2018 ജൂൺ 2, ശനിയാഴ്‌ച

കടുകുമണിയിലെ ആത്മബന്ധങ്ങൾ.

ബാല്യത്തിലേ കടുകുമായി ഞാൻ ഇഷ്ടത്തിലായിരുന്നു. കടുകു വറവിട്ട ഏത് ഭക്ഷണസാധനവും തിന്നുതീർക്കാൻ ഞാൻ ഏറെ നേരമെടുത്തു. ആദ്യം അതിലെ ഓരോ കടുകുമണിയും പ്രത്യേകം പ്രത്യേകം എടുത്തു തിന്നിട്ടേ വയറു നിറക്കാൻ തുടങ്ങൂ. താഴെയുള്ളവൾ പ്രീതിയുടെ നിശിത വിമർശനത്തിന് ദിവസവും പല തവണ ഇരയാകേണ്ടിവന്നിരുന്നു. നമ്മുടെ കുറ്റങ്ങളും കുറവുകളും ഏറ്റവുമാദ്യം കണ്ടുപിടിക്കുന്ന ജീവിതത്തിലെ പ്രഥമ ശത്രുക്കളാണ് സഹോദരങ്ങൾ. അതൊക്കെ എനിക്ക് പുല്ലായിരുന്നു. പുല്ലിനിടയിൽ കൊടിത്തൂവയും തൊട്ടാവാടി മുള്ളും കാണുമെന്നു മാത്രം. ഇന്നസെന്റ് അരിമണി പെറുക്കിയതിനേക്കാൾ അസഹനീയമായിരുന്നിരിക്കണം ദിവസവുമുള്ള എന്റെ കടുകു പെറുക്കൽ അവൾക്ക് കൊടുത്ത പൊറുതികേട്.

മെല്ലെത്തീറ്റക്കാരി എന്നതിന് ഞാൻ സഹിക്കേണ്ടിവന്ന ദുഷ്പേരും കുറ്റാരോപണവും ഒന്നും ഇന്നും കെട്ടടങ്ങിയിട്ടില്ല.
" ഔ! ഓൾടൊരു മിട്ടായി തീറ്റ! ഓർമ്മല്ലേ അണക്ക്? നമ്മളൊക്കെ തിന്ന് തീരുമ്പോൾ മെല്ലെ കടലാസഴിച്ച് കൊതിപ്പിച്ച് പിന്നേ തീറ്റ തുടങ്ങൂ." ഏട്ടനെന്നെ ഇന്നും വാട്ടാറുണ്ട്. അതു കേൾക്കേണ്ട താമസം പ്രീ കുടത്തിലടച്ച ഓർമ്മ ഭൂതങ്ങളെയൊക്കെ കുടഞ്ഞു പുറത്തിടും. ആവോളം ചിരിച്ചു കഴിയുമ്പോൾ അപ്ഡേറ്റ് ചെയ്ത ഭൂതങ്ങളെ തിരിച്ചടച്ച് കാത്തു വെക്കും - നല്ലൊരു നാളേക്ക് വേണ്ടി.

സത്യത്തിൽ ഞാനെത്ര പാവമായിരുന്നു. വേഗം കഴിയരുതെന്ന് മോഹിച്ച് ഇവര് തിന്നുമ്പോഴൊക്കെ കൊതിയിറക്കിയിരുന്ന് പതിയെ തിന്നിരുന്നത് ഞാനവരെ കൊതിപ്പിക്കാൻ മന:പൂർവം ചെയ്തതാണത്രെ! ഈ സ്വഭാവത്തിന് കൊടുക്കേണ്ടിവന്ന ഏറ്റവും വലിയ വില ജീവിതത്തിലാദ്യമായി രുചിച്ച ആ ഫൈവ്സ്റ്റാർ മിഠായിയുടെ മൂന്നിൽ രണ്ടു ഭാഗമായിരുന്നു. മറക്കില്ല ചന്തു. അച്ഛന്റെ മഞ്ചേരിയിലെ സുഹൃത്ത് കുറുപ്പാണ് ഞങ്ങൾക്കു മൂവർക്കും ഓരോ ഫൈസ്റ്റാർ സ്വന്തം തന്നത്. ഒന്നു മുഴുവൻ! തൊടുന്നത് തന്നെ ആദ്യമായി. കൊതിയനും കൊതിച്ചിയും കിട്ടിയ ഉടനെ തിന്നു തുടങ്ങി. ഞാനാകട്ടെ, മഞ്ചേരിയിൽ നിന്ന് നിലമ്പൂര് വരെ തിരക്കുള്ള ബസിന്റെ കമ്പിയിൽ പിടിച്ച് ആടുമ്പോഴും ഒരു കൈയിൽ ഇതു കാത്തുവെച്ചു. വീട്ടിലെത്തിയപ്പോൾ ഏട്ടൻ കരഞ്ഞുപൊളിച്ചു. എന്തൊരു മാരണം! എന്റെ ഫൈവ്സ്റ്റാറ് അമ്മ മൂന്നായി ഭാഗിച്ച് മൂന്നാൾക്കും വീതിച്ചു. ഇതിന്റെ കണക്ക് അവർ രണ്ടാളോടും ദൈവം ചോയ്ക്കട്ടെ. ഞാൻ ചോയ്ക്കില്ല. ഞാൻ പാവമാ.

കടുകിനെ മറക്കരുത്. അതു മെഴുക്കുപുരട്ടിയിലും കറിയിലും രസത്തിലും വരും. തേങ്ങാ ചട്ണിയിൽ വറവിട്ട കുതിരാത്ത ക്രിസ്പി കടുക് നാളികേര ത്തോടൊപ്പം ചവച്ചിറക്കുന്നതിന്റെ സുഖം വേറെ എന്തിലുണ്ട്! ഒരോ ഭക്ഷണത്തിലും കടുകിനെ നേടാനുള്ള ടാസ്ക് വ്യത്യസ്തമായിരുന്നു. ഒന്നോ രണ്ടോ മണി കടുകു നേടാനായി ഞാനെത്ര രസം കുടിച്ചിരിക്കുന്നു! അതെന്തായാലും രസം കുടിച്ച കഥ പറഞ്ഞാൽ പ്രീയുടെ ചൊരുക്കു നിൽക്കും. മണ്ടിപ്പെണ്ണ്. ഒരിക്കൽ സ്റ്റീലടുക്കിലുള്ള കയില് വെക്കാത്ത തെളിഞ്ഞ രസത്തിനടിയിലെ ചുവന്ന തക്കാളിക്കഷ്ണം സ്വായത്തമാക്കാൻ മുക്കാൽ ലിറ്റർ രസം മുഴുവൻ ശ്രദ്ധിച്ച് കിണ്ണത്തിലൊഴിച്ച്, അവസാനം ഞങ്ങളെയൊക്കെ നോക്കി നാണോംമാനോമില്ലാതെ കാറിക്കരഞ്ഞവളാണവൾ. ശ്രദ്ധ മുഴുവൻ വീഴാത്ത തക്കാളിക്കഷ്ണത്തിലായതിനാൽ കിണ്ണത്തിൽ രസം നിറഞ്ഞത് അവളറിഞ്ഞില്ലത്രെ. അന്നതു കണ്ട് മൂത്തവരെല്ലാം തലയറഞ്ഞ് ചിരിച്ചപ്പോൾ അവൾക്കു രണ്ടെണ്ണം കിട്ടാത്തതിന്റെ കടുത്ത നിരാശയിലായിരുന്നു ഈ പാവം ഞാൻ.

കടുകിലേക്കു തിരുമ്പി വറേൻ. സ്വയം പാചകം തുടങ്ങിയപ്പോൾ കടുക് തേടൽ വളരെ എളുപ്പമായി. ലക്ഷക്കണക്കിനു കടുകുമണികളാണ് ഞാൻ കൂട്ടാനു വറവിട്ട്, ഇളക്കിച്ചേർക്കാതെ മൊത്തം ആദ്യമേ വിളമ്പിയെടുത്ത് കൈവശപ്പെടുത്തിയിരിക്കുന്നത്. ചിലപ്പോൾ ഞാനുണ്ടാക്കുന്ന ഉപ്പുമാവ് കണ്ടാൽ 'ഇതു റവ ഉപ്പുമാവ് തന്നെയാണോ ' എന്നു വരെ നിങ്ങൾ ചോദിച്ചെന്നിരിക്കും.

വെറുതേ വീട്ടിൽ ഒറ്റയ്ക്കിരിക്കുന്ന നേരം എന്റെ ക്രേവിങ്സ് എന്നെ കാർന്നു തിന്നുമ്പോൾ ഞാൻ തവിയെടുത്ത് വെറുതേ കുറച്ചു കടുകു വറുത്ത് കടല കൊറിക്കുമ്പോലെ തിന്നാറുണ്ടായിരുന്നു എന്ന നഗ്നസത്യം ലോകദൃഷ്ടിയിൽ നിന്നും ഇനിയും മറച്ചുവയ്ക്കുന്നത് ശരിയല്ല. അത്രയ്ക്കുണ്ടായിരുന്നു കടുകു പ്രേമം.

പച്ചക്കടുകിന്റെ തീക്ഷ്ണമായ രുചി നമ്മെ പിന്തിരിപ്പിക്കുന്നതാണ്. അതങ്ങനെ വെളിച്ചെണ്ണയിൽ തുള്ളിക്കളിച്ചു പൊട്ടുമ്പോൾ ചില സ്മാർട്ട് ബോയ്സ് തെറിച്ച് സ്റ്റൗവിലും  വിതിനപ്പുറത്തുമൊക്കെ വീഴും. വിണ്ടു പൊളിഞ്ഞ ആ കറുത്ത മുത്തിനുള്ളിൽ നിന്നും എന്നെ നോക്കി ചിരിക്കുന്ന സ്വർണനിറമാർന്ന ആ ദ്വിബീജ പത്രങ്ങളെ അഭിസംബോധനചെയ്യാൻ വാക്കുകളില്ലാത്ത കാരണം  ഞാൻ അതെല്ലാം ഓരോന്നായി പെറുക്കി വായിലാക്കും. ചൂണ്ടു വിരൽ തുമ്പുകൊണ്ട് പതിയെ ഒന്നമർത്തുമ്പോൾ അവൻ വിരലിലൊട്ടും. നേരെ വായിലേക്ക്. കറുമുറുന്നനെ ഇരിക്കുന്ന മണിക്കുട്ടനിൽ പല്ലമരുമ്പോൾ വായിൽ നിറഞ്ഞ്, നേസൽ കാവിറ്റിയിലേക്ക് കവിയുന്ന ആ അലൗകികമായ അനുഭൂതിയെ ഞാനെങ്ങനെ പരിചയപ്പെടുത്തിത്തരും! അതു രുചിയുമല്ല, മണവുമല്ല. അതൊരു അനുഭൂതി മാത്രം. 'കടുകിന് കയ്പ്പല്ലേ ' എന്നു മുഖം ചുളിക്കുന്നവരോട് ഇതിലേറെ പറഞ്ഞുകൂടാ.

മുമ്പു പലപ്പോഴും എന്റെയീ ബലഹീനതയെ പരിഹസിച്ചവരിൽ പലരും പിൽക്കാലത്ത് നല്ല കടുകാസ്വാദകർ ആയിട്ടുണ്ട്. അതിൽ വമ്പത്തി പ്രീയാണ്. അല്ലെന്നവൾ കമന്റിലിടും. ആരും വിശ്വസിക്കരുത്. എന്നാൽ, 'സന്തോഷം കൊണ്ടെനിക്കിരിക്കാൻ മേലേ ' എന്നു തോന്നിയത് എന്റെ രണ്ടാമമ്മ (ജനണ്ണൻറമ്മ ) നാട്ടിലെ തറവാട്ടിൽ വച്ച് (എന്റെ ഡി അഡിക്ഷൻ സെൻറർ) എന്റെ ചെവിയിലൊരു സ്വകാര്യം പറഞ്ഞപ്പോഴാണ്.
'നീ കാട്ട്ണത് കണ്ടുകണ്ട് ഞാനുമത് തുടങ്ങി.  എണ്ണയിൽ നിന്നും പൊട്ടിത്തെറിച്ചു സ്റ്റൗവിൽ വീഴുന്ന കടുക് ഞാനിപ്പോൾ വേസ്റ്റ് ചെയ്യാറില്ല. നിന്നെയോർത്തു കൊണ്ട് അതെല്ലാം തിന്നും.' അങ്ങേയറ്റത്തെ ശുദ്ധം-വൃത്തിക്കാരിയായ മൂത്ത മരുമകളുടെ കണ്ണുവെട്ടിച്ചേ ഈ കള്ളത്തരം പറ്റൂ. ഞാൻ പോലും  പെറുക്കി തിന്നാൻ കൈതരിച്ചാലും മനസ്സിനെ അടക്കി വെച്ച് നിഷ്ഠുരമായി തൂത്തെറിയും കടുകുമണിയൻമാരെയൊക്കെ. അവിടെയാണ് അമ്മയുടെ ഈ സാഹസം.
'ഒന്നോ, രണ്ടോ മണി തിന്നുമ്പോൾ അതിനെന്തൊരു സ്വാദാണ് ' എന്നമ്മ പറഞ്ഞെങ്കിലും എന്നെ ആനന്ദതുന്തിലയാക്കിയത്  അതു തിന്നുമ്പോൾ അമ്മയെന്നെ ഓർക്കാറുണ്ടെന്നതാണ്.

ഒരു മണി കടുകിന്റെ സാധ്യതകളിലേക്ക് ഞാൻ തുറന്നുവിട്ട മനുഷ്യർ ഒരുപിടിയുണ്ട്. ധൃതിയിൽ അടുക്കളപ്പണി ചെയ്യുന്നതിനിടയിലെപ്പോഴൊക്കെയോ ഞാനവരെയും അവരെന്നെയും ഓർക്കാൻ കടുകെന്ന ഒരേയൊരു കൊച്ചു ഗോളം മതി. അതുരുണ്ട വഴികളെല്ലാം അതിനെ കാംക്ഷിക്കുന്ന എനിക്കു സ്വന്തം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ