2019 ഏപ്രിൽ 7, ഞായറാഴ്‌ച

ബ്ലോസം സ്ക്കൂൾ

ബംഗളൂരുവിലൊരു  സ്കൂളിൽ രണ്ടായിരത്തഞ്ഞൂറുരൂപ ശമ്പളത്തിന് ടീച്ചറാകുമ്പോൾ മോൾ ജനിയ്ക്കാത്ത എട്ടു വർഷങ്ങൾ ദാമ്പത്യത്തിൽ ചിലവിട്ടു കഴിഞ്ഞിരുന്നു.  നൂറുനൂറുകാര്യങ്ങളാൽ ഞങ്ങൾ തകർന്നുതരിപ്പണമായിരിയ്ക്കുന്ന സമയമായിരുന്നു അത്.

സമൂഹത്തിൽ ഏറ്റവും താഴേത്തട്ടിലുള്ളവരുടെ മക്കൾ പഠിയ്ക്കുന്ന വിദ്യാലയം. കന്നഡയൊഴിച്ച് എല്ലാം പഠിപ്പിയ്ക്കേണ്ട രണ്ട്- എ ക്ലാസ്ടീച്ചറായി ഞാൻ. സ്കൂൾ തുറന്ന് ആദ്യ മൂന്നുമാസം കൊണ്ട് അക്ഷരമാലയും സംഖ്യകളും നന്നായി പഠിപ്പിച്ചു. ഒന്നുമറിയാത്ത; പൂജ്യത്തിനും താഴെ നിൽക്കുന്ന മക്കളെ പതിയെ കൈപിടിച്ചുയർത്തിക്കൊണ്ടുവന്നത് എന്റെ സത്തയുടെ ഓരോ കണവും സമർപ്പിച്ചിട്ടാണ്. പ്രീഡിഗ്രിയും ടി ടി സിയും തട്ടിക്കൂട്ട് വിദൂര'വിദ്യാഭാസം' വഴി ഒപ്പിച്ചെടുത്ത ടീച്ചർമാർ.. കോളേജിന്റെ പടി കണ്ടിട്ടില്ലാത്തവരായിരുന്നു മിക്കവരും. സാമൂഹികപ്രതിബദ്ധതയും സമത്വബോധവും തൊട്ടുതീണ്ടിയിട്ടില്ലാത്ത പെണ്ണുങ്ങൾ.. സാരി, ആഭരണങ്ങൾ, അവളവളുടെ അടുക്കളക്കാര്യം, ശമ്പളം എന്നിവയിൽക്കവിഞ്ഞ താൽപര്യങ്ങൾ ഒന്നുമില്ലാത്ത ഭാര്യമാർ, മരുമക്കൾ, അമ്മായിമാർ..

അവകാശബോധമോ അക്ഷരജ്ഞാനമോ സ്വാതന്ത്ര്യബോധമോ ഇല്ലാത്ത കുട്ടികളുടെ അവസ്ഥ വളരെ മോശമായിരുന്നു. ജാതി-വർഗ്ഗ-ലിംഗ-വർണ്ണ-സാമ്പത്തിക വിവേചനങ്ങൾ ധാരാളം. എന്നാൽ മനുഷ്യശിശുക്കളിൽ കണ്ടുവരുന്ന; അറിയാനും വളരാനും വികസിക്കുവാനുമുള്ള തൃഷ്ണയുടെ ജ്വാല ഇതിനെല്ലാമതീതമായി അവരിൽ കെടാതെയുണ്ടായിരുന്നു.

മോണിംഗ് അസംബ്ലിയിലെ രണ്ടുമിനിറ്റ് പാട്ടിനും ഡാൻസിനും പോലും ഭംഗിയും നിറവും മാർക്കും നോക്കി കുട്ടികളെ തിരഞ്ഞെടുക്കുന്ന ടീച്ചർമാർ! തെരഞ്ഞെടുത്ത മൂന്നാലെണ്ണം എന്നതിനുപകരം രണ്ട്- എ ക്ലാസിനവസരം കിട്ടിയപ്പോൾ നാൽപ്പത്തിരണ്ടു പേർ അച്ചടക്കത്തോടെ വരിയായി നിന്ന് സ്കൂളിനെ ഉണർത്തുന്നത്ര ഉച്ചത്തിൽ ആംഗ്യപ്പാട്ടുകൾ പാടി കയ്യടി നേടി. കന്നഡ അറിയാത്ത ഞാൻ കന്നഡ പഠിച്ചെങ്കിലും ഇംഗ്ലീഷറിയാത്ത അവർ ഇംഗ്ലീഷും പഠിച്ചു.

അവകാശബോധമില്ലാത്ത ആ കൊച്ചു സമൂഹത്തോട് നീതി പുലർത്തിയതിന് ആ മക്കൾ അനുഗ്രഹിച്ചിട്ടെന്നപോലെ എന്റെ വയറ്റിനുള്ളിൽ ജാനിക്കുട്ടി കിളിർത്ത് വളരാൻ തുടങ്ങി.

എന്തോ ക്ഷമിയ്ക്കാനാവാത്ത തെറ്റിനാണു ഞാൻ സുന്ദരക്കുട്ടപ്പൻ ഹോർലിക്സ്ബേബി മഞ്ജുനാഥിനോട് പത്തുതവണ ഏത്തമിടാൻ പറഞ്ഞത്. പുസ്തകത്തിലേതു കൂടാതെ പാട്ടും കളിയും പൗരത്വബോധവും പഠിപ്പിയ്ക്കാൻ മെനക്കെട്ടിറങ്ങിയ എനിയ്ക്ക് ഒരുനാളും ക്ലാസിൽ നേരം പോരായിരുന്നു. നേരമില്ലാത്തപ്പോൾ ഏറ്റവുമെളുപ്പം കൊടുക്കാവുന്നത് കോർപറൽ പണിഷ്മെൻറ് തന്നെ. മേലനങ്ങാത്ത അവന്റെ തടിയൊന്നിളകട്ടെ എന്നും കരുതി. അവൻ എത്ര തവണ ഏത്തമിട്ടെന്നു കൃത്യമായി ഞാനെണ്ണിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ പോയിരിയ്ക്കാനും പറഞ്ഞു. പിറ്റേന്ന് വെളുത്തു തുടുത്തു ചാമ്പയ്ക്കപോലിരിയ്ക്കുന്ന അവന്റമ്മ കലിതുള്ളിക്കൊണ്ട് സ്കൂളിലെത്തി. കൊച്ചിന് മേലൊക്കെ വേദനയാണെന്നു പറഞ്ഞ് അവർ വഴക്കിട്ടു. കണ്ണട വെച്ച കുട്ടികളെ സോഡയെന്നും പൊട്ടനെന്നും വിളിയ്ക്കുക, കറുത്തവരെന്നും ഭംഗിയില്ലാത്തവരെന്നുമുള്ള അർത്ഥത്തിൽ ചിലരെ ഇരട്ടപ്പേരുവിളിയ്ക്കുക തുടങ്ങി അവിടെ ടീച്ചർമാരടക്കം മിക്കവരും ചെയ്യുന്ന കാര്യങ്ങൾക്ക് പുറമേ മഞ്ജുനാഥ് നല്ല അസ്സലായിട്ട് വഴക്കുണ്ടാക്കുകയും എതിരാളികളെ അടിച്ചു നിലംപരിശാക്കുകയും ചെയ്യും. 'നിന്നെ സ്കൂളിൽനിന്ന് പുറത്താക്കു'മെന്നും 'കൊച്ചിൻറച്ഛൻ ബാക്കി ചോദിച്ചോളു'മെന്നൊക്കെ ചാമ്പയ്ക്കച്ചേച്ചി കലിതുള്ളിയപ്പോൾ ഞാൻ പേടിച്ചത് സത്യം. ഹെഡ്മിസ്ട്രസും ചില ടീച്ചർമാരും അവരെ അനുനയിപ്പിച്ച് ക്ലാസിൽനിന്നു വിളിച്ചോണ്ടു പോയപ്പോൾ അടുത്ത ക്ലാസിലെ ടീച്ചർ വന്ന് ചെവിയിൽ പറഞ്ഞു; ആ തക്കുടുവാവേടെ അച്ഛൻ സ്ഥലത്തെ പ്രധാന ഗുണ്ടയാണത്രേ! എന്റെ ചോര ഐസായിപ്പോയി. വെട്ടൊന്ന്... മുറിരണ്ട്. ക്ണീം.. മൂന്നുദിവസം ഞാനുറങ്ങിയിട്ടില്ല. പഞ്ചവാദ്യവും വെടിക്കെട്ടും പോലുള്ള എന്റെ ഹൃദയതാളം കേട്ട് അമ്മ തൃശൂർപൂരത്തിനു പോയതാണെന്ന് ജാനമ്മു കരുതിക്കാണും. അണ്ണാനോടിയിട്ടാണേലും
ചെമ്പകമരച്ചോട്ടിലെ ഗേറ്റൊന്നനങ്ങിയാൽ ഞാൻ ഓടിപ്പോയി നോക്കും- എന്റെ കാലൻ വരുന്നുണ്ടോന്ന്. എന്തു രസായിരുന്നു!!

സംഭവത്തിനുശേഷം ദിവസങ്ങളോളം എന്നോടു ചിരിയ്ക്കാനും സംശയം ചോദിയ്ക്കാനുമൊക്കെ മഞ്ജുനാഥിന് വലിയ പേടിയും മടിയുമായിരുന്നു. പതിയെ അതു മാറി. എല്ലാറ്റിനും സാക്ഷികളായ ക്ലാസ്സിലെ മറ്റുകുട്ടികൾ ആദ്യമവനെ വലിയൊരു കുറ്റവാളിയെ എന്നപോലെ നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. കുഞ്ഞുമക്കളുടെ സഹതാപനോട്ടം മുഴുവൻ മേടിച്ചു ഞാനൊരു കൊട്ടേലിട്ടു വെച്ചു; അല്ലാതെന്തു ചെയ്യാൻ! പിന്നെപ്പിന്നെ മഞ്ജുനാഥ് എന്നോട് അവജ്ഞയോടെ പെരുമാറാനും തുറന്നുസംസാരിച്ചിട്ടും ഫലമില്ലാത്തതിനാൽ ഞാനതെല്ലാം അവഗണിയ്ക്കാനും തുടങ്ങിയെന്നതാണ് വേദനിപ്പിയ്ക്കുന്ന സത്യം. ഗുണ്ടാപുത്രന് എസ്കോർട്ടു വരുന്ന അവൻറമ്മയാകട്ടെ, എന്നക്കാണുമ്പോഴെല്ലാം വെറുപ്പോടെ മുഖം തിരിക്ക്കുകയോ ക്രുദ്ധനോട്ടങ്ങൾ കൊണ്ട് ദഹിപ്പിയ്ക്കുകയോ ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തി.

ഇന്നായിരുന്നെങ്കിൽ ബാലപീഡകിയും കണ്ണീച്ചോരയില്ലാത്തവളുമായ നിഷ്ഠുരപ്രസന്ന അന്തിവാർത്തകളിലൊരു ടി വി സ്റ്റാറായേനെ.

വഴക്കാളികളായ രക്ഷകർത്താക്കൾ തങ്ങളുടെ മക്കൾക്ക് നൽകുന്ന പ്രതിസന്ധികളും പിരിമുറുക്കങ്ങളും വളരെയേറെയാണ്. അദ്ധ്യാപകരെ കുട്ടികളുടെ സാന്നിധ്യത്തിലോ അവരുടെ അറിവോടുകൂടിയോ അവഹേളിച്ചതിനുശേഷവും അവരെ എന്നും അഭിമുഖീകരിക്കേണ്ടതും ഇടപഴകേണ്ടതും ആ മക്കളല്ലേ? തെറ്റ് ആരുടെ ഭാഗത്തായിരുന്നാലും ആ കൊച്ചു മനസ്സുകളിൽ എത്ര ഭയവും ആശങ്കയും കുറ്റബോധവും കാണും! ക്ലാസ്സിലെ മറ്റു കുട്ടികളെല്ലാം ഇഷ്ടപ്പെടുന്ന ഒരു 'പാവം' ടീച്ചറാണെങ്കിൽ കൂട്ടുകാരും കുറ്റപ്പെടുത്തും. ഒറ്റപ്പെടുത്തും. പ്രൈമറി ക്ലാസുകളിലൊക്കെ എത്ര യോഗ്യതകെട്ട ടീച്ചർമാരേയും മിക്കകുട്ടികളും അമ്മയെപ്പോലെ സ്നേഹിയ്ക്കുന്നു. അങ്ങനെത്തന്നെയാണ് വേണ്ടതും.

അദ്ധ്യാപകരുടെ തെറ്റുകൾക്ക് രക്ഷിതാക്കൾ സന്ദർഭം മനസ്സിലാക്കി പ്രതികരിയ്ക്കുകതന്നെ വേണം. നാൽപതോളംപേരുള്ള ഒരു കൊച്ചുസമൂഹത്തിൽ ഒരാളെമാത്രം വാത്സല്യത്തോടെയും മറ്റുള്ളവരെയെല്ലാം അവകാശങ്ങൾ കയ്യാളാൻ വന്ന അന്യരായും കാണാൻ രക്ഷിതാവിനു മാത്രമേ സാധിയ്ക്കൂ. അദ്ധ്യാപകർക്കതു സാധിച്ചുകൂടായെന്നത് ഓർമ്മവേണം. ഗുരുതരമായ തെറ്റുകൾ വിചാരണ ചെയ്യപ്പെടണം. ചെറിയ പിഴവുകളിൽ കുട്ടികളെ അറിയിയ്ക്കാതെ തന്നെ അദ്ധ്യാപകരോട് കാര്യം പറയൂ. കാര്യങ്ങളുടെ സത്യാവസ്ഥയറിയാതെ കുട്ടികൾക്കു മുന്നിൽ ടീച്ചർമാരെ കുറ്റപ്പെടുത്തിയും പരിഹസിച്ചും സംസാരിക്കുന്നത് വീട്ടുകാർ ഒഴിവാക്കേണ്ടതാണ്.

വീട്ടിൽനിന്നു കിട്ടുന്ന 'മോറൽ സപ്പോർട്ട്' മൂലം കൗമാരക്കാരായ കുട്ടികൾ അദ്ധ്യാപകരെ അപമാനിക്കുന്നവിധം സംസാരിയ്ക്കുകയോ പെരുമാറുകയോ ചെയ്യാൻ ധൈര്യപ്പെടാറുണ്ട്. കുട്ടികളുടെയും അദ്ധ്യാപകരുടെയും സാമൂഹികസ്ഥിതി സങ്കീർണ്ണമാക്കി ഇതു പ്രശ്നങ്ങളെ വഷളാക്കുന്നു.

ഗുരുവെന്നു കരുതുന്നതും കാൽതൊട്ടു വന്ദിയ്ക്കുന്നതുമെല്ലാം നിന്ദ്യമായി കണക്കാക്കപ്പെടുന്ന ഒരു കേരളത്തിലാണ് നമ്മുടെ മക്കൾ വളരുന്നതെങ്കിലും കാര്യമില്ലാതെ അന്യരുടെ സ്വകാര്യജീവിതത്തെപ്പറ്റി ഗോസിപ്പ് പറയുന്ന മാതാപിതാക്കളാണ് അവർക്കിന്നുമുള്ളത്. സത്യമറിയാതെ നിന്ദിയ്ക്കുന്നതിലും സംഭവങ്ങളെ അവയുടെ പശ്ചാത്തലത്തിൽനിന്നും വൈകാരിക പരിസരങ്ങളിൽനിന്നും അടർത്തിയെടുത്തു വിശകലനം ചെയ്യുന്നതിലും മിടുക്കരാണ് നാം. വർഷങ്ങളോളം ദിനവും പലതവണ തമ്മിൽ കാണേണ്ടവർക്കിടയിൽ കിടങ്ങുകൾ തീർത്ത് മുതല വളർത്തുന്നവരേ, അനുഭവസമ്പത്തും അതിജീവനവും ശക്തിപ്പെടുന്നത് നിഷ്കളങ്കതയുടെ ചെലവിലാണ്. നിസ്സഹായരാകാതിരിയ്ക്കൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ