പ്രതീക്ഷിക്കാതിരിയ്ക്കുമ്പോൾ അറിയാത്തൊരിടത്തുനിന്ന് വിലപ്പെട്ട ഒരു സമ്മാനം നിങ്ങളെത്തേടി വരിക! അറിയാത്ത, കാണാത്ത ഒരാൾ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്ന് അയച്ചു തരിക! എന്തു രസമായിരിയ്ക്കുമല്ലേ?
ഒരു ഫേസ്ബുക്ക് സുഹൃത്താണ് എനിയ്ക്ക് അഞ്ചു മലയാളപുസ്തകങ്ങൾ അയച്ചുതന്നത്. നന്ദി പറയേണ്ടതെങ്ങനെ എന്ന് പകച്ചുപോയി. അഞ്ചിൽ ആദ്യം കയ്യിലെടുത്തത് ടി ഡി രാമകൃഷ്ണന്റെ 'ആൽഫ' എന്ന നോവലാണ്. പ്രിൻറിംഗ് മഷിയുടെ ഇളം മണമുള്ള പുത്തൻ ഏടുകൾക്കുള്ളിൽ മുഖം പൂഴ്ത്തി, കണ്ണടച്ച് ഒരു നിമിഷം... ഒറ്റയിരിപ്പിലാണ് ആൽഫ വായിച്ചു തീർത്തത്.
ഡിസി ബുക്സ് പുറത്തിറക്കിയ ഒതുക്കമുള്ള കൊച്ചുപുസ്തകം. വൈശാഖൻ എഴുതിയ ആമുഖവും ഷാജി ജേക്കബ്, രാജൻ ഗുരുക്കൾ എന്നിവരെഴുതിയ നിരൂപണവുമുണ്ട് പുസ്തകത്തിൽ.
ശ്രീലങ്കയിൽനിന്ന് 759 കിലോമീറ്റർ തെക്ക് ആൽഫ എന്നു പേരിട്ട മനുഷ്യവാസമില്ലാത്ത അജ്ഞാതദ്വീപിലേക്ക് നരവംശ ശാസ്ത്രജ്ഞനായ പ്രഫസർ ഉപലേന്ദു ചാറ്റർജിയും ആറാണുങ്ങളും ആറു പെണ്ണുങ്ങളും ഇരുപത്തഞ്ച് വർഷം നീളുന്ന ഒരു ശാസ്ത്ര പരീക്ഷണത്തിനായി എത്തുന്നതാണ് നോവലിന്റെ തുടക്കം. വസ്ത്രവും അറിവും ഭാഷപോലുമുപേക്ഷിച്ച് ലോകത്തോട് ബന്ധമേതുമില്ലാതെ ആ കാട്ടിൽ കഴിയാൻ വന്നവരിൽ ഓരോരുത്തരും വ്യത്യസ്തരും പ്രഗത്ഭരുമായിരുന്നു. മനുഷ്യന്റെ സ്വഭാവത്തെക്കുറിച്ച് പഠിയ്ക്കാനായി വിചിത്രമായ ഒരു പരീക്ഷണം. വ്യത്യസ്തമായ ഒരു അന്വേഷണം. ആകാംക്ഷയും കൗതുകവും വായനക്കാരിയെ പുസ്തകത്തിൽ തന്നെ പിടിച്ചു നിർത്തി. ലളിതവും കാര്യമാത്രപ്രസക്തവുമായ ആഖ്യാനശൈലി. അലങ്കാരങ്ങളും തൊങ്ങലുകളും എന്തിന് ഉടയാടകൾ പോലുമില്ലാതെ ഒരു കഥയുടെ കാമ്പ്- അതാണീ നോവൽ.
സാമൂഹിക നിയമങ്ങൾക്കതീതമായ, സംസ്കാരത്തെയും അറിവിനെയും ഉപേക്ഷിച്ചുകളഞ്ഞ ഒരു കൊച്ചു സമൂഹം. വ്യക്തിസ്വാതന്ത്ര്യം എന്നതിലെ വ്യക്തി എന്ന പദത്തിനു പോലും അർത്ഥമില്ലാതാകുന്ന പരീക്ഷണ ഭൂമികയിൽ സ്വാതന്ത്ര്യത്തിന്റെ മാനം തന്നെ മാറുന്നു. നാളുകൾക്കുള്ളിൽ ഇതൊരു പരീക്ഷണമാണ് എന്നതു തന്നെ വിസ്മരിക്കുന്ന പരീക്ഷകരും കൂടിയായിരുന്ന പരീക്ഷിതർ തികച്ചും വന്യമായൊരു മാനസികാവസ്ഥയിലെത്തിച്ചേരുന്നു. ഭക്ഷണവും ഇണചേരലും മാത്രം ലക്ഷ്യങ്ങളാകുമ്പോൾ മത്സരങ്ങളും പോരാട്ടങ്ങളും നിറഞ്ഞതാകുന്നു അവരുടെ ജീവിതം. ശക്തിയുള്ളവൻ നേടുകയും ഭരിയ്ക്കുകയും ചെയ്ത ദ്വീപിൽ കുടുംബത്തിന്റെ കെട്ടുകളില്ലാത്ത പുരുഷന്മാർ അലസരും സ്നേഹം, മമത, സഹാനുഭൂതി തുടങ്ങിയ വികാരങ്ങളേതും ഇല്ലാത്തവരുമായി. വർഷാവർഷം പ്രസവിക്കുകയും ഒന്നിലേറെ പേരോട് എപ്പോഴും ഇണചേരുകയും ചെയ്യേണ്ടിവരുന്ന സ്ത്രീകളാകട്ടെ മക്കളെ നോക്കാനോ വളർത്താനോ ബാദ്ധ്യതയില്ലാത്തവരായി, എന്നാൽ അങ്ങേയറ്റം അസംതൃപ്തരായി മാറി.
വിദ്യാഭ്യാസം പോയിട്ട് മുൻ തലമുറയിൽ നിന്ന് പ്രാഥമിക ജ്ഞാനം പോലും ലഭിയ്ക്കാത്ത, സ്നേഹമെന്തെന്നറിയാത്ത, സ്വന്തമായി പേരുകൾ പോലുമില്ലാത്ത പുതു തലമുറ വളർന്നു പ്രത്യുത്പാദന പ്രായമെത്തുന്നതോടെ സംഘർഷങ്ങളും കലാപങ്ങളും കൂടുന്നു.
എല്ലാം പറഞ്ഞാലെങ്ങനെയാ? അവിടെ എന്തൊക്കെ നടന്നേയ്ക്കാമെന്ന് നിങ്ങൾക്കും ഊഹം കാണുമല്ലേ? നോവൽ വായിയ്ക്കുമല്ലോ?
വായിച്ചു തീരാറാകുമ്പോൾ ചെറിയൊരു നിരാശ വായനക്കാരിയെ ഗ്രസിച്ചു. ഇതിൽ ജീവിതമില്ല. സംഭവങ്ങളുടെ രേഖപ്പെടുത്തൽ മാത്രം. എന്നാലത് ഗൗരവതരമായൊരു ശാസ്ത്രീയ രേഖപ്പെടുത്തൽ (സയൻറിഫിക് റിപ്പോർട്ടിംഗ്) അല്ല. തികഞ്ഞൊരു പത്ര റിപ്പോർട്ടിംഗ് പോലെയുമില്ല. നമ്മുടെ 'മ'പത്രങ്ങളുടെ നിയമസഭാവലോകനത്തിൽ ഇതിനെക്കാൾ വികാരം കാണുമായിരിയ്ക്കും!
ഈ നോവൽ എഴുതപ്പെട്ട കാലത്ത് (2003ലാണ് ആദ്യ പ്രസാധനം) തികച്ചും വിപ്ലവാത്മകമായ ഒരു ചിന്ത തന്നെയായിരുന്നു ഇത്. ഇത്തരം പരീക്ഷണങ്ങൾ അമേരിക്കൻ റിയാലിറ്റിഷോകളിൽ പടരാൻ തുടങ്ങിയ കാലം. എബിസി ടിവിയിൽ 2004ൽ 'Lost ' എന്ന സീരിയലിന്റെ തുടക്കത്തിലെ ഏതാനും എപ്പിസോഡുകൾ കണ്ടിട്ടുണ്ട്. 2010 വരെ നീണ്ട ആ തുടർക്കഥയിൽ വിമാനം തകർന്ന് അജ്ഞാത ദ്വീപിലെത്തുന്ന ഒരുപറ്റം യാത്രക്കാരുടെ ജീവിതമായിരുന്നു പ്രമേയം. സിസി ക്യാമറകളും സമൂഹത്തിൽ നിന്നു പറിച്ചുമാറ്റിയ പരീക്ഷണമനുഷ്യരുമായി എത്രയെത്ര റിയാലിറ്റി ഷോകളാണ് ലോകമെമ്പാടും അരങ്ങേറിയത്! നമ്മുടെ മലയാളി ഹൗസും ബിഗ് ബോസുമൊക്കെ അതിന്റെ വകഭേദങ്ങളല്ലേ?
പ്രിയപ്പെട്ട കഥാകൃത്ത്, കൗതുകവും ജിജ്ഞാസയുമുണർത്തുന്ന, സാധ്യതകളുടെ ഉറവയുള്ള നല്ലൊരു പ്രമേയം ഏതോ തിരക്കിനിടയിൽ എഴുതിത്തീർത്തു കടമ നിർവഹിച്ചതു പോലുണ്ട്. ആദ്യം പരാമർശിച്ചതു പോലെ ഇതൊരു കഥയുടെ കാമ്പാണ്. ബൃഹത്തായ, ജീവിതഗന്ധിയായ കഥയുടെ സൂക്ഷ്മ ദർശനങ്ങൾ നടക്കേണ്ടത് വായനക്കാരുടെ മനസ്സിലെ കാല്പനിക വേദിയിലാണ്. 'പൂർണസ്വാതന്ത്ര്യം' എന്ന മരീചിക ജീവിതത്തിലൊരിയ്ക്കലെങ്കിലും വ്യാമോഹിക്കാത്ത മനുഷ്യമനസ്സുണ്ടാവില്ല. അതിലെ സാധ്യതകൾ തിരയുമ്പോൾ നമ്മിൽ മിക്കവരും കാണാതെപോകുന്ന പ്രതികൂലനങ്ങൾ കഥാകൃത്ത് ഇവിടെ നിരത്തുന്നു. പ്രകൃതിയുടെ നിയമം വളരെ ലളിതമല്ലേ? അതിജീവനവും പ്രകൃതി നിർദ്ധാരണവും എത്ര ഋജുവായാണ് പേശീബലത്തിൽ ഊന്നി നിൽക്കുന്നത്! കയ്യൂക്കു മാത്രം കാര്യക്കാരെ തീരുമാനിയ്ക്കുമ്പോൾ പരസ്പരബഹുമാനമോ, മമതയോ, സഹാനുഭൂതിയോ വേണ്ടാത്ത ലോകത്ത് മനുഷ്യത്വമില്ലാതാകുന്നു.
'പണ്ട് ഉണ്ടായിരുന്നെന്നും ഇപ്പോഴില്ലെന്നും' സ്പീഷീസിൽ മുക്കാലും വിലപിക്കുന്ന ഈ 'മനുഷ്യത്വം' വന്യഗൃഹത്തിൽ നിന്ന് നമുക്ക് ലഭിച്ചതല്ല; മറിച്ച് വിദ്യാഭ്യാസത്തിലൂടെയും സംസ്കാരത്തിലൂടെയും നാം ആർജിച്ചെടുത്തവയാണ്, പകർന്നു കൊടുക്കുന്നവയാണ്. സ്നേഹവും സഹാനുഭൂതിയും സമഭാവനയും ഏറ്റവും കൂടിയ ഒരു കാലഘട്ടത്തിലാണ് ഞാൻ ജീവിയ്ക്കുന്നതെന്ന സമാധാനവും ബോധവും എനിയ്ക്ക് എപ്പോഴും ഉണ്ടായിരിയ്ക്കട്ടെ. നിങ്ങൾക്കോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ