2019 ഏപ്രിൽ 6, ശനിയാഴ്‌ച

പ്രതിഭ

പ്രതിഭാധനർ കത്തുന്ന കനലാണ്. ഉറ്റവർക്ക് പൊള്ളുന്ന ചൂടാണ്. അകലെനിൽക്കുന്നവർക്കു പ്രഭ കണ്ടാസ്വദിയ്ക്കാം.

പ്രതിഭാശാലികളെ മക്കളായി കിട്ടുകയെന്നാൽ കത്തുന്ന കനൽ ദൈവം ഉള്ളംകയ്യിൽ വെച്ച് തരുന്നതുപോലെയാണ്. കെടാതെ കാക്കണം. ചുട്ടിട്ടു പിടിക്കാനും വയ്യ; കൈ വെള്ളത്തിൽ മുക്കാനും പാടില്ല. താഴെ വെച്ചാൽ ചാരം മൂടി കെട്ടുപോയേയ്ക്കാം. കനലിൽനിന്നു കാട്ടുതീ പടർത്തിക്കൂടാ. നെരിപ്പോട് കത്തിയ്ക്കാം. കുന്തിരിക്കം പുകയ്ക്കാം. യാഗാഗ്നി തെളിയിയ്ക്കാം. ദീപശിഖയിലേയ്ക്ക് നാളം പകരാം. ഒരായിരം കരിക്കട്ടകൾ ജ്വലിപ്പിയ്ക്കാം.

കാലാകാലങ്ങളിൽ ഉറവകൾ തേടിപ്പിടിച്ച് ജീവവായു എത്തിയ്ക്കാൻ ഭഗീരഥപ്രയത്നം വേണ്ടിവന്നേയ്ക്കാം.

സാധാരണക്കാരുടെ അസാധാരണ വഴികളിൽ സഹചരരാകണം. തടസ്സങ്ങൾ മറികടക്കാൻ കമ്പുകുത്തിച്ചാടേണ്ടപ്പോൾ വളയുന്ന, ഒടിയാത്ത കമ്പായി താങ്ങു കൊടുക്കണം. ഏഴുതവണ വല കെട്ടി തോറ്റു മനംമടുത്തവർക്ക് എട്ടാം തവണ വല കെട്ടാൻ വലംകയ്യാവണം. മടുക്കാതെ തളരാതെ ഉറങ്ങാതെ കാത്തിരിയ്ക്കണം; കാവലിരിക്കണം.

പുലർകാലനിദ്രകൾ, കൊതിപ്പിക്കുന്ന മസാലമണങ്ങൾ, ഐസ്ക്രീം തണുപ്പുകൾ സല്ലാപച്ചൂടുകൾ, മറ്റെല്ലാവരും അർമാദിയ്ക്കുന്ന ആഘോഷവേളകൾ.. ഒക്കെ വെടിയണം. രോഗമില്ലെന്നാലും പഥ്യം കാക്കണം.

ഉത്തരവാദിത്വങ്ങളുടെ പൊള്ളൽ ഊതിത്തണുപ്പിയ്ക്കാതെ, ദൃഷ്ടി  കനലിലുറപ്പിച്ച് തെളിഞ്ഞുകത്തുന്ന ജ്വാലയാക്കി മാറ്റുവാൻ സ്വയം കർപ്പൂരമാകണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ