വെന്തുരുകിയൊലിയ്ക്കുന്ന വേനല്‍. വെള്ളമടുപ്പത്തുവെച്ച് രണ്ടു ഗ്ലാസ്സ് മട്ടയരി വർത്തമാന പത്രത്തിലിട്ട് കല്ലും നെല്ലും ചാഴി ദംശിച്ച കരാളമണികളും പെറുക്കാന്‍ കുനിഞ്ഞപ്പോള്‍ നെറ്റിയിലൂടെയും ചെന്നിയിലൂടെയും കഴുത്തിലൂടെയും ലവണധാരയൊഴുകാന്‍ തുടങ്ങി. ചാഞ്ഞും ചെരിഞ്ഞും അരി നോക്കുന്നതിനിടെ പുതിയ പുതിയ വഴികളിലൂടെ ചാലിട്ടൊഴുകുന്ന നിര്‍ഝരികളാല്‍ പുളകിതമായെന്റെ ശിരോഭാഗം. ഭൂമിയെ നോക്കി നേര്‍രേഖയില്‍ നിപതിക്കാന്‍ തക്കം കിട്ടിയേടത്തു നിന്നു തുള്ളികളുതിര്‍ന്നു വീണ് പത്രം കുതിര്‍ന്നു. സമോവറിനകത്തേക്കിറക്കി വെച്ച നീണ്ട തേയിലക്കപ്പിന്റെ മൂടുപോലായി എന്റെ താടി.
വൈകിട്ടു പതിവുപോലെ കറുത്തിരുണ്ടു. പലപല റോഡുകളില്‍നിന്നു വന്ന് വീടുപണിനടക്കുന്ന സൈറ്റില്‍ കൂട്ടിയ മണല്‍ക്കൂനയ്ക്കു മുകളില്‍ ഒത്തുകൂടിയ ശുനകഗണത്തെപ്പോലെ താന്തോന്നികളായ മേഘങ്ങള്‍ പരസ്പരമുരുമ്മിയും മണത്തും ഒരൊറ്റക്കൂട്ടമായി മുകളില്‍ നീങ്ങി. ഇടയ്ക്കു മര്‍മ്മരമുതിര്‍ത്തും മുരണ്ടും ഗര്‍ജ്ജിച്ചും നിന്ന അവിറ്റങ്ങൾ ശ്വാന പുരുഷൻ വഴിവക്കത്തിട്ട കാറിന്റെ ടയറു കഴുകുന്നപോല്‍ പ്രോക്ഷണം ചെയ്തു കടന്നു പോയി. കാറ്റും കാറും തമ്മിലുള്ള കൂട്ടുകെട്ടും ഗൂഡാലോചനയുമൊന്നും ഈയിടെയായി എനിക്കത്ര ഇഷ്ടപ്പെടുന്നില്ല. ഇഡ്ഡലിച്ചമ്പിനകത്തു പുഴുങ്ങാന്‍ വെച്ച കൊഴുക്കട്ടയെപ്പോലെ ഉച്ചയ്ക്കു സിമന്റുകൂട്ടിലിരിയ്ക്കുമ്പോള്‍ ഈ കാറ്റിനൊന്നും നമ്മുടെ അഡ്രെസ്സ് അറിയുകപോലുമില്ല. ആറ്റുനോറ്റ് അഥവാ വല്ല കരിമേഘവും മാനം മൂടിയാല്‍ തുരത്തിയോടിക്കാന്‍ വന്നോളും, ഗുണം പിടിയ്ക്കാത്തവന്‍.
രാവിലെ കുളിച്ച് തുണിയുമായി അലക്കുകല്ലിനടുത്തെത്തിയപ്പോള്‍ നോക്കിനിന്നുപോയി. എന്തുഭംഗി! മഞ്ഞവെയില്‍ ചെരിഞ്ഞു വീഴുന്ന തൊടി. (ആറു തെങ്ങും നാലു വാഴേം- അയ്‌നാണ്) വാഴയിലകള്‍ മഞ്ഞവെളിച്ചത്തിനു നേരെ പിടിച്ച X-Ray ഷീറ്റു പോലെ ഞരമ്പുകൾ തെളിഞ്ഞ്.. ആ ഇളം പച്ചനിറം കാണാന്‍ എന്തു ഭംഗി! മഞ്ഞരാശിയില്‍ ചെമ്പട്ടുടുത്ത് വാഴക്കുടപ്പന്‍ ഒരൊറ്റയിതള്‍ പൊക്കി പ്രദര്‍ശിപ്പിച്ചിരിക്കുന്നു- വൈഡൂര്യം പതിച്ച പീതാഗ്രം അടുക്കി വെച്ച് രണ്ടുനിര പൂക്കള്‍. അവയ്ക്കു ചുറ്റും നിറയെ കുഞ്ഞു തേനീച്ചകള്‍ വട്ടമിടുന്നു.
ഹോ! തേനുണ്ടായിരിക്കും. പണ്ടെന്നോ എപ്പോഴോ ഒരുതവണ വാഴപ്പൂവിന്റെ തേന്‍ വലിച്ചെടുത്തതിന്റെ മധുരം ഇന്നും ചുണ്ടിലുണ്ട്. പട്ടണക്കുട്ടിയായിരുന്നതിനാല്‍ മധുരസ്മരണകള്‍ അധികമില്ല. പിന്നെപ്പോഴെല്ലാം വല്ല നാട്ടുമ്പുറത്തും വാഴപ്പൂ കണ്ടോ അപ്പോഴൊക്കെ ശ്രമിച്ചിട്ടുണ്ട്. ഒന്നുമുണ്ടാവില്ല പൂവില്‍. മര്ഭൂമി. ഭ്രമരങ്ങള്‍ ഭ്രമണം ചെയ്യും ഈ കുടപ്പനില്‍ നിന്നും സുധാബിന്ദു ഇത്തവണ ഞാൻ പാനം ചെയ്യും.
ദൃഢനിശ്ചയത്തോടെ മൂസാ പാരഡൈസിയാക്കയ്ക്കടുത്തെത്തി. ഓഷധിയാണെങ്കിലും സെക്വയയുടെ അനന്തരവളാണെന്നാണ് വിചാരം. ഉയരെയുയരെ വളര്‍ന്നുനിന്ന് കുലമാത്രം വളച്ച് താഴോട്ടേയ്ക്കു വിടര്‍ത്തിയിരിക്കെയാണ് തെങ്ങോല വീണ് വശത്തേക്കു ചെരിഞ്ഞു പോയത്. കുലയിലെ കുഞ്ഞുപൂവലുകള്‍ പഴമായി മാറാന്‍ ഇനിയുമേറെ നാളുകള്‍ വാഴയമ്മ ചുരത്തുന്ന നീരും കുടിച്ച് മയങ്ങിക്കിടക്കേണ്ടതുണ്ട്.
ചെരിഞ്ഞു നിന്ന വാഴയമ്മയെ കഴിഞ്ഞകൊല്ലം വെട്ടിയ പ്ലാവിന്റെ തടികൊടുത്തു താങ്ങിയിരിക്കുന്നു. നാരായണീയത്തില്‍ യേശുദാസ് പാടിയപോലെ 'പീയൂഷാപ്ലാവിതോഹം' ആയിരുന്നെങ്കില്‍ പ്ലാവിനീഗതി വരൂല്ലായിരുന്നു. ഒരു മെനയില്ലാത്ത ചക്കയും നിറയെ ചോണനുറുമ്പിന്റെ കൂടും ഇട്ടാവട്ടത്തൊടിയില്‍ നിറയെ കാനലും. ഒറ്റവെട്ട്. നട്ടെല്ലില്ലാത്ത വാഴയ്‌ക്കൊരു താങ്ങായല്ലോ.
ഒറ്റച്ചാട്ടം. മോങ്ങാനിരുന്ന പൂവെല്ലാം എന്റെ കയ്യില്‍! നക്കിയിട്ടും ഈമ്പിയിട്ടും ചവച്ചരച്ചിട്ടും ഒരു നാനോ തുള്ളി അമൃതം പോലുമില്ല. വാഴക്കറയുടെ ചവര്‍പ്പുമാത്രം. തേന്മാവിന്‍ കൊമ്പത്തെ ശോഭനയെപ്പോലൊരു സീന്‍ ടീസറായി മനസ്സില്‍ ഓടിയിരുന്നത് ഇപ്പോഴെന്നെ ടീസ് ചെയ്യാന്‍ തുടങ്ങി. ദിവ്യ കൈശോരവേഷം അഴിച്ചുവെച്ച് മാഞ്ചിഫെറാ ഇൻഡിക്കയുടെ സീഡ് പോയ സ്‌ക്വിറലിനെപ്പോലെ തിരിച്ചുവന്നലക്കി.
ആ നേരം കഴിഞ്ഞുപോയി. അതിനടുത്ത നേരവും കടന്നുപോയി. വൈകുന്നേരം വന്നു. വീണ്ടും കാറ്. ഒറ്റനമ്പരും ഇരട്ടനമ്പരും ഒന്നിച്ചു റോട്ടിലിറങ്ങിയ പോലെ അടിപിടി ബഹളം മോളില്‍. ഇപ്പോ പൊട്ടിവീഴും എന്ന പതിവു 'പുലിവരുന്നേ പുലി' കേട്ട് തുണിയും കൊപ്രയും കൊണ്ടാട്ടവും അഹമഹമിഹയാ വീടിനകത്തേക്കോടിക്കയറി. നിര്‍ന്നിമേഷാക്ഷയായി നില്പതഹോ ഞാനതാ അലക്കുശിലയോരത്ത്. പുതുതായി യവനികയുയര്‍ത്തിക്കാണിക്കുന്ന പുഷ്പനിര ദൃഷ്ടിഗോചരമായി. ഓടിപ്പോയി നോക്കി. ഭ്രമരങ്ങള്‍ ഭ്രമണവും പരിരംഭണവും തുടങ്ങിയിരിക്കുന്നു. ചാടി നോക്കി. തൊട്ടു നോക്കി. വലിച്ചു നോക്കി. കിട്ടുന്നില്ല. കസാല വെച്ചു കയറി പറിച്ചെടുത്തു. നിറയെ തേന്‍. പറിക്കുമ്പോള്‍ ഇറ്റിറ്റു വീഴുന്നു. ചോന്ന പോളയോടെ ഇരിഞ്ഞെടുത്ത് മക്കള്‍ക്കും കൊടുത്തു. ബീയെസ്സീം എമ്മെസ്സീം ബോട്ടണി പഠിച്ചിട്ടൊന്നും കാര്യമില്ലെന്ന് അന്നറിഞ്ഞുരുന്നെങ്കില്‍..
വാല്‍- വാഴപ്പൂ വിരിയുന്നത് വൈകിട്ടാണെന്ന് കണ്ടുപിടിച്ചത് പോസ്റ്റാക്കാന്‍ ഞാന്‍ പെട്ടപാട്. ദാരിദ്ര്യം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ