2019 ഫെബ്രുവരി 26, ചൊവ്വാഴ്ച

ഗുരു.

ജ്ഞാനത്തെയും ഭാഗ്യത്തെയും വെള്ളിടിവെട്ടത്തിൽ, അശരീരി നാമകരണം ചെയ്ത്, വിധി മുന്നിൽ കൊണ്ടു വന്നു നിർത്തും എന്നു പ്രതീക്ഷിയ്ക്കുന്നവരാണ് നമ്മളിൽ മിക്കവരും. പലപ്പോഴും പ്രതീക്ഷിയ്ക്കുന്നതും സ്വപ്നം കണ്ടതും സ്വപ്നത്തിൽ കണ്ടതും ഒന്നും സംഭവിയ്ക്കാതെ വിരസവിലാപഗാനമായിപ്പോകും ജീവിതം. അത്ഭുതങ്ങളാണ് ഏവർക്കുമിഷ്ടം. വിരളമായതുകൊണ്ടുമാത്രമാണവ അത്ഭുതങ്ങളായി മാറുന്ന തെങ്കിലും.

പക്ഷേ, ഒച്ച കേൾപ്പിയ്ക്കാതെ അവളവളിൽ മുങ്ങി അടുക്കളഭാഗത്ത് പണിയിൽ മുഴുകിയിരിയ്ക്കുന്ന അമ്മയെപ്പോലെയാണ് ജ്ഞാനവും ഭാഗ്യവും എന്ന് ചിലപ്പോൾ തോന്നാറുണ്ട്. എന്നുമുതലോ അത് നമ്മുടെ പിൻതളത്തിലെവിടെയോ ഉണ്ട്. നമ്മൾ തിരിച്ചറിഞ്ഞാലുമില്ലെങ്കിലും.

നിലമ്പൂർ കാട്ടിൽ നിന്നും ചോലകളിലൂടെ ഊർന്നിറങ്ങി ചാലിയാറിന്റെ മണൽതിട്ടയിൽ 'ഞാനെന്ന ഭാവം' ഒട്ടുമില്ലാതെ ചേറിനും ചിപ്പികൾക്കുമിടയിൽ പതുങ്ങിയിരിക്കുന്ന സ്വർണ്ണസാന്നിദ്ധ്യം പോലെ.. അരിച്ചെടുത്താൽ മാത്രം കണ്ണുമിന്നിക്കുന്ന കാക്കപ്പൊൻ തരികൾ. ഊതിക്കാച്ചിയാൽ മാത്രം തങ്കമാവുന്ന നിർന്നിമേഷർ.

ചില അറിവുകളും ഭാഗ്യങ്ങളും അങ്ങനെയല്ലേ? എപ്പോഴോ ആഗിരണം ചെയ്യപ്പെട്ട്, നമ്മിൽ ലയിച്ച്, കാൽനീട്ടി ചാഞ്ഞു കിടക്കുന്നുണ്ടാവും ജീവിതം മുഴുക്കെ അനന്തശയനം പോലെ. ഗൗനിച്ചില്ലെങ്കിലും നമ്മെ താങ്ങിത്താങ്ങി.. കൈവരാത്തവയോർത്തു വിലപിയ്ക്കുമ്പോഴും എണീറ്റ് വന്നു തലയ്ക്കൊന്നു ഞൊട്ടാതെ. കരഞ്ഞു കാലം കഴിയ്ക്കുമ്പോഴും കണ്ടാലും മനസ്സിലാവാത്ത സത്യങ്ങളായി.. സമയമൊത്തെങ്കിൽ അകത്തെ അനന്തശയനം ചൂണ്ടികാണിച്ചു തരാൻ ഒരാൾ വന്നേയ്ക്കാം. അപ്പോൾ നന്ദിയോടെ നാം വിളിക്കും 'ഗുരു' എന്ന്.

സതീഷ് ഡോക്ടർക്കുള്ള മറുപടി

നദിയും ചേറും കാടും സ്വർണ്ണവും എന്റേതുതന്നെയായിരുന്നു. മുദ്ദമ്മയുടെ കൂടെ നട്ടുച്ചയ്ക്കോ അമ്മായിമാർക്കൊപ്പം രാവിലെയോ വൈകിട്ടോ ചാലിയാറിൽ എത്തുമ്പോഴെല്ലാം മണൽത്തിട്ടിൽ കുന്തിച്ചിരുന്ന് ചട്ടിയിലെ (സിമെൻറ് തേപ്പുകാരുടെ ചട്ടി പോലൊന്ന്) മണലരിയ്ക്കുന്ന എല്ലും തോലുമായി കരുവാളിച്ച ജീവിതങ്ങളും എന്റേതല്ലെന്നെനിയ്ക്കു തോന്നിയിട്ടില്ല. അവർക്ക് വലിയ വലിയ പൊൻതരികളും ഒരു സ്വർണ്ണക്കട്ടതന്നെയും കിട്ടണേ എന്ന് പ്രാർത്ഥിക്കാതെ ബാല്യത്തിലെ ഒരു നോട്ടം അവരെ കടന്നുപോയിക്കാണില്ല.

അരിയോ മുതിരയോ റാഗിയോ അരിയ്ക്കേണ്ടി വരുമ്പോൾ (സോർട്ടെക്സ് മെഷീനു മുമ്പ്) എന്നിൽ നിറയുന്ന അക്ഷമ പുച്ഛത്തോടെ വീക്ഷിയ്ക്കാനും എന്റെ ഉള്ളിലെ ഈ ദരിദ്രക്കോലങ്ങൾ തന്നെ കാരണം. ചാലിയാറിലെ സ്വർണം എന്നും അരപ്പട്ടിണിക്കാരന്റേതായിരുന്നു.

സ്വർണ്ണത്തെ വിവക്ഷിയ്ക്കാൻ ഇനിയൊരു കാരണം അതൊരു നോബ്ൾ മെറ്റൽ ആണെന്നുള്ളതാണ്. ജൈവ പരിണാമങ്ങൾക്കും രാസപരിണാമങ്ങൾക്കും ഏറെ മുൻപ്; ഒരുപക്ഷേ, പ്ലാസ്മയിൽ നിന്നു ഭൂമി ഉറഞ്ഞു ജനിയ്ക്കുന്ന വേളയിൽ നടന്ന ന്യൂക്ലിയർ പരിണാമം ( മൂലക പരിണാമം ) എന്ന പാലാഴി മഥന സമയത്ത് വ്യക്തിത്വരൂപീകരണം നടക്കുകയും അതങ്ങനെതന്നെ മാറ്റമില്ലാതെ നിലകൊള്ളുകയും ചെയ്യുന്ന ബുദ്ധനെപ്പോലെ സ്ഥായിയായ ചിലരുടെ കൂട്ടത്തിൽ പെട്ടതല്ലേ സ്വർണ്ണം!! ഏറ്റവും അചഞ്ചലമായതിനെ പരമമായ സത്യം എന്നു വിളിയ്ക്കുമ്പോൾ അതിനോടുപമിയ്ക്കാൻ അതിനെക്കുറഞ്ഞുള്ളതല്ലേ കിട്ടുകയുള്ളൂ!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ