03.03.2020- കൊറോണയുടെ ആദ്യ വാർത്തകൾ നമ്മെ അലോസരപ്പെടുത്താൻ തുടങ്ങിയിട്ടേയുള്ളൂ. ആറാം ക്ലാസ്- ഒട്ടകവും കളളിച്ചെടിയും സിംഹവും മാനും സൂചികാഗ്രമരങ്ങളും യാക്കും മത്സ്യവും ഡോള്‍ഫിനും പായലും കഴിഞ്ഞ് ഉഭയജീവിയായ തവളയിലെത്തി നില്‍ക്കുകയാണ് പരിസ്ഥിതി പാഠം. അപ്പോഴാണീ ചോദ്യം.
"Mam, Which is the most dangerous organism in the whole world?"
ഉത്തരമറിയാത്ത കൗതുകച്ചോദ്യമായതിനാൽ ഞാൻ ചിന്തിച്ചു. മരുഭൂമിയിലെ വിഷപ്പാമ്പോ ടൊറണ്ടുല എട്ടുകാലിയോ എന്നെ പേടിപ്പിക്കുന്നില്ല. മണ്ണിനടിയിലെ പഴുതാരയില്‍ നിന്ന് സിംഹവും പെരുമ്പാമ്പും നരിച്ചീറും കഴുകനും... ആകാശത്തോളം കണ്ണുപായിച്ചാലും most dangerous എന്നു തീര്‍ത്തും വിളിക്കാവുന്ന ആരാണുള്ളത്!
ഗഹനമായ മൗനത്തിന്റെ അറ്റത്ത് ഞാന്‍ പുഞ്ചിരിയോടെ പറഞ്ഞു;
"മനുഷ്യൻ- Homo sapiens."
"ങ്‌ഹേ!!"
അവരൊരുനിമിഷം സ്തംബ്ധരായി എന്നെ നോക്കി. പെട്ടെന്നു തന്നെ ആ ഉത്തരത്തിന്റെ ആഴവും പരപ്പും തിരിച്ചറിഞ്ഞ ആകാശ് അവന്റെ വഴുത്തുമിനുത്ത അമേരിക്കന്‍ ഉച്ചാരണത്തില്‍ ചോദ്യമൊന്നു മാറ്റിപ്പിടിച്ചു.
"Then Mam, tell us, on earth which is the most dangerous animal to human beings?"
അതെ. വീണ്ടും ചോദ്യം തന്നെ. ഞാനൊന്നു കുഴഞ്ഞു. ഒരു നിമിഷം. ഏതാണത്? പാമ്പ്, സിംഹം, പുലി, വിഷത്തവള, പിരാന!! പെട്ടെന്നെനിയ്ക്കു വീണ്ടും തെളിഞ്ഞു. രണ്ടു ചിറകുകളും ആറു കാലുമുള്ള അവള്‍ തന്നെ.
"Mosquito- കൊതുക്."
"What!!! You said what??"
അതെ. ഡെങ്കി, മലേറിയ, ചിക്കുന്‍ഗിനിയ തുടങ്ങി ഏറ്റവുമധികം രോഗങ്ങള്‍ പരത്തി ഭൂമിയുടെ അധിപരെന്നു കരുതുന്ന മനുഷ്യരുടെ സമയവും ആരോഗ്യവും ജീവനും അമ്മാനമാടാന്‍ കഴിവുള്ള തളരാത്ത പരാക്രമി. പെറ്റു പെരുകാന്‍, തിരുവയറൊഴിയാന്‍ ഒരു തുള്ളി മാംസ്യപാനീയത്തിനായി മരണത്തോടു മല്ലിട്ടും മനുഷ്യരെ വേട്ടയാടുന്ന കാടിന്റെ പ്രിയപുത്രി. നാടിന്റെ, നഗരത്തിന്റെ ആത്മസഖി. സാര്‍വത്രിക. സര്‍വ്വംസഹ. നാദരൂപിണി. സംഹാരിണി. അടിയ്ക്കാനോങ്ങുമ്പോൾ തിരോധാനകരീശ്വരി..
വൈറസ് എന്നോ ബാക്ടീരിയയെന്നോ ഞാൻ പറയുമെന്നവർ കരുതിയിരിയ്ക്കുമോ? കൊറോണയെക്കുറിച്ച് എന്നിൽ നിന്നറിയാൻ അവർ ആഗ്രഹിച്ചിരുന്നിരിക്കാമെന്നു കരുതി പിറ്റേന്നതു പറഞ്ഞിരുന്നു. കറുത്തമരണപ്പേമാരി വിതച്ച എലിയെയും ഓർത്തിരുന്നു. പ്ലേഗ്- എലിപ്പനി.
എന്തായാലും കുട്ടികളെല്ലാം വീട്ടിലാണ്. ഞാനവരെ കാണാൻ കൊതിയ്ക്കുന്നു. I terribly miss them. മഞ്ചേരിയിലെ സ്പ്രിങ്സ് ആശ്രമവും അവിടത്തെ കുടിൽ ക്ലാസ് മുറികളും മാങ്ങയും ചക്കയും നിറച്ചു നിൽക്കുന്ന മരങ്ങളും അവിടെ ചിലയ്ക്കുന്ന അനേകം അണ്ണാറക്കണ്ണൻമാരും പേരറിയാപ്പക്ഷികളും.. അതിലേറെയേറെയായി അവിടുത്തെ കുട്ടികളും.. I miss them all.
വീട്ടിലിരുന്നു ബോറഡിയ്ക്കുന്ന കുട്ടികൾക്കു കൊടുക്കാൻ എന്തുണ്ട് കയ്യിൽ! ഒരു പാട്ടിൻ്റെ link ഉണ്ട്. തീർച്ചയായും കേട്ടു പഠിയ്ക്കണം. നാടൻ പാട്ടല്ലേ.
'വൈക്കം കായലിലോളം തുള്ളുമ്പോളോർക്കും ഞാനെൻ്റെ മാരനെ..' പാട്ടിൻ്റെ ഈണം, അല്ലെങ്കിൽ
റിമി ടോമിയുടെ ആറുമുഖൻ്റെ കാവടിപ്പാട്ട് എന്നീ ഈണങ്ങളിൽ ചൊല്ലി നോക്കൂ.
ഉരുണ്ടപാറമേല്‍ പരന്ന കല്ലിന്മേല്‍
മലര്‍ന്നു ഞാനൊന്നു മയങ്ങുമ്പോള്‍
പൊടിപ്പും തൊങ്ങലും ചിറകും വച്ചൊരു
കൊതുകു വന്നെന്നെ കടിക്കുന്നേ...
കടിക്കുന്നേ, പറിക്കുന്നേ,
കടിച്ചിടം പറിച്ചെടുക്കുന്നേ
കടിക്കല്ലേകൊതു കടിക്കല്ലേ കൊതു
കൊതുകിനോടല്ലേ പറയുന്നേ.
അടിക്കും നിന്നെ ഞാന്‍,
പിടിക്കും നിന്നെ ഞാന്‍
പിടിച്ചകയ്യിലിട്ടരക്കും ഞാന്‍...
അടിച്ചാലും ശരി പിടിച്ചാലും ശരി
കുടിച്ച ചോര ഞാനെടുത്തിടും......
ഉരുണ്ടപാറമേല്‍ പരന്ന കല്ലിന്മേല്‍
മലര്‍ന്നുഞാനൊന്നു മയങ്ങുമ്പോള്‍
പൊടിപ്പും തൊങ്ങലും ചിറകും വച്ചൊരു
കൊതുകു വന്നെന്നെ കടിക്കുന്നേ...
കുത്തല്ലേ കൊതു, കടിയ്ക്കല്ലേകൊതു
കടിച്ചു രോഗം പരത്തല്ലേ
കുത്തല്ലേ കൊതു, കടിയ്ക്കല്ലേകൊതു
കടിച്ചു രോഗം പരത്തല്ലേ.
https://www.facebook.com/amritatelevision/videos/438346190039218/
https://en.wikipedia.org/wiki/List_of_deadliest_animals_to_humans
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ