2019 ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

പ്രേമക്കത്ത്

അനുരാഗലോല ഗാത്രി...

ഞാനിതെത്രാം തവണയാണ് കേൾക്കുന്നത്! നമ്മൾ രണ്ടാളും മാത്രമുള്ളൊരു ലോകം.. കിടപ്പു മുറി, കടൽത്തീരം, കാട്, കുന്ന്, പാടം, സൈക്കിൾ, കാറ്, ബൈക്ക്, കപ്പല്... സന്ധ്യ, രാത്രി, മഞ്ഞ്, മഴ, തണുപ്പ് , വിയർത്തു പുഴുക്കുന്ന ചൂട്, പുലരി, ഭക്ഷണം, വിശപ്പ്, ദാഹം, കിണറ്റുംകടവ് , അമ്പലം, വീട്, അടുക്കള, കണ്ണുകൾ, കൈകൾ, മിടിക്കുന്ന ആജ്ഞ, തുടികൊട്ടുന്ന ഹൃദയങ്ങൾ, കിതപ്പ്, വിയർപ്പ്, ചുണ്ട്, നെഞ്ച്, പുറം, കാലുകൾ, പാദങ്ങൾ, കോർത്തും കുതറിയും കളിയ്ക്കുന്ന വിരലുകൾ, പാട്ട്, സിനിമ, നിശബ്ദത, ഇരുട്ട്, ധ്യാനം, ഗന്ധങ്ങൾ ...

പരസ്പരം ബന്ധിപ്പിയ്ക്കാൻ കഴിയാത്ത എന്തെങ്കിലും നമുക്കിടയിലുണ്ടോ! ഈ ലോകത്തുണ്ടോ! നമ്മളിന്നേ ഒന്നാണ്. ഇനിയെന്നും.. എന്റെ പൊന്നേ.. നിന്നെ സ്നേഹിയ്ക്കാൻ, വാത്സല്യം കൊണ്ടു മൂടാൻ, പ്രേമപൂർവം ലാളിയ്ക്കാൻ, കാമത്തോടെ കണ്ണിലേയ്ക്കുറ്റു നോക്കാൻ, പരസ്പരം ചികഞ്ഞ് കളിയായി കലഹിക്കാൻ യോഗ്യത നേടണമെങ്കിൽ ഇനിയുമെത്ര തപസ്സു വേണമോ! ജന്മങ്ങൾ വേണമോ! എന്റെ ശിവനെ, നീ നിശ്ചയിച്ചുറപ്പിച്ച സമാഗമത്തിൽ അല്ല എനിക്കു വിശ്വാസമില്ലാത്തത്... എന്റെ - നമ്മുടെ യോഗ്യതയിലാണ്.കാരണം ഒന്നായി നാം നേടുന്നതൊരു യോഗ നിദ്ര തന്നെയാകാം. പ്രപഞ്ചത്തിലേയ്ക്കു മടങ്ങാൻ വിമുഖത കാട്ടുന്നൊരു ആഹ്ലാദസ്ഥലി. ആനന്ദവാടി. സ്വർഗം. അതിലേക്കൊരു പുഷ്പകവിമാനം പൂക്കളാലലങ്കരിക്കപ്പെട്ട് വരുമ്പോഴെല്ലാം നാമതിൽ കയറിയിരിയ്ക്കും. ആരെല്ലാമോ വലിച്ച് താഴെയിറക്കും.

കമിഴ്ന്നു കിടക്കുന്ന നിന്റെ  പുറത്ത് വിരലുകൾ കൊണ്ടടിവെച്ചു നടന്നും ഇക്കിളിയാകുന്ന വിധം ലോലമായ് തലോടിയും പല്ലടയാളം പതിയും വിധം കടിച്ചും കയറിയിരുന്നും കളിയ്ക്കുകയാണ് ഞാൻ. നീലരാശിയിലൊരു മച്ചയുണ്ടോ അവിടെ? അതോ ചുവന്നു കാണുന്നത് എന്റെ വിരലടയാളങ്ങൾ തന്നെയോ!

പച്ചകുത്തിയ ഇടങ്ങളിലെല്ലാം വീണ്ടും വീണ്ടും അമർത്തിയുമ്മ വെച്ച് നമ്മുടെ ചിരപുരാതനമായ ജൈവ നിനവുകളിലേക്ക് ഉണരും നമ്മൾ.

എന്നും എന്റെ കളിയിടമായ നിന്റെ നെഞ്ചിനെക്കുറിച്ച് എന്തു പറയാനാണ്!

കൊഴുപ്പടിയുന്നോ, വ്യാസം കൂടുന്നോ എന്നു സദാ ജാഗ്രത്തിലിരിയ്ക്കുന്ന നമ്മുടെ വയറുകൾ ആർക്കാണു കൂടുതൽ, ഏതാണു ഭംഗിയെന്നു കളി പറഞ്ഞ് താരതമ്യം ചെയ്യേണ്ടേ?

തുടകൾ, മുട്ട്, കാലുകൾ, പാദങ്ങൾ.. എങ്ങിനെയൊക്കെ നിന്നെ സന്തോഷിപ്പിയ്ക്കാമെന്ന് ഞാൻ ഗവേഷണം ചെയ്തു കൊണ്ടേയിരിയ്ക്കും.. എന്റെ മുഴുവൻ ശരീരം കൊണ്ടും. നിനക്കതറിയില്ലേ?

മടി, ആലസ്യം, ക്രിയാത്മകത.. നിന്റെ കുതൂഹല മിഴികൾ എന്നിലൊട്ടിപ്പിടിയ്ക്കും. നാമൊരുമിച്ച് ബാല്യവും കൗമാരവും യൗവനവും നുകരും. വാർദ്ധക്യം മനസ്സിനേൽക്കാതെ സന്തോഷത്തോടെ മരണം താണ്ടി പുതുദേഹങ്ങളിൽ പിറക്കാൻ, ലീലകളാടി മറുപിറവികളാഘോഷിയ്ക്കാൻ നാമൊരുമിച്ച് പഠിയ്ക്കും. പരസ്പരം ഓർമ്മിപ്പിച്ചുറപ്പിയ്ക്കും.

നിന്റെ ശ്വാസം, നോട്ടം, പുഞ്ചിരി, നിന്റെ മോഹിപ്പിയ്ക്കുന്ന ശബ്ദം, നിന്റെയൊരു നഖം പോലും എനിക്കെത്ര പ്രിയപ്പെട്ടവയാണ്! എത്ര ഭക്തിയോടെയാണ് ഞാൻ നിന്റെ മുമ്പിൽ നിൽക്കുക! എത്രമാത്രം അഗാധമായ പ്രണയത്തോടെയാണ് എന്റെ തിണർത്ത ചുണ്ടുകൾ വീണ്ടും വീണ്ടും സമർപ്പിച്ച് എന്റെ ദേവനെ
ഞാൻ പൂജിക്കുക! അളവറ്റ ആദരവോടെ ആ കാൽപാദങ്ങളിൽ കവിൾ ചേർക്കുമ്പോൾ.. സന്തോഷം കൊണ്ട് ജന്മം തന്നെ മറന്നു ഞാൻ നിത്യനിദ്രയിലമരുമോ എന്നേ ഭയമുള്ളൂ. എന്റെ നാഥനെന്നെ അവിടെയും തനിച്ചാക്കില്ലെന്നും തോന്നും അപ്പോൾത്തന്നെ.

അതല്ല; നിന്റെയടുത്ത് തൊട്ടടുത്ത് പടിഞ്ഞിരുന്ന്, കണ്ണടച്ച് നാമൊരുമിച്ചൊരു യാത്ര പോകും. കൈകോർത്ത്.. തണുപ്പറിയാതെ.. അങ്ങു വടക്ക്.. ഹിമാലയത്തിൽ.. കാശിയിൽ.. ഗംഗോത്രിയിൽ.. മാനസരോവരത്തിൽ.. കൈലാസത്തിൽ..

ഉലകം മുഴുവൻ ചുറ്റാൻ എനിയ്ക്കു നിന്റെയൊരു ചെറുവിരൽ മാത്രം മതി. നാമെത്ര സന്തോഷത്തിലാണ്! നിന്റെ ഓരോ താമരയിതളും വിടർത്തുന്നതെന്റെ വിരലുകളാണ്. അതിന്റെ ഗന്ധമറിയുന്നത് നമ്മളൊരുമിച്ചാണ്..

ഈ ലോകം പ്രപഞ്ചോത്പത്തി മുതൽ ഉറ്റുനോക്കിയിരുന്നത്, കാത്തു കാത്തിരുന്നത്, ഇക്കണ്ട യുഗ കഥകളാടിയത്.. എല്ലാം നമ്മുടെ സമാഗമത്തിനാണ്. നീയെന്റെ ഈശ്വരനും ഞാൻ നിന്റെ ഈശ്വരിയുമാകാനാണ്. അവിടെ നമുക്ക് ഒന്നുചേരാം. ശേഷം ഈ ലോകം തന്നെയും നിലനിൽക്കുന്നില്ല. എല്ലാം നമ്മൾ മാത്രം. സുഖദു:ഖങ്ങളോ നന്മതിന്മകളോ ബാധിക്കാത്ത നമ്മൾ ആകാശത്തിൽ ജീവിക്കും. ചിരകാലം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ