സ്കന്ദപുര പുരാണം 1
നിങ്ങൾ വിശ്വാസിയാണോ? പക്ഷിനിരീക്ഷകയോ ഔഷധസസ്യാന്വേഷകയോ പുരാവസ്തു ഗവേഷകയോ പരിസ്ഥിതി പ്രവർത്തകയോ പ്രകൃതിസ്നേഹിയോ സന്യാസിയോ ആണോ? എങ്കിൽ സണ്ടൂരിനെക്കുറിച്ച് അറിഞ്ഞിരിയ്ക്കണം. കർണാടകത്തിലെ കാശ്മീർ എന്ന് വിളിക്കപ്പെട്ടിരുന്ന; ഇപ്പോൾ അതിനുള്ള യോഗ്യത നഷ്ടപ്പെട്ട, ഓരോ മണിക്കൂറിലും നാശത്തിലേക്ക് തകർന്നു പൊടിയുന്ന ഇരുമ്പയിരിന്റെയും മാംഗനീസിന്റെയും ഗർഭദേശം- സണ്ടൂർ. സഹസ്രാബ്ദങ്ങൾക്കു മുൻപ് കാളിദാസൻ പരാമർശിച്ച ദേവഗിരിയും സ്കന്ദപുരവും ക്രൗഞ്ചഗിരിയും സാങ്കൽപ്പിക ഭൂവിഭാഗമല്ല. അതിദ്രുതം നശിച്ചു നാമാവശേഷമായിക്കൊണ്ടിരിയ്ക്കുന്ന വനഭൂമിയാണ്. ഋഷികളും ദേവകിന്നരൻമാരും സ്വർഗ്ഗതുല്യമെന്നു കരുതിപ്പോന്ന, ധ്യാനസാധനയ്ക്ക് അതിശ്രേഷ്ഠം എന്ന് കണക്കാക്കപ്പെട്ടിരുന്ന തപോവനമാണ്. ധാതുലവണങ്ങളുടെ പ്രത്യേക മിശ്രണങ്ങളിൽ വളർന്ന്, ശരീരങ്ങളിൽ ഔഷധം നിറച്ച് സിദ്ധസ്പർശം കാത്തു മയങ്ങിക്കിടക്കുന്ന സസ്യജാലങ്ങളുടെ അഗസ്ത്യഗൃഹമാണത്.
ഭവരോഗവൈദ്യൻ, ആത്മോപാസകർക്ക് ഗുരുവായ സുബ്രഹ്മണ്യൻ വാണരുളുന്ന ലോഹാചലം/ കുമാരസ്വാമി ബെട്ട/ ദേവഗിരി. ജില്ലാ ആസ്ഥാനമായ ബെല്ലാരിയിൽ നിന്നും 38 കിലോമീറ്ററും അടുത്ത പട്ടണമായ ഹൊസ്പേട്ടിൽ നിന്ന് 27 കിലോമീറ്ററും ബാംഗ്ലൂരിൽ നിന്നു 310 കിലോമീറ്ററും മംഗലാപുരത്തുനിന്ന് 374 കിലോമീറ്ററുമുണ്ട് സണ്ടൂരെന്ന താഴ്വാര പട്ടണത്തിൽ എത്തിച്ചേരാൻ. സണ്ടൂരിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള സ്കന്ദക്ഷേത്രത്തിലേയ്ക്ക് കെഎസ്ആർടിസി ബസുകളും SMlORE (Sandur Manganese Iron Ore Company) തൊഴിലാളി ബസുകളും എണ്ണമറ്റ ലോറികളും പ്രൈവറ്റ് വാഹനങ്ങളും പോകുന്നു. കാനനവാസനെ ഇന്നിപ്പോൾ ഖനിവാസൻ എന്നുവിളിയ്ക്കാം. പച്ചപ്പു നീക്കി മാന്തിയെടുക്കുന്ന ഓരോ പിടി മണ്ണും പച്ചനോട്ടുകളായി മാറുന്ന, പ്രകൃതിയ്ക്ക് താങ്ങാൻ കഴിയുന്നതിലും അനേകമടങ്ങ് വേഗതയോടെ സ്ഫോടകവസ്തുക്കളും യന്ത്രക്കൈകളും ലോറികളും ചേർന്ന് ഇല്ലായ്മ ചെയ്യുന്ന മലനിരകൾ. പശ്ചിമഘട്ട സദൃശമായ, നീലക്കുറിഞ്ഞി യുറങ്ങുന്ന തണുത്ത മലഞ്ചെരിവുകളുള്ള സണ്ടൂർ ഊഷരഭൂമികളായ ദാവനഗെരെ, ബെല്ലാരി, ചിത്രദുർഗ്ഗ, ഹംപി എന്നീ പ്രദേശങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്നു.
ഏഴാം നൂറ്റാണ്ടിൽ ബദാമി ചാലൂക്യർ നിർമ്മിച്ച് രാഷ്ട്രകൂടർ പുനർനിർമാണം നടത്തിയ ക്ഷേത്രത്തിന്റെ ഗോപുരങ്ങളും കൊത്തുപണികളും കാലപ്പഴക്കത്താൽ ദ്രവിച്ചിരിയ്ക്കുന്നു. എന്നാൽ പുരാണങ്ങളിലെ പരാമർശം കണക്കിലെടുത്താൽ അതിനുമുമ്പും അവിടെ ക്ഷേത്രവും കാർത്തികേയ ആരാധനയും ഉണ്ടായിരുന്നിരിയ്ക്കണം. യാദവരും ഹൊയ്സാലരും ഇവിടെ ആരാധിച്ചിരുന്നതായി രേഖകൾ കാണാം. ഹംപിയിലെ വിജയനഗരസാമ്രാജ്യം ജനിയ്ക്കുമ്പോൾ ഇന്നു കാണുന്ന കുമാരസ്വാമി ക്ഷേത്രം മൂന്നു നൂറ്റാണ്ടുകൾ പിന്നിട്ടു കഴിഞ്ഞിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ നിബിഡ വനത്തിനകത്തെ ക്ഷേത്രം സണ്ടൂരിലെ രാജവംശമായ ഘോർപഡെകൾ കണ്ടെത്തുകയും നവീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. അന്നുമുതൽ സണ്ടൂർ രാജവംശത്തിന്റെ കുടുംബക്ഷേത്രമായി ഇത് കരുതിപ്പോരുന്നു. അവസാന രാജാവായ യശ്വന്തറാവു ഘോർപഡെയും മകനായ മുരാരിറാവു ഘോർപഡെയും (7 തവണ എംഎൽഎ, ഒരുതവണ എംപി) വന്യജീവി സംരക്ഷകരും പ്രകൃതിസ്നേഹികളുമായിരുന്നു. 1930ൽ യശ്വന്തറാവു ഘോർപഡെ സ്വേച്ഛപ്രകാരം ക്ഷേത്രം ഹരിജനങ്ങൾക്കു തുറന്നുകൊടുക്കുകയും 1934ൽ സണ്ടൂർ സന്ദർശിച്ച മഹാത്മാഗാന്ധി അദ്ദേഹത്തെ പ്രകീർത്തിക്കുകയുമുണ്ടായി. 1996ൽ അച്ഛൻ മരിച്ച അതേവർഷം മുരാരിറാവു ഘോർപഡെ ക്ഷേത്രത്തിൽ സ്ത്രീ പ്രവേശനം അനുവദിച്ചു.
കാർത്തികേയനെ ദേവസൈന്യത്തിന്റെ നായകനായി അവരോധിച്ച സ്ഥലമാണ് സണ്ടൂരു. ഒരിക്കൽ കാർത്തികേയൻ പാർവ്വതീപരമേശ്വരന്മാരെ സന്ദർശിച്ച സന്ദർഭം. ഹിമാലയത്തിലെ അതിസുന്ദരമായ സരോവരത്തിനടുത്ത് പൂർണ്ണചന്ദ്രപ്രഭയിൽ മാസ്മരിക കാന്തിയോടെ വിളങ്ങുന്ന പ്രകൃതിയാൽ ഏവരുടെയും അന്ത:രംഗം പ്രേമത്താൽ നിറയുന്ന നേരം. കുമാരൻ ഒരു വിവാഹം കഴിക്കണമെന്ന ആഗ്രഹം പാർവതി മകനോട് പറയുന്നു. വധുവാകേണ്ടവളിൽ എന്തു ഗുണമാണ് ഉണ്ടായിരിയ്ക്കേണ്ടത് എന്ന് ചോദിയ്ക്കുന്ന കുമാരനോട് സ്ത്രീകളെല്ലാം തന്റെ തന്നെ ഗുണത്തോടു കൂടിയവരാണെന്ന് പറയുന്നു ദേവി. എല്ലാ സ്ത്രീകൾക്കും അമ്മയുടെ ഗുണമാണെങ്കിൽ തനിക്കൊരു സ്ത്രീയെയും മാതാവെന്ന നിലയിലല്ലാതെ ഭാര്യയെന്ന നിലയിൽ കാണാനാവില്ലെന്ന് പറഞ്ഞു ദുഃഖിതനായി അവിടെനിന്നും പോകുന്നു കുമാരൻ. ലോഹാചലത്തിൽ എത്തിയ കുമാരനെ പിന്തുടർന്ന് ഓടിവന്ന പാർവതി മകനെ തിരിച്ചുവിളിയ്ക്കുകയും വഴങ്ങുന്നില്ലെന്നു കണ്ടു കരയുകയും അവസാനം ക്രുദ്ധയായി മുലപ്പാൽ തന്നു വളർത്തിയതിനുള്ള നന്ദിയാണോ കാണിയ്ക്കുന്നത് എന്ന് ചോദിക്കുകയും ചെയ്തത്രേ. കുടിച്ച പാലിന്റെ കടപ്പാട് ചോദിക്കുന്നോ എന്നു കോപപ്പെട്ട കാർത്തികേയൻ പാൽ ചർദ്ദിച്ചു കളയുകയും അത് ഭൂമിയിൽ സ്പർശിച്ച ഉടൻ വെള്ള നിറത്തിലുള്ള വിഭൂതി മലയായി മാറുകയും ചെയ്തു എന്നാണു കഥ. ഇവിടുത്തെ മല കുഴിച്ചെടുക്കുന്ന വെള്ള നിറമുള്ള മൃദുവായ മണ്ണാണ് പാർവതിയമ്പലത്തിലെ പ്രസാദം. അന്നു മുതൽ അമ്മയോടുള്ള കോപം മൂലം സ്ത്രീകളെ കാണേണ്ടെന്നു കെറുവിച്ചിരുന്ന സുബ്രഹ്മണ്യന്റെ ക്ഷേത്രത്തിൽ 1996 മുതലാണ് സ്ത്രീ സന്ദർശനം ആരംഭിച്ചത്.
ഒരിയ്ക്കൽ ശ്രീപരമേശ്വരന്റെ നിർദ്ദേശപ്രകാരം സംശയനിവാരണത്തിനായി അഗസ്ത്യമുനി ലോഹാചലത്തിൽ കുമാരനെ സന്ദർശിക്കുന്നു. നിത്യവും കുളിച്ചുപാസിയ്ക്കാനായി അദ്ദേഹമുണ്ടാക്കിയ കുളമാണത്രേ അഗസ്ത്യതീർഥം എന്നപേരിൽ ക്ഷേത്രത്തിനുമുന്നിൽ കാണപ്പെടുന്നത്. സംപ്രീതനായ കുമാരൻ എന്നാളും ഇവിടെ വസിക്കണം എന്ന് അപേക്ഷിക്കുകയും ലോഹാചലത്തിൽ ഇന്നും അഗസ്ത്യ സാന്നിധ്യമുണ്ടെന്നു കരുതപ്പെടുകയും ചെയ്യുന്നു. അഗസ്ത്യ തീർത്ഥം പാപനാശിനിയായും രോഗനാശിനിയായും കണക്കാക്കപ്പെടുന്നുവെങ്കിലും ഇന്നത്തെ ഇതിന്റെ അവസ്ഥ ശോചനീയമാണ്. ആമകൾ ഒരുപാട് നിറഞ്ഞു മലിനമായിരിയ്ക്കുന്നു ജലം.
ഔഷധഗുണം തുളുമ്പിനിൽക്കുന്ന കാടിരിയ്ക്കുന്ന മണ്ണാണ് ദിവസവും ഇടിച്ചുപൊടിച്ചു ലോറിയിൽ നിറച്ച് നാടുകടത്തപ്പെടുന്നത്. അമ്പലത്തിനു 300 മീറ്റർ അടുത്തുവരെ പ്രവർത്തിക്കുന്ന രണ്ടു മൈൻ കമ്പനികളുണ്ട്. ചുറ്റുമുള്ള മലകളിൽ ആകെയുള്ളത് തൊണ്ണൂറിൽപരം മൈൻ കമ്പനികൾ! ആയിരക്കണക്കിന് ലോറികൾ ദിവസേന രണ്ട് ട്രിപ്പ് അടിക്കുന്ന ചുരം റോഡിൽ അപകടങ്ങൾ നിത്യസംഭവം. റോഡും വണ്ടികളും മനുഷ്യരും കാടും എല്ലാം ഇരുമ്പയിർപൊടിപിടിച്ച് ലോഹാചലമാകെ ഒരു ചുവന്ന ദൃശ്യമാകുന്നു. പകുതി കളിയായും പകുതി കാര്യമായും അവിടുത്തെ ആളുകൾ പറയും- ടീച്ചർ കാക്ക കറുപ്പ് എന്നു പഠിപ്പിയ്ക്കുമ്പോൾ കുട്ടികൾ കാക്ക ചുവപ്പ് എന്നു പറയുമെന്ന്. എല്ലാം ചുവപ്പാണ്. ഇലയും തണ്ടും തടിയും കാക്കയും കുരങ്ങും എല്ലാം. ഭുദേവിയുടെ ഗർഭപാത്രം ഉടച്ചിട്ട ചുവപ്പ്. ദുർലഭമായ പക്ഷികളും ശലഭങ്ങളും സസ്യങ്ങളും നിറഞ്ഞ കാടാണ്; കാടായിരുന്നു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ