2019 ഒക്‌ടോബർ 19, ശനിയാഴ്‌ച

കമ്മൽക്കാരി

മുനിയാലില്‍ നിന്ന് മണിപ്പാലെത്തുന്നതിന് മുമ്പ് അത്രാടിയിലാണ് ആ ഗ്രാമച്ചന്തയുണ്ടായിരുന്നത്. പഴവര്‍ഗ്ഗങ്ങള്‍ വാങ്ങിയക്കുന്നതിനായി വണ്ടിയൊതുക്കി ഞങ്ങള്‍ പുറത്തിറങ്ങി. ആപ്പിളും മുസംബിയും കുട്ടയിലിടുമ്പോഴാണ് ഞാന്‍ തൊട്ടപ്പുറത്തെ ഇലക്കറികള്‍ കണ്ടത്. ഉലുവച്ചെടി ഒന്നുരണ്ടു കെട്ട് വാങ്ങിയാലോ? പരിപ്പുകറിയിലോ സാമ്പാറിലോ ചേര്‍ത്താല്‍ നല്ല സ്വാദാണ്. ചോറിന് വറവിട്ട് മഞ്ഞച്ചോറ് (ഉപ്പുമാവ് / ചിത്രാന്ന) ഉണ്ടാക്കിയാല്‍ കെങ്കേമം. ഗമഗമാന്നിരിയ്ക്കും. ലേശം മതി. ഇല്ലെങ്കില്‍ കയ്ക്കൂലെ? ചപ്പാത്തിമാവില്‍ അരിഞ്ഞിട്ട് മേത്തീ പറാത്തയാക്കിയാല്‍ ഗമകൂടും. കിഴങ്ങു മസാലയിലിട്ടാല്‍ സബ്ജി സാബ്ജിയാകും.

നോക്കിയപ്പോള്‍ മൂത്ത ചെടികള്‍. കെട്ടാകെ മണ്ണുപുരണ്ട് വാടി പഴയ ഇലകള്‍ പോലെ തോന്നിച്ചു. നാരുമൂത്ത തണ്ട്. വേണ്ട. വാങ്ങേണ്ട.

"തെക്കൊള്ളി അമ്മാ.. ഒള്ളേദു."
ഇലക്കറിക്കൂമ്പാരത്തിന് പിന്നിലെ സ്ത്രീയെ അപ്പോഴാണ് ശ്രദ്ധിച്ചത്. ഉഡുപ്പിയിലെ കൊള്ളവെയില്‍ ചൂളയ്ക്കിട്ടു ചുട്ടെടുത്ത് കനത്ത മഴക്കാലങ്ങളാല്‍ മയക്കിയെടുത്ത ചെമ്മുഖം.
സര്‍വ്വാരുണീ അനവദ്യാംഗീ സര്‍വ്വാഭരണ ഭൂഷിതാ!
ചെവിയില്‍ എത്രയാ കുത്തിയിരിക്കുന്നേ! ആ. അതന്നെ.

"ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്.. അഞ്ച് കമ്മല്. കൊള്ളാലോ. ഒരു ഫോട്ടോയെടുക്കട്ടെ?" പുഞ്ചിരി നാണത്തില്‍ മുങ്ങി മുഖം കോടി. വായ് പൊത്തി ചിരിയ്ക്കാണ്.

"പ്ലീസ്.. നല്ല ഭംഗി ഒരു ഫോട്ടോയെടുക്കട്ടെ?" നാണത്തോടെ ഫോട്ടോയ്ക്ക് ഇരുന്നു തന്നു.

"ഹോ..ഹോ! അക്കാ, നാളത്തെ പേപ്പറില്‍ വരും നിങ്ങടെ ഫോട്ടോ." അപ്പുറത്തെ പഴക്കച്ചവടക്കാരന്‍ അവരെ കളിയാക്കി.

"ഇല്ലാട്ടോ. പേപ്പറിലൊന്നും വരില്ല." എന്റെ മറുപടി അവരെ സമാധാനിപ്പിച്ചോ അതോ അവരുടെ ആശ കെടുത്തിക്കളഞ്ഞോ എന്നറിയില്ല.  കമ്മലുകളെക്കുറിച്ചുള്ള എന്റെ ചോദ്യങ്ങള്‍ക്ക് ആവേശത്തോടവര്‍ മറുപടി പറഞ്ഞു. ശാരദ- അതാണ് പേര്. നന്ദി പറഞ്ഞു ഞാന്‍ തിരിഞ്ഞു നടന്നു.

"അമ്മയ്ക്ക് സ്ര്‌ടേഞ്ചേഴ്‌സിന്റേം ഫോട്ടോ എടുക്കണം. ല്ലേ? ജാനൂട്ടിയാണ്.

"ഫോട്ടോയൊന്നും നന്നായില്ല മോളേ. ചെലപ്പോ ഞാനതൊക്കെ ഡെലീറ്റു ചെയ്തു കളയും. നമ്മളൊക്കെ ഇവരെ മറന്ന് പോവേം ചെയ്യും. പക്ഷെ, ആ സ്ത്രീയിത് ഒരുപാടു കാലം ഓർമ്മിയ്ക്കാനും മതി." ഒന്നാലോചിച്ചു നോക്കൂ. തികച്ചും ഉള്‍നാട്ടിലെ ഗ്രാമച്ചന്ത. ആദ്യായിട്ടാവും ഒരപരിചിത അവരുടെ ഫോട്ടോ എടുക്കുന്നത്.

"അവര്ടെ കമ്മല് അത്രയ്ക്കിഷ്ടായോ അമ്മയ്ക്ക്!

"അമ്മയ്ക്ക് ആഭരണങ്ങളിലൊന്നും ഒരു താല്‍പര്യവുമില്ലെന്നറിഞ്ഞൂടെ?
എന്നാൽ, അവര്‍ക്കേറ്റവും താത്പര്യമുള്ള വിഷയമാണത്. ഈ ചന്തയില്‍ വന്ന് സൊപ്പു (ഇലക്കറി) വിറ്റ് എങ്ങനെ പൈസ മിച്ചം വെച്ചായിരിക്കും അവര് ഓരോ കമ്മലും വാങ്ങിയിരിക്കുക! ഓരോ തവണയും കാതു കുത്തി പുതിയൊരു സ്വര്‍ണ്ണത്തരി ചേര്‍ക്കുമ്പോള്‍ എത്ര സന്തോഷവും അഭിമാനവും തോന്നിയിരിക്കും!" അതിന്റെയൊക്കെ നിറത്തീന്ന് അറിയാം അതൊക്കെ ഓരോരോ കാലത്ത് വെവ്വേറെ വാങ്ങിച്ചതാണെന്ന്. ചിലത് മഞ്ഞ, ചിലത് ചെമ്പിച്ച്, ഇനിയും ചിലത് നിറം മങ്ങി..

"എത്ര മക്കളുണ്ടാകും അവര്‍ക്ക്, ഭര്‍ത്താവ് കുടിയനായിരിക്കുമോ, അമ്മായിയമ്മയോട് വഴക്കായിരിക്കുമോ, വീട്ടുപണിയെല്ലാം തീര്‍ത്തിട്ടാകുമോ ചന്തയില്‍ വരുന്നത്... ഒന്നുമറിഞ്ഞുകൂട. പക്ഷെ ഈ വെയിലത്തും മഴയത്തും ചപ്പിളിപിളിയായ ചന്തയിലിരുന്നു കച്ചോടം നടത്തി സമ്പാദിക്കുന്ന അവരോട് എനിയ്‌ക്കെത്ര ബഹുമാനമാണെന്നറിയുമോ?
ഒരുപക്ഷെ മരണമണയുംവരെയും അവര്‍ അഭിമാനത്തോടെ ഓര്‍ത്തുവെയ്ക്കുന്ന നിമിഷമാകാം നാം കടന്നു വന്നത്."

"അമ്മാ, യൂ ഹാവ് ഡൺ എ ഗുഡ് ഡീഡ്. "

അതെ. ചിലപ്പോൾ ഒരു തരി പൊന്നിന് ജീവിതം മുന്നോട്ട് നയിയ്ക്കാനുള്ളത്രയും ശോഭയുണ്ടാകാം. ചിലപ്പോൾ നമ്മുടെ ഒരേയൊരു പുഞ്ചിരി ചിലരിൽ ആഴ്ചകളോളം ആത്മാഭിമാനം നിറയ്ക്കുകയും ചെയ്തേയ്ക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ