2018 ഒക്‌ടോബർ 31, ബുധനാഴ്‌ച

Kannada rajyotsava

"കർണാടക രാജ്യോത്സവദ ശുഭാശയഗളു"

ന്തോ? കേരളപ്പിറവിയാണെന്നോ? ഇതും കൂടൊന്ന് വായിയ്ക്കൂ..

1956 നവംബർ 1 മൈസൂർ രാജ്യം ബോംബെ- മദ്രാസ് പ്രസിഡൻസികളുമായും ഹൈദരാബാദ് രാജ്യത്തെ കന്നഡ സംസാരിക്കുന്ന പ്രദേശങ്ങളുമായും കൂടിച്ചേർന്ന് മൈസൂർ സംസ്ഥാനമായി രൂപംകൊണ്ടു. ഉത്തര കർണാടക, മലനാട് (കാനറ), പഴയ മൈസൂർ എന്നീ ഭൂവിഭാഗങ്ങളാണ് പുതിയ മൈസൂർ സംസ്ഥാനത്തിന്റെ ഭാഗങ്ങളായി അറിയപ്പെട്ടത്. പുതിയ സംസ്ഥാനത്തിന്റെ പേര് മൈസൂർ എന്നു തുടരുന്നതിൽ ഉത്തര കർണാടകയ്ക്ക് വിയോജിപ്പുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനു മുൻപ് ഇവ വേറെ വേറെ രാജ്യങ്ങളായിരുന്നെന്ന് ഓർക്കണം. ഇന്ന് ''നാനു കന്നഡിഗാ, കന്നഡദ കാവലിഗാ" എന്നും പറഞ്ഞ് നെഞ്ചുംവിരിച്ച്, ഒറ്റക്കെട്ടായി, ഒറ്റപ്പതാകയെ സല്യൂട്ട് അടിക്കുന്നവർ പണ്ട് ശത്രുതയും അസൂയയുമൊക്കെ ഉണ്ടായിരുന്ന നാനാദേശക്കാരായിരുന്നെന്നോർക്കുമ്പോഴാണ് ഇന്നലെ ആഘോഷിച്ച ബർത്ത് ഡേയുടെ പ്രസക്തി ഒന്നുകൂടി തെളിയുന്നത്. ശ്രീ വല്ലഭായി പട്ടേലിനും പേരറിയുന്നതും അറിയാത്തതുമായ ഒട്ടേറെ മുൻഗാമികളും വണക്കം.

1905 ൽ ആളൂരു വെങ്കടറാവു ആണ് കർണാടക ഏകീകരണ പ്രസ്ഥാനം തുടങ്ങിവച്ചത്. കെ ശിവറാം കാരന്ത്, കുവെംപു, മാസ്തി വെങ്കടേശ അയ്യങ്കാർ, എ എൻ കൃഷ്ണറാവു, ബിഎം ശ്രീകണ്ഠയ്യ തുടങ്ങിയവരും കർണാടക ഏകീകരണത്തിനായി യത്നിച്ചവരാണ്. 1973 നവംബർ 1ന് ദേവരാജ അരസ് മുഖ്യമന്ത്രിയായിരിക്കെയാണ് 'കർണാടക' എന്ന പുതിയ പേര് സംസ്ഥാനം സ്വീകരിച്ചത്.

എല്ലാവർഷവും നവംബർ ഒന്നിന് സർക്കാർ ഓഫീസുകളിലും സ്കൂളിലും കവലകളിലും വ്യാപാരസ്ഥാപനങ്ങളിലുമെല്ലാം കന്നട പതാകയുയർത്തി 'കർണാടക രാജ്യോത്സവ' ആചരിക്കുന്നു. കർണാടകയുടെ ഔദ്യോഗിക സംസ്ഥാന ഗാനം ആലപിയ്ക്കുകയും ജാതിമതഭേദമെന്യേ ഉത്സവമായി കൊണ്ടാടുകയും ചെയ്യുന്നു. രാജ്യോത്സവ അവാർഡുകൾ, സാംസ്കാരിക പരിപാടികൾ, ജാഥകൾ തുടങ്ങി സ്വാതന്ത്ര്യദിനത്തെ ഓർമിപ്പിയ്ക്കുന്ന എല്ലാം രാജ്യോത്സവദിനത്തിലും കാണാം.

കന്നട പതാക

ഇന്ത്യയിൽ കാശ്മീർ കഴിഞ്ഞാൽ സ്വന്തം ഔദ്യോഗിക പതാക ഉപയോഗിക്കാൻ അധികാരമുള്ള ഏക സംസ്ഥാനം കർണാടകയാണ്. 'കന്നട പക്ഷ' എന്ന രാഷ്ട്രീയ പാർട്ടിയുടെ ദ്വിവർണ്ണപതാകയാണ് 1974 മുതൽ  കർണാടകയിലുടനീളം പ്രാദേശിക- രാഷ്ട്രീയ ഭേദമെന്യേ പ്രാബല്യത്തിലുള്ള സംസ്ഥാന പതാക. മേലെ മഞ്ഞയും താഴെ ചുവപ്പുമായി അരശിനകുങ്കുമത്തെ (മഞ്ഞൾ കുങ്കുമം) പ്രതിനിധാനം ചെയ്യുന്നതാണ് ഈ പതാക. മഞ്ഞ പോസിറ്റിവിറ്റിയെയും ചുവപ്പ് ധൈര്യത്തെയും കുറിയ്ക്കുന്നു. അരശിനകുങ്കുമം ആചാരപ്രകാരം മംഗളകരവും ഐശ്വര്യത്തെ പ്രതിനിധാനം ചെയ്യുന്നതുമാകുന്നു. ദ്വിവർണ്ണ പതാകയും ചിലയിടത്ത് കർണാടക സംസ്ഥാനത്തിന്റെ ദ്വിവർണ്ണത്തിലുള്ള ഔട്ട്ലൈനിന് മുന്നിൽ അനുഗ്രഹിച്ചു നിൽക്കുന്ന ഭുവനേശ്വരി ദേവിയുടെ ചിത്രമുള്ള പതാകയും ഈ സംസ്ഥാനത്തുടനീളം സ്ഥലകാലഭേദമെന്യേ കവലകളിലും വാഹനങ്ങളിലും ചുവരുകളിലും ബാനറുകളിലും സിനിമകളിലും നമുക്ക് കാണാം. കാലക്രമേണ ജനസമ്മിതി മൂലം 'അനൗദ്യോഗികമായി' ഔദ്യോഗികമായ ഒന്നാണ് കന്നട പതാക. പ്രസിദ്ധ പ്രോ കന്നഡ മൂവ്മെൻറ് ആയ 'ഗോകക് പ്രക്ഷോഭ'സമയത്ത് ദ്വിവർണ്ണ പതാകയേന്തി നടൻ രാജ്കുമാറും വീര്യം പകരുന്ന ഗാനങ്ങളുമായി രാഷ്ട്രകവി കുവെംപുവും ജനങ്ങളിൽ ഭാഷാസ്നേഹം ആളിക്കത്തിച്ചു. (എഴുപതുകളിൽ ത്രിഭാഷാ പദ്ധതി പ്രകാരം ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ മൂന്നു ഭാഷകൾ മാത്രം പഠിച്ച് - കന്നട പഠിക്കാതെ - പത്താം ക്ലാസ് പാസാകാമായിരുന്നെന്ന്! )

ഔദ്യോഗിക പതാകയെച്ചൊല്ലി തർക്കമായി വ്യക്തികളും ഗവൺമെൻറും കോടതി കയറിത്തുടങ്ങിയപ്പോൾ 2018 മാർച്ച് 8ന് സ്റ്റേറ്റ് അസംബ്ലി പുതിയൊരു പതാക ഡിസൈൻ കേന്ദ്ര ഗവൺമെൻറിന്റെ അനുവാദത്തിനായി സമർപ്പിച്ചിരിക്കുകയാണ്.

പുതിയ കന്നഡ പതാകയിൽ മൂന്നു വർണ്ണങ്ങളാണ്. മുകളിൽ മഞ്ഞ, നടുക്ക് വെളുപ്പ്, താഴെ ചുവപ്പ്. വെളുത്ത നിറത്തിനു നടുവിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക മുദ്രയുമുണ്ട്. സാരാനാഥ് സിംഹമുദ്രയ്ക്കു (ദേശീയ മുദ്ര) താഴെ ചുവന്ന ഷീൽഡിൽ 'ഗണ്ടഭേരുണ്ട' എന്നുപേരുള്ള ഇരട്ടത്തലയൻ മാന്ത്രികപ്പക്ഷിയുണ്ട്. പുരാതന ഹൈന്ദവ ഇതിഹാസങ്ങളിൽനിന്നിറങ്ങിവന്ന് മൈസൂർ രാജമുദ്രയിൽ ഇരിപ്പുറപ്പിച്ച പക്ഷിയാണ് ഗണ്ടഭേരുണ്ട. ഇവ സാധാരണയായി കരാരസാസ ബസിന്റെ പള്ളയിൽ കണ്ടുവരുന്നു (കർണാടക രാജ്യ രസ്തെ സാരിഗെ സംസ്തെ- KSRTC) ഈ ഷീൽഡ് പൊക്കിപിടിച്ച് രണ്ട് ആനത്തലയന്മാരായ സിംഹങ്ങളുണ്ട് - ശരഭം എന്നു പേർ. താഴെ സത്യമേവ ജയതേ എന്ന ദേവനാഗിരിയിൽ എഴുതിയിരിയ്ക്കുന്നു.

കന്നഡ നാട ഗീതെ

കർണാടകയ്ക്ക് സ്വന്തമായി ഒരു സ്റ്റേറ്റ് ആന്തം- ഔദ്യോഗിക സംസ്ഥാന ഗാനം -ഉണ്ട്. സ്ക്കൂൾ അസംബ്ലികളിലും പൊതുപരിപാടികളിലും ദേശീയഗാനം + നാട ഗീതെ- ഒന്നും നാലും മൊത്തം അഞ്ചു മിനിറ്റ് മൂക്കു ചൊറിയാതെ അറ്റൻഷനിൽ നിൽക്കണമെന്നു സാരം. പത്മവിഭൂഷണും ജ്ഞാനപീഠ പുരസ്കാരവും നേടിയ രാഷ്ട്രകവി കുവെംപു (കുപ്പള്ളി വെങ്കടപ്പ പുട്ടപ്പ) എഴുതിയ "ജയഭാരത ജനനിയ തനുജാതേ..
ജയഹേ കർണാടക മാതേ.. " എന്നുതുടങ്ങുന്ന പദ്യമാണിത്. കർണാടകയെ ഭാരതജനനിയുടെ മകളായും സഹോദരിമാരുമായി സഖ്യത്തിലുള്ളവളായും വിവിധ ജാതി- മതങ്ങളുടെ കളിത്തൊട്ടിലായും വീരപുത്രൻമാരുടെ (പുത്രിമാർ??😒😥😭 ) മാതാവായും വിവരിക്കുന്നു. ഭൂവിഭാഗത്തിന്റെ വർണ്ണനയും പ്രത്യേകതകളും വിവരിക്കുന്നതോടൊപ്പം ഐക്യവും അന്തസ്സും രാജ്യസ്നേഹവും ഉണർത്തുന്ന വരികൾ. യൂട്യൂബ് ലിങ്ക് തുറന്നു കണ്ടുനോക്കൂ.
https://youtu.be/hIS5m5kVxqw

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ