"ദെന്താ ഈ ചെരുപ്പ്? ഡ്രെസ്സിനു ചേര്ണ വേറെ ചെരിപ്പൊന്നൂല്ലേ?"
"ല്ല. വീട്ടിനകത്തിടുന്ന ഹവായിയുണ്ട്. അതാക്കണോ?"
"മാണ്ട. സ്‌കൂളിൽക്കും സിനിമക്കും ബീച്ചിൽക്കും ദേ ചെരിപ്പല്ലേ? സാരിയ്ക്കും ജീന്‍സിനും ചുരിദാര്‍കുര്‍ത്തയ്ക്കും ദേ ചെരിപ്പല്ലേ? ഇദന്നെ മതി."
"അടുത്ത ശമ്പളത്തിന് സാരിയ്ക്കു മാത്രം ചേര്ണ, ജീന്‍സിനു ചേരാത്ത ഒരു ജോഡി കുലീന പാദുകങ്ങള്‍ വാങ്ങണമെന്നാഗ്രഹമുണ്ട്. അതിനടുത്ത ശമ്പളത്തിന് ജീന്‍സിനു മാത്രം ചേര്ണ, എനിയ്ക്കു പോലും ചേരാത്ത ഒരു ജോഡി.."
"കളിയാക്കണ്ട. ഒരു ഡ്രെസ് സെന്‍സൂല്ല. ഫാഷന്‍ തൊട്ട്തീണ്ടീട്ടില്ല. കണ്ണു തൊറന്നൊന്നു ദുനിയാവ് നോക്കിക്കള."
"കണ്ണു തുറന്നു നോക്കൂ. പരപ്പനങ്ങാടിയ്ക്കടുത്ത് കെട്ടുങ്ങൽ അഴിമുഖം ഈയിടെ വൃത്തിയാക്കിയതിനെപ്പറ്റി കേട്ടിരുന്നോ? കെട്ടുങ്ങലില്‍ മൂന്നു ദിവസം കൊണ്ട് 150 ചാക്കിലധികം ചെരിപ്പാണ് മാലിന്യ ശേഖരണത്തിനു മുതല്‍ക്കൂട്ടായത്. മലപ്പുറത്തെ ഉള്‍നാടുകളില്‍ നിന്നും ചെറുപട്ടണങ്ങളില്‍ നിന്നും വരുന്ന തോടുകളും നദികളുമാണ് അഴിമുഖത്ത് ചെരിപ്പു കോട്ട നിര്‍മ്മിച്ചത്. നഗരങ്ങള്‍ പോലുമല്ല."
"മ്മടെ നാട്ടിന്‍പൊറത്തൂന്നോ!"
''വെറും 99 രൂപ, വെറും 149 രൂപ എന്നൊക്കെയെഴുതിയ എത്ര ബോര്‍ഡുകള്‍ കാണാറുണ്ട് കടകള്‍ക്കു മുമ്പില്.. ഇനിയിപ്പോ വില കൂടുതലാണേലും ആള്‍ക്കാരു വാങ്ങും. എല്ലാരും പൈസക്കാരല്ലേ? മിതോപയോഗികളെ പുച്ഛമാണ് സമൂഹത്തിന്. പിശുക്കി, ഫാഷനില്ലാത്തവള്‍ എന്നൊക്കെ നീയും വിളിയ്ക്കില്ലേ?"
"അതൊക്കെ വിളിയ്ക്കും. ജീവിതം ഒന്നല്ലേയുള്ളൂ. അത് ആസ്വദിക്കണ്ടേ?"
''പക്ഷേ, തീ കൊണ്ടാണ് കളി. പരിസ്ഥിതിയെ ഒന്നാകെ കത്തിക്കുന്ന പ്ലാസ്റ്റിക്കിന്റെ, റബ്ബറിന്റെ കാട്ടുതീ. വിഷം കൊണ്ടാണ് കളി. വരാനിരിയ്ക്കുന്ന തലമുറകളുടെ ആരോഗ്യം കശക്കിയെറിയുന്ന വിഷം കൊണ്ട്. പുഴകളും പൂക്കളുമില്ലാത്ത ലോകത്ത് ഭൂമിയ്ക്കടിയിലും മേഘങ്ങളില്‍ പോലും പച്ചവെള്ളം കിട്ടാതെ മനുഷ്യന്‍ നരകിയ്ക്കും.."
"ഓ.. തൊടങ്ങി പരിസ്ഥിതിപുരാണം."
"അതിരിയ്ക്കട്ടെ. അന്ന് നൂറ്റിപ്പതിനൊന്ന് രൂപയ്ക്ക് യ്യ് വാങ്ങ്യ ആ സിനിമാപ്പേരെഴുതിയ ചെരിപ്പെവിടെ?"
"അതന്ന് മ്മള് കനോലിപ്ലോട്ടില്‍ തൂക്കുപാലോം വല്യതേക്കും കാണാമ്പോയപ്പോ പൊട്ടിപ്പോയില്ലേ? കാലൊന്നു പടം മറഞ്ഞതാ. അല്ലെങ്കിലും ട്രെന്‍ഡ് മാറീരുന്നു. നന്നായി. അതവിടെ കാട്ടില് കളഞ്ഞു."
''അതിന്റെ പിറ്റത്തെ ആഴ്ച, ഓഗസ്റ്റു രണ്ടാം വാരല്ലേ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വന്നതും തൂക്കുപാലം ഒലിച്ചു പോയതും? അന്റെ ചെരിപ്പിപ്പോ എവിടെ എത്തിയിരിയ്ക്കുമെന്നാ?"
"ഹോ! ആ ചെരിപ്പിന്റെയൊരു യോഗം!"
"കഷ്ടം!! ഒരു നിമിഷമെങ്കിലും നാം ജീവിയ്ക്കുന്ന ഭൂമിയെക്കുറിച്ചോര്‍ക്കെടാ. അത് ഉപ്പുവെള്ളത്തില്‍ മുങ്ങിത്താഴുകയാണ്."
''അതിനു റബ്ബറ് ഫോറസ്റ്റ് പ്രൊഡക്ടല്ലേ; ലൈക് ഹണി ആന്‍ഡ് വുഡ്?"
"ഫോറസ്റ്റ് പ്രൊഡക്ട്! ഹും. കാടുവെട്ടിത്തെളിച്ചിട്ട് റബ്ബര്‍ക്കാടു വെയ്ക്കുന്നതുകൊണ്ടാണ് ഫോറസ്റ്റ് പ്രോഡക്ട് പുഴപോലെ, പാലൊഴുക്കാന്‍ മാത്രം ചീപ്പായിക്കിട്ടുന്നത്. പേരറിയാത്ത, നാടറിയാത്ത നൂറായിരം മരങ്ങളും വള്ളികളും ശലഭങ്ങളും സസ്തനികളും കഴിഞ്ഞിരുന്ന കുന്നുകളാണിന്ന് റബ്ബറും തോട്ടപ്പയറും കോട്ടെരുമയും (മുപ്ലിവണ്ട്) മാത്രം വാഴുന്ന ഏകാധിപകാടുകളായത്. ജൈവവൈവിധ്യം പടിയിറങ്ങി."
"ഇങ്ങളെ ഭാഷേല് പറഞ്ഞാ അപ്പോ മ്മളൊന്നും ജീവിയ്ക്കന്നെ വേണ്ട. മന്‍ഷമ്മാര് കൊറേ ചത്താല്‍ ഒക്കെ ശരിയാവും."
''എന്തിനാണിങ്ങനെ എക്‌സ്ട്രീമിസം പറയ്ണത്! വേണ്ടത് വേണ്ടത്ര മാത്രം ഉപയോഗിച്ച് ജീവിച്ചൂടെ? അതത്ര മോശൊന്ന്വല്ല. ജ്ജ് ന്നെ പുരാവസ്തൂന്ന് കളിയാക്കുമ്പോള് എന്റെ സങ്കടം യ്യിത് ഒരു ദിവസം മുന്നേ മനസ്സിലാക്കിയിരുന്നെങ്കില്‍ ന്നാണ്. നമ്മക്ക് കളയാന്‍ ഇനി സമയം ബാക്കിയില്ല. നമ്മക്ക് നശിപ്പിക്കാന്‍ ഇനി പ്രകൃതി പോലും മിച്ചല്ല. പരിധികള്‍ ഭേദിച്ച് നാം എത്രയോ അധഃപതിച്ചു. സര്‍ക്കാരുകള്‍ക്ക് ഒരു ചുക്കൂല്ല. ജനങ്ങള്‍ക്ക് ബോധോല്ല. എനിയ്ക്കു പറ്റ്ണത് മിതോപയോഗം, മിതവ്യയം എന്നീ കാര്യങ്ങളാണ്. അത് ഞാന്‍ ചെയ്യ്‌ണു. പിന്നേള്ളത് ബോധവത്കരണമാണ്. അന്നെപ്പോലുള്ളവരെ ബോധവത്കരിക്കാന്‍ സിനിമാ, ക്രിക്കറ്റ്, ഫുഡ്‌ബോള്‍ ഹീറോകള്‍ തന്നെ രംഗത്തു വരണം. പരിസ്ഥിതി സംരക്ഷണം ട്രെന്‍ഡായി മാറണം. അവരെ ബോധവത്കരിക്കാന്‍ എനിയ്‌ക്കെന്തു ചെയ്യാന്‍ പറ്റുമെന്നാവും ഞാനിനി ചിന്തിക്കേണ്ടത്."
മഴക്കാലത്തിനും ഉഷ്ണകാലത്തിലും കളികൾക്കുമായി രണ്ടോ മൂന്നോ ജോഡി ചെരിപ്പുകളാവാം. അവ നല്ല വില കൊടുത്ത്, നല്ല തരം നോക്കി വാങ്ങിയാൽ രണ്ടു മൂന്നു കൊല്ലമോ അതിലധികമോ ഉപയോഗിയ്ക്കാം.
വാങ്ങുന്നതിനു മുമ്പ് ഒന്നു ചിന്തിയ്ക്കൂ. പൈസ നിങ്ങളുടേതാണ്. ഭൂമി നിങ്ങളുടേതു മാത്രമല്ല. അത് അമ്പതു വര്‍ഷം കഴിഞ്ഞ് പിറക്കാന്‍ പോകുന്ന ഓരോ കുഞ്ഞിന്റേതും കൂടിയാണ്. ആ കുഞ്ഞ് മുട്ടപൊളിച്ചു പുറത്തു വരുന്ന ഒരു നീലപ്പൊന്മാനോ, രാജവെമ്പാലയോ, പ്യൂപ്പകീറി ചിറകടിയ്ക്കുന്ന ശലഭമോ, ഇടറിയിടറി ചുവടുവെച്ച് അമ്മയുടെ മണം തെരയുന്ന ആനക്കുട്ടിയോ ആരുമാകട്ടെ, ഭൂമി അവരുടേയും കൂടിയാണല്ലോ.
എനിയ്‌ക്കെന്തു ചെയ്യാനാകും എന്നു കൈമലര്‍ത്തുന്നതിനു മുമ്പ് ഇതൊന്നു ഷെയറു ചെയ്താല്‍ കുറച്ചുപേർ അധികം വായിച്ചേക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ