2018 സെപ്റ്റംബർ 18, ചൊവ്വാഴ്ച

മൈസൂരു മല്ലി ഗെ

"ദീപവു നിന്നദെ, ഗാളിയു നിന്നദെ... "

ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത് 1992 ൽ റിലീസ് ആയ 'മൈസൂരു മല്ലിഗെ ' എന്ന കന്നഡ സിനിമയിലെ ഈ പാട്ടാണ്. എസ് ജാനകി ആലപിച്ച ഈ ഗാനത്തിന് വരികൾ എഴുതിയത് കെ എസ് നരസിംഹസ്വാമിയാണ്. മികച്ച കന്നട ഫീച്ചർ ഫിലിമിനുള്ള നാഷണൽ അവാർഡ് നേടിയ മൈസൂരു മല്ലിഗെ ശ്രദ്ധേയമായൊരു കാവ്യാധിഷ്ഠിത നാടകസിനിമയാണ്. ടി എസ്  നാഗാഭരണ, സി അശ്വഥ്, ബസവരാജ എന്നിവർ ചേർന്ന് തിരക്കഥയെഴുതിയ ഈ ചിത്രം സംവിധാനം ചെയ്തത് ടി എസ് നാഗാഭരണയാണ്. ഗിരീഷ് കർണാട്, സുധാ റാണി, എച്ച് ജി ദത്താത്രേയ, ആനന്ദ് എന്നിവരഭിനയിച്ച ഈ സിനിമയിലെ ഒൻപത് പാട്ടുകളും ശ്രദ്ധേയമാണ്. കെ എസ് നരസിംഹ സ്വാമിക്ക് മികച്ച ഗാനരചയിതാവിനുള്ള നാഷണൽ അവാർഡ് ഈ സിനിമയിലൂടെ ലഭിച്ചു. 1994 പുറത്തിറങ്ങിയ '1942 A Love Story' എന്ന ഹിന്ദി സിനിമ മൈസൂരു മല്ലിഗെയിൽനിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിക്കപ്പെട്ടതാണ്.

ഗാനത്തിന്റെ അർത്ഥം ഒന്നു വായിച്ചു ലിങ്ക് തുറന്നു കേൾക്കൂ. എത്രത്തോളം രക്തബന്ധമുള്ള സഹോദരിമാരാണ് കന്നടയും മലയാളവും എന്നു നിങ്ങൾ ഏറ്റവും മധുരതരമായി തിരിച്ചറിയാൻ പോകുന്നു.

ദീപവും നിന്റേത്, കാറ്റും നിന്റേത്...
കെടാതിരിക്കട്ടെ വിളക്ക്...
കടലും നിന്റേത്, കപ്പലും നിന്റേത്...
മുങ്ങാതിരിക്കട്ടെ ജീവിതം...

കുന്നും നിന്റേത്, താഴ്‌വാരവും നിന്റേത്...
സ്നേഹം നിറഞ്ഞു കവിയട്ടെ... നിഴലും വെയിലുമെല്ലാം നിന്റേത്...
ഇരിക്കട്ടെ ഒരേപോലെ...

അപ്പോൾ ഒരു മിന്നൽ, ഇപ്പോൾ ഒരു മുകിൽ...
നിനക്കെല്ലാം അലങ്കാരങ്ങൾ... അവിടൊരു പക്ഷി, ഇവിടൊരു മുകുളം...
നിനക്കു നമസ്കാരം... അവിടൊരു രണദുന്ദുഭി, ഇവിടൊരു വീണ...
രണ്ടും നിന്റെ പ്രതിധ്വനി...

ആ മഹാകാവ്യം... ഈ ഭാവഗീതം...
നിൻ പദധ്വനി...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ