2018 ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

അവനി = ഭൂമി

പൊട്ട പോസ്റ്റാണ്; ആരും വായിച്ച് സമയം കളയരുത്.

ഞാൻ കോളേജീപ്പഠിയ്ക്കുമ്പോ ഒരൂസം അനിയത്തീനെ പഠിപ്പിയ്ക്കാനിരുന്നു. പാവം. അവൾക്കൊക്കെ വിവരം വെയ്ക്ക്ണത് വരെ ( !!!! ) ന്റെ സ്ഥിരം മേച്ചിൽപ്പുറങ്ങളായിര്ന്നു അനിയത്തിമാരുടെ തലേടെ തട്ട്മ്പുറങ്ങൾ. ഞാൻ മേഞ്ഞപ്പോൾ എന്റെ കുളമ്പിനടിയിൽ ഞെരിച്ചു കളഞ്ഞ ജ്ഞാനത്തിന്റെ കിളിർപ്പുകൾ എത്രയുണ്ടാവും! ശാന്തം: പാപം.

"അവനീതലപാലനത്തിന്നല്ലോ
അവതാരങ്ങളും പല തോർക്കുമ്പോൾ.. "
ജ്ഞാനപ്പാനയിലെ വരികളാണ്. ആ മണ്ടത്തിയ്ക്ക് അർത്ഥം പറഞ്ഞു കൊടുക്കുന്ന ബുദ്ധിമതിയായ ഏട്ത്തിയാണ് ഞാൻ. മാരകമായ ബുദ്ധിയുടെ ഉദാത്തമായ അനാവരണം- അഹങ്കാരത്തിന് കയ്യും കാലും കണ്ണും മൂക്കും ചെവിയും പിന്നെന്തൊക്ക്യോ വെച്ച ഞാൻ നല്ല കട്ടയ്ക്ക് പഠിപ്പിയ്ക്കുണു...
അവന് = ദൈവത്തിന്
ഈ തല= നമ്മടെ തല - ബുദ്ധിയും വിചാരങ്ങളും ഒക്കെ തലേലല്ലേ ഇരിയ്ക്ക്ണത്.
പാലനത്തിന്നല്ലോ -പാലനം = പരിപാലിയ്ക്കാൻ
അവതാരങ്ങളും പലതോർക്കുമ്പോൾ..
ന്ന് വെച്ചാൽ; ദൈവത്തിന്റെ പല അവതാരങ്ങളും നമ്മടെ ഈ തല - അതിലെ ചിന്തകൾ - അതിനെയൊക്കെ നോക്കി നടത്തി നേരെയാക്കാനുള്ളതായിരുന്നു എന്ന്.

ഔ! പൂന്താനത്തിനൊന്നും തീരെ സ്റ്റാൻഡേഡില്ല. എന്താത് ! അവനീതല - അവന് ഈ തല്യാണത്രേ.
പഠിപ്പിയ്ക്കലൊക്കെ കഴിഞ്ഞ് ഞാൻ ണീറ്റ് പോന്നപ്പോൾ ആ മൈനറ് പദ്യത്തിന്റെ താഴെക്കൊടുത്ത അർത്ഥം ഉറക്കെ ചൊല്ലി പഠിയ്ക്കാണ് -
" അവനി = ഭൂമി
  അവനി = ഭൂമി
  അവനി = ഭൂമി.. "

ക്ലിക്ക്. ഒക്കെ മനസ്സിലായി. ഇനിയെന്ത് ചെയ്യും??

"അതേയ്.. ഇത് മറ്റൊരു വിധത്തിലും വ്യാഖ്യാനിയ്ക്കാം. ബുക്ക് ങ്ങട് തരൂ. നോക്കട്ടെ."

സ്മസാന മൂകത.
ഈ..... ശ്വരാ.. 'അവനി' പിളർന്ന് സീതാദേവിയെപ്പോലെ എന്നേം സ്വീകരിച്ചിരുന്നെങ്കിൽ..

"കുറച്ചും കൂടി സ്റ്റാൻഡേഡ് ള്ള ഒരർത്ഥത്തിൽ നമ്മള് പൂന്താനത്തെ വ്യാഖ്യാനിച്ചാൽ - അവനീതല പാലനം... "

അവള് ചെറുതായിരുന്നതിനാലും എനിയ്ക്ക് 'വിവരമുള്ളവൾ' എന്ന മായികപരിവേഷമുണ്ടായിരുന്ന തിനാലും ഞാൻ രക്ഷപ്പെട്ടു. ന്നാലും ചമ്മല് ഇനീം മാറീട്ടില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ