കർണാടകത്തിലെ ഉഡുപ്പി ജില്ലയിൽ ഹെബ്രിയ്ക്കു സമീപം സീതാനദിയുടെ പോഷിണിയായ കാട്ടുചോല. ഹെബ്രിയിൽ നിന്ന് അഞ്ചു കിലോമീറ്ററോളം കാടിനുള്ളിലാണ് ആഗുംബെ വനാതിർത്തിയിൽ വരുന്ന ജോമ് ലു വെള്ളച്ചാട്ടമുള്ളത്. കാട്ടുപാതയിലൂടെ ഒരു മൈൽ നടത്തവും വേണം. ഉയരം കുറഞ്ഞ ചെറിയ വെള്ളച്ചാട്ടം പ്രാദേശിക പിക്നിക് സ്പോട്ടാണ്. ഒഴിവു ദിനമല്ലെങ്കിൽ തികച്ചും സ്വകാര്യമായ സ്ഥലം. കാടും കാട്ടാറും നിങ്ങളും മാത്രം. ങ്ങളാരും പോവില്ല. ചിത്രങ്ങളെങ്കിലും കണ്ടോളൂ.
.................................................
ചെറിയൊരു വെള്ളച്ചാട്ടത്തിലേക്കു നീങ്ങുന്ന കാട്ടുചോല ആര്‍ത്തലച്ചുവീണ് പതഞ്ഞൊഴുകുന്ന നദീതടം. ജലപാതധ്വനിയാലും പേരറിയാപക്ഷികളുടെയും ആയിരമായിരം ചെറുപ്രാണികളുടെയും ശബ്ദത്താലും മുഖരിതമായ ഉഷ്ണമേഖലാ നിത്യഹരിതവനം. ഈര്‍പ്പം തുളുമ്പുന്ന അന്തരീക്ഷത്തില്‍ വിയര്‍ത്തൊലിച്ച് പാറക്കെട്ടിനു മീതെ നടന്ന് നദിയിലേക്ക് നോക്കുമ്പോള്‍ - കുതിച്ചുചാടിവീണ് ഉപ്പുനിറഞ്ഞ വിയര്‍പ്പ് തണുതണെയുള്ള തെളിഞ്ഞ വെള്ളത്തില്‍ അലിയിച്ചുകളയാന്‍ കൊതി.
വെള്ളത്തിനകത്ത് അനങ്ങാതെ മുങ്ങിക്കിടന്ന് ആയാസപൂര്‍വ്വം കണ്ണുതുറന്നു വെച്ച് ചാരനിറത്തിലുള്ള മീനുകളെ നോക്കാന്‍ കൊതി.
പാറക്കെട്ടില്‍ തടഞ്ഞ് ഒഴുകിപ്പോകാതെ മലര്‍ന്ന് കിടന്ന് കാതുകളില്‍ നീരൊഴുക്കിന്റെ അനാദിയായ സംഗീതവും ശ്രവിച്ച് നീലാകാശത്തെ ധ്യാനിച്ച് കണ്ണുതുറന്ന് കിടക്കാന്‍ കൊതി.
ഇത്രയും കൊതികള്‍ മനസ്സില്‍ മൂടിവെച്ച് വിയര്‍ത്തൊഴുകുന്ന ശരീരത്തെ ഒരു കുഞ്ഞുമരത്തണലിലിരുത്തി, ലെഗ്ഗിങ്‌സ് വലിച്ചുകയറ്റി, കണങ്കാല്‍ വരെ മാത്രം പുഴയിലാഴ്ത്തി. ഒരു കുമ്പിള്‍ വെള്ളമെടുത്ത് മുഖം നനച്ചു.
ധാരാളിയായി പ്രകൃതി വിശാലമായിക്കിടക്കുമ്പോള്‍ സൗകര്യങ്ങളുടെ പിശുക്കില്‍ അധോഗമിച്ച്.. മനസ്സുതുറന്നൊരു ദീര്‍ഘനിശ്വാസം പോലുമുതിര്‍ക്കാന്‍ മടിച്ചിരിക്കുമ്പോള്‍ എന്നത്തെയും പോലെ ഞാനാഗ്രഹിച്ചു..
മെയ് വഴക്കത്തോടെ ചാടിച്ചാടി ആ പാറക്കെട്ടുകള്‍ അനായാസമായി താണ്ടി ആറ്റിലൂളിയിട്ട് നീരാടി വെള്ളച്ചാട്ടത്തിനടുത്തുള്ള കൂര്‍ത്ത കല്ലിന്‍ തുമ്പത്ത് നീന്തിക്കയറി രോമം കുടഞ്ഞ് ചര്‍മ്മം കറക്കുമെന്നോ വരണ്ടുപോകുമെന്നോ ഭയമില്ലാതിരിക്കുന്ന ഒരു പുലിപ്പെണ്ണായിരുന്നെങ്കില്‍ എന്ന്.
മനുഷ്യന്റെ ബുദ്ധിയും മനുഷ്യന്റെ ശരീരവും ഈ പെണ്ണിന് ഭാരമായിത്തോന്നുന്നു. മതം, ആചാരം, സഭ്യത, നാട്ടുനടപ്പ്... പെണ്‍ശരീരം വല്ലാത്ത ഉത്തരവാദിത്തമാണ്. ഇങ്ങനൊന്നും സ്വാതന്ത്ര്യത്തെക്കുറിച്ചു ചിന്തിക്കാത്ത മനസ്സായിരുന്നെങ്കില്‍ എത്ര സമാധാനത്തോടെ ജീവിച്ചേനെ.
ആശകള്‍ കിളിര്‍ക്കാത്ത, ഭാവന വിടരാത്ത മനസ്സായിരുന്നു പെണ്‍ശരീരത്തില്‍ പ്രകൃതി/ ദൈവം ഇടേണ്ടിയിരുന്നത്. മരഞ്ചാടിമനസ്സെല്ലാം ഇങ്ങനെ പൊതിഞ്ഞുകെട്ടിത്തന്ന് മുലയും ചന്തിയും ഗര്‍ഭപാത്രവും കൂടെത്തന്നത് എന്തായാലും വലിയ ക്രൂരതയായിപ്പോയി.
ഒരു സംശയം- പെണ്ണു ശരിക്കും എന്തുതരം ജീവിയാണ്?
ഹോമോ സാപിയന്‍സ്?!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ