2018 സെപ്റ്റംബർ 17, തിങ്കളാഴ്‌ച

ബാലി

ആകാശം ചൂണ്ടിക്കാണിച്ച് നീ നിൽക്കുമ്പോഴൊക്കെ കാരിരുമ്പ് കൊണ്ട് പണിഞ്ഞ മറ്റൊരു ചങ്ങല ഞാൻ തന്നെ കാലിലണിയുന്നു. ഒരു ചിലങ്കപോലെ സ്നേഹത്തോടെ ഞെരിയാണിയിൽ പറ്റിക്കിടക്കുന്ന അതിന് പാമ്പുടലിന്റെ നിശബ്ദതയാണെന്നുമാത്രം.

പാതിരാവിൽ ഞെട്ടിയുണർന്നു ഞാൻ അവനായി ദാഹിക്കുമ്പോൾ, അതുവരെയുണ്ടായിരുന്ന നേർത്ത കൂർക്കംവലി നിലച്ച് നീ മൗനിയായി ഇരുട്ടിലേക്ക് കണ്ണുകൾ തുറന്നു നിസ്സഹായനായി കിടന്നപ്പോൾ എൻറെ കാലിൽ വരിഞ്ഞ നാഗം വാ പിളർന്ന് എന്നെ വിഴുങ്ങാൻ തുടങ്ങി. കനൽ പോലെരിയുന്ന അതിന്റെ അന്നനാളത്തിലെ ദഹനരസങ്ങൾ എന്നിലവശേഷിച്ച അഹങ്കാരത്തെയും ലജ്ജയേയും ദഹിപ്പിച്ച് എന്നെ അഗ്നിശുദ്ധി വരുത്തി. നിന്റെ ഹൃത്തിൻ കനൽ വെളിച്ചത്തിൽ ഞാനും, എൻറെ ഹൃത്തിൻ കനൽ വെളിച്ചത്തിൽ നീയും കാഞ്ചനം പോലെ തിളങ്ങി.

അപ്പോൾ ഞാൻ ഏറ്റു പറഞ്ഞ കഥ ബാലിയുടേതായിരുന്നു. എതിരാളിയുടെ അർദ്ധബലം ആഗിരണം ചെയ്ത് വീണ്ടും ബലിഷ്ഠമാകുന്ന എന്റെ മനസ്സിലെ രാജാവിന്റെ പ്രതിഷ്ഠ- എന്റെ സാമ്രാജ്യത്തിന്റെ അധിപൻ.

തമസ്സിന്റെ ബാലികേറാമലയിൽ ഒളിപ്പിക്കാൻ മാത്രം ലജ്ജാകരമായി, നിന്ദാവഹമായി ഞാനാരെയും എടുക്കാനൊരുക്കമില്ലിപ്പോഴും... ഒരു നിമിഷാർദ്ധം പോലും.

അതുകൊണ്ട് മഹാറാണിയ്ക്ക് ചാണക്യന്റെ പണിയുമുണ്ടെന്നു മാത്രം😉😎🙃😌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ