2020 ഏപ്രിൽ 3, വെള്ളിയാഴ്‌ച

കായത്തോട് ഇഡ്ഡലി

അമ്മമ്മാ.. ഈ കായത്തോട് കളയട്ടെ?

കളയ്യേ?!! ന്റീശ്വരാ.. അതോണ്ട് ഉപ്പേരിണ്ടാക്കിക്കൂടേ?

ഇനിയ്ക്ക് ഉപ്പേരി തിന്നു മടുത്തു. ഇദെത്ര്യാ! എല്ലാര്‍ക്കും കൊടുത്തയക്കാന്‍ കായ വറുത്തത്. നമ്മക്ക് മൂന്നേരം കായത്തോടിന്റെ ഉപ്പേരീം. 

വൈന്നേരത്തെ കാപ്പിയ്ക്ക് കോലായിലിരുന്ന് കായ വറത്തദ് ആരേ തിന്ന്ണ്ടായിരുന്ന്?

അദൊക്കെ ശരി. ഞാനിദ് പ്പൊ കളയും. ഇന്നലെ ഒരു രസോണ്ടായില്ല ഉപ്പേരി. രാത്രി തിന്നപ്പോ ചടച്ചു. വ്യാ..

കളയാനാപ്പോ ഫ്രിഡ്ജില് വെച്ച് രാവിലെ ട്ത്ത് പൊറത്ത് വെച്ചത്? നല്ല കാര്യായി. ഞാനെയ്, ലേശം അരി നനച്ച്ണ്ട്. ദാ. നീയീ അരിയര്യ്ക്ക്. നേര്‍മ്യാവണ്ട. ലേശം തരിയായിട്ട്. ഞാന്‍ കായത്തോട് നുറുക്കിത്തരാം. 

ദ്വാ! ഇദെന്താ ഈ കിണ്ണത്തില്?

അതില് ലേശം പുളിങ്ങ, മൊളക്പൊടി, മഞ്ഞപ്പൊടി, ഉപ്പ്, ഒരുതുണ്ട് ശര്‍ക്കര, ശകലം നാള്യേരം ചെരവീത് ഒക്കേണ്ട്. നീയതാ അരീലിട്ട് അരച്ചെടുത്തോ.

ന്ന്ട്ട്? ദ് എന്ത്ണ്ടാക്കാനാ പോണത്! വല്ല പുത്യേ കൂട്ടുമാണോ മഹാറാണീ?

അതൊക്കെ ണ്ടടീ കോതേ. മതി മതി അരഞ്ഞത്! ഇനി ആ മാവ് അടുക്കു പാത്രത്തിലിട്ട് ഇതൊന്നു മിക്‌സീലിട്. കായത്തോട് നുറുക്കയേതാ. ഇനി നെറം കണ്ട് 'അയ്യേ' കൂവാന്‍ നിക്കണ്ട. പൊടിഞ്ഞാ മതി. അരയണ്ട. വെള്ളം ചേര്‍ക്കാതെ ഒന്നട് തിരിച്ചോ. 

Yes Boss. ഇനി?

പൊടിച്ച കായത്തോട് മാവിലിട്ട് കൊഴച്ച്ട്ട് ഉരുള്യാക്കീട്ട് ദാ ഈ ഇഡ്‌ലിച്ചെമ്പില്ക്ക് വെച്ചോ. വാഴെലക്കീറ് വെച്ച്ണ്ട് ഇഡ്‌ലിത്തട്ടിനു മുകളില്‍. 

അയ്യേ! ന്നാപ്പിന്നെ വാഴെലേല് പൊതിഞ്ഞ് നല്ല അന്തസ്സായീട്ട് എലയടണ്ടാക്കാര്‍ന്നീലേ? ഇതെന്ത് പണിയാണമ്മമ്മാ?

ഇനിപ്പോ എല മുറിയ്ക്കാനൊന്നും പോണ്ട. നീയിതങ്ങട്ട് വെച്ച് മൂടിവെയ്ക്ക്. നല്ല തെള വന്നയ്ക്കുണു. 

ശ്ശീ.. ന്നാലും ന്റെ അമ്മമ്മേയ്.. ഒരു രണ്ടെല കീറി ഈ ഉണ്ടെങ്ങട് പൊതിഞ്ഞു വെച്ചാല്‍ കാണുമ്പോഴൊരു ഗുമ്മല്ലേ?

നെണക്ക് ഗുമ്മിനാച്ചാല്‍ എലെന്നെ വേണ്ട്ര്ന്നില്ല. ഈ മാവ് ഓരോ കൈല് ഇഡ്‌ലിത്തട്ടില് വെച്ചാ കായത്തോടിന്റെ ഇഡ്‌ലിയാവ്വായിരുന്നൂ. 

ഇതിനിപ്പോ എന്തു പേരാ ഇട്വ? കായത്തോടിന്റെ ഇഡ്ഡലീമല്ല, എലയടേമല്ല. കൊഴുക്കട്ട ന്ന് ട്ടാലോ? Plantain peel balls. You like it?

ഉണ്ടാക്കുന്ന വിധം

-പച്ച ഏത്തക്കായത്തോട് നുറുക്കി വെള്ളത്തിലിടുക.
-പുളിയോ പുളിച്ചി മോരോ ഇട്ട് തിരുമ്മിക്കഴുകിയാല്‍ കറ പോയിക്കിട്ടും. 
-വെള്ളമൂറ്റി മിക്‌സിയിലിട്ട് പൊടിച്ചെടുക്കുക. 
-കുതിര്‍ത്ത അരി, മഞ്ഞള്‍പ്പൊടി, മുളകു പൊടി, ഉപ്പ്, ശർക്കര, നാളികേരം ലേശം കായം(optional) ചേര്‍ത്ത് തരിയായി അരച്ചെടുത്തത്.

-ഇവ യോജിപ്പിച്ച് ഇഡ്‌ലിത്തട്ടില്‍ ഒഴിച്ചോ, വലിയ ഉരുളകള്‍ ഇലയില്‍ പൊതിഞ്ഞോ ആവിയ്ക്ക് വേവിച്ചെടുക്കുക.
-15-20 മിനിട്ട് മീഡിയം തീയില്‍ വേവണം.
-വെളിച്ചെണ്ണയോ വെണ്ണയോ ധാരാളമായി ഒഴിച്ച് ചമ്മന്തി, അച്ചാര്‍ എന്നിവ കൂട്ടിക്കഴിക്കാം. 

ചൂടോടെയാകുമ്പോള്‍ സ്വര്‍ഗ്ഗീയാനുഭൂതി ലഭിയ്ക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ