ലയണ്‍കിങ്ങിലെ സിംബ വളര്‍ന്ന് അവന്‍ സ്വപ്‌നം കാണുമ്പോലെ അവിടുത്തെ രാജാവാകില്ല. അവന്റെ അച്ഛനെ കൊന്ന അങ്കിൾ സ്കാറിനെ കൊന്ന് അവൻ രാജാവായാൽ ടുവിട്ടേ പറ്റൂ എന്നിട്ട് ശക്തി ഏറെ ഉണ്ടെങ്കില്‍ മാത്രം ബ്രഹ്മചാരിയായി മരിക്കേണ്ടി വരില്ല. ആശപ്പെടുമ്പോള്‍ കുറയ്‌ക്കേണ്ടതില്ല. സട, ശൗര്യം, ശക്തി... വെയില്‍കാഞ്ഞുറങ്ങുന്നൊരു ലയണ്‍കിങ്ങ് ആവണം. ലക്ഷൂറിയസ്.
രണ്ടോ നാലോ സടയന്മാര്‍... അഞ്ചോ എട്ടോ ഭാര്യമാരും മക്കളും. തീറ്റതേടല്‍, വിശ്രമം... കാമകേളികള്‍, വിശ്രമം.. ജീവിതം ബീച്ചിലെ അവധിക്കാലം പോലെ ലളിതം. സുന്ദരം.
സത്യം പറഞ്ഞാൽ സിംഹക്കൂട്ടങ്ങളില്‍ ജീവിതത്തെ നയിക്കുന്നത് സ്ത്രീകളാണ്. പുരുഷകേസരികള്‍ വരും പോകും. അമ്മചിറ്റമ്മമാരും സഹോദരികളും ഇവരുടെയെല്ലാം മക്കളുമടങ്ങുന്നതാണ് സിംഹക്കൂട്ടം. രണ്ടുമൂന്നാണുങ്ങള്‍ക്ക് മുഖ്യജോലി ബീജദാനമാണ്. പെണ്ണുങ്ങള്‍ കൂട്ടമായി വേട്ടയാടും. രാജാവിന് ചിടിവീണ് ഇരയെ കൊല്ലാന്‍ പാകത്തിന് ചിലപ്പോള്‍ ഓടിച്ചിട്ട് വളഞ്ഞ് കൊണ്ടുക്കൊടുക്കും. ഇര തടിമാടനാണെങ്കില്‍ ആവതില്ലാത്ത മുത്തശ്ശിമാര്‍ക്കും ഇത്തിരിപ്പോന്ന തക്കുടുവാവകള്‍ക്കുമടക്കം എല്ലാവര്‍ക്കും വീതം കിട്ടും. ക്ഷാമക്കാലമാണെങ്കില്‍ മത്സരിക്കാനായിട്ടില്ലാത്തവരും മത്സരകാലം കഴിഞ്ഞവരും റേഷന്‍ കിട്ടാതെ പട്ടിണി കിടന്നു ചത്തുപോകും.
ആണുങ്ങള്‍ക്ക് നിത്യവും ചുറ്റും നടന്ന് ജലസേചനം തന്നെ പരിപാടി. മൂത്രമൊഴിച്ച് ഏക്കറുകണക്കിന് സ്ഥലം നാറ്റിച്ചാണ് രാസമതില്‍ പണിയുന്നത്. കാടോടികളായ തെണ്ടി സടയന്മാര്‍ സിംഹാസനവും പട്ടമഹിഷിമാരെയും തട്ടിയെടുക്കാൻ വരുന്നുണ്ടോയെന്ന് 360 ഡിഗ്രി സ്‌കാനിംഗ് 24 x 7. കണ്ണിനും മൂത്രത്തിനും നല്ല പവര്‍ വേണമെന്നു സാരം. ആരാണീ തെണ്ടി സിംഹങ്ങളെന്നു കേള്‍ക്കണോ? നാലുവയസ്സിനു മൂത്ത ആണ്‍കുട്ടികള്‍ കൂട്ടത്തിൽ നിന്നു പുറപ്പെട്ടുപോകുന്നതാണ്. പ്രായപൂര്‍ത്തിയായി മീശേം താടീം മുളച്ചാല്‍ കൂട്ടത്തില്‍ നില്‍ക്കില്ല. അമ്മൂമ്മ, അമ്മ, ചിറ്റമ്മ, പെങ്ങന്മാര്‍... ആരെയും കല്യാണം കഴിച്ചൂടല്ലോ. എന്തുവേണം? സ്ഥലം വിടണം. എന്നിട്ട് ചുറ്റിത്തിരിയണം. മിക്കവാറും സഹോദരന്മാര്‍ ഒരുമിച്ചാണ് കാടോടികളാവുന്നത്. എന്നിട്ട് കണ്ട കുറുനരികളേയും കാട്ടുപൂച്ചകളെയും ഒക്കെ പിടിച്ചു തിന്ന് കട്ടകട്ട മസിലുണ്ടാക്കി കനം കൂടണം. അങ്ങനെ പോകുമ്പോള്‍ ഏതെങ്കിലും സിംഹക്കൂട്ടത്തില്‍ കേറി ആണായിപ്പിറന്നവരില്‍ എതിരിടാന്‍ ചങ്കുറപ്പുള്ളവരെ വെല്ലുവിളിച്ച് അടിച്ചും കടിച്ചും തോല്‍പ്പിച്ചോടിച്ച് അവിടെ രാജാവാകും.
നല്ല ശക്തിയുളളവന് അഞ്ചാറുവര്‍ഷം രാജാവാകാം. അനിയന്മാരേം കൂടെ കൂട്ടാം. കുറേ ഭാര്യമാര്‍. ഹാ ഹാ ഹാ. സിംഹനായികമാരെപ്പറ്റി ഒന്നും കേള്‍ക്കണ്ടേ? കൂട്ടത്തിലെ ആണുങ്ങളുടെ പൗരുഷം സടയിലും മസിലിലുമേയുളളൂ. ഒരു ഗര്‍ഭത്തില്‍ മൂന്നാലു മക്കളുണ്ടാവണണെങ്കില്‍ 20 സെക്കന്റു മുതല്‍ ഒരു മിനിട്ടുവരെ നീളുന്ന പരിപാടി ഇരുപതു മുതല്‍ നൂറു തവണവരെ ചെയ്യണം പഹയന്മാര്‍ക്ക്. അതിനു നിന്നുകൊടുത്താലും പോര- പ്രകൃതിയൊരു കോടാലികൂടി കൊടുത്തിട്ടുണ്ട്. ഗര്‍ഭത്തിലെ ഓരോ കുഞ്ഞിനും ജനിതക വൈവിദ്ധ്യം വേണമത്രേ. അതിന് കൂട്ടത്തിനകത്തോ പുറത്തോ ഉള്ള മറ്റവന്മാരെയും വിളിച്ചുവരുത്തണം. പൂച്ചകുടൂംബത്തില്‍ കുന്ത്രാണ്ടത്തിനുചുറ്റും ഊരുമ്പോള്‍ കൊളുത്തിപ്പറിക്കുന്ന മുള്ളുണ്ടെന്ന് എത്രപേര്‍ക്കറിയാം? മറ്റൊരു കോടാലി! അണ്ഡവിസര്‍ജ്ജനം പ്രോത്സാഹിപ്പിക്കാനാണത്രേ! പണ്ടെങ്ങാണ് ഹവ്വപ്പെണ്ണൊരു പഴം തിന്നതിന് സിംഹിണികളെക്കൂടി വെറുതെ വിട്ടിട്ടില്ല. ഹൗ! അതില്‍ പിന്നെ പെണ്ണായിപ്പിറന്ന എല്ലാത്തുങ്ങളും അനുഭവിക്കുന്നു. പാപികള്‍, പ്രേരണാക്കുറ്റവാളികള്‍.
ദിവസം പത്തുനൂറുതവണയോ എന്നു കൊതിയിടുന്നവര്‍ ബാക്കികൂടിയറിയണം. ഹൂറികള്‍ നിരനിരയായി നില്‍ക്കുന്ന ഈ സ്വര്‍ഗ്ഗം നിത്യമല്ല. തക്കം നോക്കി മുഴുത്തവന്മാര്‍ കറങ്ങി നടപ്പുണ്ട്. ഒന്നു കടിച്ചു കുടഞ്ഞാല്‍ കഴിഞ്ഞു. തലേം താഴ്ത്തിയിറങ്ങിപ്പോവുക തന്നെ ( നിരങ്ങിപ്പോവുക എന്നതാവും യാഥാര്‍ത്ഥ്യം) മാന്‍പേട പോയിട്ട് ഒരു മുയല്‍ക്കുഞ്ഞിനെപ്പോലും ഓടിച്ചിട്ടു പിടിക്കാനാകാതെ പട്ടിണി കിടന്ന് ചാകണോ; അതോ, ഞൊണ്ടി ഞൊണ്ടി കുറച്ചുകാലം അലഞ്ഞു നടന്നതിനുശേഷം നരകിച്ചു ചാകണോ എന്ന് കാലം തീരുമാനിക്കും. പൊതുവേ രാജാക്കന്മാര്‍ അല്പായുസ്സാണ്. കൂട്ടത്തിലെ മുത്തശ്ശിമാരേപ്പോലെ വയസ്സെത്തി കൊറേ ചന്ദ്രനേം സൂര്യനേം കണ്ടിട്ടല്ല- നക്ഷത്രമെണ്ണി ചാകും.
ന്നാലും എന്താണാ ലുക്ക്. ല്ലേ? മോറിനു ചുറ്റും തഴച്ചുവളര്‍ന്ന സട! നീലിഭൃംഗാദി തേച്ചപോലെ. അതിന്റെ കഥയറിയ്വോ? മനുഷ്യന്മാരിലും ആണുങ്ങക്ക് താടിയെന്തിനാ? മിനുത്ത മുഖത്ത് ബാല്യം കടന്നാല്‍ വളരുന്ന വൃത്തികേട്.. എല്ലാം ടെസ്‌റ്റോസ്റ്റീറോണിന്റെ കളിയാണ്. ടെസ്‌റ്റോസ്റ്റീറോണ്‍ കൂടുന്ന മുറയ്ക്ക് ഒരുത്തന് മറ്റൊരുത്തനെ കണ്ടാ പിടിക്കൂല. രണ്ടു തലകള്‍ തമ്മില്‍ ചേരുമത്രേ. ആയിരം വട്ടം പറഞ്ഞിട്ടും. ഇതുവരെയും സത്യമാകാത്ത നുണ. തമ്മില്‍ കണ്ടാല്‍ തല്ലും പിടീം. Y ക്രോമസോമിന് Y ക്രോമസോമിനെ കണ്ടൂടാ. എല്ലാം ഗര്‍ഭപാത്രങ്ങളും എനിക്ക്, എനിക്ക്.. (കാട്ടിലെ കഥയാണേ) തല്ലും വഴക്കും കൂടുമ്പോള്‍ ഏറ്റവും ദുര്‍ബലവും നിരാലംബവും പ്രതിരോധം കുറഞ്ഞതുമായ (Vulnerable) ഭാഗം ഏതാ? കഴുത്തല്ലേ? അതിനെ പറ്റുന്ന പോലൊക്കെ സംരക്ഷിക്കാനാണ് സടയും താടിയുമത്രേ. തല്ലുകൂടിക്കുന്നതും ടെസ്‌റ്റോസ്റ്റിറോണ്‍ താടി വളര്‍ത്തുന്നതും ടെസ്‌റ്റോസ്റ്റിറോണ്‍! എന്തൊരപാരത!
അപ്പോ നമ്മളെവിടെത്തി? പുതിയ രാജാക്കന്മാര്‍ വന്നു അല്ലേ? ആദ്യ പരിപാടി ഇടഞ്ഞു നില്‍ക്കുന്ന സിംഹിപ്പെണ്ണുങ്ങളുടെ രണ്ടുവയസ്സില്‍ കുറവുള്ള കുഞ്ഞുങ്ങളെ കശാപ്പു ചെയ്യലാണ്. കാടമ്പൂച്ചയുടെ വല്യേട്ടന്‍. അടിച്ചോടിച്ച രാജാവിന്റെ ക്രോമോസോമുകളെ ഉന്മൂലനാശനം ചെയ്യുക എന്നിട്ട് എത്രയും വേഗം ആ പെണ്‍കൂട്ടത്തെ ഒന്നടങ്കം പുതിയ ഗര്‍ഭത്തിന് സജ്ജരാക്കാന്‍. പെട്ടെന്നു വേണം. ഇവന്റെ മക്കള്‍ പിറന്നു വളര്‍ന്നു മുറ്റണം. ഇവന് വയസ്സായി അടുത്തവന്‍ വന്നു തട്ടുന്നതിനു മുന്നേ.
കഷ്ടകാലം പിടിച്ച പെണ്ണുങ്ങള്‍ പിന്നേം പ്രസവിക്കും. കൊച്ചുങ്ങളെ നോക്കാന്‍ ചില്ലറ പണിയാണോ! കണ്ണുതുറക്കാന്‍ ഒരാഴ്ച. കാലുറയ്ക്കാന്‍ മൂന്നാഴ്ച. രണ്ടുമാസം അമ്മേം മക്കളും കൂട്ടത്തിനു പുറത്ത്. അവളൊറ്റയ്ക്ക് വേട്ടയാടണം. മണംപറ്റി കഴുതപ്പുലിയും പുള്ളിപ്പുലിയും വന്ന് കുഞ്ഞുങ്ങളെ തിന്നാതിരിക്കാന്‍ മാസത്തില്‍ പലതവണ താവളം മാറണം. ഓരോ കുഞ്ഞിനെയും സൂക്ഷിച്ച് കഴുത്തില്‍ കടിച്ചെടുത്ത് കൊല്ലാതെ ദൂരെക്കൊണ്ടോയി വെക്കണം. പാറയിടുക്കിലും പൊന്തയിലും പതുങ്ങിയ ശത്രുക്കളുണ്ടാകും അവിടെയും ഇവിടെയും. അടുത്തതിനെയെടുക്കാന്‍ ഓടിവരണം. കല്യാണത്തിനും പാലുകാച്ചലിനും ഒപ്പം കൂടണമെന്നു ചുരുക്കം. രണ്ടു മാസത്തിൽ പല തവണ കല്യാണവും പാലുകാച്ചലും. പിന്നെ പതിയെ കൂട്ടത്തില്‍ ചേരാം. കുഞ്ഞുങ്ങള്‍ ഒരേ പ്രായമെങ്കില്‍ എല്ലാ അമ്മമാരുടെയും മുലകുടിച്ച് ഒപ്പം കളിച്ചു വളരും- കംപ്ലീറ്റ് സോഷ്യലിസം. അപ്പോള്‍ പിന്നെ എല്ലാ പെണ്ണുങ്ങളും ഒപ്പം പെറ്റില്ലെങ്കില്‍ പ്രശ്‌നമാണ്. വല്യകുട്ടികള്‍ എല്ലാ അമ്മമാരുടെയും എല്ലാ മുലകളും കുടിക്കും. അവസാനമുണ്ടായ കുഞ്ഞിക്കുട്ടികള്‍ പട്ടിണികിടന്നു ചാകും. സ്വന്തം അമ്മ പോലും നോക്കാതെ. അതാണ് കൂട്ടുകാരേ പ്രകൃതി. മാതൃത്വവും മമതയും കനിവും കരുണയുമെല്ലാം നാം തുപ്പലു ചേര്‍ത്ത് ഒട്ടിച്ചു വെച്ച ഗില്‍ട്ടുമാത്രം. അണ്ടിയോടടുക്കുമ്പോള്‍ മാങ്ങയ്ക്ക് പുളിയാണെന്ന് കോവിഡ് പഠിപ്പിച്ചോണ്ടിരിക്കുകയല്ലേ?
മനുഷ്യരിലെ പരിണയവും പ്രജനനവും സിംഹങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. തീറ്റതേടലും ഇണചേരലും ഉറക്കവും മാത്രം മതിയെങ്കില്‍ ആടിനും മാടിനുമില്ലാത്ത വിശേഷബുദ്ധി എന്തിനായിരിക്കാം? ശരീരത്തിന്റെ അടിസ്ഥാന ആവശ്യങ്ങളുടെ ധാരാളിത്തത്തിനപ്പുറം ഒരു തരിമ്പും ചിന്തിക്കാതെ പവിത്രഗ്രന്ഥങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന ചതുരങ്ങള്‍ക്കും കള്ളികള്‍ക്കും ഉള്ളിലൊടുങ്ങിയൊടുങ്ങിപ്പോകാന്‍ തലമുറകളെ മാത്രം അവശേഷിപ്പിച്ച് കൂട്ടയോട്ടം നടത്തുന്നതേതു സ്വര്‍ഗ്ഗത്തിലേക്കാണ്!
അതുപോട്ടെ. മരണം ഭയന്ന് സ്ഥിരമായി വീട്ടിലിരിക്കുന്ന പുരുഷന്മാര്‍ പ്രാചീന ശിലായുഗം മുതല്‍ മനുഷ്യ സമൂഹത്തിന് അപരിചിതമാണ്. ചൊവ്വന്മാരും ശുക്രികളും എത്രകാലം പരസ്പരം സഹിക്കുമെന്ന് കണ്ടറിയണം. ( Men are from Mars women are from Venus) അവളുടെ ടെറിട്ടെറിയില്‍ അധിനിവേശം നടന്നു കഴിഞ്ഞിരിക്കുന്നു. വീടകങ്ങളില്‍ കോവിഡ് കൊണ്ടുവരുന്ന മാറ്റം എന്തായിരിക്കും? (ഇത് ഇവിടെ വേണോ)
നേരത്തെ പറഞ്ഞ സിംഹക്കഥകളൊക്കെ ആഫ്രിക്കയിലേതാണ്. ഏഷ്യന്‍ സിംഹങ്ങള്‍ വ്യത്യസ്തരാണ്. അവരില്‍ ആൺകൂട്ടം വേ പെണ്‍കൂട്ടം റേ. പ്രജനനത്തിനായി മാത്രം തമ്മില്‍ക്കാണുന്നു. തലകള്‍ തലകളോടും മുലകള്‍ മുലകളോടും മാത്രം ചേര്‍ന്നു വസിക്കുന്ന വ്യത്യസ്തമായൊരു സമൂഹ സംവിധാനം. ബോയ്‌സ് ഹോസ്റ്റലും ഗേള്‍സ് ഹോസ്റ്റലും പോലെ. ചൈന തുടങ്ങിയ പല രാജ്യങ്ങളിലും സ്ത്രീകള്‍ ആദിപാപത്തിന്റെ പങ്കു പറ്റുന്ന പണിതന്നെ നിര്‍ത്തിയെന്നു കേട്ടു തുടങ്ങീട്ട് കുറച്ചായി. ഈ മതങ്ങളൊക്കെ സമ്മതിച്ചാല്‍ മതിയായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ