ഏതോ ഫ്രീക്ക് സ്വപ്‌നവും നുകര്‍ന്ന് അബോധത്തിന്റെ വനാന്തര്‍ഭാഗത്തുള്ള പ്രാകൃതസ്ഥലികളില്‍ അലഞ്ഞുനടക്കയായിരുന്നു ഞാന്‍. പ്ലോട്ടില്‍ വിരിഞ്ഞുകിടന്ന് നാനാദിശകളിലേയ്ക്കു പടര്‍ന്നെത്തുന്ന വാസ്തുപുരുഷനെക്കാള്‍ മികച്ച ഒരു പൊസിഷനിലാണ് ഞാന്‍ കട്ടിലില്‍ കിടന്നിരുന്നത്. പ്ലോട്ടെത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും കാലുമടക്കി ഒരു വൃത്തികെട്ട അവസ്ഥയിലാണ് അയ്യാളു കിടക്കുന്നത്. ഞാന്‍ നല്ല അന്തസ്സായി ഒരു കാലു നീട്ടി, മറുകാല്‍ ലേശം മടക്കി, ഒരു കൈ നീര്‍ത്തി ആക്രാന്തം പൂണ്ട് ഏതോ സമ്മാനം വാങ്ങാന്‍ സ്‌റ്റേജിലേയ്‌ക്കോടും പോലെയാണു കിടന്നിരുന്നത്. കയ്യിലൊരു ദീപശിഖയും വെച്ച് തന്നിരുന്നെങ്കില്‍ എന്നെ വല്ല ഒളിമ്പിക്‌സ് കമ്മറ്റിക്കാരും ബാനറിലൊട്ടിക്കാന്‍ എടുത്തേനെ.
വാസ്തുപുരുഷനെ എന്തു തേങ്ങയ്ക്കാണാവോ ഓര്‍മ്മ വന്നത്! പരമശിവന്‍ അന്ധകാരന്‍ എന്ന രാക്ഷസനോടു യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മൂപ്പരുടെ വിയര്‍പ്പുതുള്ളിയില്‍ നിന്നാണീ ഭൂതമുണ്ടായതത്രേ. ഒന്നോര്‍ത്താല്‍ ശരിതന്നെ. പരമാന്ധകാരത്തില്‍ വിയര്‍ത്തുകുളിച്ചു കിടക്കുകയായിരുന്നു ഞാന്‍. ഏതോ ജനിമൃതികളുടെ അപാരതയില്‍ ഒരു സ്വപ്‌നത്തില്‍ നിന്ന് മറ്റൊരു സ്വപ്‌നത്തിലേയ്ക്ക് പരകായപ്രവേശം നടത്തി അര്‍മാദിയ്ക്കുന്ന ആ വേളയില്‍..
അപ്പോഴാണത് ചിറുപിറുന്നനെ ഓടിവന്നത്. കാലിലൂടെ കയറി നീട്ടിപ്പിടിച്ച കയ്യിലെത്തി നില്‍ക്കുന്നു. പിന്തിരിഞ്ഞൊന്നോടി വീണ്ടും തിരിച്ച് കൈപ്പത്തിയുടെ തലപ്പത്തേയ്‌ക്കോടുന്നു. കുറേകാലുകളുണ്ട്. ഉറപ്പാണ്. ഞണ്ടാണോ? അതിനു ഞാന്‍ കടല്‍ക്കരയിലല്ലല്ലോ; കട്ടിലിലല്ലേ? അപ്പോപ്പിന്നെ എട്ടുകാലിയായിരിക്കും. വല്യേതാണ്. തട്ടുമ്പുറത്തൊക്കെ കാണുന്നപോലത്തെ വലിയ ഭാരമുള്ള ഒരെണ്ണം. ശങ്കിച്ച് ശങ്കിച്ചത് കൈത്തുമ്പിലേയ്ക്കു നടന്നടുത്തു. ഹായ്!! നല്ലരസം. ഇക്കിളിയാകുന്നതുപോലെയുണ്ട്. ദേഹത്തൊക്കെ ഇങ്ങനെ എട്ടുകാലികളെ നടത്തിയ്ക്കുന്ന ഒരു സ്പാ ഉണ്ടാകുമോ? ചൈനയിലുണ്ടാകും തീര്‍ച്ച. ഉടുമ്പുതീനികള്‍. കൊറോണപെറ്റ കോവിഡിന്റെ മാതൃരാജ്യം. ഇനി വിഷമുള്ള എട്ടുകാലിയായിരിയ്ക്കുമോ?
ഛും.. കൈ കട്ടിലിനു പുറത്തേക്കു കുടഞ്ഞു കളഞ്ഞു. അലറിപ്പായുന്ന ഫാനിന്റെ ശബ്ദത്തിനെ കവച്ച് എട്ടുകാലി വീഴുന്ന ശബ്ദം കേട്ടു.
എന്താ ചൂട്! തിരിഞ്ഞു കിടന്ന് ഈ എട്ടുകാലി വിശാലമനസ്‌കന്റെ Sajeev Edathadan മേത്തായിരുന്നു കയറിയിരുന്നതെങ്കില്‍.. എന്ന് ഭാവനയില്‍ കാണാന്‍ തുടങ്ങി. കൊറോണക്കാത്തിരുപ്പ് വല്ലാതെ മുഷിപ്പിയ്ക്കുമ്പോൾ ഇടയ്ക്കോരോ ബൂസ്റ്റു കുടിയ്ക്കുമ്പോലെ കൊടകരപുരാണം ഓരോ അദ്ധ്യായങ്ങള് വായനയുണ്ട് ഇപ്പോൾ. ഈ നിലമ്പൂരെട്ടുകാലി ഇപ്പോ കൊടകരേലോ ഫുജൈറേലോ ആയിരുന്നൂച്ചാൽ ലോകപ്രശസ്തയായേനേം. അയാളു ഗമണ്ടന്‍ പൊസ്റ്റിട്ടൊരു കസര്‍ത്തു കസര്‍ത്തേനെ. അത്യാചാര്‍. ദൈവത്തിന്റെ കയ്യൊപ്പും കൊണ്ടു ജനിച്ചിരിയ്ക്കുന്നു.
അതാ കേറി വരുണൂ.. വീണ്ടും കാലില്‍ക്കൂടെ. ഇത്തവണയും ഫുള്‍ബോഡി മസാജാണാവോ.. ഇതിനും മാത്രം എന്റെ ബോഡിയെന്താ വന്യജീവി സംരക്ഷണകേന്ദ്രമോ? ഭിക്ഷുകിയല്ല; ഭര്‍തൃഭക്ഷിണിയാണവള്‍.
ഇതൊന്നും ശരിയാവില്ല. "പോടീ!! നാശകോശമേ.." ഒരൊറ്റ കുടച്ചില്‍. ആ നിശാചര ധരണിയില്‍ തലമണ്ടേം അടിച്ച് വീഴുന്ന ശബ്ദം കേട്ടു. ഫോണിന്റെ സ്‌ക്രീന്‍ വെട്ടത്തില്‍ നോക്കി. ഒന്നും കണ്ടൂടാ.
എന്താ വേവ്. മൈക്രോവേവിനകത്തെ വേവ്. ജന്നാലയുടെ താഴത്തെ പാതിയും തുറന്നിട്ടു. പുറത്ത് ചീവീടുകളുടെ ആര്‍ത്തനാദം.
സമയം മൂന്നര. കൊറോണക്കാലത്ത് മൂന്നരയ്‌ക്കെണീയ്ക്കാന്‍ എനിയ്ക്കു വട്ടല്ലേ? തിരിഞ്ഞു കിടന്നു. പ്രതീക്ഷിച്ചു. അരിച്ചരിച്ചുവരുന്നുണ്ടോ? നാശം വരുന്നില്ല. മറിഞ്ഞു കിടന്നു. എന്നിട്ടും വരുന്നില്ല. ഉറക്കമെന്ന ജന്തു മണ്‍മറഞ്ഞു പോയിരിയ്ക്കുന്നു. യ്യോ! ഇനി തുറന്നിട്ട താഴെ ജനാലിലൂടെ ഇഴജന്തുക്കളാരെങ്കിലും.. അങ്ങനെയാരെങ്കിലും ഇഴഞ്ഞുവന്ന് നേരത്തേയെന്റെ മേലിഴഞ്ഞവളെ തിന്നാല്‍...
ശ്ശോ ഇന്നത്തെയുറക്കം മെരിച്ചു.
കൊറോണാകുലനന്ദിനീ... ദേവീ.. നിദ്രാഹരേ.. അവിടുത്തെ അവതാരലീലകളില്‍ ഞാന്‍ കൃതാര്‍ത്ഥയായിരിയക്കുന്നു.
അഷ്ടപാദയിപ്പോൾ വീട്ടിലെ ബ്യൂട്ടീഷൻ കുമാരിമാരുടെ കട്ടിലിനു കീഴേ വെച്ച തെര്‍മ്മോക്കോള്‍ പെട്ടിയിലെ ഏതഴിഞ്ഞുവീണ ബാര്‍ബിത്തലയ്ക്കകത്താണോ അപ്രത്യക്ഷയായത്! മഹാത്മാവേ, ആ ഹ്രസ്വ സന്ദര്‍ശനത്തില്‍ അങ്ങയെ വേണ്ടവിധം പരിചയപ്പെടാനോ ഉപചാരങ്ങള്‍ നല്‍കി പരിചരിച്ച് ആശീര്‍വാദം വാങ്ങുവാനോ കഴിഞ്ഞില്ല. ലൈറ്റിട്ടു സത്കരിക്കുന്നതിനു മുമ്പ് അങ്ങപ്രത്യക്ഷയായതില്‍ എനിയ്ക്കിപ്പോള്‍ മനോവ്യഥയും കുറ്റബോധവും തോന്നുന്നുണ്ട്.
ഹേ നിശാചരേ, കാര്യം മേലനങ്ങാതെ തിന്നലാണെന്റെ ഹോബിയെങ്കിലും, സഹജീവികളോടു സഹവര്‍ത്തിത്വമെന്നാണെന്റെ ഘോഷവാക്യമെന്നാകിലും തിരുമ്പിവരക്കൂടാത്. സുട്ടിടുവേന്‍...
വാല്: വിഷം നിറച്ച സഞ്ചിയും പൊക്കിപ്പിടിച്ച് മിറ്റത്തു നടന്ന മീഡിയം സൈസ് കരിന്തേളിനെ ഏട്ടൻ ബാറ്റ കൊണ്ടടിച്ചു കൊന്നു. ഇങ്ങനെ എത്രയെത്ര വന്യമൃഗങ്ങളുടെ നാശത്തിനാണ് ബാറ്റ കമ്പനി ഉത്തരവാദിയെന്ന് 'അയ്യോ തേള്തേളെ'ന്നു കാറിക്കൂവിയ നിഷ്കളങ്കയായ ഞാനോ-ർത്തു-ർക്കവേ 'ഇനി എട്ടുകാലിണി അല്ലായിരുന്നോ' എന്ന ചോദ്യച്ചിഹ്നം ഓർമ്മകളുടെ തട്ടുമ്പുറത്ത് തുമ്പിക്കൈയുയർത്തി ചിന്നംവിളിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ