2020 ഏപ്രിൽ 26, ഞായറാഴ്‌ച

വേനൽ മഴ

മഴ ഇപ്പൊ പെയ്യുമായിരിക്കും..
ശ്വാസമടക്കിപ്പിടിച്ച പോലെ പ്രകൃതി. ഇടക്ക് ഇളം കാറ്റ്. വിങ്ങുന്ന ശരീരം. വിയർപ്പു മണക്കുന്ന കുപ്പായം. വീർപ്പടക്കി മങ്ങിയ ഉച്ച. പക്ഷികളെവിടെ! പ്രാർത്ഥിക്കാൻ പോയോ? ഒരു കാക്ക പോലുമില്ല.
പെട്ടെന്നൊരിടി വെട്ടി. ഞെട്ടിയുണർന്ന പോലെ തെങ്ങുകളെ ഉലച്ചു കൊണ്ട്‌ കാറ്റ് ആഞ്ഞു വീശാൻ തുടങ്ങി.

ഇത്ര നാൾ വെന്തു നിന്ന ഭൂമി വർഷാരവത്തിനായി വെമ്പി സന്തോഷത്താൽ വിമ്മിക്കരയാൻ തുടങ്ങി. വേഗം... ഒന്നു വേഗം... എന്നിലേക്ക്... കാറ്റടിച്ചു കൊണ്ടുപോകും മുന്നേ...
ഉലഞ്ഞാടുന്ന തെങ്ങിനു കീഴെ ഭയപ്പാടോടെ നിന്ന വാഴക്കൈകൾ തുടരുന്ന മിന്നൽമാലയിൽ ഞെട്ടി വിറച്ചു. കൂമ്പിനുള്ളിൽ ശയിക്കുന്ന ഇന്നു വിടർന്ന പൂവുകൾ താഴെയടർന്നു  തവിട്ടു രാശിയിൽകിടക്കുന്ന ഇന്നലത്തെ പൂക്കളെ നോക്കി. വിരിഞ്ഞു വരുന്ന കായകൾ ഭാരമേറിയ കുലയിൽ മുറുക്കെപ്പിടിച്ചു; അമ്മയെ അളളിപ്പിടിക്കും പോലെ. കുലയാകട്ടെ, ആടുന്ന ഓലപ്പട്ടകൾക്കു കീഴെ വാഴയെ കുനിച്ചു നിർത്തി നമസ്കരിക്കാനോങ്ങി. സാഹസികോദ്യാനത്തിലെ വ്യാളിത്തീവണ്ടിയിൽ മുറുക്കെപ്പിടിച്ചിരിക്കുന്ന യാത്രക്കാരെപ്പോലെ തോന്നിച്ചു കൂപ്പുകുത്താനോങ്ങിയ വാഴക്കുല.

പഞ്ഞിമുട്ടായി പോലത്തെ നായക്കുഞ്ഞ് കണ്ണുതുറന്നതിനു ശേഷം ജീവിതത്തിലാദ്യമായി മഴ കാണുകയാണ്.
ആദ്യ തുള്ളികൾ വളരെ നേർത്തവയായിരുന്നു. കാറ്റിൽ പാറിപ്പോകുമെന്ന് ഭയപ്പെടുത്തുന്ന മഴ... ആഹ്ലാദത്തോടെ മിറ്റത്തു നിന്ന കുട്ടികളുടെ കാലുകൾക്കിടയിൽ തിരിഞ്ഞു കളിക്കവേ പുറത്തു പാറി വീണ രണ്ടു മഴത്തുള്ളികളെ മഹാ ജലപാതമെന്നപോൽ ഘോര ഘോരം കുടഞ്ഞു തെറിപ്പിച്ച് ഭയന്ന് ഉമ്മറത്തേക്കു കയറി കുഞ്ഞിച്ചങ്കരൻ.

കൊതിച്ച മഴയെ കാറ്റു പറത്തിയെന്നു ഭയന്ന് കരയാനും മറന്ന് നിരാശയോടെ ഭൂമി കിടന്നു.
പടിഞ്ഞാറു നിന്ന് കാർമേഘങ്ങൾ ഓടിയോടി കിഴക്കോട്ടു പോകുന്നു. മഴ പെയ്യുമോ എന്ന് ഇനിയും പറയാറായിട്ടില്ല. കാറ്റിലും വിയർക്കുന്നു. നിരാശപ്പെടാനായിട്ടില്ല.

മാനം ഒന്നുകൂടെ കനത്തിരിക്കുന്നു ഇപ്പോൾ. കല്യാണപ്പന്തലുകെട്ടിക്കഴിഞ്ഞ ദിവസം ഇരുട്ടാൻ തുടങ്ങുമ്പോൾ അപ്പോൾ മാത്രം തൂണിൽ വലിച്ചു കൊരുത്ത പുതിയ കരണ്ടു വയറിൽ വിരിഞ്ഞു തെളിഞ്ഞ വിളക്കു പോലെ ഒരു അഭൗമ പ്രകാശം ഭൂമിയിൽ പതിച്ചു.
ആകാശമേലാപ്പിനുകീഴെ സ്വർഗ്ഗീയ വെളിച്ചത്തിൽ നവോഢയെപ്പോലെ മണ്ണു നാണിച്ചു.

കാറ്റു ശക്തമായി. തലയറഞ്ഞാടുന്ന മരങ്ങൾ കരിയിലകളും വിളഞ്ഞ ഫലങ്ങളുമെല്ലാം കൊഴിച്ചിട്ട് ഭാരമൊഴിക്കാൻ തുടങ്ങി.
ചാറ്റൽ മഴ.
മഴ.. പെയ്യുമായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ