2018 സെപ്റ്റംബർ 4, ചൊവ്വാഴ്ച

സർക്കാരി ഹിരിയ പ്രാഥമിക ശാലെ കാസർഗോഡ്

2017 ലെ മികച്ച സിനിമയ്ക്കുള്ള കർണാടക സംസ്ഥാന അവാർഡ് നേടിയ 'കിരിക് പാർട്ടി'യുടെ സംവിധായകൻ റിഷബ് ഷെട്ടി തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ച 'സർക്കാരി ഹിരിയ പ്രാഥമിക ശാലെ കാസർഗോഡു' എന്ന സിനിമ ഈ വർഷത്തെ അവാർഡുകൾ വാരിക്കൂട്ടുമെന്നതിൽ സംശയമില്ല. മംഗലാപുരം- കാസർകോട് ഭാഗത്തെ കന്നടയ്ക്കൊരു പ്രത്യേക താളമാണ്. കർണാടക സംസ്ഥാനത്തിലെ നൂറായിരം സ്ലാങ്ങുകളിൽ കന്നഡ സംസാരിക്കുന്ന ഇരുപത്തിയെട്ട് ജില്ലകളിലെ കന്നഡിഗർ മുഴുവനും കുതൂഹലത്തോടെ കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരു താളമുണ്ട് മംഗലാപുരം ഭാഷയ്ക്ക്. 'എന് ത മഹരായ' എന്ന് ഭിക്ഷക്കാരനോടും ചോദിക്കുന്ന ലളിതഗ്രാമീണസംസ്കാരത്തിന്റെ ഹൃദയ ഭാഷയാണ് കാസർകോട് -മംഗലാപുരം ഭാഗത്തെ കന്നഡ. വിനയവും നിഷ്കളങ്കതയും മാറ്റുകൂട്ടുന്ന ഇവിടുത്തെ സ്ലാങ്ങിൽ സംസാരിക്കുന്ന കന്നഡിഗരെ പക്ഷേ മറ്റുള്ളവർ വീക്ഷിക്കുന്നത് ഒട്ടൊരു ബഹുമാനത്തോടെയാണ്. അക്ഷരാഭ്യാസമില്ലാത്തവനു പോലും മൂന്നും നാലും ഭാഷകൾ വഴങ്ങുന്ന അതിർത്തി നാട്. സംസ്കാരങ്ങളുടെ കൂടിച്ചേരലിൽ എടുത്തുപറയത്തക്ക കലാസംസ്കാരപാരമ്പര്യം രക്തത്തിലലിഞ്ഞ ജനത. സംസ്ഥാനത്തെ; രാജ്യത്തെ ഏതുകോണിൽ പോയാലും ശ്രദ്ധിക്കപ്പെടുന്ന ബുദ്ധിവൈഭവത്തിന് ഉടമകളായ ഒരു കൂട്ടം ആളുകളുടെ നാട്.

വെറും അറുപതോളം വിദ്യാർത്ഥികളുമായി അദ്ധ്യയന വർഷം തുടങ്ങുന്ന കന്നട മീഡിയം കേരള സർക്കാർ സ്കൂൾ, അവിടുത്തെ ഒരുപറ്റം വിദ്യാർത്ഥികളും അവരുടെ കുടുംബവും ജീവിതവും, സൗഹൃദങ്ങൾ, സിനിമയുടെ ആദ്യപകുതിയിൽ കഥയുടെ കേന്ദ്രത്തിലേക്ക് വരുന്ന ഒരു കൊച്ചു കൗമാര പ്രേമം, സ്വാർത്ഥ താല്പര്യത്തിനായി സ്കൂൾ പൂട്ടിക്കാൻ ഒരുങ്ങുന്ന അസിസ്റ്റൻറ് എജുക്കേഷണൽ ഓഫീസർ, അധ്യാപകരുടെയും നാട്ടുകാരുടെയും കുട്ടികളുടെയും ബലഹീനമായ പ്രതിഷേധം, സ്കൂൾ പൂട്ടിയത് കാരണം പഠിത്തം മുടങ്ങിയ ഒരുപറ്റം കുട്ടികളുടെ ദൃഢനിശ്ചയം, അവർ മൈസൂരിൽ നിന്ന് സമരത്തിന് നേതൃത്വം നൽകാനായി കൊണ്ടു വരുന്ന സാമൂഹ്യപ്രവർത്തകൻ, കോടതി, കേസ്, അവസാനം കന്നട മീഡിയം സ്കൂളിന് അനുകൂലമായ വിധി - ഇത്രയുമാണ് ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് സംവിധായകൻ റിഷബ് ഷെട്ടി ലളിതമായ ശൈലിയിൽ തീർത്തിരിക്കുന്ന കഥ. ഛായാഗ്രഹണവും സിനിമാറ്റോഗ്രാഫിയും എടുത്തുപറയേണ്ട മൂല്യമുള്ളവയാണ്. സഹ്യന്റെ ഗിരിമാലകൾ അറബിക്കടലിലേക്ക് ഇറങ്ങിച്ചെല്ലുന്നവണ്ണം കിടക്കുന്ന കാസർഗോഡിന്റെ മനോഹരമായ ഭൂപ്രകൃതി  ധാരാളമായി ഒപ്പിയെടുത്ത  ക്യാമറക്കണ്ണുകൾ. മതിലായും കുന്നായും നിലമായും ചെങ്കല്ലിന്റെ ചുവപ്പും കറുപ്പും പശ്ചാത്തലമൊരുക്കുന്ന കാസർഗോഡൻ ജീവിതത്തിന്റെ പരിച്ഛേദം സിനിമയിൽ കാണാം.

സംഗീതസംവിധായകൻ വാസുകി വൈഭവിന്റെ കയ്യൊപ്പും ശബ്ദവും പതിഞ്ഞ ഒമ്പതു മികച്ച ഗാനങ്ങൾ കന്നടയ്ക്ക് ഈ സിനിമ നൽകിയിരിക്കുന്നു. 'ദഡ്ഡ ദഡ്ഡ' എന്ന ഗാനം ഇതിനകം ജനമനസ്സുകൾ ഏറ്റെടുത്തു കഴിഞ്ഞിരിയ്ക്കുന്നു.

ജീവസുറ്റ ഒരുപിടി കുട്ടിക്കഥാപാത്രങ്ങൾ അതീവശ്രദ്ധയോടെ തിരഞ്ഞെടുക്കപ്പെട്ട പുതുമുഖ താരങ്ങളാണ്. ഊർജസ്വലമായ കുട്ടിക്കാലത്തിന്റെ മികച്ച ആവിഷ്കാരം പ്രേക്ഷകരെ ശരിയ്ക്കും തങ്ങളുടെ ബാല്യത്തിലേയ്ക്കെത്തിയ്ക്കും. അഭിനയത്തികവിന്റെ ആൾരൂപമെന്നു പറയാവുന്ന; ജീവിച്ചിരിയ്ക്കുന്ന ഇതിഹാസമെന്ന് കന്നഡിഗർ അഭിമാനത്തോടെ വിളിയ്ക്കുന്ന എഴുപത്തിനാലുകാരനായ അനന്ത് നാഗ് ചുറുചുറുക്കോടെ നിറഞ്ഞു നിൽക്കുന്നു സിനിമയുടെ രണ്ടാം പകുതിയിൽ.

സിനിമയുടെ അവസാനത്തെ കോടതി രംഗത്തിൽ മാത്രമാണ് എനിക്ക് കുറച്ചു നേരം ഞാനിരിക്കുന്ന തീയേറ്ററിനെപ്പറ്റിയും മറ്റും ഓർമ്മ വന്നത്. രണ്ടരമണിക്കൂറോളം വാസ്തവത്തിൽ കാസർഗോഡിലെ ആ കുട്ടിക്കൂട്ടത്തിലേക്ക് അലിയിച്ചു കളഞ്ഞു സിനിമയെന്നെ. ഹോ, ആ മധുര പ്രേമത്തിന്റെ ഭംഗി! മമ്മൂട്ടിയെന്ന കൊച്ചു ചെറുക്കന്റെ പല്ലു മുഴുവൻ കാട്ടിയുള്ള നിഷ്കളങ്കമായ ചിരിയും വർത്തമാനവും! ഉപാധ്യായ എന്ന കഥാപാത്രത്തിന്റെ യക്ഷഗാന വേഷത്തിന്റെ എടുപ്പ്! പല്ലവിയുടെ കൺകോണിലെ കൗമാരത്തിലെ തുടിപ്പ്!

സംസ്ഥാനതിർത്തിയിലെ, ഭാഷാതിർത്തിയിലെ, സാംസ്കാരികാതിർത്തിയിലെ ഗൗരവതരമായ ഒരു പ്രമേയത്തെ ലളിതമായി അവതരിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നു റിഷബ് ഷെട്ടി. അത്യുഗ്രസ്ഫോടനശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകളെ ഒരു കാലിഡോസ്കോപ്പ് എന്നപോലെ പരിവർത്തനം ചെയ്ത്, ഉള്ളിലെ വർണ്ണാഭമായ വളപ്പൊട്ടുകൾ നമ്മെ കാണിക്കുന്നു ഈ സിനിമ. കാസർഗോഡ് കർണാടകത്തിൽനിന്ന് കേരളം തട്ടിപ്പറിച്ച് എടുത്തതാണെന്ന് നഷ്ടബോധം തോന്നുമ്പോൾത്തന്നെ മറാത്തിയും തെലുങ്കും തമിഴും സംസാരിക്കുന്ന അതിർത്തി ജില്ലകൾ കന്നഡക്കാർക്ക് സ്വന്തമെന്ന് അവർ അഭിമാനിക്കുന്ന കാര്യം ചിത്രത്തിൽ എവിടെയെങ്കിലും ഒരിക്കലെങ്കിലും പരാമർശിക്കപ്പെട്ടിരുന്നുവെങ്കിൽ ഈ സിനിമ കണ്ടു തിളനിലയിലെത്തുന്ന ചിലരുടെയെങ്കിലും രക്തത്തിന്റെ ഊഷ്മാവ് കുറയ്ക്കാമായിരുന്നു.

ഉപ്പും മധുരവും തമ്മിൽക്കലരുന്ന  അഴിമുഖം പോലെ, പുല്ലു നിറഞ്ഞ മൊട്ടക്കുന്നുകൾക്കിടയ്ക്കുള്ള ചോലവനം പോലെ ജീവവൈവിധ്യത്തിന്റെ മാസ്മരികത നിറഞ്ഞ അതീവ ലോലമായ ഒരു പരിസ്ഥിതി പ്രദേശം പോലെ തന്നെയാണ് ഭാഷാതിർത്തി പ്രദേശങ്ങളും. കന്നടയുടെയും മലയാളത്തിന്റെയും നേട്ടങ്ങളിൽ ഒരുപോലെ അഭിമാനിച്ചും ദുഃഖങ്ങളിൽ ഒരുപോലെ സങ്കടപ്പെട്ടും കഴിയുന്ന സർഗ്ഗധനരായ ഒരുപറ്റമാളുകൾ. മലമടക്കുകളിലെ വീട്ടിൽനിന്ന് കുന്നിറങ്ങിയും കുന്നുകയറിയും ദിവസേന യാത്രചെയ്യുന്ന കിതപ്പാറ്റാൻ സമയമില്ലാത്ത മനുഷ്യർ. അവർക്ക് സമതലങ്ങൾ അറിയില്ല; സമാന്തരങ്ങളില്ല. അച്ഛനോടോ അമ്മയോടോ കൂടുതലിഷ്ടം എന്ന ചോദ്യത്തിനുമുന്നിൽ ഉഴറുന്ന കുട്ടിയെപ്പോലെ ജീവിതത്തിലുടനീളം ചോദ്യങ്ങൾക്കു മുൻപിൽ കഷ്ടപ്പെടുന്നവർ. തലസ്ഥാനങ്ങളാൽ എന്നും തഴയപ്പെട്ടവർ. ആ കുന്നിൻ മടക്കുകളിൽ ഇനിയും വിവേചനത്തിന്റെ വിള്ളൽ വീഴാതിരിയ്ക്കട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ