"ആരും കാണാതപ്പൂ ചൂടി ഞാനൊന്ന് പാടീ.... "
തിരക്ക് കുറഞ്ഞെങ്കിലും പൊടിയടങ്ങിയിട്ടില്ലാത്ത റോഡില്‍ രാവ് ചേക്കേറുന്നത് നോക്കി വണ്ടിയിലിരുന്ന് ഞാനുറക്കെപ്പാടി. അത്ര നേരവും മൂന്നും മൂന്നും ആറു സ്പീക്കറുകള്‍ ആഞ്ഞടിച്ച് തരിച്ച എന്റെ കര്‍ണ്ണപുടം തലച്ചോറിനോട് നുണപറഞ്ഞുകൊണ്ടിരുന്നു എന്റെ തൊണ്ട അടഞ്ഞിരിക്കുകയാണെന്ന്.
ആരും ശ്രദ്ധിക്കുകയില്ല ഇപ്പോള്‍. എസ്. ജാനകിയോടൊപ്പം ഉറക്കെ കാറി ഞാനെന്റെ തൊണ്ട പൊട്ടിച്ചു.
"ഇന്നെന്റെ കിളിവാതിലില്‍ പാടി നീ..
വിടരാന്‍ വതുമ്പുമേതോ പൂവിന്‍ ഗാനം... "
പ്രളയവും ഓണവും കഴിഞ്ഞ് കാലം തെറ്റിപ്പൂത്തൊരു കൊന്നമരം പോലെ ഗൃഹാതുരത രുചിപ്പിക്കാന്‍ ഹാസന്‍ മലയാളി സമാജം നടത്തിയ ഓണാഘോഷപ്പരിപാടിയായിരുന്നു അവിടെ. കുഞ്ഞുങ്ങളെല്ലാം സ്റ്റേജിലും ആണുങ്ങളെല്ലാം സ്റ്റേജിനു താഴെയും മതിമറന്ന് തുള്ളുകയായിരുന്നു രണ്ടു മണിക്കൂര്‍. ത്രസിപ്പിക്കുന്ന സംഗീതവുമായി വയനാട് MTB ഓര്‍ക്കസ്ട്ര. മിന്നിത്തെളിയുന്ന വര്‍ണ്ണവെളിച്ചങ്ങള്‍. ആടൂ, കൂടെയാടൂ, കൈ കൊട്ടൂ എന്ന് ഗായകര്‍.. തലയറഞ്ഞ്, മുടിയുലച്ച്, കണ്ണടച്ച്, കൈവീശി ഉറഞ്ഞുതുള്ളാന്‍ ത്രാണിയുള്ളൊരു പതിനാല്കാരിയെ ഉള്ളിലടക്കി കല്ലറയ്ക്ക് മീതെ കാവലിരുന്ന് എന്നിലെ കുലസ്ത്രീമുഖം എന്നെ നോക്കി പല്ലിളിച്ചുകാട്ടി. ഒന്നു കൈ കൊട്ടാന്‍ പോലും തുനിയാതെ അവിടെയിരുന്ന മറ്റുപെണ്ണുങ്ങളെക്കൂട്ട് നിര്‍ന്നിമേഷക്കമ്പിളി പുതച്ച് ഞനുമിരുന്നു. ഒരു നാല്‍പതുകാരി വീട്ടമ്മയെപ്പോലെ! കൈ കൊട്ടാഞ്ഞത് മടി കൊണ്ടല്ല. എന്നെ വളര്‍ത്തുന്ന സമൂഹത്തോടുള്ള അവജ്ഞകൊണ്ടാണ്.
"ഏഴിലം പാല പൂത്തു... കാതിലോല കാറ്റിലാടി...
പീലി നീര്‍ത്തി കേളിയാടൂ.."
പന്ത്രണ്ട് വയസ്സിനുമേലുള്ള പെണ്ണിന്റെ ശരീരത്തില്‍ അടക്കം ചെയ്ത ഓരാത്മാവും അവിടെ ഓര്‍ക്കസ്ട്രയ്‌ക്കൊപ്പം ചുവടുവെച്ചില്ല. കസേര വിട്ടെഴുന്നേറ്റില്ല. ഏറ്റവും മുന്നില്‍ രണ്ടാം നിരയില്‍ എന്റെ തൊട്ടടുത്തിരുന്ന പത്താം ക്ലാസ്സുകാരിയെ ഞാന്‍ പലതവണ വിളിച്ചു, എന്നോടൊപ്പം ഡാന്‍സ് കളിക്കാന്‍ വരാന്‍. ഞാൻ പണ്ട് സയൻസ് പഠിപ്പിച്ചതാണ്.. മുന്നിലിരുന്ന അമ്മയെ ഏറുകണ്ണിട്ട് നോക്കി വിഷാദത്തോടെ അവള്‍ പറഞ്ഞു അമ്മ വഴക്കുപറയുമെന്ന്. അവളുടെ കൊച്ചനുജത്തി സ്റ്റേജിനു മുകളില്‍ തുള്ളുന്നുണ്ട്. ഇനി എത്ര കാലം!
"ഫാമിലി ഗെറ്റ്ടുഗതറിനൊക്കെ ഡാന്‍സ് ചെയ്യും ടീച്ചര്‍; പക്ഷെ.. "
'ഒറ്റയ്ക്കങ്ങ് പൊയ്ക്കൂടെ?' ശവക്കച്ചയ്ക്കകത്തെ പതിനാലുകാരി ഒറ്റക്കണ്ണുതുറന്നു ചോദിച്ചു. കല്ലറയ്ക്ക് മേലിരുന്ന കുലസ്ത്രീ ചിരിച്ചു. ഇപ്പോ പോ. പ്രാന്താണെന്ന് മൂക്കത്തു കൈ വെയ്ക്കുന്നവര്‍ നേരിട്ട് കാണുമ്പോള്‍ സൂപ്പറായീന്ന് പറയും.
കേരളസാരിയ്ക്കുള്ളില്‍ ചടഞ്ഞിരുന്ന തിരുവാതിരക്കളിക്കാര്‍ ഉറക്കം തൂങ്ങുന്ന കണ്ണുകള്‍ക്കുള്ളില്‍ ഫ്രിഡ്ജിലെ മാവും സാമ്പാറും ഞായറാഴ്ചകൊണ്ടൊതുങ്ങാത്ത ലോണ്‍ഡ്രിയും നാളത്തെ ടൈംടേബിളും സ്വപ്‌നം കാണുകയായിരിക്കും.
സ്റ്റേജിനു മുന്നില്‍ തുള്ളുന്ന ആണുങ്ങളില്‍ നിന്നു വശത്തോട്ട് മാറി രണ്ടു സ്‌റ്റെപ്പ് വെച്ചാല്‍ ഏവിടുന്നോ രണ്ടെണ്ണം അടിച്ചിട്ടു വന്നതാണെന്ന് എന്നെപ്പറ്റിയും കരുതിമോ!
രക്തത്തില്‍ താളം കലര്‍ന്ന് വളരുന്ന പെണ്‍കുട്ടിയെക്കാണാന്‍ എന്ത് രസമാണല്ലേ? അവളുടെ നടത്തത്തിനു പോലും പ്രഭുദേവയുടെയും വിജയ്‌ന്റെയും അല്ലു അര്‍ജ്ജുന്റെയും ഒക്കെ നിഴലില്ലാത്ത കൂട്ടുണ്ടാവും. അവള്‍ വളരും. അമ്മയാകും. ഒതുങ്ങും. കണ്ണടച്ചോ തുറന്നോ ഇരിക്കും.
ഓരോ രക്താണുവിലും പറ്റിപ്പിടിച്ച താളം ഓക്‌സിജന്‍ കിട്ടാതെ പിടയും. പിടിവിട്ട് പാതാളത്തിലേക്കോ ആകാശത്തിലേക്കോ പറക്കാനാവാതെ കോശങ്ങളില്‍ ബന്ധിക്കപ്പെട്ട് അവളിലെ താളങ്ങള്‍ വീര്‍പ്പുമുട്ടും. ഊര്‍ദ്ധ്വന്‍ വലിച്ച് ബോധം മറയും വരെ കാത്തിരിക്കാന്‍ വയ്യാത്തത്ര പ്രബലതാളങ്ങളെങ്കില്‍ മാനാഭിമാനങ്ങളെ, കുലാചാരങ്ങളെ ഇരിക്കപ്പിണ്ഡം വെച്ച് അവള്‍ കളത്തിലിറങ്ങും. ബ്രഹ്മാണ്ഡത്തിലെ വളരെ ചെറിയ ആ അനക്കം ഒരു മഹാപ്രളയമായി അവളെ മുക്കുമെന്ന്.. പേടിത്തൊണ്ടി!
"എന്നന്തരാത്മാവിന്നുള്ളിലെത്തീയില്‍വെച്ചെന്നുമെന്നോര്‍മ്മ ദഹിപ്പിക്കുന്നെത്തന്നെ."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ