2019 ഡിസംബർ 20, വെള്ളിയാഴ്‌ച

സ്ക്കൂൾ എക്സ്ചേഞ്ച്

3.12.19
സ്വപ്‌നം കണ്ടാണുണര്‍ന്നത്.
-ഹര്‍ഷി പറയുന്നു, ഇനി ഇവള്‍ക്ക് പൂക്കളുള്ളൊരു ജോഡി ചെരുപ്പു വാങ്ങണം എന്ന്.
സന്തോഷവതിയായ ജാഹ്നവി ഹവായ് ചെരുപ്പുമിട്ടോണ്ട് സ്‌കൂളില്‍ പോകുന്നു.
പത്താം ക്ലാസ്സുവരെ ഇടുങ്ങിയ, ഭാരിച്ച, നാറുന്ന ഷൂസിനുള്ളില്‍ അവളുടെ (ഒരായിരം കുട്ടികളുടെ) വളരുന്ന പാദങ്ങള്‍ ശ്വാസംമുട്ടിക്കഴിയണമല്ലോ എന്നോര്‍ത്ത് സങ്കടപ്പെട്ടിരുന്ന ഞാന്‍ പ്രകൃതിയിലേയ്ക്കു തുറന്ന ആ കാലടികളോര്‍ത്ത് അകമഴിഞ്ഞു ചിരിയ്ക്കുന്നു.
ഇതായിരുന്നു സ്വപ്‌നം.

സ്പ്രിംഗ്‌സിലേയ്ക്കു ചേക്കേറാന്‍ ഇനി ഏതാനും ദിവസങ്ങള്‍ കൂടി. ജീവിതം ശുഭാപ്തിയിലേയ്ക്ക് ഒരിക്കല്‍ കൂടി തുഴഞ്ഞു മുന്നേറുന്നു. അവിടെയൊരു കരയുണ്ട്. നങ്കൂരമിടാന്‍ പറ്റിയത്.

സുഷുപ്തിയിലായിരുന്ന ഒരു ആമയെപ്പോലെ പതിയെ ഉണര്‍ന്ന് തലനീട്ടി കാലുകളനക്കി ഇഴഞ്ഞിഴഞ്ഞ് ഞാനെന്റെ ഉപ്പുജലമാകുന്ന അമ്മയിലേയ്ക്ക്, പ്രകൃതിയിലേയ്ക്ക്, പാരാവാരത്തിലേയ്ക്കു കൂപ്പുകുത്തട്ടെ. അവിടെയാകുമെന്റെ വീട്.

6. 12. 19
"രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ."

"സ്ക്കൂളിലോ?"

"ഒമ്പതാം ക്ലാസല്ലേ? പത്താം ക്ലാസിലേയ്ക്കുള്ള പ്രിപറേഷൻ.."

"അപ്പോൾ വൈകുന്നേരം വീട്ടിൽ വരില്ല! അഞ്ചു മണിയാകുമ്പോൾ വിശക്കില്ലേ?"

"ഈവനിങ് സ്നാക്സ് കൊണ്ടു പോകണം."

"എന്നാലും രാത്രി എട്ടുവരെ അതേ ഇറുകിയ ബെൽട്ടും ടൈയും കോട്ടും പാൻറും പിന്നെ ആ വിയർക്കുന്ന കൗമാരക്കാലുകളിൽ സോക്സും ഷൂവും...''

"ഇരുന്നിരുന്ന് പുറംവേദനിയ്ക്കും. അതേ കസേര. അതേ മേശ.." (വളരുന്ന നട്ടെല്ലുകൾ!)

"അതേ പി. ടി. സർ, അതേ കയർക്കുന്ന മുഖങ്ങൾ, താക്കീതുകൾ.. സ്ക്കൂൾ വിട്ട ഉടനെ ഇത്തിരി നേരം കളിയ്ക്കാൻ വിടുമോ?"

"എവിടെ! ഒന്നുമില്ല. സ്നാക്സ് ടൈം കഴിഞ്ഞാൽ പിന്നെ ടൈംടേബിളാണ്."

"ജാഹ്നവീടെ ഭാഗ്യം. ഞങ്ങൾ ടി. സി. മേടിയ്ക്കാൻ പോണു. കേരളത്തിൽ നല്ലൊരു സ്ക്കൂളുണ്ട്. മനുഷ്യനായി വളർത്തണം. അടിമമൃഗത്തെപ്പോലെ വേണ്ട."

7. 12. 19
രണ്ടു സ്ലാം ബുക്കുകളിലായി ടീച്ചർമാരുടെയും കൂട്ടുകാരുടേയും ഓട്ടോഗ്രാഫും കൊണ്ടാണ് #ജാനൂട്ടി വീടണഞ്ഞത്. സ്ക്കൂളിലെ അവസാന ദിനത്തെക്കുറിച്ചു ചോദിച്ചപ്പോൾ ആദ്യമേ ഇരുണ്ടിരുന്ന മുഖത്തു കാലവർഷം ചോർന്നു. "ഡിസംബർ അവസാനം ഞങ്ങൾക്ക് സയൻസ് എക്സിബിഷനുണ്ടായിരുന്നു. ഞാൻ പ്രൊജെക്ട് ലീഡറാണ്. മത്സരത്തിൽ തീർച്ചയായും സമ്മാനം കിട്ടുമായിരുന്നു. മഞ്ചേരീൽ പോയാൽ ഒക്കെ ഇല്ലാതാവും. എന്റെ ഫ്രണ്ട്സിനെയൊന്നും ഒരിയ്ക്കലും കാണാനും പറ്റില്ല."
എണ്ണം പറഞ്ഞ് അവൾ ഏങ്ങിക്കരഞ്ഞു.

മഞ്ചേരിയിലെ സ്ക്കൂളിൽ മത്സരമില്ലെന്നു പറഞ്ഞപ്പോൾ അവൾക്കത് ഉൾക്കൊള്ളാൻ കഴിയുന്നില്ല. മത്സരമില്ലാത്ത ലോകത്തിൽ സമ്മാനങ്ങളെവിടെ എന്നാണു ചോദ്യം. മത്സരമില്ലാത്ത ലോകമാണ് ഒരു കൊച്ചു കുട്ടിയ്ക്കു കിട്ടാവുന്നതിൽ ഏറ്റവും മികച്ച സമ്മാനമെന്നു മനസ്സിലാകാൻ പത്തു വയസ്സു പോരായിരിയ്ക്കും. പണ്ടൊരിയ്ക്കൽ പരീക്ഷയ്ക്ക് ക്ലാസിൽ ഫസ്റ്റായപ്പോൾ കിട്ടിയ ബാഡ്ജ് ദിവസവും യൂണിഫോമിൽ കുത്തി പ്രദർശിപ്പിച്ച് മക്കളിലെ മാത്സര്യ ബുദ്ധിയെ കുത്തിയുണർത്തരുതെന്നു പ്രിൻസിപാളിനോടപേക്ഷിച്ചപ്പോൾ അവർക്കുമെന്നെ മനസ്സിലായില്ലല്ലോ. മത്സരങ്ങളുടെ ലോകത്തിൽ പിടിച്ചു നിൽക്കാൻ ചെറുപ്പത്തിലേ പരിശീലനം വേണമെന്നാണവരുടെ വിശ്വാസം! എന്തിനും ഏതിനും മത്സരം. സ്പർദ്ധ. വൈരാഗ്യം. അടുത്തിരിയ്ക്കുന്ന കൂട്ടുകാരോടും അടുത്ത സ്ക്കൂളിനോടും അയൽപക്കക്കാരോടും ലോകത്തെല്ലാവരോടും മത്സരം!
കഷ്ടം. അങ്ങനെ വളർത്താഞ്ഞാൽ തോറ്റു പോകുമെന്നാണ് വിശ്വാസം!

20. I. 20
രാവിലെ മൂന്നരയ്ക്ക് ഉറക്കമെണീറ്റു. ചെട്ടിനാട് പബ്ലിക് സ്ക്കൂളിന്റെ അകത്തളങ്ങളും കോറിഡോറുകളും ഉറങ്ങിക്കിടപ്പാണ്. പതുപതുത്ത ബെഡ്ഡിൽ ചുമരിലേയ്ക്കു ചാരിയിരുന്ന് ഞാൻ ഡോർമെട്രിയുടെ അരണ്ട വെളിച്ചത്തിൽ മൊബൈലിലെഴുതുകയാണ്. ജാഹ്നവി തൊട്ടടുത്ത് നല്ല ഉറക്കത്തിലാണ്. നാലാം ക്ലാസിലെ മറ്റു മൂന്നു കുട്ടികളും അഞ്ചാം ക്ലാസിലെ മൂന്നുപേരും ആറാം ക്ലാസിലെ ആറുപേരും കിടന്നുറങ്ങുകയാണ്. എ. സി. കൂടുതലൊന്നുമല്ല. കൊതുകില്ലെന്നു തോന്നുന്നു. തളർന്നുറങ്ങുകയാണ് എല്ലാവരും. ഇന്നലെ രാവിലെ മഞ്ചേരിയിൽ നിന്നു പുറപ്പെട്ട് രാത്രി ചെട്ടിനാട് എത്തിയതു വരെയും പാട്ടും വർത്താനവുമായിരുന്നല്ലോ ബസ്സിൽ. ഏഴ്, എട്ട്, ഒമ്പത് ക്ലാസിലെ പെൺകുട്ടികൾ അടുത്ത മുറിയിൽ ഹർഷിതാമാമിനൊപ്പവും ആൺകുട്ടികൾ അറബി സാറിന്റെ കൂടെയുമാണുള്ളത്.

രാവിലെ എട്ടുമണിയാകുമ്പോഴേയ്ക്ക് കുളിച്ചു പുറപ്പെട്ട് പ്രഭാത ഭക്ഷണത്തിനെത്തണം.  ഭക്ഷണത്തിനും അസംബ്ലിയ്ക്കും ശേഷം നാലു മുതൽ ഒമ്പതുവരെ ക്ലാസിലെ സ്പ്രിങ്സ് വിദ്യാർത്ഥികൾ ചെട്ടിനാട് പബ്ലിക് സ്ക്കൂളിന്റെ അതാതു ക്ലാസിൽ പോയിരുന്ന് ടൈംടേബിൾ പ്രകാരമുള്ള ക്ലാസിന്റെ ഭാഗമാകും. സയൻസും കണക്കും ഇംഗ്ലീഷും തമിഴും ക്ലാസുകൾ ഇവിടുത്തെ തമിഴ് കുട്ടികളോടൊപ്പമിരുന്ന് പഠിയ്ക്കും. കൂട്ടുകെട്ടുകൾ പിറക്കട്ടെ. ഭാഷയും സംസ്കാര വൈവിദ്ധ്യവും കൈമാറട്ടെ. ചെട്ടിനാടിന്റെ രുചിയും ശീലങ്ങളുമറിയട്ടെ. വൈകുന്നേരങ്ങളിൽ മഡ്പാലസും ആയിരം ജനാലകളുള്ള ഗ്രാമവസതികളും മറ്റു പലതും സന്ദർശിയ്ക്കാനുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ ഒരാഴ്ചക്കാലം.

ഫെബ്രുവരി ഒന്നാം വാരമാണ് ചെട്ടിനാട് സ്ക്കൂളിലെ കുട്ടികൾ മഞ്ചേരി സ്ക്കൂളിൽ വരിക. സ്പ്രിങ്സ് ഒരു റെസിഡൻഷ്യൽ സ്ക്കൂളല്ലെങ്കിലും അവർക്ക് ഒരാഴ്ച താമസവും ഭക്ഷണവും അവിടെ ഏർപ്പാടു ചെയ്യും. അതിഥികൾ വരുമ്പോൾ പരിപാടികൾ പലതും ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്. സ്ക്കൂൾ എക്സ്ചേഞ്ചു പ്രോഗ്രാം ഒരു പത്തിരുപത് എക്സ്കഷനുകളെക്കാൾ അറിവും അനുഭവവും നൽകുന്നവയാണ്. ടീച്ചറായി കൂടെ വന്ന എനിയ്ക്ക് സുഹൃദ് ബന്ധങ്ങളും സാംസ്കാരിക കൈമാറ്റവും മാത്രമല്ല ഇതു തരുന്നത്. എൽ കെ ജി മുതൽ പത്തുവരെ ഒരേ വീട്ടിലെ കുട്ടികളെപ്പോലെ കഴിയുന്ന എന്റെ പുതിയ കുടുംബത്തെ അടുത്തറിയാനുള്ള അവസരം കൂടിയാണ്.

സ്പ്രിങ്സ് സ്ക്കൂളിന്റെ സംസ്ഥാപകനും എക്സ്ചേഞ്ച് പോലെ അനേകം വ്യത്യസ്തമായ ആശയങ്ങളുടെ ആവിഷ്കർത്താവുമായ സയ്യിദ് ബി. ദൂജയെന്ന പ്രിൻസിപ്പാളും അഡ്മിനിസ്ട്രേഷൻ മാനേജറായ മിസ്സിസ് ഉമ്മുൽ ഖയർ ദൂജയും ഞങ്ങളോടൊപ്പുണ്ട്. അവരുടെ രണ്ടു മക്കളും വിദ്യാർത്ഥി സംഘത്തോടൊപ്പമുറങ്ങുന്നു.

ഇതു വിദ്യാഭ്യാസമാണ്. ജാഹ്നവിയ്ക്കു കൊടുക്കാൻ ഭാഗ്യവശാൽ എനിയ്ക്കവസരമുണ്ട്.
പണ്ട് സംസ്കാരിക വിനിമയത്തിനായി റഷ്യയിലേക്കു പോയി വന്ന കുട്ടികളെഴുതിയത് വായിച്ച് മാതൃഭൂമിയുടെ അവസാന പേജുകളിൽ കോരിത്തരിച്ചിരുന്നിരുന്നവളാണ് ഞാനും.

സ്പ്രിങ്ങ്സ് എന്റെ രോമാഞ്ചമാണ്. എന്റെ സ്വപ്നങ്ങളുടെ പരിഭാഷ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ