"മ്മിണി... Abuse എന്ന വാക്കിന്റെ അര്‍ഥമറിയാമോ?''
"ഇല്ലമ്മാ, എന്താ?"
"ശക്തിയും വിവരവും കൂടിയവര്‍ അതൊക്കെ കുറഞ്ഞവരെ വേദനിപ്പിയ്ക്കുന്നതിനും കഷ്ടപ്പെടുത്തുന്നതിനുമാണ് Abuse എന്നു പറയുന്നത്. ചിലപ്പോള്‍ അപകടപ്പെടുത്തുകയും ചെയ്യും."
''ആര്? ആരെ?"
"ശക്തി കൂടിയവർ. ശക്തി കുറഞ്ഞവരെ. സാധാരണ സ്ത്രീകളും കുട്ടികളുമല്ലേ ശക്തികുറഞ്ഞവര്‍? വല്യ ആള്‍ക്കാര്‍ കുട്ടികളെ ഉപദ്രവിക്കുന്നത്.."
''എങ്ങനെ?!"
"അടിയ്ക്കുക, തള്ളിയിടുക, പേടിപ്പിച്ച് ഓരോന്നു ചെയ്യിക്കുക എന്നതൊക്കെ.."
''Punishment?"
''അല്ല. അധികാരമുപയോഗിച്ച്.. ചിലർ രസത്തിന് വെറുതേം ചെയ്യും.. ചില ദുഷ്ടർ. വേറൊരു തരം abuse ഉം ഉണ്ട്. ഈ 'bad touch' ഒക്കെ. അതും ഒരു abuse ആണ് ട്ടോ."
''ആ വിഡിയോയിലെ ചൂടായ അങ്കിൾ? അയാളെന്താ ചെയ്‌തേ?"
''ആ പെണ്‍കുട്ടിയ്ക്ക് പ്രാന്താണെന്നു പറഞ്ഞില്ലേ? പണ്ട് അയാള്‍ ആ കുട്ടിയെ കുളിമുറിയില്‍ വെച്ച് abuse ചെയ്തൂന്ന്. കരഞ്ഞാല്‍, കുതറിയാല്‍ പുറത്തറിയാതിരിയ്ക്കാന്‍ പൈപ്പു തുറന്നിടുമെന്ന്.. ശബ്ദം കേള്‍ക്കാതിരിക്കാന്‍."
"അതെന്താ പിന്നെ, ചോക്ലേറ്റ് കൊണ്ടുവന്നോ എന്ന് ആ ചേച്ചി ചോദിച്ചത്?"
"ആ.. അങ്ങനെ ചോക്ലേറ്റും മൊബൈലും വീഡിയോ ഗേമും ഒക്കെ കാട്ടിയാണ് ഇത്തരക്കാര്‍ കുഞ്ഞുങ്ങളെ ആകര്‍ഷിക്കുന്നത്. മൊബൈലില് ഫോട്ടോ നോക്കി ഓരോരുത്തരുടെ മടീക്കേറി ഇരിക്കുമ്പോ ശ്രദ്ധിക്കണം.. ട്ടോ. ആ ചേച്ചി പറയ്ണത് കേട്ടില്ലേ?"
"എന്താമ്മാ?"
"വീടിനു പുറത്ത് അപകടമുണ്ട്, സൂക്ഷിക്കണമെന്നു പഠിപ്പിച്ചപ്പോള്‍ ഒരൊറ്റത്തവണയും വീട്ടിനകത്തും അപകടമുണ്ടാകാമെന്ന് ആരും പറഞ്ഞില്ലല്ലോ എന്ന്. അപകടം strangers ല്‍ നിന്നും മാത്രമല്ല; നമ്മടെ ഫ്രണ്ട്‌സില്‍ നിന്നും അടുത്ത റിലേറ്റീവ്‌സില്‍ നിന്നും ഒക്കെ ഉണ്ടാവാം."
''അതാരാണമ്മാ നമ്മക്ക് അത്തരം റിലേറ്റീവ്‌സ്?!!"
"നോക്കൂ അമ്മിണീ അങ്ങനെ ഏതെങ്കിലും ഒരാളെന്നല്ല; അത് ആരുമാകാം. കണ്ടാല്‍ രാക്ഷസനെപ്പോലിരിക്കുമെന്നു കരുതരുത്. ചിലപ്പോള്‍ പരിചയക്കാരാകാം. ബലം പ്രയോഗിക്കുന്നെന്നു തോന്നിയാല്‍ അമ്മയോടോ അതല്ല അവിടെ ആരാണുള്ളതെന്നു വെച്ചാല്‍ അവരോടോ പെട്ടെന്നു പറയണം. ആരുമില്ലെങ്കില്‍ ഉറക്കെ ഒച്ചവെയ്ക്കണം കുതറിയോടണം."
''ബാഡ് ടച്ച് എന്നു വെച്ചാ ഇത്ര കുഴപ്പമാണോ? ഇന്നാള് സച്ചിന്റെ ഡെ്‌സ്‌കിനു താഴെ പെന്‍സില്‍ വീണതെടുക്കാന്‍ ചെന്നപ്പോ ആവനെന്റെ ബാക്കില് ങ്ങനെ ബാഡ്ടച്ച് ചെയ്തു. ഞാന്‍ ടീച്ചറോടു പറഞ്ഞിട്ട് ടീച്ചറ് ശ്രദ്ധിച്ചില്ല."
''ഓ! എന്റെ കുട്ടാപ്പീ, നിന്റെ ക്ലാസ്സിലെ കുട്ടിയല്ലേ? അവരൊക്കെ ചെറിയ കുട്ടികളല്ലേ? അത് അറിയാണ്ട് കൊണ്ടതാവും. പിറ്റി പീരീഡിലും വാനില്‍ കേറുമ്പോഴുമൊക്കെ അറിയാതെയും തട്ടില്ലേ? നിന്നെക്കാള്‍ മൂത്തവരാണെങ്കില്‍ നല്ലോണം ശ്രദ്ധിച്ചാല്‍ മതി. abuse ആണോ എന്ന്."
"ഞാന്‍ നല്ല പഞ്ച് കൊടുക്കും.."
"മിടുക്കി. ഇതു കേള്‍ക്കൂ.. കേരളത്തിലിന്നാള് രണ്ടു സ്ക്കൂൾ കുട്ട്യോളെ അവരുടെ അങ്കിള്‍മാര് abuse ചെയ്തു കൊന്നു കെട്ടിത്തൂക്കീന്ന്."
.........
"അമ്മാ, അമ്മേനെ ആരെങ്കിലും bad touch ചെയ്തിട്ടുണ്ടോ?"
"......."
''അമ്മയാണെങ്കി bad touch ചെയ്താ നല്ല പഞ്ച് കൊടുക്കും. ല്ലേ അമ്മാ?''
അതിനു ഈ അമ്മയ്ക്ക് കരാട്ടെയൊന്നും അറിയില്ലായിരുന്നു. bad touch എന്നു കേട്ടിട്ടു പോലുമില്ലായിരുന്നു. പക്ഷെ അനുഭവിക്കാന്‍ കിട്ടി. എന്നിട്ട് കരഞ്ഞും പേടിച്ചും മരണത്തെക്കുറിച്ചു ചിന്തിച്ചും കാലം കഴിച്ചു. മാര്‍ക്കൊക്കെ കുറഞ്ഞു. അസുഖക്കാരിയായി. ടെന്‍ഷനായിരുന്നു വല്യേ അസുഖം. 'അതാരാണമ്മാ'ന്ന്
ന്റെ കുട്ടി കണ്ണുമിഴിച്ച് എന്നെ നോക്കി ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞും കൊടുത്തു.
നാലാം ക്ലാസ്സുകാരിയ്ക്ക്, നാലാം ക്ലാസ്സുകാരന് ഇതൊക്കെ എങ്ങനെ പറഞ്ഞു കൊടുക്കുമെന്നു കരുതുന്നവര്‍ക്ക് ഇതൊരു സഹായമാകട്ടെ. വായിച്ചെങ്കിലും കൊടുക്കുക. വീഡിയോ ലിങ്ക് താഴെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ