തന്നെക്കാൾ ഏറെ വലിയൊരു ഒരു അരിമണിയും വലിച്ചു നടക്കുന്ന ഉറുമ്പിനറിയില്ല ഇന്ന് മെയ്ദിനപ്പുലരിയാണെന്ന്. പുലർച്ചെ പെയ്ത മഴയിലുണർന്ന് ഉറക്കെയുറക്കെ വർത്താനം തുടങ്ങിയ പ്രാണികളും പക്ഷികളും മണ്ണിലും മരത്തിലുമിരുന്ന് ചിലയ്ക്കുന്ന കാര്യം ഉറുമ്പിനറിയാമോ! വെളിച്ചം വീണുതുടങ്ങി. കീഴ്ക്കാംതൂക്കായ മാനത്തിനു ചുവട്ടിൽ നനഞ്ഞു നിശബ്ദമായി ധ്യാനിച്ചു നിൽക്കുന്ന തെങ്ങും കവുങ്ങും മാവും വാഴയും കറൂത്തയും.. ആരുമൊന്ന് അനങ്ങുന്നു പോലുമില്ല. ഇത്രേം വലിയ ആകാശവും ഭയങ്കരൻമാരായ മരങ്ങളും പുൽക്കൂട്ടങ്ങളുമൊന്നും ഇത്തിരിപ്പോന്ന ഉറുമ്പിനെ തെല്ലും ഭയപ്പെടുത്തുന്നില്ല! ഊരിവെച്ച ചെരുപ്പു മലപോലെ വഴി മുടക്കിയാലും ഈ അരിമണി വീട്ടിലെത്തിയ്ക്കാതിരിയ്ക്കുമോ പഹച്ചി! എള്ളോളം പോന്ന അവളെ നോക്കിയിരിയ്ക്കുമ്പോൾത്തന്നെ തുമ്പിവലിപ്പമുള്ള മൂന്ന് കൊതുകിണികളെ ഞാൻ ജീവവായുവും ഭക്ഷണവും സഞ്ചാരസ്വാതന്ത്ര്യവും ഹനിയ്ക്കുമാറ് മൃതപ്രായരാക്കി നിലംപരിശാക്കിയ വിവരം അതിനു കിട്ടിയിരിയ്ക്കുമോ! കറുകറുത്ത ഗൗരവക്കാരൻ കാടമ്പൂച്ച മിറ്റം മുറിച്ചു കടന്നപ്പോൾ തെല്ലിട നിന്ന് ഞങ്ങളെ രണ്ടാളെയും ഉറ്റുനോക്കിയ കാര്യവും അതിനറിയേണ്ട. അവധിയില്ലാത്ത തൊഴിലാളീ, ചൂലും കൊണ്ടുവരുമ്പോൾ നിന്നെയാദരിയ്ക്കാനോ സ്നേഹിയ്ക്കാനോ എനിക്ക് കഴിയില്ലാ ട്ടൊ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ