ഇതു വായിച്ചപ്പോഴാണോർത്തത്;
പ്രസവവും മുലയൂട്ടലും കഴിഞ്ഞ് യുവത്വം തോര്‍ന്നൊഴിയുന്ന മദ്ധ്യവയസ്സിലെ പെണ്ണുങ്ങളുടെ അമ്മിഞ്ഞയെങ്ങനെയിരിക്കുമെന്നാണ് നീലാ?
ഭൂമീദേവിയെ വണങ്ങാന്‍ അവ താഴേയ്ക്കു കുമ്പിട്ടിരിക്കും. നിറഞ്ഞും ഒഴിഞ്ഞും കനത്തും മെലിഞ്ഞും ആര്‍ത്തവാനുബന്ധിയായി നീര്‍കെട്ടിയും ഉടുപ്പുകളാല്‍ അയഞ്ഞും മുറുകിയും വിയര്‍ത്തും ഉയിര്‍ത്തും അവ ജീവിതം കണ്ടിരിയ്ക്കും. ഗര്‍ഭപാത്രം തിരഞ്ഞ് അവ വയറ്റിലേയ്ക്കിറങ്ങി വന്നിരിയ്ക്കും. അളവും അനുപാതവും ശരിയാകാതെ, തടിയ്ക്കുമ്പോഴും മെലിയുമ്പോഴും ഉപേക്ഷിക്കാത്ത ബ്രേസിയറുകളില്‍ അവ അവഗണിക്കപ്പെട്ടു കിടക്കും.
അമ്മിഞ്ഞകളുടെ ഉടമകളാരാണ്! ശരീരമായി അതു കൊണ്ടു നടക്കുന്നവരോ അതിനെ മാത്രം ആശ്രയിച്ച് ജീവിതം തുടങ്ങിയവരോ അതിനെ കാമിച്ചും ലാളിച്ചും അതിന്റെ ഗന്ധവും നുകർന്ന് അന്തിയറങ്ങുന്നവരോ അതോ അതിലാകൃഷ്ടരായി കണ്ണാലും മനസ്സാലും രുചിച്ച് ആഗ്രഹങ്ങളുടെ കൂരമ്പുകൊള്ളാറുള്ള പാന്ഥരോ? ഓരോ കാലത്ത് ഓരോരുത്തരാണ് അതിനവകാശികള്‍ എന്നു തോന്നുന്നു.
തളർന്നു താണു കിടക്കുന്നവ മാത്രമല്ല ആത്മവിശ്വാസം കുറയ്ക്കാറ്. കൗമാരാരംഭത്തിൽ വസന്തത്തിലെ ആദ്യമൊട്ടു വിരിയുമ്പോലെ ഒരു ചെണ്ടമേളത്തിന്റെ ഘോഷം ഹൃദയത്തിലുണർത്തി അവളാദ്യമായി അതു തിരിച്ചറിയില്ലേ? ഒളിക്കാനും ഒളിപ്പിക്കാനുമാകാതെ ലോകം മുഴുവൻ തുറസ്സാകുന്ന ആ കാലത്ത് നോക്കു കൊണ്ടും വാക്കുകൊണ്ടും സ്പർശം കൊണ്ടു പോലും അത്യാഗ്രഹത്തിന്റെ കനലെറിഞ്ഞ് അവളെ പൊളളിക്കുന്ന ചിലരുണ്ട്. അവരെ കാണുമ്പോഴും അവൾ ആത്മവിശ്വാസം നഷ്ടപ്പെട്ട് പതറിയിരിക്കാം. ഒരു കുറ്റവാളിയെപ്പോലെ നിന്നിരിക്കാം. ശരിയ്ക്കും ആത്മവിശ്വാസം എന്നാൽ ചുറ്റുപാടുകളുടെ ഇടപെടലുകളാൽ അവളിൽ ഉണ്ടാകുന്ന ഒന്നാണോ? അതോ സ്വതസിദ്ധമായി ജനനം മുതൽ കൂടെയുള്ള ഒന്നോ?
ഇനിയൊരു കാര്യം - ഉന്മത്തമായ രതിമദ്ധ്യത്തിലേക്കാളും ഞാനെന്റെ മാറിനെ സ്‌നേഹാഭിമാനങ്ങള്‍ നിറഞ്ഞ സംതൃപ്തിയോടെ അറിയുന്നത് എന്റെ കുഞ്ഞ് അവയ്ക്കിടയില്‍ തലപൂഴ്ത്തി സാന്ത്വനം തേടുമ്പോഴും മറന്നിട്ടില്ലാത്ത വാഞ്ഛകളോടെ ഉടുപ്പിനു മുകളില്‍ മുൃദുവായി ചുണ്ടു ചേര്‍ക്കുമ്പോഴുമാണ്. അതിനി മമതയോടെ എന്നിലേയ്ക്കു വരുന്ന ഏതൊരു കുഞ്ഞാണെങ്കിലും അങ്ങിനെ തന്നെ; മാറോടു ചേര്‍ക്കാനുള്ള ആഗ്രഹം എപ്പോഴും ഏതു സമയത്തും എന്നിലുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ