2018 ജൂൺ 1, വെള്ളിയാഴ്‌ച

ചന്ദനമരം.

ചില പെണ്ണുങ്ങൾ ചന്ദന മരം പോലെയാണ്. കാണാനെടുപ്പില്ലാതെ. ചിലപ്പോൾ ശോഷിച്ച്. മേനിയഴകോ, മേന്മയോ പറയാനില്ലാത്ത കുറിയ ഇളം പച്ച ഇലകൾ. പുഷ്ടി കുറഞ്ഞ തടിയുടൽ. എന്നാൽ അകക്കാമ്പ് സർഗചേതനയ സുഗന്ധമുറഞ്ഞതാണ്.

വധുവായി കയറി ചെല്ലുന്നിടത്ത് പലപ്പോഴും അവൾക്ക് വിലയിടുന്നത് പുറംമോടി കണ്ടിട്ടാണ്. താഴെ നിൽക്കുന്നവർ വെയിലേറ്റ് ചുടുമ്പോൾ ശോഷിച്ച തണൽ നോക്കി മുറുമുറുക്കും. വാഴയിലയെന്നോ, കറിവേപ്പെന്നോ തിരഞ്ഞു വന്നവർ ഇല കണ്ട് പഴിപറഞ്ഞ് കടന്നുപോകും. സൗന്ദര്യമോ, സൗരഭ്യമോ പൊഴിക്കാത്ത പൂവുകളും ഉപയോഗയോഗ്യമല്ലാത്ത ഫലവും കണ്ട് അവൾക്ക് വിലയിട്ടാൽ അത് ക്രൂരതയാകും.

ചന്ദനമരം സ്വന്തമാക്കിയ ചില ആണുങ്ങൾ പൊടിച്ചുവരുന്ന അതിന്റെ കൊമ്പുകളും ചിലപ്പോൾ തായ്ത്തടി തന്നെയും അറുത്തെടുത്ത് അടുപ്പിലിട്ട് കഞ്ഞി വേവിക്കും. ഒട്ടൊരു സുഗന്ധമുണ്ടെങ്കിലും ആ കറുത്ത പുക താമസിയാതെ കാറ്റിലലിഞ്ഞു നഷ്ടപ്പെടും.

ചിലർ ചന്ദനമരത്തെ നിരീക്ഷിച്ച് പഠിച്ച് സാൻഡാലസ് ആൽബ എന്ന അതിന്റെ ശാസ്ത്രീയ നാമമിട്ട് വിളിക്കും. ഇനിയും ചിലർ സംവേദനക്ഷമത കുറഞ്ഞ അതിന്റെ തൊലിയെ സാന്ത്വനിപ്പിച്ച് ലാളിക്കും.

ഇനിയും ചിലർ ചന്ദനമുട്ടി കീറി ആഢ്യർക്ക് ചിതയൊരുക്കും. കത്തുന്ന ചിതയിൽ ജീവനുള്ള മൃതരോടൊപ്പം ജീവിതകാലം മുഴുവൻ സതിയനുഷ്ഠിച്ച് എരിഞ്ഞ് തീരുന്നു അവളുടെ ചേതന.

ചന്ദന മരത്തിന്റെ സ്വത്വം അതിന്റെ അകക്കാമ്പിൽ ഉറഞ്ഞിരിക്കുന്ന തൈലകണങ്ങളിലാണ്. ചിലർ അതിൽ വിഗ്രഹങ്ങൾ കടഞ്ഞെടുക്കുന്നു. അനശ്വരം എന്നു തോന്നാവുന്ന വിഗ്രഹങ്ങളിൽ ചിലവ കാലം ചെല്ലുമ്പോൾ സുഗന്ധമില്ലാത്ത ആകാരങ്ങൾ മാത്രമായേക്കാം.

ചാണക്കല്ലിൽ ഉരഞ്ഞുരഞ്ഞ് കുഴമ്പാകുമ്പോൾ ആയിരിക്കണം ചന്ദനം ഏറ്റവും ആത്മസാക്ഷാത്കാരം നേടുന്നത്. പതിയെ അതിനു് ഉരഞ്ഞു പൊടിയാൻ ചാണക്കല്ലെന്ന ഒരു തട്ടകവും ബലിഷ്ഠമായ ഒരു കരവും കിട്ടാൻ ഓരോ ചന്ദനമരവും ആഗ്രഹിക്കുന്നുണ്ടാവാം.  സർഗ്ഗാത്മകതയുടെ തൈലമലിഞ്ഞ ചന്ദനക്കുഴമ്പ് അനേകം നെറ്റികൾക്കു തണുപ്പേകും. അനേകം അകത്തളങ്ങളിൽ സുഗന്ധം ചൊരിയും. സമൂഹത്തെയാകെ  കുളിർപ്പിക്കുന്ന ഒരു കാറ്റാകും.

ചന്ദനം ഒരു പരാദ സസ്യമാണ്.  അതിന്റെ വേരുകൾ ചുറ്റുവട്ടത്തുള്ള മറ്റു മരങ്ങളുടെ വേരുകളിൽനിന്നും സത്ത ഊറ്റിയെടുത്താണ് വളരുക. ഒറ്റയ്ക്കു വളരാനാകാത്ത അതിന്റെ ബലഹീനതയെ അവഹേളിക്കുന്നതിനു പകരം സർഗാത്മകതയുടെ സുഗന്ധതൈലവുമായി വീട്ടിൽ വന്നു കയറുന്ന പെണ്ണിന് കൊടുക്കാനായി ചുറ്റുമുള്ളവർ വേരുകളിൽ ഇത്തിരി പ്രോത്സാഹനവും പോഷണവും ചുരത്തിയാൽ നമ്മുടെ നാട് ചന്ദന മണമുള്ള കാറ്റ് ഭൂമി മുഴുവൻ പരത്തിയേനെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ