്റിനപ്പുറം താണ് ചർച്ചചെയ്തു പൊന്തിവന്നു മറ്റൊരു പേർ പറഞ്ഞു. ജാനിയോ ജോണിയോ എന്താണാവോ! വീട്ടിൽ ഏറ്റവുമധികം ആവർത്തിയ്ക്കപ്പെടുന്ന ഒന്നാവുമല്ലോ കുഞ്ഞാവയുടെ പേര്. അതുപോലും ഇവൾക്കറിയാത്തത് എന്തെന്ന് എനിക്കത്ഭുതം തോന്നി.
ഇരുൾവീണ പാടങ്ങൾക്കും കൂരകൾക്കും മീതേ നിലാവ് കോരിയൊഴിച്ച് നിൽക്കുന്ന പതിമൂന്നാംരാവിന്റെ ചന്ദ്രനെ ജാനുക്കുട്ടി എനിയ്ക്കു കാട്ടിത്തന്നു. നമ്മുടെ ചുറുചുറുക്കിന്റെ രാജകുമാരി ആകാംക്ഷയോടെ എന്താണെന്നാരാഞ്ഞു. ഞാൻ ചന്ദ്രനെന്നും ചന്ദാമാമയെന്നും മൂൺ എന്നും പറഞ്ഞുനോക്കി. അവൾക്ക് മനസ്സിലായില്ല. ഞാൻ ചൂണ്ടിക്കാണിയ്ക്കുന്നേടത്തേയ്ക്ക് അവൾക്ക് കാണാമോ എന്നെനിയ്ക്ക് വ്യക്തമാകുന്നുണ്ടായിരുന്നില്ല. ജനലിനടുത്ത് അമ്മയും അമ്മയുടെ മടിയിൽ ഉറങ്ങുന്ന കുഞ്ഞാവയുമുണ്ട്. സീറ്റിൽ നിൽക്കുന്ന ഇവളോട് തലകുമ്പിട്ടു മേലെ നോക്കാൻ പറയുമ്പോൾ എവിടേക്ക് നോക്കണം എന്നറിയാതെ എന്തൊക്കെയോ കാട്ടുന്നു. ഞാൻ പപ്പടമെന്നും വെളിച്ചമെന്നും പറഞ്ഞുനോക്കി. അവൾ വഴിവിളക്കിലേയ്ക്കു ചൂണ്ടി. ഞാൻ ആകാശമെന്നും സ്കൈ എന്നും പറഞ്ഞു. അവൾക്കൊന്നും മനസ്സിലായില്ല. ഞാൻ സൂര്യനെന്നു പറഞ്ഞപ്പോൾ
'നമ്മ മനെ സൂര്യാ നാ?' (ഞങ്ങടെ വീട്ടിലെ സൂര്യനോ ) എന്നവൾ തിരിച്ചു ചോദിച്ചു. അത് ആരുടെയെങ്കിലും പേരായിരിയ്ക്കും എന്നുകരുതി സൺ എന്നു പറഞ്ഞപ്പോൾ അവൾക്ക് മനസ്സിലായില്ല. സ്റ്റാർ എന്നു പറഞ്ഞപ്പോൾ നഴ്സറിപ്പാട്ടിലെ വാക്ക് എന്നപോൽ അവൾക്കൊരു പരിചയം തോന്നിയെന്നു മാത്രം.
ഞാൻ വീണ്ടും ജനലിലൂടെ ചന്ദ്രനെ കാട്ടാൻ ശ്രമിച്ചു. അവളുടെ അമ്മയോട് ഞാൻ ചന്ദാമാമയെ കാട്ടിക്കൊടുക്കാൻ അപേക്ഷിച്ചു. രാത്രി ടിവി സീരിയലിനു മുന്നിൽ ചടഞ്ഞുകൂടുന്ന കുടുംബത്തെയോർത്ത് എനിയ്ക്ക് ദേഷ്യവും നിരാശയും തോന്നി. ഇത്ര നേരമായിട്ടും ഒന്നും മിണ്ടാത്ത അമ്മയുടെ മകളായതിൽ എനിയ്ക്കവളോട് പാവം തോന്നി. കുഞ്ഞനുജനുണ്ടായപ്പോൾ തിരസ്കരിക്കപ്പെട്ടവളാണോ കുഞ്ഞിപ്പെണ്ണ് എന്നു തോന്നിപ്പോയി.
അപ്പോഴവളുടെ അജ്ജി പറഞ്ഞു ആ അമ്മയ്ക്ക് കേൾവിശക്തിയും സംസാരശേഷിയുമില്ലെന്ന്. അപ്പുറത്തെ സീറ്റിൽ തിരിഞ്ഞിരുന്ന് ഉത്സാഹത്തോടെയും സന്തോഷത്തോടെയും ഞങ്ങളെ വീക്ഷിയ്ക്കുന്ന കുഞ്ഞിപ്പെണ്ണിന്റെ അച്ഛനെക്കാട്ടി അവർ പറഞ്ഞു അയാൾ ബധിരനാണെന്ന്. കുഞ്ഞാവയ്ക്ക് ചെവി കേൾക്കില്ലെന്നും സ്പെഷ്യലിസ്റ്റിനെ കാണിക്കാനായാണ് മൈസൂരിൽ പോയതെന്നും അവർ പറഞ്ഞപ്പോൾ എനിയ്ക്കും മിണ്ടാട്ടം നഷ്ടപ്പെട്ടു.
ബസ്സപ്പോൾ ഹാസൻ ബസ്‌സ്റ്റാൻഡിൽ എത്തിയിരുന്നു. അവൾക്കു കൊടുക്കാൻ എന്റെ കയ്യിൽ ഒന്നുമില്ലായിരുന്നു. ഞെരുങ്ങിയ പഴത്തിന്റെ അവസ്ഥയെന്താണോ എന്നു ഞാൻ നിരാശപ്പെട്ടു.
ജാനുക്കുട്ടിക്ക് ഒരു സ്നാക്സ് ബോക്സിൽ ബിസ്ക്കറ്റുമായി അവളുടെ അച്ഛൻ അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. കുഞ്ഞിപ്പെണ്ണിന് ഞാൻ അങ്കിളിനെ പരിചയപ്പെടുത്തി. പിന്നെ, അനുവാദം ചോദിയ്ക്കാതെ പൂവിന്റെ ആകൃതിയിലുള്ള ബിസ്ക്കറ്റ് ചെപ്പെടുത്ത് അവൾക്കു കൊടുത്തു. ഗാഢമായൊന്നടുപ്പിച്ചു. നെറ്റിയിലൊരുമ്മ കൊടുത്തു. സന്തോഷത്തോടെ അവളുടെ അമ്മയെനിയ്ക്ക് കുഞ്ഞാവയെ എടുക്കാൻ തന്നു. കണ്ണുകളിൽ ചിരിനിറച്ച് അവരുടെ അച്ഛൻ എന്നെ നോക്കി. ഞങ്ങൾ പിരിഞ്ഞു.
ബൈക്കിൽ പോകുമ്പോൾ തിരക്കേറിയ പാതയിൽ സഡൻ ബ്രേക്കിട്ട് വണ്ടികൾ നിശ്ചലമായി. തീവ്രപ്രകാശത്തിൽ തൊട്ടു മുന്നിൽ കണ്ട സ്ത്രീയ്ക്ക് ഭ്രാന്താണോ എന്നു സംശയം തോന്നുമ്പോഴേയ്ക്കും ഹോണുകളുടെ കാഹളത്തിൽ ചെരിപ്പിടാത്ത ആ കാലുകൾ നനച്ച് മൂത്രമൊഴുകി. നരച്ച ടാറിൽ കറുപ്പ് പടർത്തി ഒട്ടേറെ ഹെഡ് ലൈറ്റുകളുടെ പ്രഭയാൽ വെട്ടിത്തിളങ്ങുന്ന മൂത്രം നടുറോട്ടിൽ പടർന്നു..
പലതരം ചിന്തകൾക്കു മനം പകുത്തുനൽകി വീടണഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ