#കായദോശ
''അംംമ്മമ്മാ... ദ് നോക്കൂ മതിലിന്റെ മോള്ക്കൂടെ അപ്രത്തെ ചേച്ചി തന്നതാ."
"ദെന്താ പച്ചക്കായ്യോ? ന്നലത്തെ കാറ്റത്ത് വാഴൊടിഞ്ഞിണ്ടാവും ല്ലേ?"
"ഉം.. ഇദോണ്ടെന്തെങ്കിലുമുണ്ടാക്കാന്‍ പറ്റ്വോന്ന് ചോയ്ക്കാന്‍ പറയാ ചേച്ചി. നോക്കൂ പിര്‍ണിപിര്‍ണി കായ്യാ."
"പിര്‍ണ്യാണെങ്കിലും വെറും പൂവലല്ല കാമ്പ് വെച്ചിട്ടുണ്ട്. ദ് കൊറേ ണ്ടല്ലോ സുന്ദര്യേ.. രണ്ട് ഗ്ലാസ്സ് പച്ചരി നനച്ചാ രാത്രീല്‍ക്ക് ദോശണ്ടാക്കാം. കായദോശ തിന്നാണ്ട് ശ്ശി കാലായീല്ലോ.."
"യ്യേ.. കായദോശ്യോ? അത് നന്നാവും?"
"അയ്യേ കുയ്യേ ഒന്നൂല്യ. കായദോശ ന്താ നന്നാവാണ്ട്? നെണക്ക് കായുപ്പേരി വല്യ ഇഷ്ടാണല്ലോ?"
"അദൊക്കെ ശര്യാ. ഈ കായേല് തോലല്ലേ ള്ളൂ. ഉപ്പേരി വേണ്ട. മൈസൂര്‍ക്കായാത്രേ. പഴാച്ചാല്‍ തിന്നാര്ന്നൂ."
"കൊറോണക്കാലത്ത് നി കായദോശേം ഉണ്ണിത്തണ്ടിന്റെ ദോശേം ഒക്ക്യൊന്നു തിന്നു നോക്ക്. ഞങ്ങളൊക്കെ പണ്ട് ക്ഷാമക്കാലത്ത് എങ്ങനെ ജീവിച്ചൂന്നാ?"
"എങ്ങനെ ജീവിച്ചൂന്നാ അമ്മമ്മേ? പറഞ്ഞ് തരൂ."
"അരിയ്ക്ക് എന്നും പഞ്ഞം. എടയ്‌ക്കൊക്കെ ഗോതമ്പക്കഞ്ഞിയാണ്. അന്ന് പിന്നെ ചപ്പാത്തിയൊന്നും ഇവിടാര്‍ക്കും അറിയില്ല. ഗോതമ്പം കിട്ട്യാല്‍ അമ്മീലരച്ച് ദോശയോ അല്ലെങ്കില്‍ മുഴുഗോതമ്പത്തിന്റെ കഞ്ഞിയോ വെയ്ക്കും. റേഷനരീലൊക്കെ കല്ലും കുപ്പേം കാട്ടോമൊക്കെ നെറച്ച്ണ്ടാകും. അതൊക്കെ പെറുക്കി, ചേറി കഞ്ഞിയുണ്ടാക്കും. ചെലപ്പോ കഞ്ഞി തെളയ്ക്കുമ്പോ ഒരു നാറ്റാ. ന്നാലും അതേള്ളു കുടിക്കാന്‍. അതു മൊടങ്ങീല്ലെങ്കി ഭാഗ്യാ."
"ന്ന്ട്ട്? കായദോശേനെപ്പറ്റി പറയൂ.."
"ആ. ചെലപ്പോ മൂക്കാത്ത കൊലയങ്ങ്ട് വീഴും. പറ്റെ ചെറ്യേ കായാണെങ്കി ചെലപ്പോ കയ്ക്കും. പൂവല്ന്ന് പറയും. അല്ലാത്തതൊക്കെ തിന്നാം. ഉപ്പേരീം തേങ്ങ അരച്ചിട്ടും അരയ്ക്കാണ്ടേം കൂട്ടാനും സാമ്പാറും ഒക്കെയാവാം. വാഴവീണാപ്പിന്നെ വാഴന്നെ ഭക്ഷണം. വയറ് നെറയണ്ടേ? മാനിത്തട്ടേം കായേം പഴോം ണ്ണിത്തണ്ടും.. എന്തിന് പറയ്ണൂ മണ്ണിന്റടീലെ കെഴങ്ങടക്കം തിന്നും. വാഴക്കന്നെന്നു പറയും. വാഴടെ എല തിന്നാമ്പറ്റിയിരുന്നെങ്കി ഇന്നാട്ടില് പട്ടിണീണ്ടാവില്ലായിരുന്നൂ എന്ന് ചിന്തിച്ചേര്‍ന്നു ഞാന്‍. അതൊരു കാലം."
"കായദോശേടെ കഥ പറയൂ അമ്മമ്മേ.. ഇതൊക്കെ ഞാനെത്രവട്ടം കേട്ടതാ. പണ്ടത്തെ പട്ടിണീടെ കഥ."
"പട്ടിണീടെ കഥ കേട്ടിട്ട് നെണക്ക് ബോറഡിച്ചൂല്ലെ? ജീവിതത്തില്‍ പട്ടിണി അറിഞ്ഞിട്ട്‌ണ്ടോ നീയൊക്കെ? അതൊരു വല്യ പാഠാ കുട്ട്യേ. ഒരിയ്ക്കലും മറക്കാത്ത പാഠം. മനുഷ്യനെന്താണ് ന്ന് തെളിഞ്ഞു വരും അപ്പോ."
"അമ്മമ്മാ.."
"പെണങ്ങണ്ട. നെണക്ക്ന്നല്ല ആര്‍ക്കും ആ ഗതി വരാതിരിയ്ക്കട്ടെ. ആ അടുക്കു പാത്രത്തില് വെള്ളങ്ങട് എടുത്തോ. കായ ഞാന്‍ ചെത്താം. നീ ചെത്തില്ലല്ലോ. നെന്റെ കയ്യിന്റെ ഫാഷന്‍ പോവില്യേ?"
"ഫാഷനല്ല, ഗ്ലാമറ്. ഞാനിന്ന് ക്യൂട്ടെക്‌സ് ട്ട്‌ട്ടേള്ളു. ദാ വെള്ളം. ഇദെന്താ തോലുരിയണ്ടേ?"
"തോല് പോര്ണതാണെങ്കി ഈര്‍ന്ന് കളയായിരുന്നു. ഇതിന്റെ തോലൊന്നും വര്ണില്ല. ഇങ്ങനെ മത്യെടി."
"അമ്മമ്മേടെ കയ്യിലൊക്കെ കറയായി."
"അദ് ത്തിരി വെളിച്ചണ്ണ്യാക്കിയാ പോവും. ഞാന്‍ പണ്ട് കല്ലന്‍കായോണ്ട് കൂട്ടാന്ണ്ടാക്കീത് ഓര്‍മ്മ വരാ. നെറയെ കല്ല് കടിച്ചു എല്ലാര്ക്കും. കല്യാണം കഴിഞ്ഞു പുതുക്കത്തിലാ. വടക്കോറത്തൊരു കല്ലുവാഴ നിക്ക്ണ്ടായിരുന്നു. ഞാനറിഞ്ഞോ കല്ലു വാഴ്യാന്ന്."
"കല്ല് വാഴ്യോ? അതെന്താ?"
"അതൊരു കാട്ടുവാഴ്യാണ്. പഴത്തിന്റെ ഉള്ളില് വിത്ത്ണ്ടാവും. വല്യ വല്യ കുരു. അതിന്റെ പഴം തിന്നാന്‍ വല്യപാടാണ്."
"ശരിയ്ക്കും? പഴത്തിന്റെ ഷേപ്പു തന്ന്യാണോ?"
"പിന്നില്ലാണ്ട്!! എലേം വാഴേം പഴോം ഒക്കെ സാധാരണ പോലെ. ഉള്ളില് വിത്ത് വലുതായി മൂക്കുമെന്നു മാത്രം. സാദാ പഴത്തിലൊക്കെ കറുത്ത് കുത്തു കുത്തു പോലെ കാണില്ലേ? ഇതിനകത്ത് ചാമ്പയ്ക്ക വിത്തിന്റെത്രേം വലുപ്പായീണ്ടാവും."
"ഓ.. ഇതെനിയ്ക്കു മനസ്സിലായി അമ്മമ്മേ. അതാണ് വൈല്‍ഡ് ടൈപ്പ് വാഴ. അതില് ലൈംഗിക പ്രത്യുത്പാദനം നടന്ന് വിത്ത്ണ്ടാവും. നമ്മള് സാധാരണ കഴിയ്ക്കണ പഴോക്കെ കായിക പ്രജനനം വഴി ണ്ടാവ്ണതാ."
"അങ്ങനെ പറഞ്ഞാ?"
"കായിക പ്രജനനംന്ന് വെച്ചാല്‍... വാഴേടെ കെഴങ്ങല്ലേ നടുക?"
"അതേ. വാഴക്കന്നെന്നു പറയും."
"പൂവും കായേം ഉണ്ടായി, അതിലെ വിത്തില്‍ നിന്ന് ചെടി വളരുന്നതാണ് ലൈംഗിക പ്രത്യുത്പാദനം."
"ചക്കക്കുരു മൊളച്ച് പ്ലാത്തൈ ഉണ്ടാവ്ണ പോലെ."
"അതന്നെ. സാദാ വാഴ ട്രിപ്ലോയിഡാണ്. അതില് മൂന്നു സെറ്റ് ക്രോമോസോമാണ്. അതിന് കറക്ടായി വിഭജിച്ച് അണ്ഡവും ബീജവുമാകാന്‍ പറ്റില്ല. നമ്മളേലൊക്കെ രണ്ട് സെറ്റ് ക്രോമോസോമല്ലേ? കല്ല് വാഴേലും രണ്ടു സെറ്റ് ക്രോമോസോമാണ്. അത് നേരാംപാട്ടിന് വിഭജിച്ച് അണ്ഡവും ബീജവും ഉണ്ടായി ബീജസങ്കലനം നടന്ന് വിത്തുണ്ടാവും. പക്ഷെ ആ പഴം വിത്തുള്ളോണ്ട് തിന്നാന്‍ കൊള്ളൂല്ല. നമ്മളിപ്പോ തിന്നണ വാഴപ്പഴങ്ങളൊക്കെ ട്രിപ്ലോയിഡായതു കാരണമാ ആള്‍ക്കാര്‍ക്ക് തിന്നാനിത്ര സുഖം. അസീസ് സാറ് പറഞ്ഞു തന്നതാ."
"എനിക്കൊരു പിടീല്ല. നെന്റെ ശാസ്ത്രം."
"അദ് സാരല്ല. അമ്മമ്മ കായദോശ പറയൂ."
"അരിഞ്ഞ് വെള്ളത്തിലിട്ട കായക്കഷ്ണം മിക്‌സീലിടാ. എന്നിട്ട്, ലേശം പച്ചരിയിട്ട് പാകത്തിനു മാത്രം വെള്ളം കൂട്ടി അരച്ചെടുക്കണം. പണ്ടൊക്കെ അരി കൊറച്ചിട്ട് കായകൊണ്ടന്നെ വയറ് നെറയ്ക്കലായിരുന്നു. ഇപ്പോ കൊറോണക്കാലായാലും അരിയ്ക്ക് ക്ഷാമമൊന്നും ഇല്ലല്ലോ. മുറിച്ചു വെച്ച കായേടെ അത്രന്നെ അരിയിട്ടു ഞാന്‍."
"അയ്യേ... ദെന്താ ബ്രൗണ്‍ കളറ്? ഒരു കറുപ്പ് പോലെ! വയലറ്റ് കളറൂണ്ട്!"
"അതൊന്നും സാരല്ല. കായക്കറയല്ലേ? കാളകൂടവെഷൊന്ന്വല്ല. കളറ് നോക്കീട്ടാ തിന്നാ? നെണക്കത്ര ചേതാച്ചാല്‍ ലേശം മഞ്ഞപ്പൊടി ഇട്ടോ. ലേശം ഉപ്പും. മാവ് റെഡിയായി. ദോശ ഞാന്‍ ചുടുമ്പോഴേയ്ക്ക് തേങ്ങ ചിരവി ലേശം ചമ്മന്ത്യരയ്ക്ക്."
"അപ്പോ ആകെ ത്രേള്ളൂ!! നനച്ച അരീം കായേം ഉപ്പും?
"വേണെങ്കി തേങ്ങയരച്ച് ചേര്‍ക്കാം. അതു ചെലപ്പോ വല്ലാണ്ട് സോഫ്റ്റാവും. ഇന്നിപ്പോ ഇതുമതി. ബാക്കീള്ള കായോണ്ട് ഇനിയൊരൂസം നമ്മക്ക് ഇഞ്ചീം പച്ചമൊളകും അരച്ചിട്ട് ദോശയുണ്ടാക്കാം. അതിന് രുചി കൂടും. നാല് കറിവേപ്പിലേം അരിഞ്ഞിടണം."
ഝടുതി വീക്ഷണത്തിന്;
*രണ്ടുമണിക്കൂറെങ്കിലും കുതിര്‍ത്ത പച്ചരി- ഒരുകപ്പ്
*പച്ചക്കായ അരിഞ്ഞത്- ഒരു കപ്പ്
ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് നേര്‍മയായി അരച്ചെടുത്ത് പുളിപ്പിയ്ക്കാതെ ദോശ ചുട്ടെടുക്കുക.
പുളിച്ചമോരോ പുളിവെള്ളമോ ഇട്ട് കായക്കഷ്ണം തിരുമ്മിക്കഴുകിയാല്‍ കറപോയി കുറച്ചു നിറം വെയ്ക്കും.
നമ്മുടെ പൂര്‍വ്വികരുടെ മുഖ്യ ആഹാരങ്ങളിലൊന്നായിരുന്നു വേവിച്ച കായ. പത്തു വാഴവെച്ച് അതിലൊമ്പതും കാറ്റത്ത് വീഴുമ്പോ നെഞ്ചത്ത് കൈവെച്ചാലും ഒരു കായപോലും കളയാതെ കഴിച്ചവരാണവര്‍. അന്നജം, A, C, B6 വിറ്റാമിനുകള്‍, മഗ്നീഷ്യം, പൊട്ടാസ്യം ലവണങ്ങള്‍ എന്നിവയടങ്ങിയ പച്ചക്കായ നാരുകള്‍ സമൃദ്ധമായ ഭക്ഷണമായതിനാല്‍ ശരീര ഭാരം കുറയാനും സഹായിക്കുന്നു. ണ്ണിത്തണ്ട് ദോശ ആദ്യ കമന്റിൽ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ