കല്ലോലിനിയായ പയസ്വിനിയ്ക്കപ്പുറത്തെ കൂപ്പുകളിൽ നിന്നിറങ്ങി, തോട് കടന്ന് തോട്ടത്തിലേയ്ക്ക് കയറി മരങ്ങളായ മരങ്ങളൊക്കെ വിളവെടുത്തു മുന്നേറുന്ന വാനരപ്പട! ആടുന്ന തെങ്ങോലകൾ, ഉലയുന്ന ശിഖരങ്ങൾ, ശബ്ദമുയർത്തുന്ന പച്ചപ്പുതപ്പുകൾ... അവക്കുള്ളിൽ മറഞ്ഞിരുന്ന് കിളിർപ്പുകളും തളിരുകളും പൂക്കളും കായ്കളും എന്നുവേണ്ട ജീവന്റെ സാധ്യതകളെ മുഴുവൻ പിച്ചിയെടുത്തു കിള്ളിത്തിന്ന്, നിരർത്ഥകമായി ഉതിർത്തു കളഞ്ഞു നിലനിൽപ്പിന്റെ കഠിനപാഠങ്ങളെ വീണ്ടുമൊരിയ്ക്കൽ അനുഭവിച്ചു പഠിപ്പിയ്ക്കാൻ അനന്തമായി പുനരാവർത്തിയ്ക്കേണ്ട ഒരു ഗൃഹപാഠത്തിലേയ്ക്ക് തോട്ടത്തെ തള്ളിവിട്ടു നിസംഗമായി കടന്നുപോകുന്ന പ്രകൃതിയുടെ അധ്യാപകർ.
ഇറയത്തുനിന്ന്, അങ്ങകലെ ഇലച്ചാർത്തുകൾക്കിടയിലൂടെ തെളിയുന്ന ആകാശ നീലയുടെ ഇത്തിരി വട്ടങ്ങളെ സൂക്ഷ്മതയോടെ അരിച്ചു പെറുക്കുമ്പോൾ കാണാം വിടർന്നു മായുന്ന പ്രകാശദ്വാരങ്ങളും ഉലയുന്ന പച്ചപ്പും.
"ഓ! വന്നു."
വാഴക്കറ വികൃതമായി നിറംകൊടുത്ത വലിയ ഷർട്ടെടുത്തിട്ട്, പാളത്തൊപ്പിയും വെച്ച് ജനാലപ്പടിയിലെ അരവണ ഡപ്പിയിൽ നിന്ന് രണ്ടു വെടിയുണ്ടകൾ എടുത്തു പോക്കറ്റിലിട്ട്, മൂലയ്ക്ക് ചാരിനിന്ന എയർഗണ്ണെടുത്ത്, വഴക്കത്തോടെ കാൽമുട്ടുയർത്തിയൊടിച്ച്, മൂന്നാമതൊരുണ്ട അതിൽ തിരുകി, നിവർത്തി തോളത്തു വെച്ചു കർക്കിടകപ്പേമാരിയിലേയ്ക്കോ, മീനച്ചൂടിലേയ്ക്കോ ഇറങ്ങിച്ചെല്ലുമ്പോഴുതിർക്കുന്ന ദീർഘ നിശ്വാസത്തിനു ശാപത്തിന്റെ കനമാണ്. മണിക്കൂറുകളോളം നീളുന്ന ഒളിയുദ്ധങ്ങൾക്കവസാനം കൊതുകടിച്ചു തിണർത്ത വൃത്തങ്ങളിൽ നിന്ന് ഉരഞ്ഞുപൊടിയുന്ന തോലൂതിക്കളഞ്ഞ് കണ്ണുയർത്തുമ്പോൾ കാണാം.. പരാജയപ്പെട്ട മരങ്ങൾ അജ്ഞത മൂലം വീണ്ടുമൊളിപ്പിയ്ക്കുന്നൊരു കുറ്റവാളിയെപ്പോലെ അങ്ങകലെ ഒരു ഒറ്റക്കൊരങ്ങൻ...
വെള്ളമൊഴിഞ്ഞ ഇളനീർ തൊണ്ടുകൾ അറ്റുവീണ ശിരസ്സുകൾ പോലെ ചപ്പിലകളിലൂടുരുളും. ഇനിയുമൊരു വെല്ലുവിളിയ്ക്ക് ആവതില്ലാതെ ചക്രവാളത്തിലേയ്ക്കയച്ച തളർന്ന നോട്ടങ്ങൾ അയക്കോലിൽ നിന്നു പടർന്ന ചിലന്തിവലയിൽ തടഞ്ഞൊട്ടും. ദാഹിച്ച തൊണ്ടയും മനസ്സും നനച്ച്, നാവു തരിപ്പിച്ച് താഴോട്ടിറക്കി വയർ നിറയെ കുടിയ്ക്കാൻ മധുര വെള്ളവും മൂക്കാത്ത മൃദുലമായ കാമ്പും തരേണ്ട അമൃതകുംഭങ്ങൾ ഓട്ട വീണ് ഈച്ചയാർത്തു കിടക്കും - ഏറെ ദിനങ്ങൾ. കനക്കാതിരിയ്ക്കുവാൻ കൽക്കണ്ടമിട്ടു വെയ്ക്കുന്ന വലിയ വെള്ളക്കാനിന്റെ അർദ്ധതാര്യമായ പള്ളയിൽ പകുതി മാത്രമെന്ന് അടയാളപ്പെടുത്തുന്ന വെളിച്ചെണ്ണ പ്രതലം നഷ്ടബോധം നിറയ്ക്കും - വർഷം മുഴുവനും.
കാവൽക്കാരിയായ തോട്ടക്കാരി തോറ്റു തളർന്നു പിന്മാറിക്കഴിഞ്ഞിട്ടും ഒരിയ്ക്കലും തോൽക്കാത്ത, ശത്രുവിനെപ്പോലെ തോട്ടത്തിൽ ഇനിയൊരു ദ്വന്ദത്തിന് കാത്തിരിയ്ക്കുന്ന ഒറ്റക്കുരങ്ങുണ്ടല്ലോ - സന്യാസം കാംക്ഷിയ്ക്കുന്ന ഗൃഹസ്ഥയുടെ മനസ്സിലെ തളയ്ക്കാനായിട്ടില്ലാത്ത മോഹക്കൊമ്പനെപ്പോലെയാണവൻ. മനസ്സാകുന്ന തോട്ടത്തിലെ പ്രതീക്ഷ പൂക്കുന്ന, സ്വപ്നം കായ്ക്കുന്ന മരങ്ങൾ ദയാപൂർവ്വം ഒളിയ്ക്കാനിടം കൊടുക്കുന്ന മോഹക്കുരങ്ങൻ. ഒരു നാമ്പു കിള്ളിയാൽ താഴെ, തായ്ത്തണ്ടിൽ പുതിയ നാമ്പുകൾ മുള പൊട്ടുമെന്നറിയുന്ന, പരീക്ഷണങ്ങളുടെ പുനരാവർത്തനപാഠം കൊണ്ട് മനംമടുപ്പിയ്ക്കുന്ന ഗുരു. മനസ് അടിയറവു പറഞ്ഞാൽ ചിന്തകളെയും വശംവദനാക്കുന്ന പ്രിയംകരനായ ഒരു ഹൈജാക്കർ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ