തറവാട്ടിൽ നാലഞ്ചുവർഷമായി ചായയും മോരുമുണ്ടാക്കിയിരുന്നത് ലക്ഷ്മിയുടെ പാലു കൊണ്ടായിരുന്നു. ജേഷ്ഠത്തിയ്ക്ക് അമ്മവീട്ടിൽനിന്ന് അവരുടെ ഏട്ടൻ സമ്മാനം കൊടുത്ത പശുവാണ് ലക്ഷ്മി. മൂന്നു മാസം ഗർഭിണിയായിരുന്ന ലക്ഷ്മി ഒരിക്കൽ വെള്ളമില്ലാത്ത തോട്ടിൽ വീണു. അവളുടെ ഇടുപ്പെല്ലു പൊട്ടിയിരിക്കണം. പുറത്ത് വലിയൊരു മുറിവുണ്ടാകുകയും ചെയ്തു. കാടും മലയും തിരഞ്ഞു തിരഞ്ഞ് രണ്ടാം നാളാണ് അവളെ കണ്ടുകിട്ടിയത്. ജീപ്പിൽ കയറ്റി വീട്ടിൽ കൊണ്ടുവന്നു. ഡോക്ടറെ കൊണ്ടുവന്നു. മരുന്നു വാങ്ങി. കിടപ്പിലായ അവളെ എഴുന്നേൽപ്പിച്ച് നിർത്താനും ദിവസവും മുറിവു വൃത്തിയാക്കി മരുന്നു പുരട്ടുവാനും മരുന്നുകൾ കഴിപ്പിക്കുവാനും വീണ്ടും കിടത്തുവാനും മറ്റും അമ്മയും ജേഷ്ഠനും ജേഷ്ഠത്തിയും ഏറെ സമയവും അധ്വാനവും ചെലവഴിച്ചു. എല്ലാറ്റിനും മീതെ നിസ്സഹായയായ മിണ്ടാപ്രാണിയുടെ വേദനയും അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിനെപ്പറ്റിയുള്ള ആശങ്കകളും കരുതലും ഞങ്ങടെ കണ്ണു നനയ്ക്കുമായിരുന്നു. മൂന്നുമാസം കൂടിയെടുത്തു ഗർഭകാലം പൂർത്തിയാക്കുവാൻ.
ഓരോ തവണ ഫോൺ ചെയ്യുമ്പോഴും അമ്മ ലക്ഷ്മിയുടെ വിശേഷം ചങ്കിൽ കനക്കുന്ന വേദനയോടെ പറയുമായിരുന്നു. ഒരേസമയം പ്രതീക്ഷയോടെയും ഭയത്തോടെയും അവളുടെ പ്രസവത്തെ ഞങ്ങൾ കണ്ടു. പലരാത്രികളിലും ഉറക്കം മുറിഞ്ഞ് എഴുന്നേറ്റ് ചെന്ന് ലക്ഷ്മിയെ നോക്കി, പകലുകളിൽ അവളുടെ വ്രണങ്ങളിലെ വലിയ പുഴുക്കളെ അടർത്തി, മരുന്നുവെച്ച്, ഈച്ചയാട്ടി... തറവാട്ടിലുള്ളവർക്ക് അതൊരു വല്ലാത്ത കാലമായിരുന്നു. കല്യാണങ്ങളോ ഉത്സവങ്ങളോ വീട്ടിൽ സന്തോഷം നിറയ്ക്കാത്ത വ്യഥയുടെ കാലം.
'ചിക്കുനി' (ചിന്നവൾ ) എന്ന ഓമനപ്പേരിട്ട് വിളിയ്ക്കപ്പെടുന്ന ലക്ഷ്മിയുടെ മകൾ വാലും പൊക്കി, തുള്ളിയോടിക്കളിച്ച് വീട്ടുമുറ്റത്ത് വീണ്ടും സന്തോഷം വിതച്ചു. ലക്ഷ്മി പിന്നെയും രണ്ടരമാസം കിടന്നു. ചിക്കുനിയ്ക്ക് സ്വന്തം അമ്മയുടെ അമ്മിഞ്ഞപ്പാൽ കുടിക്കാനുള്ള യോഗമില്ലായിരുന്നു. ഗൗരി അവൾക്ക് പോറ്റമ്മയായി. എന്നിരുന്നാലും കിടപ്പിലായ അമ്മയുടെ അടുത്ത് മുഖം ചേർത്ത് കിടക്കാൻ അവൾ ഇഷ്ടപ്പെട്ടിരുന്നു. അടുക്കളയ്ക്കടുത്ത് ഇടനാഴിയിൽ വിരിച്ച ചാക്കിലായിരുന്നു അവളുടെ രാത്രികൾ. വീട്ടുകാരും പണിക്കാരും വിരുന്നുകാരും അവളെ ഓമനിച്ചു. അമ്മയില്ലാത്ത കുഞ്ഞെന്ന പ്രത്യേക പരിഗണനയും വാത്സല്യവും ടീനേജുകാരിയായ അവൾക്കിപ്പോഴും കിട്ടുന്നുണ്ട്. അതിന്റെ കുറുമ്പ് അവൾ കാട്ടാറുമുണ്ട്.
സാഗരയിലുള്ള ശ്രീധരാശ്രമത്തിൽ വലിയൊരു ഗോശാലയുണ്ട്; ഒരുപാട് പശുക്കളും. അവിടവിടായി ഫളക്സിൽ ഓരോരോ പശുക്കളുടെ ഫോട്ടോയും അതിനുതാഴെ അവയുടെ പേരും. പേരിനു മുന്നിൽ ഗോമാതാ എന്നെഴുതിവെച്ചിരിക്കുന്നു. ഗോശാലയ്ക്കുള്ളിൽ വൃത്തിയുള്ള ചുറ്റുപാടിൽ സുഖമായി കിടക്കുന്ന നൂറുകണക്കിനു പശുക്കൾ. ഇതുവരെ കാണാത്ത പല ജാതികളിൽപ്പെട്ട അതിശയിപ്പിയ്ക്കുന്ന പശു കളക്ഷൻ. പക്ഷേ, കിടാങ്ങൾ അടുത്തില്ല. നേരത്തിനു പുല്ലും ഭക്ഷണവും കൊടുത്ത്, കാലത്തിനു കുത്തിവെച്ച് പ്രസവിപ്പിച്ച്, കിടാങ്ങളെ വേർപെടുത്തി വളർത്തി, കറവയന്ത്രം പാൽ എടുക്കുമ്പോൾ പശു എങ്ങനെ മാതാവാകും! അതൊരു പാലുല്പാദന യന്ത്രം മാത്രമല്ലേ? മാതാവെന്നു കരുതുന്നെങ്കിൽ കുട്ടികളെ അകറ്റാമോ?
'ഗോമാതാ ഫ്രൈ' എന്നും 'ഗോമാതാ ബിരിയാണി' എന്നും ഇടയ്ക്കിടെ സമൂഹത്തിൽ ഉറക്കെ പറയാൻ വെമ്പലുള്ള കൂട്ടുകാരോട് എനിക്ക് നീരസമുണ്ട്. അവരോട് പോരാടണമെന്നോ അവരെ തഴഞ്ഞുകളയണമെന്നോ തോന്നിയിട്ടില്ലെങ്കിലും ഇത്തരം പ്രയോഗങ്ങൾ മനസ്സിൽ ഉണർത്തുന്ന അപസ്വരങ്ങൾ അവർ അറിയാതെ പോകരുത് എന്നു കരുതിയാണ് ഇതെഴുതുന്നത്. നായ, പൂച്ച തുടങ്ങിയ മൃഗങ്ങളെ വളർത്തുന്നവർക്കറിയാം അവയ്ക്ക് എത്ര ബുദ്ധിയുണ്ടെന്ന്; വ്യക്തിത്വമുണ്ടെന്ന്. വളർത്തുമൃഗങ്ങളെ ബുദ്ധി വൈഭവത്തിന്റെ അടിസ്ഥാനത്തിൽ (IQ) താരതമ്യം ചെയ്യുകയാണെങ്കിൽ ഒന്നാമത് പന്നി, രണ്ടാമത് പശു, അഞ്ചാമത് നായ, അതുംകഴിഞ്ഞ് പൂച്ച എന്നു പറയുന്നു ഗൂഗിൾ. വേദനയും വികാരങ്ങളും തിരിച്ചറിയാനും വ്യത്യസ്തമായി പ്രതികരിക്കാനും ഏറെ കഴിവുകളുള്ള പശുക്കൾക്കിടയ്ക്ക് ബെസ്റ്റ് ഫ്രണ്ട്സ് പോലും ഉണ്ടത്രേ! ഇഷ്ടാനിഷ്ടങ്ങൾ ഏറെയുണ്ട്. ചെറുപ്പത്തിലേ അമ്മയിൽനിന്ന് (ഫീമെയിൽ ബയോളജിക്കൽ പാരന്റിനെ അമ്മ എന്ന് വിളിക്കാമല്ലോ അല്ലേ? ) വേർപെടുത്തുന്നതും കൊമ്പു മുറിച്ചു കളയുന്നതും മറ്റും അവയെ അപകർഷതയിലേക്ക് നയിക്കുന്ന നെഗറ്റീവ് കോഗ്നീറ്റീവ് ബയാസ് ഉണ്ടാക്കുന്നുവെന്ന് അലക്സാൻഡ്ര ഗ്രീൻ എന്നൊരുത്തി സിഡ്നി യൂണിവേഴ്സിറ്റിയിൽ നടത്തിയ ഗവേഷണത്തിൽ ഉണ്ടെന്ന് ഈയടുത്ത് ഇൻറർനെറ്റിൽ കണ്ടു. (ചാണകത്തലച്ചി എന്നധിക്ഷേപിക്കും മുമ്പ് 'i q of Cowട ' എന്നൊന്നു ഗൂഗിൾ ചെയ്തു നോക്കണം ഹേ)
ഞാനത് കഴിക്കുകയില്ലെങ്കിലും നിങ്ങളത് കഴിക്കുന്നതിൽ ഒരു വിരോധവുമില്ല. അടുത്തിരുന്ന് മാംസാഹാരം കഴിക്കുന്നവരെ നോക്കുമ്പോൾ ഞാൻ കാണുന്നത് ആഹാരശൃംഖലയിലെ നിയമങ്ങൾ അനുസരിക്കുന്ന പ്രകൃതിയുടെ ഒരു കണ്ണിയെ മാത്രമാണ്. അതു പശു മാംസമാണെങ്കിലും പാമ്പോ, പാറ്റയോ ആണെങ്കിലും ഒരു വിരോധവുമില്ല. ങ്ങള് കഴ്ച്ചോളീ. പക്ഷേ ആ പറച്ചിലുണ്ടല്ലോ - ഗോമാതാ ഫ്രൈ എന്നും മറ്റും; അത് നന്നല്ല. വൃദ്ധരായ പശുക്കളെ വിൽക്കാനാകാതെ നട്ടെല്ലൊടിക്കുന്ന കർഷകനല്ല നിങ്ങളുടെ മനസ്സിലപ്പോൾ; സാമൂഹ്യവിരുദ്ധരുടെ അടികൊണ്ടു മരിച്ച ചിലരുടെ വാട്സ്ആപ്പ് പടങ്ങളാണ്. തകരുന്ന ദേശീയത ഉണർത്തുന്ന വേദനയോ, രോഷമോ അല്ല നിങ്ങളുടെ ശബ്ദത്തിൽ; മതയുദ്ധങ്ങളുടെ കാഹളമാണ്.
പശു വളർത്തുമൃഗമാണ്, സഹജീവിയാണ്. പാലായോ, മാംസമായോ, തുകലായോ ഉപകാരപ്പെടുകയും ചെയ്യുന്നു. നന്ദിയോടെയല്ലെങ്കിൽ പോലും മൗനമായും അന്തസ്സോടെയും നിങ്ങളതിനെ ഉപയോഗിയ്ക്കൂ. മരണം ആഘോഷിക്കപ്പെടേണ്ട ഒന്നാണോ?
പശു ഇന്ത്യയെ മുറിക്കുന്നതെങ്ങനെയെന്നാൽ ഒരുവശത്ത് ദൈവിക പരിവേഷവും അന്ധമായ ആരാധനയും; മറുവശത്ത് ഇക്കൂട്ടരോടും ഇതിലെ രാഷ്ട്രീയമറിയാത്ത ആ ജീവി കുലത്തോടുമുള്ള അന്ധമായ വെറുപ്പും അവജ്ഞയും. ഈ രണ്ടു കൂട്ടരിലും പെടാതെ നടുക്കുനിന്ന് ഒരു ഭൂരിപക്ഷം ഉണ്ടാക്കാൻ എന്റെ ഒപ്പം ആരെല്ലാം വരും?
NB. ഇത്രയേറെ അനുഭവിക്കാൻ വിടുന്നതിനു പകരം ലക്ഷ്മിയെ അറുക്കാൻ കൊടുക്കാമായിരുന്നില്ലേ എന്നു ചിന്തിക്കുന്നവരോട്: വ്രണം പഴുത്ത് കിടപ്പിലായി കോശങ്ങൾ തോറും രോഗവും മരണവും നിറഞ്ഞ അവളെ തിന്നാൻ നമ്മുടെ നാട്ടുകാർ ഗതികെട്ട സൊമാലിയക്കാരല്ലല്ലോ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ