അത്യുത്തമ കുലസ്ത്രീയായി വളരാനുള്ള എല്ലാ പൊട്ടൻഷ്യലുമുണ്ടായിരുന്ന നിഷ്കളങ്കയായ ഒരു പിഞ്ചു ബാലികയുടെ എഴുതാച്ചരിത്രമാണിത്.
കുലസ്ത്രീയാകേണ്ടിയിരുന്നവളുടെ വഴിമുടക്കിയ രണ്ടുനാറ്റക്കഥകൾ. രണ്ടിനും സാക്ഷി സിമൻറ് മിറ്റം! കൊതുകിൻ കുഞ്ഞുങ്ങൾ കൂത്താടുന്ന കൊഴുത്തുകറുത്ത വെള്ളം ഒഴുകിയിരുന്ന ചാൽ അതിരിട്ട സിമൻറ് മിറ്റം. പഴയ കൂറ്റൻ ആട്ടുകല്ലിനകത്തെ കൊച്ചു ആവാസവ്യവസ്ഥയിൽ ഒരിക്കലും പൂവിരിയാത്ത നീലാമ്പലും ആമ്പൽ തണ്ടുകൾക്ക് രോമം മുളച്ചപോലെ വളർന്നുവന്ന നനുത്ത പായലും ഇടയിലൂടെ നീന്തിനടന്ന സാരീവാലൻ മീനുകളുമുള്ള അതേ സിമൻറ് മിറ്റം. മിറ്റത്തിനൊരു സൈഡിൽ പശുത്തൊഴുത്ത്.
ഒരൂസം നാലു വയസ്സുള്ള പിഞ്ചു ബാലിക മഴക്കാലത്ത് പച്ചപ്പായൽ പിടിച്ച് വഴുക്കലായിക്കിടക്കുന്ന സിമന്റ് മിറ്റത്തങ്ങിങ്ങായി ഇട്ട പൊട്ടിയ ഓടിൻ കഷ്ണങ്ങളിൽ ചവ്ട്ടി തെന്നി വീഴാതെ ചാലിനരികിൽ പോയി മൂത്രിച്ചിട്ട് വരികയായ്രുന്നു. കുട്ടപ്പനെന്ന വികൃതിയായ മൂരിക്കുട്ടൻ കെട്ടഴിഞ്ഞ് ആലയിൽ നിന്ന് വാച്ച് ചെയ്യ്ണ കാര്യം പാവം പിഞ്ചു അറിഞ്ഞില്ല. അവനും അവളും ശുദ്ധവൈരികളായിര്ന്നു. മൂത്രൊഴിച്ച് ഓട്ടിൻ കഷ്ണങ്ങളിലൂടെ ബാലൻസ് ചെയ്ത് വരുന്ന അവളെ ടാർഗെറ്റു ചെയ്ത് എറയത്ത് കേറാനായപ്പോഴേയ്ക്കും മൂരിക്കുട്ടൻ ഓടിച്ചു. എറയത്തു കേറ്ണേനു പകരം വഴ്ക്കല്ളള മിറ്റത്ത് ഐസിലൂടോട്ണ ടോമിനെപ്പോലെ രണ്ടുവൃത്തം മുഴുമിപ്പിച്ച് തെന്നി ചാലിൽ വീണവൾ. ചാണകവെള്ളം കണ്ണിലും മൂക്കിലും വായേലും... ജഗതിയും സലീംകുമാറുമൊക്കെ എത്ര ധീരരായ കലാകാരന്മാരാണെന്നത് നിങ്ങളേക്കാൾ മനസ്സിലാക്കുന്ന ചിലരിവിടുണ്ടെന്നു മാത്രം അറിയൂ. വൃത്തിക്കാരി അമ്മായി ദൂരെ നിന്ന് വെള്ളം തേവി വലിയവായിൽ കാറുകയായിരുന്ന പിഞ്ചു ബാലികയെ എങ്ങനെയോ കുളിപ്പിച്ചെടുത്തു. ലൈഫ്ബോയ് സോപ്പ് തേഞ്ഞെങ്കിലും മുടിയിഴകൾക്കിടയിൽ നിന്ന് വമിച്ച ചാണകഗന്ധത്തിൽ കുലസ്ത്രീ പട്ടം അന്നേ അവളിൽനിന്നകന്നു.
രണ്ടേരണ്ടു കൊല്ലം കഴിഞ്ഞൊരൂസം പുണ്യപുരാതന വയറിങ്ങുള്ള ആ വലിയ വീട്ടിലെ ലൂസ് കോൺടാക്ടുള്ള സ്വിച്ചുകൾ പരിശോധിച്ചു നേരെയാക്കാൻ ചെറിയച്ഛനൊരുങ്ങി. ഇലാസ്റ്റിക് നീണ്ട് അഴിഞ്ഞു വീഴാൻ പോണ ട്രൗസറും മൂക്കീന്നൊലിയ്ക്ക്ണതും ഇടയ്ക്കിടെ വലിച്ചു കേറ്റേണ്ട ചൊമതലയുള്ള ഏട്ടൻ ഉത്സാഹഭരിതനായി ബൾബ്, കട്ടിംഗ് പ്ലേയറ്, ഇൻസുലേഷൻ ടേപ്പ് ന്നതൊക്കെ പിടിച്ച്ങ്ങനെ നിക്കുമ്പോ മ്മടെ പിഞ്ചുബാലികയ്ക്കും ഒരാഗ്രഹം- എന്തെങ്കിലുമൊക്കെ പിടിയ്ക്കാൻ. സഹായിയ്ക്കാനുള്ള വ്യഗ്രത കാരണം ചോയ്ച്ചുചോയ്ച്ച് അവസാനമൊരു ടോർച്ചിന്റെ ബൾബ് കിട്ടി പിടിക്കാൻ. കരണ്ടുണ്ടോന്ന് നോക്കാൻ ടെസ്റ്ററായിട്ടുപയോഗിച്ച ബൾബാകുമോ? ആ ! എന്തേലുമാവട്ടെ. കുഞ്ഞി ബൾബും പിടിച്ച് ഏട്ടനൊപ്പം അവൾ സ്റ്റൂളിക്കേറിനിന്ന് പണിയണ ചെറിയച്ഛനേം നോക്കി കൊറേ നേരം നിന്നു. ഏട്ടനോടാണെങ്കി, ചെറിയച്ഛൻ അപ്പപ്പോ ഓരോ സാമാനങ്ങൾ ചോയ്ച്ച് മേടിയ്ക്കണൂ - തിരിച്ചുകൊടുക്കണു. എടയ്ക്ക് സ്റ്റൂളുമ്മേന്നെറങ്ങിപ്പോയി മെയിൻ സ്വിച്ച് ഓണാക്കുണൂ; ഓഫാക്കുണു. താലപ്പൊലീം ചെണ്ടേം കോമരോം ആനേം തിടമ്പും ആനക്കാരും കഴിഞ്ഞ് ഏറ്റോമവസാനം ഓഫ് സ്റ്റേജിൽ, ഓഫ് ലൈറ്റിൽ പോണ പിന്നിലെ പന്തക്കാരനെപ്പോലെ കൊറേ നേരം ഇതികർത്തവ്യാമൂഢയായി ആ കുഞ്ഞുബൾബും പിടിച്ചു നിന്ന നമ്മുടെ പിഞ്ചു ബാലിക എപ്പോഴോ ബാൽരമ വായിക്കാനോടിപ്പോയി. പണിയെല്ലാം കഴിഞ്ഞ് ടോർച്ച്ല് ഫിറ്റ് ചെയ്യാനായി ബൾബ് ചോയിച്ച് ഏട്ടൻ വന്നു; ചെറിയച്ഛൻ വന്നു.
"ബൾബെവിടെ?"
"ഞാൻ തന്നല്ലോ!" പിഞ്ചുബാലിക.
''ഇല്ല! നീ തന്നില്ല. എവിടെ വെച്ചു?" ചെറിയച്ഛൻ.
"അറിയില്ല." പിഞ്ചുബാലിക. ''ഇവൾ വായിലിട്ട് കടിയ്ക്ക്ണ ശബ്ദം ഞാങ്കേട്ടു." ഏട്ടനാണ്. നമുക്കു മുന്നേം പിന്നേം ജനിച്ച യൂദാസുകളെ ജനങ്ങൾ സഹോദരരെന്നു വിളിയ്ക്കുന്നു.
ശരിയാണ്. കയ്യിപ്പിടിച്ചു മടുത്തപ്പോ ഹനുമാന്റെ കഥയോർത്ത് അത്ഭുതം മൂത്ത് വെളിച്ചം പരത്തുന്ന ആ കൊച്ചു കൗതുകപ്പഴം അവൾ വായിലിട്ടിരുന്നു. പാൽപ്പല്ലുകൾക്കിടയിലൂടെ കിരുകിരാ ശബ്ദമുണ്ടാക്കിക്കൊണ്ടത് വായിലാകെ തിരിച്ചു രസിച്ചപ്പോൾ ഏട്ടനടുത്തുണ്ടായിരുന്നു. എന്തോ മിണ്ടിയപ്പോ അതങ്ങു വിഴുങ്ങിപ്പോയി. കസേരേമ്മേലുള്ള ചെറിയച്ഛനടുത്ത് മേപ്പോട്ടുംനോക്കി വായുംപൊളിച്ചു നിക്കായിരുന്നില്ലേ.
"എന്ത്???!!!"
"കടിച്ചു തിന്നോ ന്റെ കുട്ട്യേ?" തലേക്കൈവെച്ച് അമ്മമ്മ.
''ഇല്ല; കടിച്ച്ട്ടില്ല" കുറ്റബോധത്തോടെ പിഞ്ചുബാലിക.
"വായ തൊറക്ക്, നാവുമുറിഞ്ഞോ? നോക്കട്ടെ." ആധിയോടെ എല്ലാരും കൂടി.
പിഞ്ചുബാലികയ്ക്ക് മൈസൂർപ്പഴം പണ്ടേ ഷ്ടല്ല. പഴ്ത്തതും ചീഞ്ഞതും എല്ലാങ്കൂടെ അരക്കൊല പഴം ഇരുത്തിത്തീറ്റിച്ചു. മോളുക്കൂട്യാച്ചാ മോളുക്കൂടെ; താഴേക്കൂട്യാച്ചാൽ താഴേക്കൂടെ - ഇപ്പൊക്കിട്ടണം ബൾബ്. ന്നാലേ അമ്മമ്മയ്ക്ക് സമാധാനാവൂ. കണ്ണ് നെറച്ച് തൊണ്ടേക്കൂടെ പഴം തള്ളിക്കേറ്റുമ്പോഴും ഉള്ളിലവൾക്ക് സന്തോഷം തോന്നി. എല്ലാരും ന്നെ ശ്രദ്ധിയ്ക്കുന്നു. അല്ലേങ്കി മൈൻറില്ലാത്ത അമ്മേമച്ഛനും കൂടെ എടയ്ക്കെടയ്ക്ക് വന്നു നോക്കുണു.
പിന്നെ അമ്മമ്മ കൊണ്ടോയി സിമൻറ് മിറ്റത്തിരുത്തി. പുരോഗതി നിരീക്ഷിച്ച് അപ്പപ്പോൾ റിപ്പോർട്ട് സമർപ്പിക്കാനായി ഏട്ടനും അനുജത്തിയും പട്രോളിങ്ങിനിറങ്ങിയപ്പോഴൊക്കെ പിഞ്ചുബാലിക നാണംകൊണ്ട് വിജൃംഭിച്ച് പോയി.
അങ്ങനെ ത്ര വലുതായീട്ടും മിറ്റത്തിരുന്നപ്പീട്ടോണ്ട് അവളിലുയിർക്കേണ്ടീരുന്നതായിരുന്ന കുലസ്ത്രീ അധ:പതിച്ച് നശിച്ചുപോയി.
"ബൾബ് വിഴുങ്ങീ" ന്ന് എരട്ടപ്പേരുള്ള ആരെങ്കിലും ഇദ് വരെ കുലസ്ത്രീയായിട്ട്ണ്ടോ? ങ്ങള് പറയിൻ.
NB: ആകാംക്ഷാപൂർവ്വം ബൾബിന്റെ സുഖവിവരം അന്വേഷിക്കുന്ന കമൻറുകൾക്ക് മറുപടി പറയുന്നതല്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ