ലളിതാസഹസ്രനാമം ഒരു കാഴ്ചപ്പാടാണ്. ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പർശിക്കുന്ന; സാമാന്യഭാഷയ്ക്കും സാമാന്യബോധത്തിനും ഒരു ചാൺ അപ്പുറത്തുനിന്ന് പുഞ്ചിരിക്കുന്ന സാഹിത്യമാണ്. ജീവിതദർശനമാണ്.
'ശ്രീമാതാ ശ്രീമഹാരാജ്ഞീ' എന്നു തുടങ്ങി 'ശിവശക്തൈക്യ രൂപിണീ ലളിതാംബികാ' എന്നവസാനിക്കുന്ന ഈശ്വരിയുടെ ആയിരം പര്യായപദങ്ങൾ ആണെന്നാണ് നാം ആദ്യം മനസ്സിലാക്കുക. അല്ലെന്നല്ല. ആണെന്നുമല്ല. പെണ്ണാണ്. പെണ്ണാണ് നിറയെ. അതുകൊണ്ടുതന്നെ സ്പീഷീസിന്റെ മുഴുവനും ഇതിലുണ്ട്. ചൊല്ലണമെന്നു തോന്നാം. ഇച്ചിരി കട്ടിയാണ്. വിഷ്ണു സഹസ്രനാമം കുറച്ചുകൂടി ഒതുക്കമുള്ളതും വഴങ്ങുന്നതും നാലഞ്ചു മിനിറ്റ് എളുപ്പം തീരുന്നതുമാണ്. അതിൽ സമാധാനിക്കാൻ കഴിയുന്നവർ അതു ചൊല്ലുന്നുണ്ടാകും. അപ്പോൾ ലളിത കടന്നു വരും. പെണ്ണല്ലേ? കൂടുതൽ പരിഗണന ചോദിച്ചു വാങ്ങും. ശക്തിയും സൗന്ദര്യവും കാട്ടി പ്രലോഭിപ്പിയ്ക്കും. എന്നാൽ രണ്ടുംകൂടെയാകാം. വിഷ്ണുവിന് അലോഗ്യം തോന്നരുതല്ലോ. സമയക്കുറവുകൊണ്ട് ചിലർ പതിയെ മൂപ്പരെ ഒഴിവാക്കി മൂപ്പത്തിയാരെ മാത്രം വിളിക്കും. ചക്രങ്ങളും പത്മങ്ങളുമൊക്കെ സെറ്റ് ചെയ്ത് ആളങ്ങനെ നെഞ്ചിലും കണ്ണിലും നിറഞ്ഞിരിക്കുന്നത് ആണുങ്ങൾക്കൊരു സുഖല്ലേ? പെണ്ണുങ്ങൾക്കോ! പിടിച്ചാൽ കിട്ടാത്തത്ര ആത്മവിശ്വാസവും അഭിമാനബോധവും ധൈര്യവും തരും.
ദിവസവും ചൊല്ലിയില്ലെങ്കിൽ കുറ്റബോധം വരുന്ന ചിലർ ചൊല്ലാതെ കണ്ടം വഴി ഓടി മൊത്തത്തിലങ്ങ് ഇട്ടിട്ടു പോകും. ഇത് നമ്മള് ദിവസോം ചൊല്ലണ് ണ്ടോ, കുളിച്ചോ, കുറിതൊട്ടോ എന്നൊക്കെ ചോന്ന സാരിയുടുത്ത് ചമ്രം പടിഞ്ഞിരുന്ന് നോക്ക്ണ്ടാവും മൂപ്പത്ത്യാരെന്നാണ് മിക്കവരും ധരിച്ചുവെച്ചിരിക്കുന്നത്. അങ്ങനെയൊരാളൊന്നൂല്ല്യാട്ടോ. ശിക്ഷിയ്ക്കാൻ കാത്തിരിക്കുന്നത് ഭക്തിയും ജപവുമില്ലാത്ത ദിനങ്ങൾ തെറ്റാണെന്നുള്ള മിഥ്യാധാരണയും ജീവിതത്തിലെ സമയം കഴിഞ്ഞു പോകുന്നു എന്നു സമയത്തെക്കുറിച്ചുള്ള നമ്മുടെ കുറ്റബോധവുമാണ്. വൃത്തിബോധം ഏകാഗ്രതയുമായി ബന്ധപ്പെട്ടതാകാം.
അങ്ങനെ എന്നും ചൊല്ലണമെന്നോ മുഴുവൻ ചൊല്ലണമെന്നോ ഉള്ള വാശികൾ ഗംഗയിലൊഴുക്കൂ. തോന്നുമ്പോൾ തോന്നുന്നിടത്തു നിന്നു തുടങ്ങാനും തോന്നുന്നത്രമാത്രം ചൊല്ലാനും കേൾക്കാനും തീരുമാനമെടുത്തു കഴിഞ്ഞാൽ നിങ്ങളവളുടെ കൈ പിടിച്ചു കഴിഞ്ഞു എന്നതാണ്. ഇനി ഒപ്പം നടക്കാൻ തുടങ്ങാം. സംസ്കൃതമാണ്. കട്ടിയാണ്. അർത്ഥം നോക്കി മനസ്സിലാക്കണം. പതിയെ മതി. ആദ്യം ഒന്നാമത്തെ വരി പഠിച്ച് രണ്ടാമത്തെ വരി, അങ്ങനെ 183 വരികൾ ഒന്നൊന്നായി- എന്നു ഞാൻ പറയില്ലെന്ന് ഇത്ര വായിച്ചിട്ടും മനസ്സിലായില്ലേ? ഏതു വാക്കാണ് മനസ്സിൽ തടയുന്നത്, ഏതു വരിയാണ് കൗതുകമുണർത്തുന്നത് അതു തന്നെ നോക്കണം. വെറുതെ റാൻഡമായി ഒരു വരിയെടുത്ത് അർത്ഥം നോക്കലും രസമാണ് കേട്ടോ.
ഇതു തലയ്ക്കു പിടിച്ചു കഴിഞ്ഞാൽ പിന്നെ കാൻഡി ക്രഷ് മാതിരിയാണ്. കണ്ണടച്ചാലും തുറന്നാലും ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴുമൊക്കെ വരികളിൽ നിരകളിൽ എല്ലാം സാമ്യതകൾ തേടാനും നിധി പേടകങ്ങൾ തട്ടിച്ചിതറാനുമൊക്കെ തുടങ്ങും. വരികൾ വായിൽ കയറി, ബബിൾഗം പോലെ ചവച്ചാലും ചവച്ചാലും തീരാതെ, തുപ്പാനും തരമാകാതെ, ചിലപ്പോൾ ആദ്യം മധുരിച്ചു പിന്നെ മടുപ്പിക്കും. എന്നാലും സ്നേഹം തോന്നിത്തുടങ്ങിയിട്ടുണ്ടാകും. ലതാണ് ലളിതയുടെ ലീല.
പിന്നെ കേൾക്കാം; ഇതൊന്നുമല്ല. ഇതൊന്നുമല്ല. ആന്തരികമായ അർത്ഥം വേറെയുണ്ടെന്ന്. അതാരെങ്കിലും പറഞ്ഞുതര്വോ? പുസ്തകത്തിൽ കിട്ടുമോ? ഒന്നുമില്ല. മനസ്സിലിട്ട് കടഞ്ഞുകടഞ്ഞ് നിർന്നിമേഷരായിരിക്കുമ്പോളാകും വെണ്ണ പിരിഞ്ഞു പൊന്തിവരുന്ന പോലെ പതിയെ ഉള്ളിൽ വെളിവാകുക. തൈര് കടഞ്ഞ് വെണ്ണയെടുത്തവർക്കറിയാം വെള്ളമെത്ര വേണം, തണുപ്പെത്രയാകാം, ചൂടെത്ര പാടില്ല എന്നെല്ലാം. അതങ്ങോട്ട് ശരിയാകാതെ കടഞ്ഞാൽ നേരമ്പോക്കാണ്. മരണംവരെ ചൊല്ലിക്കൊണ്ടിരിക്കാം "തത്തമ്മേ പൂച്ച പൂച്ച" എന്ന്.
ഇങ്ങനൊക്കെ പറഞ്ഞാൽ പാപമല്ലേ? ദേവി കോപിയ്ക്കില്ലേ? അതിനു ദേവിയെവിടെ! വരികൾക്കിടയിൽ തഴപ്പായ വിരിച്ചു ചാഞ്ഞു കിടക്കുന്നത് ദേവിയാണോ? എക്സ് ക്രോമോസോമല്ലേ? ആടകളും അലങ്കാരങ്ങളുമായി മറ്റു സൊമാറ്റിക് ക്രോമസോമുകളും കൂട്ടുകിടക്കാനൊരു നീല വൈ ക്രോമസോമും കാണും സൂക്ഷിച്ചു നോക്കിയാൽ. മനുഷ്യൻ, മനുഷ്യൻ. (പുല്ലിംഗപദം എന്റെ കുഴപ്പമല്ല. ഭാഷയുടെ കുഴപ്പമാണ്) അതാണ് ശതകോടി സഹസ്രം നിറഞ്ഞുനിൽക്കുന്നത്. ജീവിതത്തിന്റെ സാമാന്യ, സൂക്ഷ്മ, ബൃഹത് ദർശനം.
മുമ്പത്തെ കാലത്താണെങ്കിൽ വലിയ രഹസ്യങ്ങൾ മന്ത്രത്തിലൊതുക്കി, മനസ്സിലടച്ച് യോഗ്യതയുള്ളവർക്ക് മാത്രം ലഭ്യമാക്കി കൊണ്ടു നടന്നിരുന്ന മനുഷ്യരായിരുന്നു ഉപഭൂഖണ്ഡത്തിൽ. അറിവ് സമ്പത്തിനോടും അധികാരത്തോടും കൂട്ടുകൂടാൻ തുടങ്ങിയ ആദ്യരാത്രി തൊട്ട് വർണ്ണാശ്രമങ്ങൾ അശുദ്ധമായി ചീത്തപ്പേരാകാനും തുടങ്ങി. രഹസ്യങ്ങൾ തുറന്നു വെയ്ക്കലാണ് ഇന്നിന്റെ രീതി. അതാണ് കൂടുതൽ സുരക്ഷിതം. യോഗ്യതയുള്ളവരിൽ ജ്ഞാനം സ്വാഭാവികമായി പുഷ്പിക്കുന്നു.
ഇതെഴുതാൻ എനിയ്ക്കു ശരിക്കും ലജ്ജ തോന്നി. നാണം വന്നു വലിച്ചെറിയാത്തതിനാൽ മാത്രം നിങ്ങളിതു വായിയ്ക്കുന്നു. ഈ വിഷയം എഴുതാൻ എനിക്കുള്ള ഒരേയൊരു യോഗ്യത അജ്ഞതയും അല്പജ്ഞാനവുമാണ്. അർദ്ധരാത്രി മുത്തുക്കുടയും പിടിച്ചുനിൽക്കുന്ന എന്നെക്കണ്ട് ഉള്ളാലെ ചിരിക്കുന്നവർ ചുറ്റിനുമുണ്ടെന്നതാണ് ആനന്ദം. ക്ഷമിച്ചേയ്ക്കൂ. വകതിരിവില്ലാത്തവരോട് വകതിരിവിനെക്കുറിച്ച് വർത്തമാനച്ചിട്ടു വാട്ട് ഫലം?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ