മാന്യമഹാജനങ്ങളേ.. ഓടിവരീൻ, ചാടിവരീൻ...
ഇന്നലെ വാൻ ഡ്രൈവർ മലയ്ക്കു പോയതുകാരണം (!) കുഞ്ഞമ്മിണിയെ ഞാൻ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നു. ലഞ്ച് ബാഗ് വട്ടത്തിൽ കറക്കി, ഓടിച്ചാടി അവൾ നടന്നു. ലക്ഷക്കണക്കിന് കിലോയുള്ള സ്കൂൾ ബാഗും തോളത്തിട്ട് ഞാൻ അവളെ പതിയെ പിന്തുടർന്നു.
"അമ്മാ, ഈ അപ് ഒക്കെ മാറി ഇവിടൊക്കെ ഡൗൺ മാത്രമായിരുന്നെങ്കിൽ.. എനിക്ക് ഡൗൺ ആണിഷ്ടം."
നാലടി കൊണ്ട് താണ്ടാവുന്ന ചെറിയൊരു കയറ്റത്തിനു മുന്നെ തിരിഞ്ഞു നോക്കി അവൾ പറഞ്ഞു. പഴയ സ്കൂൾ വഴികൾ മനസ്സിൽ മിന്നി മറഞ്ഞപ്പോൾ പഴയ തലമുറയ്ക്ക് മാത്രമാകാവുന്ന ഒരു വിമർശനാത്മക നോട്ടം ഞാനവളെ നോക്കി. ആ കൊച്ചു കയറ്റം ഓടിക്കയറി പിന്തിരിഞ്ഞവൾ നിന്നു.
"ഞാൻ വലുതാകുമ്പോ വഴിയിലെ അപ് എല്ലാം ഡൗൺ ആക്കാൻ ഒരു ഇൻവെൻഷൻ നടത്തും. റോഡിന്റെ ഒരു ലെയറിനു താഴെ ഒരു പ്രത്യേക സാധനം ഘടിപ്പിക്കും.."
ആഹാ! എന്തു മനോഹരമായ നടക്കാത്ത സ്വപ്നം...
"എന്നിട്ടതിന് പ്ലം പ്ലീ പ്ലും പ്ലീ എന്നു പേരിടും."
ഹെന്ത്!!
എന്റെ മനസ്സിൽ നിന്നൊരു സുരേശ് മുറ്റത്തേയ്ക്ക് തിരിഞ്ഞുനോക്കി. തലയിൽ നിന്നൊരു മൈന പാറിപ്പോയി. മലപ്പുറം കത്തിയെ നിഷ്പ്രഭമാക്കുന്നവളേ, സംവൃതാ ഡാകിനീശ്വരീ.. എന്താ പേര്!
"പ്ലം പ്ലീ പ്ലും പ്ലീ.. എന്തു നല്ല പേരല്ലേ. എന്താറിയ്വോ, ആരും മറന്നു പോകില്ല ഇത്ര ഡിഫറെന്റായ പേരിട്ടാൽ."
പിന്നിൽ നടന്ന ഞാൻ തലയാട്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
"മമ്മാ, ഡു യൂ നോ വാട്ടീസ് ശാംപട്?"
''ശ്യാം ഭട്ടോ? ആവോ. എനിയ്ക്കറയില്ല."
" ശാംപട് മീൻസ് ബ്ലാക് ബോർഡ് ഇൻ ഹിന്ദി.''
ഓ, ഹിന്ദിയാണെന്ന് ആദ്യമേ പറഞ്ഞാൽ ഞാനൂഹിച്ച് പറയാമായിരുന്നു. ഒന്നുമില്ലേലും സെൻട്രൽ സ്ക്കൂളിലെ ശാംപട്ടിൽ നാലു കൊല്ലം കുത്തി വരച്ചതല്ലേ. ദിവസോം പുതിയതോരോന്ന് പഠിച്ചോണ്ടു വന്ന് എന്നോടു ചോദിച്ചോളും. വന്ന് വന്ന് ഞാനൊരു ടീച്ചറായിരുന്നൂന്ന്ള്ള ബഹുമാനം തന്നെ ഇല്ലാണ്ടായി.
"മദർ, സാഹിത്യാസ് ഹോം."
ഗേറ്റിനപ്പുറം നിന്ന് കൈ കാട്ടിച്ചിരിച്ച സാഹിത്യയെ ഞാൻ മൈന്റാക്കി. ബാലദിവസത്തിന് സ്കൂളിൽ നിന്നും കിട്ടിയ പ്ലാസ്റ്റിക് ചട്ടിയിലെ അവളുടെ വാടിയ ചെടി കണ്ടു. ദുരിതാശ്വാസ ക്യാമ്പിലെ അഭയാർഥിയെപ്പോലെ ഇതെന്റെ വീടല്ലെന്ന് കരയുന്ന അവളുടെ ചെടിയെ നോക്കി എന്റെ മോൾടെ ചെടി എത്ര ഭേദം, ഞാനെത്ര കേമത്തി എന്ന് ഊറ്റം കൊണ്ടു.
സാഹിത്യയേം പരിചയപ്പെട്ട്, സ്കൂളിലെ വിശേഷങ്ങളും പറഞ്ഞു പോരുമ്പോഴാണ് മകൾ പോക്കറ്റിൽ നിന്ന് അതു പുറത്തെടുത്തത്. അതുതന്നെ. നിങ്ങൾ ആകാംക്ഷയോടെ സൂം ചെയ്തു കാട്ടമാണോ, മുട്ടയാണോ എന്നൊക്കെ ഗോസിപ്പടിച്ച അതേ സാധനം. താഴെ ചിത്രത്തിലുള്ളത്.👇
എന്താത് ! എന്ന് അന്തംവിട്ടു നോക്കുന്ന എന്നോടവൾ പറഞ്ഞു,
"എനിക്ക് പുതിയത് വേണം. ഇതോരോ പ്രാവശ്യവും ഉരുണ്ട് ഡെസ്ക്കിനടീൽ വീഴുമ്പോ തിരയുന്നതാണ് എന്റെ പണി. എഴുത്ത് സ്ലോ ആവുമമ്മാ."
ഇനീം മനസ്സിലായില്ല?
നമ്മടെ യൂഫോർബിയ ഫാമിലീലുള്ള ഹീവിയ ബ്രസീലിയൻസിസില്ലേ? അതിന്റെ ഒരു സെക്കൻഡറി മെറ്റബോളൈറ്റാണ്. വൈറ്റ് മിൽക്കി സെക്രീഷനായി വരുമ്പോൾ നമ്മളെടുത്തു ഷീറ്റടിച്ചു ഉണക്കി വിൽക്കും. ലാറ്റക്സ്.. പാരാ റബ്ബർ എന്നും പറയും. പച്ച മലയാളത്തില് റബ്ബറ്, മായ്ക്കഡബ്ബറ് എന്നൊക്കെ വിളിച്ചിരുന്ന ഇറേസർ. 🤣😁
തല്ലാനാളെ വിളിയ്ക്കണച്ചാൽ കൊട്ടേഷൻ എനിയ്ക്കെന്നെ തരാമ്പറഞ്ഞു..😌 പൈസ തന്നാൽ ഞാൻ സ്വയം തല്ലി നന്നായ്ക്കോളാം.🙄
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ