2020 ഏപ്രിൽ 10, വെള്ളിയാഴ്‌ച

ഓല

നാടെല്ലാം പടിയടച്ച് വീട്ടിലിരിക്കുമ്പോൾ ഈ അനിശ്ചിതകാല വേനലവധിയിൽ ഏറ്റവുമേറെ പ്രതീക്ഷ നൽകുന്ന വിരുന്നുകാരനാരായിരിക്കും?
വേനൽമഴയെന്ന ആ വിരുന്നുകാരന്‍ തരുന്നതെന്തൊക്കെയാണ്?ഓർക്കാനേറെ സമയമുള്ള ദിനരാത്രങ്ങളിൽ പങ്കയുടെ താളത്തിൽ നമുക്കു ചുറ്റും വീണ്ടും വീണ്ടും കറങ്ങി നടക്കുന്ന ഓർകളിലൊന്നു തൊട്ടാൽ മതി- അവ ഒന്നിൽ നിന്നു മറ്റൊന്നിലേക്ക്, അതിൽ നിന്നു മറ്റു പലതിലേക്ക് ഒരു ശൃംഖല പോലെ പടർന്നു വളരും. എത്ര വളർന്നാലും മഹാവ്യാധിയെന്നും മഹാമാന്ദ്യമെന്നുമുള്ള വാസ്തവങ്ങളിലേക്കു കൃത്യമായി തിരിച്ചു വരികയും ചെയ്യും.


മൂക്കാനും പഴുക്കാനും നില്‍ക്കാതെ കാറ്റെന്ന കൂട്ടുകാരനൊപ്പം തല്ലിക്കൊഴിച്ച ആദ്യ മാങ്ങകള്‍, മരത്തില്‍ ബാക്കി വന്ന മൂത്തുനരച്ച അവസാന അമ്പഴങ്ങകള്‍, മൂപ്പെത്താത്ത കുലയോടുകൂടിയ വാഴകള്‍, വാളമ്പുളി, ഇരുമ്പാമ്പുളി, ഉണങ്ങിയ തേങ്ങ, ഓല, കൊതുമ്പ്, കോച്ചാട.. ഇനിയുമേറെ. 
ഇതില്‍ ഏറെ ഗൃഹാതുരത്വമുണര്‍ത്തുന്ന, എന്റെ സ്വകാര്യ സുഖമെന്നു തോന്നുന്ന ഒന്നാണ് തെങ്ങോലയുടെ(ഓലപ്പട്ട) പതനധ്വനി. ഇളം പച്ചനിറത്തില്‍ വിരിഞ്ഞ് പീലി നീര്‍ത്തിയാടി, ഒരു രാജാവിനെപ്പോലെ ഗംഭീരമായി ഏറെനാള്‍ തലയുയര്‍ത്തി നിന്ന് നീലവാനത്തെ കോതിക്കോതി ഇക്കിളിയാക്കി, പുതിയ നാമ്പുകളുയര്‍ന്നു വരുമ്പോള്‍ പതിയെ വശത്തേയ്ക്കു മാറി, ജീവിതമേ ഉത്സവമെന്ന മട്ടില്‍ കുരുത്തോല തൂക്കി, കാക്കയ്ക്കും കൊറ്റിയ്ക്കും തത്തയ്ക്കുമിരിക്കാന്‍ നട്ടെല്ലു വളച്ചുകൊടുത്ത്.. പിന്നെ പതിയെ മഞ്ഞച്ച്, ഉണങ്ങിത്തൂങ്ങി, വിഷാദത്തോടെ നിലത്തുനോക്കി, കിരികിരിയെന്നു കരിയിലപോലെ മാറിയ ശബ്ദത്തിൽ കാറ്റിനോടു പരിഭവം പറഞ്ഞ് ഒരുനാള്‍ അതിന്റെ ഭീമാകാരമായ ഞെട്ടറ്റ് രാജകീയമായ പതനം. ഉണങ്ങിയ ഓല തെങ്ങിന്‍ തടികളിലും മറ്റു മരങ്ങളിലും ഉരസി വലിയൊരു സീല്‍ക്കാരത്തോടെ വീഴുന്ന ശബ്ദം കേരളീയർക്കെല്ലാം ചിരപരിചിതമല്ലേ? 

ഒട്ടൊരു ഭയത്തോടെ ഒഴിഞ്ഞുമാറാന്‍ നോക്കും തെങ്ങിന്‍ ചോട്ടിലാണെങ്കില്‍. ഉമ്മറത്ത് നീന്തിയെത്തിയ കുഞ്ഞ് ഞെട്ടി പേടിച്ചുറക്കെ കരഞ്ഞേക്കാം. കൂടെ തേങ്ങയും വീണ് ഓടു പൊട്ടാം. മൂലോടു പൊട്ടിയാല്‍ നഷ്ടം കൂടുതലാണേ. 

പ്രവാസിയായിക്കഴിയുമ്പോള്‍ എടുത്തു പറയത്തക്ക പ്രാധാന്യമില്ലാത്ത ഒട്ടനേകം ശീലങ്ങള്‍ക്കും ഓർമ്മകള്‍ക്കുമൊപ്പം തെങ്ങും അതിന്റെ ശബ്ദങ്ങളും അതിനോടു ബന്ധപ്പെട്ട വാക്കുകളും നമ്മള്‍ കാലങ്ങളോളം ഓര്‍മ്മിക്കാതിരുന്നേക്കാം. 

ഓലപ്പട്ട വീണിടത്തു നിന്ന് മുറ്റത്തേയ്ക്കു വലിച്ചുകൊണ്ടുവരുന്ന ശബ്ദം- അതു ടെക്സാസിലെ മെട്രോ സ്റ്റേഷനിലിരിയ്ക്കുമ്പോൾ കേട്ടാലും തിരിച്ചറിയില്ലേ?

"സീതേയ്, ചായട വെള്ളം ചൂടാക്കണെങ്കില്‍ കോച്ചാടേ ള്ളൂ. വെറകൊക്കെ കഴിഞ്ഞിട്ക്കുണൂ." 

കോച്ചാടയെന്നാല്‍ തോണിയാകാരത്തിലുള്ള കൊതുമ്പും അതിനകത്ത് വിളഞ്ഞ തേങ്ങയടര്‍ന്നു വീണു പോയ ഉണക്കപ്പൂങ്കുലയും.

ഓലക്കൊടി വെട്ടുന്നതു നോക്കിയിരിയ്ക്കാന്‍ രസമല്ലേ? ഓരോ വശത്തുനിന്നും കൈപ്പിടിയിലൊതുങ്ങുന്നവ കൊത്തിക്കൊത്തി കൂട്ടിയിട്ട് അവസാനം തുമ്പ് അങ്ങനെ തന്നെ വെട്ടി ഓലക്കൊടി കൊണ്ടുതന്നെ ഒരു കെട്ട് കെട്ടി ഒതുക്കി വെയ്ക്കും. തീപ്പിടിപ്പിക്കാനും ചൂട്ടുകത്തിയ്ക്കാനും ഒക്കെ വേണം. ചൂലിന് ഈർക്കിൽ ഈരാനാണെങ്കിൽ നീളം കൂടിയ ഓലക്കൊടി മാറ്റി വെക്കണം. ഓലക്കൊടി വെട്ടി ബാക്കിയായ മട്ടല് (മടല്) അടുപ്പില് വെയ്ക്കാന്‍ പാകത്തിന് വലിപ്പത്തില്‍ തുണ്ടമാക്കി കൂട്ടിവെയ്ക്കും. അവസാനം വരുന്ന തടിച്ച ഞെട്ടിഭാഗമാണ് മടക്കടത്തണ്ട്. അതു നടുപിളര്‍ത്തി മുറിച്ചടുത്താലേ അടുപ്പില്‍ കൊള്ളൂ. ഒരു മീറ്ററോളം നീളമുള്ള മടക്കടത്തണ്ട് ഒരു കളിസ്സാമാനമായിരുന്നു. ടോയ്‌ സ്‌റ്റോറി ഒന്നുമുതല്‍ നാലുവരെ സിനിമകള്‍ കണ്ട ഇന്നത്തെ കുട്ടികള്‍ക്കും ഓലമടലുമ്മേല്‍ കളിയ്ക്കാന്‍ ഇഷ്ടമായിരിക്കും. ടിവിയും മൊബൈല്‍ ഗെയിമുകളും ഓഫായിപ്പോയാല്‍ മാത്രം. 

ചന്ദ്രക്കലപോലെ മുറ്റത്തുവീണു കിടക്കുന്ന മടക്കടത്തണ്ടിന്റെ തലഭാഗത്ത് ഒരുകാലും ലെസ്സ്ദാന്‍(<) അഥവാ ഗ്രേറ്റർ ദാൻ (>) എന്ന ആകാരത്തില്‍ വെട്ടിയെടുത്ത വാലറ്റത്ത് മറ്റൊരുകാലും വെച്ച് കിനാക്കളിവള്ളം എത്ര തുഴഞ്ഞതാ നമ്മളൊക്കെ. ഒരാളിരുന്നോ നിന്നോ മറ്റൊരാള്‍ വലിച്ചുകൊണ്ടുപോകുന്ന മട്ടല്കാളയ്ക്ക് കഴുത്തിലൊരു കയറുമാകാം. സ്‌കേറ്റിങ്ങൊന്നും അന്നു നമ്മള്‍ സിനിമയില്‍ പോലും കണ്ടിട്ടില്ല. 

തേങ്ങയിടുന്ന ദിവസം അതെണ്ണി അകത്തിടുന്നൊരേര്‍പ്പാടുണ്ട്. മൂന്നാലുപേര്‍ ദൂരെദൂരെ നിന്ന് കൈമാറിക്കൈമാറി എറിഞ്ഞു കൊടുക്കും. നമ്മളും വലുതായി ഒന്നിനുമാത്രം പോന്നെന്ന് മൂത്തോര് അംഗീകരിച്ചാലേ ആ സര്‍വ്വീസിലേയ്‌ക്കൊക്കെ എടുക്കുള്ളൂ ട്ടോ. പീക്കിരി ശരീരികളാണെങ്കിൽ ഒരു എട്ടാംക്ലാസ്സെങ്കിലും ആവണം. ഇങ്ങനെ തേങ്ങ നിറയ്ക്കാന്‍ പൂമുഖത്തോടു ചേര്‍ന്നൊരു ഗ്രില്ലിട്ട മുറിയുണ്ട്. തേങ്ങയൊഴിഞ്ഞു കിടക്കുമ്പോള്‍ അതിനു സ്റ്റഡി റൂമെന്നായിരുന്നു പേര്. കോളേജില്‍ പഠിയ്ക്കുകയായിരുന്ന കുഞ്ഞമ്മായിക്ക് തേനീച്ച കുത്തിയപോലെ മുഖം വീര്‍ക്കാന്‍ വായനാമേശയ്ക്കു താഴെയും അലമാരയ്ക്കു മുന്നിലും അരയാള്‍ പൊക്കത്തില്‍ കുമിഞ്ഞു കിടക്കുന്ന തേങ്ങാക്കൂട്ടവും ഒരു കാരണമായിരുന്നു. പുസ്തകം വെയ്ക്കുന്ന അലമാരയുടെ കതക് അനിശ്ചിത കാലത്തേയ്ക്കു തുറക്കാന്‍ പറ്റാത്തതിനാല്‍ തേങ്ങ നിറയുന്നതിനു മുമ്പ് ആവശ്യമുള്ള പുസ്തകങ്ങളെടുക്കേണ്ടിയിരുന്നു. പൂപ്പലിന്റെ നനവും ചെള്ളുമൊക്കെ ഋതുവനുസാരം നിറയുമെങ്കിലും തേങ്ങ നിറഞ്ഞ സ്റ്റഡിറൂം എനിയ്‌ക്കൊരാഘോഷമായിരുന്നു. തേങ്ങാക്കൂനയ്ക്കു മുകളിലൂടെ നടക്കുമ്പോള്‍ ബാലരമയിലെയും പൂമ്പാറ്റയിലെയും കഥകള്‍ മനസ്സാലഭിനയിച്ചു തകര്‍ക്കും. തേങ്ങാക്കൂനയ്ക്കു മുകളില്‍ നില്‍ക്കുമ്പോള്‍ കോട്ടയ്ക്കു മുകളില്‍ മുടി താഴോട്ട് ഇട്ടിരിയ്ക്കുന്ന രാജകുമാരിയാണ് ഞാനെന്നു തോന്നും. തേങ്ങയ്ക്കുമേല്‍ വഴുതി വീഴുമ്പോള്‍ ഹിമാലയ ഗിരിദുര്‍ഗ്ഗങ്ങളിലാണെന്ന മട്ടിൽ എക്കോയിട്ട് 'രക്ഷിക്കണേ..' വിളിയ്ക്കും. 
"രക്ഷിക്കണേ.. 
ക്ഷിക്കണേ... 
യ്ക്കണേ... 
ണേ..."

വാങ്ങിയ കൂട്ടര്‍ കല്ലും കട്ടിളയും കഴുക്കോലും ഊരി പാര്‍ട്ട് പാര്‍ട്ടാക്കി നാമാവശേഷമാക്കിയ തറവാട്ടു വീട്ടില്‍ ഞാനേറ്റവുമധികം സമയമിരുന്ന മുറിയാണ് സ്റ്റഡിറൂം. ബാല്യകൗമാരങ്ങളുടെ ചിരിയും കരച്ചിലും ചിന്തയും വിഷാദവും സ്വപ്‌നങ്ങളും ആഗ്രഹങ്ങളും നിരാശകളുമെല്ലാം അടക്കം ചെയ്തയിടം. സ്റ്റഡിറൂമിനെ സ്റ്റഡിറൂമെന്നു വിളിയ്ക്കരുതെന്നും സ്റ്റഡിയെന്നാല്‍ സ്റ്റഡിറൂമെന്നാണര്‍ത്ഥമെന്നും പലതവണ ഡല്‍ഹിക്കാരന്‍ കുഞ്ഞപ്പൂപ്പന്‍ പറഞ്ഞു തന്നിട്ടും സ്റ്റഡിറൂമിനെ ഞങ്ങള്‍ സ്റ്റഡിറൂമെന്നു തന്നെ വിളിച്ചു വന്നു. സമചതുരത്തിലുള്ള തണുത്തുചെമന്ന മണ്ണോടു പതിച്ച്, ഒരു ചുമരു നിറയെ അഴിവെച്ച് ഞങ്ങളെ അഴിയെണ്ണാന്‍ പഠിപ്പിച്ച, രണ്ടു ചുമരുകളില്‍ ത്രികോണാകൃതിയില്‍ ചെറിയ ദ്വാരങ്ങളുള്ള ആ കുടുസ്സുമുറിയില്‍ ഇന്നും ഇനിയും ഈ ആയുഷ്‌കാലമത്രയും എനിയ്ക്കു സ്വയം മറന്നിരിയ്ക്കാം. പഴയ മുച്ചക്ര സൈക്കിളും കാരംബോര്‍ഡും താഴ്വരയിലെ ബള്‍ബുടച്ച ഏട്ടന്റെയാ ചുകന്ന പ്ലാസ്റ്റിക്ക് പന്തും അമ്മയ്ക്കും അമ്മമ്മയ്ക്കും അനാവശ്യമെന്നു തോന്നിയിരുന്ന മറ്റനേകം സാമാനങ്ങളും അട്ടത്തു മയങ്ങിക്കിടക്കുന്ന ആ ചെറിയ തട്ടിട്ട മുറി..

ഓലമെടയാനെന്നെ പഠിപ്പിച്ചത്  എളങ്കൂറിലെ ഇഞ്ഞക്കയാണ്. കാതു കേള്‍ക്കാത്തതിനാല്‍ സംസാരിക്കനറിഞ്ഞുകൂടാത്ത ഇഞ്ഞക്ക. വൈകുന്നേരം കാപ്പികുടിച്ച് തൊടിയുടെ അതിരായ തോട്ടില്‍ കുതിര്‍ക്കാനിട്ട ഓലകളെടുത്തുകൊണ്ടു വരും. കുതിര്‍ന്നു ഭാരമേറിയ ഓലപ്പട്ടകള്‍ നിലത്തിഴച്ചു മണ്ണാക്കാതെ ഏറ്റിക്കൊണ്ടു വന്നാല്‍ നന്ന്. കറുത്ത ഓലകളില്‍ നിന്ന് തവിട്ടു നിറത്തിലുള്ള തുളളികള്‍ ഇറ്റിറ്റു വീഴും. എരുമകളെ കറന്ന് ചാണകവും വാരി നന്നായിരുട്ടും മുമ്പേ ഇഞ്ഞക്ക കുളത്തിപ്പോയി കുളിച്ചുവരും. ജംബറും ലുങ്കിയുമുടുത്ത് ചന്ദ്രികാസോപ്പിന്റെ മണമുള്ള ഈറന്‍മുടി കോതിക്കെട്ടി മുറ്റത്തേയ്ക്കിറങ്ങും. മുടുകവിളക്ക് കത്തിച്ച് ഇറയത്തെ പടിയിന്മേല്‍ വെച്ചിട്ടുണ്ടാകും. 

എളങ്കൂറു മഠത്തിന്റെ മുറ്റം ഇഞ്ഞക്കയുടെ അഭിമാനമായിരുന്നു.മണ്ണിട്ടടിച്ചു മിനുക്കി ചാണകം തേച്ച  മുറ്റം. താഴത്തെ തൊടിയിലേയ്ക്കുള്ള അതിന്റെ അരികിൽ മണ്ണുകുഴച്ച് തിണ്ടു പടുത്തതിന്റെ വശത്ത് നല്ല ചെമ്മണ്ണുതേച്ച് ചുകപ്പു നിറം. തിണ്ടിന്റെ മുകള്‍ ഭാഗം ബാറ്ററിക്കരി പൊടിച്ചിട്ട് ചാണകം കലക്കിത്തേച്ച നല്ല അസ്സലു കറുപ്പു നിറം. തീര്‍ന്നില്ല. ചിലപ്പോഴൊക്കെ പച്ചച്ചാണകം മെഴുകിയ മുറ്റത്തിനു ബാറ്ററിക്കറുപ്പുകൊണ്ട് ബോര്‍ഡറുണ്ടാകും. നല്ല വൃത്തിയില്‍ സ്‌കെയിലിട്ടു വരച്ച പോലെ. കവുങ്ങിൻപാള  ദീർഘ ചതുരാകൃതിയിൽ മുറിച്ചെടുത്തതു കൊണ്ട് സൂക്ഷ്മതയോടെ ചാണകം വടിച്ചാണീ കൃത്യത വരുത്തുന്നത്.  അരികോലായിലും പടവുകളിലും ഇതുപോലെ ചുകപ്പ്, കറുപ്പ്, ചാണകപ്പച്ച എന്നീ മൂന്നു നിറങ്ങൾ കൊടുത്ത് മനോഹരമാക്കിയിട്ടുണ്ടാകും. 

തട്ടിട്ട മണ്ണുവീടായിരുന്നു. ചാണകം മെഴുകിയ ഇരുണ്ട വീടകം. ബാറ്ററി പൊടിച്ചു കറുത്ത ചാണകം മെഴുകിയിരുന്ന പെണ്ണുങ്ങള്‍ക്കും ആ നിലത്ത് നീന്തിയും നടന്നും പെറുക്കിത്തിന്നും വളര്‍ന്ന കുഞ്ഞുങ്ങള്‍ക്കുമെല്ലാം ക്യാന്‍സര്‍ വന്നിട്ടില്ല. പക്ഷെ, ഇന്നെനിയ്ക്ക് എന്തൊരു പേടിയാണ് പലതിനോടും! 

മുടുകവിളക്കിന്റെ  മണ്ണെണ്ണപ്പുക ആര്‍ത്തിയോടെയിറക്കി ഞാനിരുന്നു നോക്കും- ഇഞ്ഞക്ക ഓല മെടയ്ണത്. ദിവസവും നാലഞ്ചെണ്ണം മെടയും. അങ്ങാടീല്‍ കൊടുത്താല്‍ പൈസകിട്ടൂത്രെ. ഞാനും പഠിച്ചതായിരുന്നു ഓലമെടയാന്‍.  കാലത്തിന്റെ ഏതെങ്കിലുമൊരു തിരിവില്‍ ഞാനിനിയുമൊരിക്കൽ ഓലമെടയുമോ ആ ചെറിയ അറിവ് ആര്‍ക്കെങ്കിലും പകര്‍ന്നുകൊടുക്കുമോ അതോ; മറന്നുപോയിക്കാണുമോ- ഒന്നുമറിഞ്ഞൂടാ

കുളത്തിൽ കുളിക്കുന്നതും മൈലാഞ്ചിയിടുന്നതുമാണ് അവിടുത്തെ മുന്തിയ ആകർഷണങ്ങള്. എത്തിയ ഉടനെ അപേക്ഷ തുടങ്ങിയാലേ തിരിച്ചു പോരുന്നതിനു മുൻപെങ്കിലും മൈലാഞ്ചി ഇടാൻ പറ്റൂ. ഇഞ്ഞക്കയുടെ അനുജത്തി സുശീലക്കയുടെ പിന്നാലെ നടക്കണം മൈലാഞ്ചി മന്ത്രം ജപിച്ചു കൊണ്ട്. ദേവി പതിയെ പ്രസാദിച്ചാൽ ഉത്സാഹമായി. പിന്നെ ഇല പറിക്കണം. അമ്മിയിലരക്കുന്നത് കണ്ടങ്ങനെ നിൽക്കാൻ രസമാണ്. അമ്മിക്കുട്ടി മുന്നിലേക്കും പിന്നിലേക്കും നിരക്കി നിരക്കി മുന്നിലും പിന്നിലും അരവ് കുമിയുമ്പോൾ വടിച്ചെടുത്തു നടുവിലിടും. വീണ്ടും ലേശംലേശമായി അരവ് രണ്ടറ്റത്തും കൂടിവരും. വീണ്ടും വടിച്ചെടുത്ത് നടുവിലിടും. ഇടക്ക് അമ്മിക്കുട്ടി ലേശം പൊക്കിയിട്ട് ഇടിച്ചു ചതക്കും. പിന്നെ അമ്മിക്കുട്ടി അമ്മിക്കല്ലിൽ കുത്തനെ ഇടതു കൈ കൊണ്ടു താങ്ങി നിർത്തി വശങ്ങൾ വടിച്ചെടുക്കും. സുശീല ക്കയുടെ കൈ മൈലാഞ്ചിച്ചാറു തട്ടി ചുകന്നു ചുകന്ന് വരും. ആ മണം നുകർന്ന് അവിടെ നിൽക്കുമ്പോൾ എനിക്കത് മുഖമാകെ വാരിപ്പൊത്താൻ കൊതി തോന്നും. നല്ലവണ്ണം അരഞ്ഞ മൈലാഞ്ചി ഒരു ചിരട്ടയിലോ തേക്കിലയിലോ വടിച്ചിടും. ഒരു ഈർക്കിലു കൊണ്ട് അത് എടുക്കാനും കയ്യിലിടാനും മണിക്കൂറുകൾ നീണ്ട തപസ്സാണു പിന്നെ. മനസ്സിലെ ബ്ലൂപ്രിന്റ് അതിഗംഭീരമായിരിക്കും. കയ്യിലെ ഗ്രീൻ പ്രിന്റ് ബ്ലൂവിന്റെ ഏഴയലത്തു വന്നിരിക്കില്ല. അതിനടിയിൽ കൈവെള്ള ഓറഞ്ചു വിട്ടു ചുകപ്പാവാൻ കാക്കുന്നതാണ് ഏറ്റവും ദുഷ്കരം. ഇടക്ക് പാതി ഉയർത്തി നോക്കും. നോക്കി നോക്കി മടുക്കുമ്പോൾ കൈ വേദന, ഉറക്കം എന്നൊക്കെപ്പറഞ്ഞ് കഴുകി വരും. എത്ര കാത്താലും സുശീലക്കേടെ അത്രേം ചുകക്കില്ല.

നാഴികകളും വിനാഴികകളുമെടുത്ത് കയ്യിൽ ഈർക്കിൽ കൊണ്ട് കളമെഴുതുമ്പോഴാകും ഉണ്ണാനോ ചായകുടിക്കാനോ വിളിക്കുന്നത്. ചിരട്ട ഇലക്കീറു കൊണ്ടു മൂടി എണീറ്റു പോയാൽ ശ്രീപേട്ടൻ എന്ന ശീപേട്ടൻ മനസ്സമാധാനം നശിപ്പിക്കാനായിട്ട് അതിനെ ചുറ്റിപ്പറ്റി നിൽക്കും. ശീപേട്ടൻ പണ്ട് മൈലാഞ്ചി മാറ്റി ചാണകയുരുള കൊണ്ടു വെച്ച് സുശീലക്കയെ പറ്റിച്ച കഥ ഞങ്ങൾ മൈലാഞ്ചി പറിക്കുമ്പോഴേ എല്ലാരും പറഞ്ഞ് ചിരിക്കാൻ തുടങ്ങിയിട്ടുണ്ടാകും. ചാണകം ഈർക്കിലുകൊണ്ടെടുത്ത് കയ്യിൽ ഡിസൈനിട്ട് ചുകക്കാൻ കാത്തിരിക്കുന്ന സുശീലക്കയെ ഓർക്കുമ്പോഴേ എനിക്കു പാവം തോന്നും. ദുഷ്ടൻ. മൈലാഞ്ചി മുഴുവൻ ഇട്ടു തീരും വരെ ഇടക്കിടെ എടുത്തു മണത്തു നോക്കണം. വേറെന്താ നിവൃത്തി? ശീപേട്ടനാണെങ്കിൽ ഇടക്കിടക്കൊരു കള്ളച്ചിരി പാസാക്കി "എരുമച്ചാണകം മണക്കുന്നേ" എന്നോ മറ്റോ മൂളിപ്പാട്ടും പാടി ചുറ്റിനടക്കും.

വാർദ്ധക്യത്തിലേക്കു കടന്ന കൂടുതൽ മൗനിയായ ഇഞ്ഞക്ക എളങ്കൂറുണ്ടാക്കും. കൊറോണ എന്നൊരു സൂക്ഷ്മാണുവുണ്ടെന്നും കൊവിഡ് - 19 എന്നൊരു രോഗത്തിന്റെ ഭീതിയിൽ വാതിലടച്ചിരിക്കുകയാണ് ലോകമെന്നും അവർ എങ്ങനെ മനസ്സിലാക്കിയിരിക്കും! വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ചെവി കേൾക്കാത്ത ഇഞ്ഞക്കയോടു വൈറസിനെക്കുറിച്ചു പറയുന്നതെങ്ങിനെയെന്നോ?

ചൂണ്ടുവിരലും തള്ളവിരലും ചേർത്തു വെച്ച് നന്നെ ചെറുതെന്ന് കണ്ണിറുക്കി ആംഗ്യം കാണിക്കണം. അതു ശ്വാസം കഴിക്കുമ്പോൾ മൂക്കിലേക്കു കയറുന്നതായും ചുമ വരുന്നതായും കാണിക്കാം. പനി കാണിക്കാൻ നെറ്റിമേൽ കൈവെക്കണം. പരവശത അഭിനയിക്കണം. കിടപ്പിലാക്കുന്നതും ചാകുന്നതും ആംഗ്യം കാണിക്കണം. എന്നിട്ട് ഒരാളിൽ നിന്ന് മറ്റൊരാളിലേക്കു പകരുമെന്ന് എങ്ങനെയെങ്കിലും മനസ്സിലാക്കിക്കൊടുത്ത് തിരിച്ചിങ്ങോട്ടു കാട്ടുന്ന ആംഗ്യങ്ങളിൽ നിന്ന് അതു മനസ്സിലായെന്നോ അതു മനസ്സിലാക്കാൻ വെറുതേ പ്രയത്നിക്കേണ്ടതില്ലെന്നോ നാം മനസ്സിലാക്കണം. 

കൊവിഡ് നമുക്കു തരുന്ന പാഠങ്ങളിലൊന്ന് പണ്ടുപണ്ടേ നാം മറന്നു പോയ പ്രകൃതി പാഠമാണ്. മറ്റുള്ളവരെക്കുറിച്ചോ നമ്മെക്കുറിച്ചു തന്നെയോ നാം അധികം വേവലാതിപ്പെട്ടു കൂടാ എന്നതാണത്. മനുഷ്യർ പരിഹാരം കണ്ടുപിടിക്കാൻ കഴിയാത്ത ഏറ്റവും വലിയ പ്രശ്നമായി മരണത്തെക്കാണുന്നു. മരണമാകട്ടെ, താൻ ഏറ്റവും ലളിതമായ ഉത്തരമാണെന്നു നമ്മോടു പറയാൻ ശ്രമിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ