ഫേസൂക്കും വേണ്ട ഒരു മൻഷന്റെ കുട്ടീം വേണ്ടാന്ന് കരുതീതാ. പക്ഷെ, നിയ്ക്കൊരു സത്യം ലോകത്തോടു വിളിച്ചു പറയണം. അത് ന്റെ കണ്ടുപിടുത്തായോണ്ട് മുട്ടീട്ട് വയ്യേനും. ഹാസനിലെ രണ്ടാംനില വീട്ടീന്ന് വിളിച്ചു പറഞ്ഞാൽ കേക്കുക ബദാംമരത്തിലെ കിളികളും എന്റെ വിജയനഗര സെക്കന്റ് സ്റ്റേജ് സാമ്രാജ്യത്തിലെ കന്നഡക്കാരുമാവും. അതോണ്ട് വന്നു.
ടെണ്ടെടേംം... മുപ്പതു മിനിറ്റുകൊണ്ടു തയ്യാറാക്കാവുന്ന ഒരു കിടുക്കൻ വിഭവം. വായനക്കാർക്കു സമ്മാനങ്ങളുമുണ്ട്..
വിഭവം തയ്യാറാക്കാൻ തയ്യാറാകേണ്ട സാമാനങ്ങൾ:
1. മനസ്സ്.
2. കക്കരിയ്ക്ക.
3. പുട്ടുപൊടി.
4. നാളികേരം, പാര, വെട്ടുകത്തി, ചിരവ.
5. ഇഞ്ചി, പച്ചമുളക്, മല്ലിച്ചെപ്പ് , മിക്സീം അതിന്റെ കുട്ടീം.
6. ഉപ്പ്.
7. ഇഡ്ഡലിച്ചെമ്പ്, വെള്ളം, അടുപ്പ്, തീ.
സെപ്റ്റംബർ, നവംബർ, ഡിസംബർ മാസങ്ങൾക്കു ചേർന്നവിധം രണ്ടുമൂന്നു കുക്കുംബർ കൊത്തിയരിഞ്ഞിടുക. കക്കരിക്ക കൊത്താനും മാത്രം ന്യൂറോ മസ്കുലാർ ഡെവലപ്മെന്റോ ഐ- ഹാൻഡ് കോഡിനേഷനോ പ്രബലമാക്കപ്പെടാത്ത പഞ്ചപാവങ്ങൾ അതു ചിരകിയെടുക്കുക.
തഞ്ചത്തിൽ ഒരിഞ്ച് ഇഞ്ചിയെടുത്തു കുപ്പായമൂരി കുളിപ്പിച്ച് മിക്സിയുടെ കുഞ്ഞു ജാറിൽ കിടത്തുക. അവനു കൂട്ടായി രണ്ടോ മൂന്നോ പച്ചമുളക് ഗോപികമാരും അവർക്കു മറ തീർക്കാൻ ഒരു പൊന്തക്കാടിനോളം മല്ലിച്ചെപ്പും ജാറിൽ നിറയ്ക്കണം. സ്വിച്ചിട്ടാൽ കണ്ടത്തിലിറങ്ങാതെ ജെല്ലിക്കെട്ട് കാണാനെന്ന പോലെ ഗാലറിയിൽ പറ്റിച്ചേർന്നിരിക്കുന്ന കാഴ്ചക്കാരെ കണ്ടത്തിനു നടുവിലേയ്ക്ക് തോണ്ടിയിട്ട് (വെള്ളമൊഴിക്കരുത്.. ഡോൺഡൂ ഡോൺഡൂ ) ഒന്നു രണ്ടു പിടി അരിപ്പൊടി ചേർത്ത് തവിടുപൊടിയാക്കി എടുക്കുക. ഈ തവിട് പൊടി കൊത്തിയരിഞ്ഞ കക്കരിക്കയ്ക്കു മേലെ തൂവുക.
ലേശം ഉപ്പും തേങ്ങ ചിരകിയതും കൂടി ചേർത്തിളക്കുക.
ഇതിലേക്ക് പുട്ടുപൊടി കൊർച്ചീശെ ചേർത്ത് പുട്ടിനു നനയ്ക്കും പോലെ നനച്ചെടുക്കുക. ഉണ്ട കെട്ടിയാൽ കൊഴുക്കട്ടയാകാനും പൊടിയാതിരിക്കാനും പാകത്തിലാണ് പുട്ടുപൊടി ചേർക്കേണ്ടത്. ഉണ്ടനുമുണ്ടിയുമാകാൻ മാത്രം ഒത്തൊരുമയില്ലാത്ത തരം പുട്ടുപൊടിയാണെങ്കിൽ ഒന്നുരണ്ടു കയില് ദോശമാവോ ഇഡ്ഡലിമാവോ (ഫ്രിഡ്ജിൽ കാണും) ചേർത്ത് കുഴച്ചെടുക്കുക.
ഇഡ്ഡലിച്ചെമ്പിൽ തട്ട് വെച്ച് (വെള്ളമൊഴിക്കണം😌!! ) വലിയ മുറുക്കമില്ലാതെ ഉണ്ട ഉരുട്ടി വെച്ച് ആവി കയറ്റി വേവിച്ചെടുക്കുക. മീഡിയം തീയിൽ 15 മിനിറ്റു കൊണ്ട് വേവുമായിരിയ്ക്കും.
ഇരുപത്നാലു മണിക്കൂറിൽ എപ്പോ വേണെങ്കിലും തിന്നാവുന്ന നാലുമണിപ്പലഹാരം റെഡി. ആവി പറക്കുമ്പോൾ വെറുതേ വെളിച്ചെണ്ണയൊഴിച്ച് അണ്ണാക്കിലൊട്ടാതെ വിഴുങ്ങാം. ചമ്മന്തിയോ അച്ചാറോ സാമ്പാറോ തൊട്ടു കൂട്ടണമെങ്കിൽ അങ്ങനെയുമാവാം.
ആരെങ്കിലും ഉണ്ടാക്കി തിന്നാൽ എന്റെ മോഹം പൂവണിഞ്ഞു. ഞാൻ ധന്യയായി. ലളിതം, ഹരിതം, സുന്ദരം, രുചികരം, ആരോഗ്യകരം. ആവശ്യക്കാർക്ക് അത്യാസന്നമായി തയ്യാറാക്കാവുന്ന വിഭവം.
കൊഴുക്കട്ടസ്സുന്ദരിയ്ക്ക് പേരിടേണ്ടേ? നല്ല പേരുകൾ നിർദ്ദേശിക്കുന്ന കൂട്ടുകാർക്ക് സമ്മാനമുണ്ട്.
ഒന്നാം സമ്മാനം കണ്ണട😉
രണ്ടാം സമ്മാനം കയ്യടി 👏👏
മൂന്നാം സമ്മാനം കൂട്ടച്ചിരി😂🤣😅
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ