2019 നവംബർ 6, ബുധനാഴ്‌ച

വാളയാർ

വാളയാറില്‍ മരണപ്പെട്ട കുട്ടികള്‍ ഇനി ഒട്ടനവധി കുഞ്ഞുങ്ങളെ രക്ഷിക്കേണ്ടതുണ്ട്. പത്തുവയസ്സിനു താഴെയുള്ള കുഞ്ഞുങ്ങള്‍ ലൈംഗിക ചൂഷണത്തിനും പീഡനത്തിനും ഇരകളാകുന്നത് അധികവും വീട്ടില്‍ നിന്നും കുടുംബപരിസരത്തുനിന്നുമാണല്ലോ. പ്രതിവര്‍ഷം ഇത്തരത്തില്‍ ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

തുറന്നു പറയാത്ത പെണ്‍കുട്ടികളും തിരിച്ചറിയാത്ത; അറിഞ്ഞഭാവം നടിയ്ക്കാത്ത മാതാപിതാക്കളും അവരെ രക്ഷിയ്ക്കാന്‍ കഴിയാത്ത പാഠശാലയും... ആ മാതാപിതാക്കള്‍ പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചവരാണെന്നു കരുതാം. കാരണം ഇത് അഭ്യസ്തവിദ്യരുടെ നാടാണ്. ഇവര്‍ക്കാര്‍ക്കും വകതിരിവോ ധൈര്യമോ കൊടുക്കാന്‍ വിദ്യാഭ്യാസത്തിനായിട്ടില്ലെന്ന്.

ഈ കുട്ടികള്‍ രക്ഷകരായി മാറേണ്ടത് അവിടെയാണ്. ഇവരുടെ കഥ പാഠപുസ്തകത്തില്‍ വരട്ടെ. നാലാം ക്ലാസ്സിലെ മക്കള്‍ പഠിക്കട്ടെ. സഹനത്തിന്റെയും ത്യാഗത്തിന്റെയും ഗാഥകള്‍ പാടുന്ന മോറല്‍ സയന്‍സ് എന്നൊരു കഥാപുസ്തകം മിക്ക സ്വകാര്യ സ്‌കൂളുകളിലും കണ്ടിരിയ്ക്കുന്നു. തോല്‍വിയുടെയും ചെറുത്തു നില്‍പ്പിന്റെയും അതിജീവനത്തിന്റെയും കഥയല്ലാത്ത ജീവിതപാഠങ്ങളാണ് കുട്ടികളെ പഠിപ്പിയ്ക്കേണ്ടത്- കുരങ്ങന്റെ ഹൃദയം കൊതിച്ച മുതലയുടെ സ്വാര്‍ത്ഥമോഹകഥയ്‌ക്കൊപ്പം.

ഞാനെന്റെ നാലാം ക്ലാസ്സുകാരിയോട് ഇതെങ്ങനെ പറയുമെന്ന് ചിന്താക്കുഴപ്പിത്തില്‍ പെട്ടിരിക്കുമ്പോഴാണ് 2014 ല്‍ ഇറങ്ങിയ ഹൈവേ എന്ന ഹിന്ദി സിനിമയിലെ ഈ വീഡിയോ ക്ലിപ്പ് കിട്ടിയത്. ആദ്യം അതു കാട്ടിക്കൊടുത്തു. പിന്നെ പറഞ്ഞും കൊടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ