2018 നവംബർ 1, വ്യാഴാഴ്‌ച

ആരാധന

പിണറായി വിജയന്റെ ആരാധികയല്ല. പക്ഷേ, കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് വോട്ട് ചെയ്തേക്കാം. നരേന്ദ്രമോദിയുടെ ആരാധികയല്ല. ഒരുപക്ഷേ ബിജെപിയ്ക്ക് വോട്ട് കൊടുത്തേയ്ക്കാം. നെഹ്റുക്കളുടെ ആരാധികയല്ലാത്തതു കൊണ്ടും വെളുത്ത ഖദറിനുള്ളിൽ ചുവന്ന ഹൃദയം ഉണ്ടായിരിയ്ക്കാമെന്ന മിത്ത് ദഹിക്കാത്തത് കൊണ്ടും കോൺഗ്രസിനൊരിയ്ക്കലും വോട്ട് ചെയ്യില്ല.

ആരാധനയെന്ന ഒഴുക്കിന് വഴങ്ങാത്തതാണ് യഥാർത്ഥ സോഷ്യലിസമെന്നും ആ ശാഠ്യത്തിന്റെ ദൃഢതയാണ് ജനാധിപത്യവീടിന്റെ അടിത്തറയെന്നും വിശ്വസിയ്ക്കാനാണ് താൽപര്യം.

എന്നാൽ നീ ദൈവത്തെ ആരാധിക്കുന്നുണ്ടോ?

ചുറ്റുമുള്ള മിക്കവാറും പേർ ദൈവത്തെ ഭയക്കുന്നതായാണ് മനസ്സിലാക്കിയിട്ടുള്ളത്. ഭയത്തിലൂടെ ആരാധനയിലേയ്ക്ക് കടക്കാൻ (infuse ചെയ്യാൻ- സംക്രമിക്കാൻ ) ഭയവും ആരാധനയും ഒരു പോലല്ലിരിയ്ക്കുന്നത്. ആരാധന എണ്ണയും ഭയം വെള്ളവുമാണെന്ന് കരുതിക്കോളൂ. ഒരിറ്റ് ആരാധന ഭയമാകുന്ന വെള്ളത്തിലൊഴിച്ചാലും പൊങ്ങിക്കിടക്കുകയും ചിലപ്പോൾ പരക്കുകയും പുറമേ നിന്ന് നോക്കുമ്പോൾ കാഴ്ചയിൽ പെടുകയും ഒരുവേള അടിയിലെ ഭയത്തെ മറയ്ക്കുകയും ചെയ്യും.

ആരാധനയോടു കുറേകൂടി അടുപ്പിക്കാൻ പറ്റുന്നത് സ്നേഹത്തെയാണ്. സ്നേഹം വെളിച്ചെണ്ണയെങ്കിൽ ആരാധന ആവണക്കെണ്ണയായിരിക്കും, അല്ലേ? അപ്പോഴും താരതമ്യേന സാന്ദ്രത കൂടിയ സ്നേഹം താഴെയും സാന്ദ്രത കുറഞ്ഞ ആവണക്കെണ്ണ മേലെ 'ദാ കണ്ടോളൂ' എന്നു പറഞ്ഞും കിടക്കും.

ആവണക്കെണ്ണയ്ക്കുള്ള പ്രധാന കുഴപ്പം അതിലെ റിസിൻ എന്ന വിഷത്തിന്റെ സാന്നിധ്യമാണ്. ഓർക്കണം; ആരാധന കൂടിയാൽ അത് വ്യക്തിയെ, വ്യക്തിത്വത്തെ ഇല്ലാതാക്കിയേയ്ക്കാം.

മനസാക്ഷിയെ വിഷമിപ്പിയ്ക്കുന്ന കാര്യങ്ങൾ ചെയ്യാൻ എനിയ്ക്കു ഭയമുണ്ട്. എന്റെയുള്ളിലെ 'ദൈവം' എന്ന മസാലദോശയുടെ ചുകന്നു മൊരിഞ്ഞ പുറം ഭാഗം മനസ്സാക്ഷിയാണ്. വെളുത്തു തുളകൾ തെളിഞ്ഞ ഉൾഭാഗം കിട്ടാത്ത ഉത്തരങ്ങളുടെയും അറിയാത്ത ഇരുൾവെളിച്ചങ്ങളുടെയും. മസാല ഭാഗം പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും കൃതജ്ഞതയുടെയും സ്രോതസ്സാണ്. ഇങ്ങനെയൊരു മസാലദോശയാണ് എന്റെ ദൈവമെങ്കിൽ ദൈവത്തോടെനിയ്ക്ക് ഭയമുണ്ട്, കുറച്ചു സ്നേഹമുണ്ട്, ലേശം ആരാധനയുണ്ട്, ബഹുമാനവും ആദരവുമുണ്ട്, കൈവശപ്പെടുത്തണമെന്ന മോഹവുമുണ്ട്.

ഇനി ഇത്രയും വായിച്ചതിൽ നിന്നും നിങ്ങൾ മനസ്സിലാക്കിയത്:
1. വ്യത്യസ്ത ദ്രാവകങ്ങളുടെ സാന്ദ്രത വ്യത്യസ്തമാണ്.
2. സാന്ദ്രത കുറഞ്ഞ ദ്രാവകം സാന്ദ്രത കൂടിയ ദ്രാവകത്തിനു മുകളിൽ പൊങ്ങിക്കിടക്കാൻ താല്പര്യപ്പെടുന്നു.
3. വെള്ളത്തിന് എണ്ണകളേക്കാൾ സാന്ദ്രത (ഭാരവും ) കൂടുതലാണ്.
4. ആവണക്കെണ്ണയ്ക്ക് വെളിച്ചെണ്ണയേക്കാൾ സാന്ദ്രത കുറവാണ്.
5. വെള്ളത്തിന്റെ കൂടിയ സാന്ദ്രതയ്ക്കു കാരണം അതിലെ ശക്തിയായി പരസ്പരം കൈകോർത്ത് ഇണങ്ങിനിൽക്കുന്ന ഹൈഡ്രജൻ ബോണ്ടുകളാണ്.
6. അതിനുപുറമേ, ജല തന്മാത്രകളുടെ കുറഞ്ഞ വലിപ്പം അവയെ തടിച്ചുകൊഴുത്തു വലിപ്പം കൂടിയ എണ്ണത്തന്മാത്രകളേക്കാൾ ചേർന്ന് നിന്ന് സാന്ദ്രത കൂട്ടാൻ സഹായിയ്ക്കുന്നു. (ഒരു ഭരണിയിൽ ഇഡ്ഡലിയും മറ്റൊന്നിൽ ജെംസ് മിഠായിയും നിറച്ചിരുന്നാൽ എന്നപോലെ )
7. വാങ്ങിത്തന്നാൽ സന്തോഷത്തോടെ തിന്നും എന്നിരുന്നാലും ഇതിനു ലൈക്കടിക്കുന്നവർ മുഴുവൻ അടുത്ത തവണ നമ്മൾ നേരിൽ കാണുമ്പോൾ മസാലദോശ വാങ്ങിത്തരേണ്ടതു നിർബന്ധമല്ല എന്ന വസ്തുത.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ