ഭാരിച്ച നങ്കൂരം പെട്ടെന്ന് കെട്ടഴിഞ്ഞ പോലെ നിന്റെ നോട്ടം എന്നുള്ളിലേയ്ക്കു വീണു.
ഉപ്പു കാറ്റിനും നീലപ്പരപ്പിനും നുരകൾക്കും താഴേയ്ക്ക് ആഴങ്ങളെ ഭേദിച്ച് ഉരുക്കിൽ വാർത്തൊരു തിമിംഗലത്തെപ്പോലത് ഊളിയിട്ടു. അടിത്തട്ടിലെ ചേറുണർത്തി കക്കത്തോടുകളും പവിഴപ്പുറ്റുകളും ഞെരിച്ചു പോകവേ തറയിലെ വിള്ളലിൽ കൂർത്തമുനയുടക്കി നിന്നു നങ്കൂരം.
നങ്കൂരത്തെയും അതിന്റെ ചങ്ങലയെയും ഉപ്പുവെള്ളമെന്നപോലെ നിന്റെ നോട്ടത്തെ തൊട്ടുരുമ്മി എന്റെ ചിന്തകളും സങ്കൽപ്പങ്ങളും. ഓളപ്പരപ്പിലെ യാനം പോലെ ആഴങ്ങളിൽ കൊളുത്തിയ നങ്കൂരവുമായി നീ പൊങ്ങിക്കിടന്നു. കാറ്റിൽ അലസമായി ചലിച്ച് തെന്നിപ്പോകുമെന്ന പ്രതീതിയുണർത്തി യുഗങ്ങൾ കടന്നുപോയി.
ആഴി വറ്റിയ്ക്കുന്ന സൂര്യനായി തൊട്ടരികെ നീ ജ്വലിച്ചു. സമുദ്രത്തിനപ്പോൾ ദാഹിച്ചു.
ദാഹം സാംക്രമികമാണെന്നോർത്ത് ചിരിച്ചു കൊണ്ടൊരുഞൊടിയിൽ രൂപംമാറി മരുപ്പാറയായി ഞാൻ. ഉളിപോലെ കൂർത്ത നോട്ടങ്ങളുടെ മാരി പെയ്യിച്ചു നിമിഷംകൊണ്ടു പാറയിലൊളിച്ച എന്നെ ശിൽപമാക്കിമാറ്റി നീ.
നാണിപ്പിയ്ക്കുന്നൊരു നോട്ടമെയ്താൽ ഞാൻ ആകാശമായി മാറും. അപ്പോൾ ഒരു തെന്നലായി എന്നിൽ നിറയുന്ന നിന്നെ എന്നെന്നേയ്ക്കും ഞാൻ തടവിലാക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ