2018 ഒക്‌ടോബർ 30, ചൊവ്വാഴ്ച

Valmiki

http://www.columbuslost.com/2015/01/maharishi-valmiki-temple-at.html

http://www.thehindu.com/thehindu/mp/2003/01/23/stories/2003012300110300.htm

യൂണിഫോം ഊരുന്നതിനിടയിൽ ജാനു സ്കൂൾ വിശേഷങ്ങളുടെ കെട്ടഴിയ്ക്കും.
"അമ്മാ നാളെ സ്കൂളില്ല. എന്താ കാര്യം ന്ന് പറയൂ."
"എന്താ? നിയ്ക്കറിയില്ല. നാളെ... ഒൿടോബർ ഇരുപത്തിനാലല്ലേ? വിശേഷമെന്താ?"
"അറിയില്ല? തോറ്റോ? തോറ്റെന്നു പറഞ്ഞാൽ ഞാൻ പറയാം." ലിറ്റിൽ കൂശ്മാണ്ഡിനിയ്ക്കാവേശമായി. "ഉം.. പറയ്.. "
"തോറ്റൂന്നു പറയൂ ആദ്യം."
"തോറ്റു." ലേശം നീ...രസം
"നാളെ വാല്മീകി ജയന്തിയാത്രെ!" അഴിച്ചു കളഞ്ഞ പടക്കോപ്പുകളുടെ ഭാരമില്ലായ്മയിൽ കൈകളുയർത്തി ചൂണ്ടുവിരൽ ആകാശത്തേക്ക് കൂർപ്പിച്ചു ചാട്ടവും ആട്ടവും തുടങ്ങി. "ലാ..ല്ലലലാലാ.. ഹീയ്യ ഹോ.. വാല്മീകി ജയന്തി..ഹിയ്യ ഹോ.." ''അയ്യയ്യേ! പോയി മേൽ കഴുകിവാടീ നാണമില്ലാ തവളെ."
"അമ്മേന്നെ തവള! നാളെ നമ്മളെങ്ങന്യാ അമ്മാ ആഘോഷിയ്ക്ക?"
"ഓ.. നമ്മക്ക് ആഘോഷോന്നൂല്ല. ഹോംവർക്ക് ഇന്നന്നെ തീർത്താൽ നാളെ നമ്മക്ക് ലൂഡോ കളിയ്ക്കാം, പാമ്പും കോണീം കളിയ്ക്കാം, ടിവി കാണാം..."
കർണാടകയിലെയും കേരളത്തിലെയും ആഘോഷങ്ങൾ കടന്നുപോകുമ്പോഴവൾ ചോദിയ്ക്കാറുള്ളതാണ് ഈ ചോദ്യം. ഓണം, വിഷു, തിരുവാതിര, വരലക്ഷ്മി, സംക്രാന്തി, സ്വർണ്ണ ഗൗരി.. അങ്ങനെ എത്രയെത്രയെണ്ണം! ആചാരശൂന്യയായ ഈ വിവരദോഷി അമ്മ സംസ്കാരശൂന്യമായ തന്റെ കുടുംബത്ത് കേറ്റാതെ അതുങ്ങളെ പടി കടത്താൻ നോക്കുമ്പോൾ ആഘോഷാഹ്ളാദോത്സുകയായ മകൾ ആവേശഭരിതയായി അരയും തലയും മുറുക്കി വരവേൽക്കാനൊരുങ്ങും. 'നമ്മളെങ്ങന്യാ ആഘോഷിയ്ക്കുക?' എന്ന നിഷ്കളങ്ക പ്രശ്നത്തിനു പിന്നാലെ ഷോപ്പിംഗ് ബാഗുമെടുത്ത് സാധനസംഗ്രഹണത്തിനിറങ്ങേണ്ട പതിവ് പ്രാരാബ്ദം എന്തായാലും വാല്മീകി ജയന്തിയ്ക്കില്ല.
"അമ്മാ, ഈ 'വാല്മീകി ജയന്തി'ന്നുവെച്ചാലെന്താ?" കുളിമുറിയിൽ നിന്നവളിറങ്ങിയത് തലയിൽ നിറഞ്ഞ ചോദ്യങ്ങൾ ഓരോന്നായി എടുത്ത് എന്നെ ടാർഗറ്റ് ചെയ്യാനായിരുന്നു. "ജയന്തി ന്നുവെച്ചാൽ ജനിച്ച ദിവസം - ബർത്ത് ഡേ. വാല്മീകി ആരാണെന്ന് അറിയില്ലേ?" തണുത്ത ചോറിനുമേൽ ചൂടാക്കിയ സാമ്പാറൊഴിച്ചു കൊണ്ട് ഞാൻ ചോദിച്ചു. "വാല്മീകി ആരാന്നൊക്കെ എനിയ്ക്കറിയാം. രാമായണമെഴുതിയ റൈറ്ററല്ലെ? പക്ഷേ ഈ 'ജയന്തി' എന്താന്ന് മനസ്സിലാവ്ണില്ല."
"ഗാന്ധിജയന്തി, ശ്രീകൃഷ്ണജയന്തി ന്നൊക്കെ കേട്ടിട്ടില്ലേ.. " മഹാന്മാരുടെ ജനനവും മരണവും ജയന്തിയും സമാധിയുമാകുന്നതും ആഘോഷമോ അവധിയോ ആകുന്നതും വിശദീകരിയ്ക്കേണ്ടി വന്നു.
"ഓ.. അപ്പോ, ഫേമസായ ആൾക്കാർക്കു മാത്രേ ജയന്തിയുള്ളൂ. ഞാനും വലുതാകുമ്പോൾ ഫേമസാകും.. ന്നിട്ട് ജാഹ്നവി ജയന്തിയുണ്ടാക്കും.."
"ഓ.. ശരി തമ്പ്രാട്ടി. ഇപ്പോ ഊണ് കഴിച്ചാട്ടെ." വലുതാകുമ്പോൾ ആരാകണമെന്ന് ചോദ്യത്തിന് ഈയിടെയായി ഒരൊറ്റ ഉത്തരമേയുള്ളൂ 'ഫേമസ്' ആകണം. ആകേണ്ട ആൾക്കാരുടെ ലിസ്റ്റിനെക്കാൾ ഹൈലൈറ്റ് ആയിരിക്കുന്ന കാര്യം ഫേമസാകണം എന്നതാണ്.

"ജാഹ്നവി ജയന്തി- സ്കൂൾ ഹോളിഡേ, പ്രസന്ന ജയന്തി- സ്കൂൾ ഹോളിഡേ, ജനാർദ്ദന ജയന്തി- ഹോളിഡേ ഫോർ ടൈംസ് ഇൻറർനാഷണൽ സ്കൂൾ.. ഐ വിൽ ഓർഡർ ദി പ്രൈംമിനിസ്റ്റർ.."

ഓ! കേട്ടിട്ട് തന്നെ ഓക്കാനം വരുന്നു- പ്രസന്ന ജയന്തിയാണത്രേ. കേൾവിക്കാരാരുമില്ലെങ്കിലും എനിയ്ക്കൊരു നാണവും ചമ്മലുമൊക്കെ തോന്നി. ഭാഗ്യം!! സമാധി കഴിഞ്ഞിട്ടല്ലേ ജയന്തിയൊക്കെ ഉണ്ടാവുള്ളൂ. സമാധാനം. വർഷാവർഷം മന്ത്രിമാർ പുഷ്പഹാരം ചാർത്തുമ്പോൾ ചമ്മേണ്ടല്ലോ.

പ്രഗതി ദിവസ്, ബാൽമീകി ജയന്തി അഥവാ വാല്മീകി ജയന്തി കേരളത്തിനുപുറത്ത് പലയിടങ്ങളിലും അശ്വിനി മാസത്തിലെ പൗർണ്ണമിനാളിൽ ആഘോഷപൂർവ്വം നടത്തി വരുന്നു.

500 ബിസിയ്ക്കും 100 ബിസിയ്ക്കും ഇടയിൽ പഞ്ചാബിൽ ജനിച്ചെന്നു കരുതപ്പെടുന്ന വാല്മീകി മഹാഋഷി എന്നും ആദികവി എന്നും അറിയപ്പെടുന്നു. രത്നാകരൻ എന്ന കാട്ടുകൊള്ളക്കാരൻ നാരദമഹർഷിയെ ആക്രമിക്കാൻ തുനിയുകയും കർമ്മത്തെ, കർമ്മഫലങ്ങളെ, പാപത്തെപ്പറ്റിയെല്ലാമുള്ള മുനിയുടെ ചോദ്യത്തോടെ മന:പരിവർത്തനം വന്നു ദീർഘ തപസ്സിലേയ്ക്കു കടക്കുകയും പുറ്റ് വന്നു മൂടുകയും ശേഷം പുറ്റിൽ നിന്നാവിർഭവിച്ചവനാകയാൽ വാല്മീകി എന്ന പേരു വരികയും ചെയ്ത കാര്യം നിങ്ങൾക്കെല്ലാം അറിയാമല്ലോ. രാമായണത്തിനു പുറമേ 'യോഗ വസിഷ്ഠ' എന്ന കൃതി കൂടി അദ്ദേഹത്തിന്റേതായറിയപ്പെടുന്നു. (യോഗ വസിഷ്ഠയുടെ കാലം എഡി ആറാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയ്ക്കാണെന്ന അഭിപ്രായം ചരിത്രഗവേഷകർക്കുണ്ടെങ്കിലും അതൊരു പുനരാഖ്യാനമാകാമെന്നും മൂലകൃതി അതിലും പഴയതാകാമെന്നും പറയപ്പെടുന്നു)

ദ്രാവിഡ വംശജരായ വാല്മീകി ഗോത്രക്കാർ മഹർഷി വാല്മീകിയെ അവരുടെ പൂർവികനായും ദൈവമായും കരുതി ആരാധിയ്ക്കുന്നു. പഞ്ചാബ്, ഹരിയാന, ഡൽഹി, ആന്ധ്ര പ്രദേശ്, കർണാടക, തമിഴ്നാട് എന്നിങ്ങനെ മിക്ക സംസ്ഥാനങ്ങളിലും പട്ടിക ജാതിയിൽ പെടുന്ന വാല്മീകി സമുദായക്കാരിന്നുമുണ്ട്. അമൃത്സറിൽ 'ഭഗവാൻ രാം തീർത്ഥ സ്ഥലി'ലെ ക്ഷേത്രം വാല്മീകിയുടെ ആശ്രമം നിലനിന്ന സ്ഥലമായി കരുതപ്പെടുന്നു. ലവകുശന്മാരുടെ ജന്മസ്ഥലമായ ഇവിടെ വാല്മീകിയുടെ 800 കിലോഗ്രാം ഭാരമുള്ള സ്വർണ്ണ വിഗ്രഹമാണ് പ്രതിഷ്ഠ.

രാമായണ രചനയ്ക്കുശേഷം വാല്മീകി ചെന്നൈയിലെ മരുന്ദീശ്വരർ ശിവക്ഷേത്രത്തിനടുത്ത് വിശ്രമ ജീവിതം നയിയ്ക്കുകയും അവിടെ ജീവസമാധിയാകുകയും ചെയ്തു എന്നു കരുതപ്പെടുന്നു. ഇന്ന് 'തിരുവാൻമിയൂർ' എന്നറിയപ്പെടുന്ന ഇവിടെ 1300 വർഷം പഴക്കമുള്ള ഒരു ക്ഷേത്രമുണ്ട്. തമിഴ്നാട്ടിലെ പതിനെട്ടു സിദ്ധരിൽ ഒരാളായ വാൻമീഗർ എന്ന സിദ്ധയോഗിയുടെ സമാധിയാണിത് എന്ന ശിലാലിഖിതവും അവിടുണ്ട്.
1998 ൽ പണിഞ്ഞ ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിനു മദ്ധ്യത്തിൽ നിൽക്കുന്ന ഈ വാല്മീകി ക്ഷേത്രം ഏതാനും ദശകങ്ങൾക്കു മുൻപ് സമീപത്തുള്ള മരുനീശ്വരർ ശിവക്ഷേത്ര ഭൂമിയുടെ ഭാഗമായിരുന്നു. ഭഗവാൻ ശിവൻ അഗസ്ത്യമുനിക്ക് ഔഷധ ജ്ഞാനം പകർന്നുകൊടുത്ത സ്ഥലമാണത്രേ ഇത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ